നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിലേക്കും വൈദ്യസമൂഹത്തിെൻറ യാന്ത്രികമായ വൈകൃത മനോഘടനയിലേക്കുമാണ് മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിലെ മുഹമ്മദ് ശരീഫിെൻറ ഭാര്യ ഷഹ്ല തസ്നിക്കുണ്ടായ ദുരനുഭവവും കടിഞ്ഞൂൽ പൈതങ്ങളുടെ മരണവും വിരൽചൂണ്ടുന്നത്. തീർത്തും അനാവശ്യമായൊരു കോവിഡ് പ്രോേട്ടാേകാളിെൻറ പേരിൽ ചുരുങ്ങിയത് മൂന്നിടങ്ങളിലെങ്കിലും പ്രസവചികിത്സ നിഷേധിക്കപ്പെട്ടതോടെ, ആ ദമ്പതികൾക്ക് നഷ്ടമായത് നെയ്തുകൂട്ടിയ ജീവിതസ്വപ്നങ്ങളാണ്. ഉദരത്തിൽ ഇരട്ടക്കുഞ്ഞുങ്ങളുമായി ഷഹ്ല 14 മണിക്കൂറിലധികമാണ് മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയടക്കമുള്ള ആതുരാലയങ്ങളുടെ വരാന്തകൾ കയറിയിറങ്ങിയത്.
പിന്നീട്, കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥ ശിശുക്കളുടെ ജീവൻ രക്ഷിക്കാനായതുമില്ല. ഷഹ്ല ഇപ്പോഴും അവിടെ തീവ്രപരിചരണ വിഭാഗത്തിൽ അപകടനില തരണം ചെയ്യാതെ കിടക്കുന്നതായാണ് വിവരം. അത്യന്തം വേദനജനകമായ ഇൗ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രിയും മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിട്ടുണ്ട്; മനുഷ്യത്വവിരുദ്ധമായ സമീപനങ്ങളിലൂടെ ഇങ്ങനെയൊരു അപകടം വരുത്തിവെച്ചവർ ആരായാലും അവർ നിയമത്തിന് മുന്നിൽ ഹാജരാക്കപ്പെടുക തന്നെ വേണം.
അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു: ഏതാനും ഡോക്ടർമാരുടെ അനാസ്ഥ മാത്രമാണോ ഇൗ ദുരന്തത്തിന് വഴിവെച്ചത്? അതിനപ്പുറം, കോവിഡ് കാലത്ത് സജ്ജമാക്കിയ സവിശേഷമായ ആരോഗ്യസംവിധാനങ്ങളിലുണ്ടായ പിഴവ് ഏതെങ്കിലും അർഥത്തിൽ ഇൗ അപകടത്തിന് വഴിവെച്ചിട്ടുണ്ടോ? മാധ്യമ പ്രവർത്തകൻ കൂടിയായ മുഹമ്മദ് ശരീഫും ഷഹ്ലയെ ചികിത്സിച്ച ഡോക്ടർമാരും പങ്കുവെച്ച വിവരങ്ങൾ അനാവരണം ചെയ്യുേമ്പാൾ മേൽസൂചിപ്പിച്ച രണ്ടു ഘടകങ്ങളും ഒരുപോലെ അപകടത്തിലേക്ക് നയിെച്ചന്ന നിഗമനത്തിലെത്തേണ്ടിവരും. കോവിഡ് ബാധിതയായിരുന്ന ഷഹ്ല അസുഖം ഭേദമായി മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പുറത്തിറങ്ങി ക്വാറൻറീൻ പൂർത്തിയാക്കിയതാണ്. ശേഷമാണ് അവർ പ്രസവത്തിനായി വീണ്ടും അതേ ആശുപത്രിയിലെത്തുന്നത്.
പൂർണമായും കോവിഡ് ആശുപത്രിയായ ഇവിടെ പ്രസവം നടക്കുന്നത് അത്ര സുരക്ഷിതമാവില്ലെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് അവർ മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, കോവിഡ് നെഗറ്റിവ് ആണെന്ന് തെളിയിക്കാൻ സർക്കാർ നൽകുന്ന ആൻറിജൻ പരിശോധന ഫലം മതിയാകില്ലെന്ന ആശുപത്രി അധികൃതരുടെ നിലപാടാണ് അവരെ വീണ്ടും മഞ്ചേരി മെഡിക്കൽകോളജിൽ തന്നെ എത്തിക്കുന്നത്്. ശനിയാഴ്ച പുലർെച്ച, പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ഷഹ്ലയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഉപദേശിക്കുകയായിരുന്നു അവർ. അങ്ങനെ അവർ കോഴിക്കോട് കോട്ടപ്പറമ്പ് മാതൃശിശു ആശുപത്രിയിലേക്കും പിന്നീട് ജില്ലയിലെ സ്വകാര്യ മെഡിക്കൽകോളജിലേക്കും പോയി. ഇതൊക്കെ കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്തു.
അടിയന്തര ചികിത്സ തേടിയെത്തിയ ഒരു രോഗിയെ പ്രോേട്ടാകോൾ മുൻനിർത്തി തികച്ചും യാന്ത്രികമായി സമീപിച്ചത് ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും വീഴ്ചതന്നെയാണ്. മുന്നിൽവന്നു നിൽക്കുന്നവരുടെ നെഞ്ചകങ്ങളിലും ഹൃദയം തുടിക്കുന്നുവെന്ന് മനസ്സിലാക്കി അവരെ പരിചരിക്കാൻ അവർക്ക് ധാർമികബാധ്യതയുണ്ടായിരുന്നു; നിയമങ്ങളുടെ നൂലാമാലകൾ കാണിച്ച് ഒാരോ തവണവും അവർ പടിയിറക്കപ്പെട്ടപ്പോൾ ആ ശിശുക്കൾ നടന്നുകയറിയത് മരണത്തുരുത്തിലേക്കാണ്. എന്നുവെച്ച്, ഡോക്ടർമാരെ മാത്രമായി പ്രതിചേർക്കുന്നതും നീതികേടാകും. നമ്മുടെ ആരോഗ്യ സംവിധാനത്തിലുമുണ്ട് ഗുരുതരമായ വീഴ്ച.
കോവിഡ് ഭേദമായവർക്ക് പിന്നീട് പ്രസവ ചികിത്സക്കടക്കം ആശുപത്രികളെ സമീപിക്കേണ്ടിവരുേമ്പാൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഇതുസംബന്ധിച്ച ആശുപത്രി നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യവകുപ്പിന് കൃത്യമായ ധാരണയില്ലെന്നാണ് സംഭവത്തിൽനിന്ന് മനസ്സിലാകുന്നത്. സർക്കാർ നൽകുന്ന ആൻറിജൻ ടെസ്റ്റ് തുടർ ചികിത്സക്ക് മതിയാകില്ലെന്നും പി.സി.ആർ ഫലം തന്നെ വേണമെന്നും സ്വകാര്യ ആശുപത്രികൾ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇതുസംബന്ധിച്ച് എന്തെങ്കിലും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാനുള്ള ബാധ്യത സർക്കാറിനും ആരോഗ്യവകുപ്പിനുമുണ്ട്. കോട്ടപ്പറമ്പ് ആശുപത്രിയിൽനിന്ന് ഇവരെ എന്തുകൊണ്ട് മടക്കി എന്നതും അന്വേഷിക്കപ്പെടേണ്ടതാണ്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ, മഞ്ചേരി മെഡിക്കൽ കോളജിനെ സമ്പൂർണ കോവിഡ് സെൻററാക്കിയപ്പോൾ മറ്റു രോഗികളെ പൂർണമായും അധികൃതർ മറന്നുപോയതിെൻറ കൂടി ദുരന്തഫലമാണിതെന്നും മറന്നുകൂടാ. സ്വതവേ ദുർബലമായ ഇൗ ആശുപത്രി കോവിഡ് സെൻററാക്കിയപ്പോൾ ഗർഭ പരിചരണത്തിലുള്ള 30ലധികം പേരാണ് നിർബന്ധിത ഡിസ്ചാർജ് വാങ്ങാൻ നിർബന്ധിതരായത്. ഇൗ സമയത്ത്, നിരവധി ഡോക്ടർമാരെ മറ്റിടങ്ങളിലേക്ക് മാറ്റുക കൂടി ചെയ്തതോടെ ഗൈനക്കോളജി അടക്കമുള്ള വകുപ്പുകളുടെ പ്രവർത്തനം താളംതെറ്റി. ഒരു വേള, അതിെൻറ പ്രവർത്തനം തന്നെ നിലച്ചുപോകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ആറു ഡോക്ടർമാരെങ്കിലും വേണ്ടിടത്ത് ഇപ്പോൾ അവിടെ മൂന്നു പേരാണുള്ളത്.
ഇക്കാര്യം പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും െമഡിക്കൽകോളജ് സൂപ്രണ്ട് അടക്കമുള്ളവർ 'ഇവിടെ സർവം ശുഭം' എന്ന നിലപാട് സ്വീകരിച്ചതിെൻറ കൂടി ദുരന്തഫലമാണിപ്പോഴുണ്ടായിരിക്കുന്നത്. ഇപ്പോഴും അവിടെ കോവിഡ് രോഗികളായ അഞ്ചും ആറും മാസം ഗർഭിണികൾ ചികിത്സയിൽ കഴിയുന്നുണ്ട്. അസുഖം ഭേദമായി വീട്ടിൽ പോയാൽ, പിന്നീട് പ്രസവ ചികിത്സക്ക് മറ്റേതെങ്കിലും ആശുപത്രിയെ സമീപിക്കുേമ്പാൾ ഷഹ്ലയുടെ അനുഭവം തങ്ങൾക്കുമുണ്ടാകുമോ എന്ന അവരുടെ ചോദ്യം അത്ര പെെട്ടന്ന് തള്ളിക്കളയാനാകില്ല. ആ ചോദ്യത്തിന് വൈദ്യ സമൂഹവും ആരോഗ്യവകുപ്പും ഉടൻ മറുപടി പറയണം. എങ്കിൽ മാത്രമേ, ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട അന്വേഷണം കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.