പി.എം. കെയേഴ്സ് ഫണ്ട് ('പ്രധാനമന്ത്രിയുടെ പൗരസഹായ അടിയന്തര സാഹചര്യ സമാശ്വാസ നിധി') സർക്കാറിേൻറതല്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. ഒന്നരവർഷം മുമ്പ് കേന്ദ്ര സർക്കാറിെൻറ പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയും സംഭാവനകൾക്കായി അഭ്യർഥിക്കുകയും ചെയ്തിട്ട് ഇത്രകാലവും അതു സർക്കാർ ഫണ്ടാണെന്ന് ധരിച്ചവരാണ് മഹാഭൂരിപക്ഷവും. അതിനവരെ കുറ്റപ്പെടുത്താനുമാകില്ല. ഒന്നാമത്, അതു പ്രധാനമന്ത്രിയുടെ പേരിലുള്ളതാണ്. രണ്ടാമത്, ഔദ്യോഗിക അറിയിപ്പും അഭ്യർഥനയുമായാണ് അതിെൻറ തുടക്കം. ഫണ്ട് നടത്തുന്ന ട്രസ്റ്റിെൻറ ചെയർമാൻ പ്രധാനമന്ത്രിയാണ്; അതിലെ അംഗങ്ങളിൽ പ്രതിരോധ മന്ത്രിയും ധനമന്ത്രിയും ഉൾപ്പെടും. ഫണ്ടിെൻറ മേൽവിലാസം പ്രധാനമന്ത്രിയുടെ ഓഫിസാണ്. അതിെൻറ വെബ്സൈറ്റിന് സർക്കാറിേൻറതു മാത്രമായ ഡൊമെയ്ൻ നാമം (gov.in) ആണുള്ളത്.
യൂനിയൻ മന്ത്രാലയങ്ങളുടെ വിവിധ വെബ്സൈറ്റുകളിൽ, ഈ ഫണ്ടിലേക്ക് സംഭാവന നൽകാനുള്ള ആഹ്വാനം ചേർത്തുവന്നിരുന്നു- ഈയിടെ അവ എടുത്തുമാറ്റിയെങ്കിലും. കോടതിയിൽ പി.എം. കെയേഴ്സ് ഫണ്ടിനുവേണ്ടി സത്യവാങ്മൂലം സമർപ്പിച്ചതുപോലും പ്രധാനമന്ത്രി കാര്യാലയത്തിലെ അണ്ടർ സെക്രട്ടറിയാണ്- ഓണററി സെക്രട്ടറി എന്ന നിലയിലാണത്രെ ഇത്. ഈ ഫണ്ടിെൻറ വെബ്സൈറ്റിൽ, ദേശീയ മുദ്രയായ അശോകചക്രം ഉപയോഗിച്ചിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ഫണ്ടിലേക്ക് വരുന്നതും അതിൽനിന്ന് ചെലവിടുന്നതുമായ പണത്തിെൻറ വിശദാംശങ്ങൾ രഹസ്യമായി വെക്കുന്നതാണ് വിവാദങ്ങളുടെ തുടക്കം. സുതാര്യതക്കായി വ്യക്തികളും സംഘടനകളും നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായി, പി.എം. കെയേഴ്സ് ഫണ്ട് ഭരണഘടനയുടെ 12ാം അനുച്ഛേദപ്രകാരം സർക്കാറിേൻറതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംയക് ഗംഗ്വാൾ സമർപ്പിച്ച ഹരജിക്കുള്ള പ്രതികരണമായാണ് അത് സർക്കാറിേൻറതല്ല, ചാരിറ്റബ്ൾ ട്രസ്റ്റ് മാത്രമാണ് എന്ന വാങ്മൂലം നൽകിയിരിക്കുന്നത്.
'പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി' എന്ന മറ്റൊന്ന് സർക്കാറിേൻറതായി 1948 മുതൽ നിലവിലുള്ളതാണ്. മഹാമാരിക്കാലത്ത് ദുരിതാശ്വാസത്തിനുവേണ്ടി എന്ന വിശദീകരണത്തോടെ കഴിഞ്ഞവർഷം മാർച്ചിൽ പി.എം. കെയേഴ്സ് എന്ന വേറെ ഫണ്ട് പ്രഖ്യാപിച്ചപ്പോഴോ പിന്നീടോ നിലവിലുണ്ടായിരുന്ന നിധിയുടേതിൽനിന്ന് ഭിന്നമായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. എങ്കിൽ എന്തിനാണ് പുതിയൊരു ഫണ്ട് എന്ന ചോദ്യത്തിന്റെ ഒേരയൊരു മറുപടിയാണ് ഇപ്പോൾ കോടതിയിൽ സമർപ്പിക്കപ്പെട്ട സത്യവാങ്മൂലം വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രിയുടെ നിധി സർക്കാർ ഓഡിറ്റിനും പാർലമെൻറിന്റെ പരിശോധനക്കും വിവരാവകാശ നിയമത്തിനുമൊക്കെ വിധേയമാണ്. എന്നാൽ, പി.എം. കെയേഴ്സ് എന്ന പേരിൽ സമാഹരിച്ചത്, ഇതിലൊന്നും അത് ഉൾപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ്. അതിനുവേണ്ടി ധാർമിക മൂല്യങ്ങൾ മാത്രമല്ല, നാട്ടിലെ ചട്ടങ്ങളും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കമ്പനികളുടെ പൊതുസേവന നീക്കിയിരിപ്പ് (സി.എസ്.ആർ) വൻതോതിൽ പി.എം. കെയേഴ്സിലേക്ക് വഴിതിരിച്ചുവിട്ടത് ഉദാഹരണം. 2013ലെ കമ്പനി നിയമ ഭേദഗതി, സി.എസ്.ആർ നീക്കിയിരിപ്പ് എന്തിനെല്ലാം ചെലവഴിക്കണമെന്ന് എടുത്തുപറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ നിധിയിലേക്കോ പട്ടികജാതി-വർഗ, ന്യൂനപക്ഷ, പിന്നാക്കവർഗ, സ്ത്രീ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയോ എന്നായിരുന്നു അത്. പുതിയ ഫണ്ട് അതിൽ പെടില്ലെന്നു കണ്ടപ്പോൾ കമ്പനി നിയമം കഴിഞ്ഞ മേയിൽ പ്രത്യേകം ഭേദഗതി ചെയ്യുകയായിരുന്നു. അർഹതപ്പെട്ട വിഭാഗങ്ങൾക്ക് കിട്ടേണ്ടിയിരുന്ന പണം ഭരണസ്വാധീനത്തിലൂടെ പി.എം. െകയേഴ്സിലേക്ക് തിരിച്ചുവിട്ടത് ആർക്കൊക്കെ ഗുണം ചെയ്തു എന്നറിയാൻ ഇന്ന് മാർഗമില്ല. വിവരാവകാശ നിയമമനുസരിച്ച് സമർപ്പിച്ച അന്വേഷണങ്ങൾക്ക് ഉത്തരമില്ല. ഉത്തരം നൽകാൻ ബാധ്യസ്ഥരല്ല എന്നാണ് മറുപടി. ഇതുതന്നെയല്ലേ പിഎം. കെയേഴ്സിന്റെ ഉദ്ദേശ്യവും? സർക്കാർ വിലാസത്തിൽ, എന്നാൽ പൊതുപരിശോധനകളിൽനിന്ന് മുക്തമെന്ന നിലയിൽ, ഒരു വമ്പിച്ച തുകയാണ് സമാഹരിക്കപ്പെട്ടത്.
ഈ തുക എങ്ങനെ വ്യയം ചെയ്യപ്പെടുന്നു എന്നത് സുതാര്യമാകരുത് എന്ന നിലപാടുതന്നെ സംശയമുയർത്താൻ പോന്നതാണ്. കോവിഡ് കാലത്തെ ദുരിതം ചൂണ്ടിക്കാട്ടിയാണ് പി.എം. കെയേഴ്സ് ഫണ്ട് തുടങ്ങിയതെങ്കിലും കോവിഡ് പ്രതിരോധത്തിനോ ചികിത്സക്കോ അതിൽനിന്ന് എത്ര ചെലവിട്ടു എന്ന കൃത്യമായ വിവരംപോലും ലഭ്യമല്ല. അതിൽനിന്ന് ഫണ്ട് അനുവദിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ട പല സേവനങ്ങളും അത്യാവശ്യഘട്ടങ്ങളിൽപോലും കിട്ടാതെപോയ അനുഭവങ്ങൾ ധാരാളം. വെൻറിലേറ്റർ നിർമാണത്തിന് ഫണ്ടനുവദിച്ച കമ്പനികളിൽനിന്ന് ആവശ്യത്തിന് പ്രയോജനപ്പെടുംവിധം ഉപകരണവും സേവനവും ലഭിക്കാതെപോയ അനേകം സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താൻ സ്വരൂപിച്ച 5100 രൂപ മുഴുവൻ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് നൽകി മാതൃക കാട്ടിയ ശക്തി പാണ്ഡേ എന്ന പതിനെട്ടുകാരി പിന്നീട് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോൾ, ഓക്സിജൻ സിലിണ്ടറില്ലാത്ത സർക്കാർ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും രണ്ട് സിലിണ്ടർ വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടി വന്നത് അവളുടെ അച്ഛൻ വേദനയോടെ ഓർക്കുന്നുണ്ട്. ഏതുനിലക്കും, പി.എം. കെയേഴ്സ് ഫണ്ട് പൂർണമായും സുതാര്യമാകേണ്ടത് നിയമപരമായും ധാർമികമായും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.