135 വർഷങ്ങൾ പിന്നിട്ട ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തെ സ്വാഭാവികമായി ബാധിക്കാവുന്ന ജീർണതയും അന്തഃഛിദ്രതയുമേ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ഇപ്പോൾ ഗ്രസിച്ചിട്ടുള്ളൂ എന്ന് സാമാന്യ നിരീക്ഷകർ വിലയിരുത്തിയാൽ തെറ്റു പറയാനാവില്ല. സുദീർഘമായ ഇൗ പ്രയാണത്തിൽ ഗ്രൂപ്പിസവും പിളർപ്പും ശൈഥില്യവുമൊക്കെ പാർട്ടിയെ തളർത്തിയ നിരവധി കാലഘട്ടങ്ങൾ കഴിഞ്ഞുപോയിട്ടുണ്ടുതാനും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് സ്വാതന്ത്ര്യം നേടുക എന്ന ഏക അജണ്ടയിലൊഴിച്ചു ചിന്താപരമായും ആശയപരമായും ഭിന്ന ധ്രുവങ്ങളിൽ കഴിഞ്ഞ സമുന്നത നേതാക്കൾ ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നു. പരമാവധി യോജിച്ചും സഹകരിച്ചും സംഘടനയെ നയിച്ച മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും തമ്മിൽ തന്നെ സ്വതന്ത്ര ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് മൗലികമായ അഭിപ്രായ ഭേദങ്ങളുണ്ടായിരുന്നുവെന്നാണ് ഇരുവരുടെയും കൃതികളിൽനിന്ന് ബോധ്യമാവുന്ന വസ്തുത. നെഹ്റുവിനു ശേഷം പ്രധാനമന്ത്രിയായി അധികാരമേറ്റ മകൾ ഇന്ദിരയുടെ ഭരണകാലത്ത് പാർട്ടി രണ്ടായി പിളർന്നപ്പോൾ വേണ്ടി വന്ന ബ്രാക്കറ്റുമായാണ് നിലവിൽ കോൺഗ്രസ് ജീവിക്കുന്നത് എന്നതും ശ്രദ്ധേയം. ഇതൊക്കെ സത്യമായിരിക്കെത്തന്നെ, ഇടവേളക്കുശേഷം കോൺഗ്രസിനെത്തന്നെ ഇന്ത്യൻ ജനത അധികാരത്തിലേറ്റിയതിനും ചരിത്രം സാക്ഷി. പിന്നീട് പക്ഷേ, സംഘടനയും സർക്കാറും അടിയറവ് പറയേണ്ടിവന്നത് ഭരണഘടനയുടെ ആണിക്കല്ലായ മതനിരപേക്ഷ ജനാധിപത്യത്തെ തീർത്തും നിരാകരിക്കുന്ന ഫാഷിസ്റ്റ് ശക്തികളോടാണെന്നത് സ്വാതന്ത്ര്യത്തിന്റെ ഗതി മാറ്റിത്തിരിക്കുന്ന സംഭവവികാസമാണ്.
ദിവസം കഴിയുംതോറും സമഗ്രാധിപത്യ പ്രവണതയും മനുഷ്യാവകാശ ലംഘനവും ഫെഡറലിസത്തിന്റെ നിരാസവും ശക്തിപ്രാപിക്കുന്നത് രാജ്യം നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിവരുന്നു. മതനിരപേക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്തി ഈ ഭീഷണിയെ നേരിടാനുള്ള ആലോചനകൾ പലതലത്തിലും നടക്കെയാണ് കായ പഴുത്തപ്പോൾ കാക്കക്ക് വായ്പ്പുണ്ണ് എന്ന പരുവത്തിൽ മുഖ്യ പ്രതിപക്ഷ പാർട്ടി ആഭ്യന്തര ഉരുൾെപാട്ടലിൽ വിറക്കുന്നതും പതറുന്നതും. 28 സംസ്ഥാനങ്ങളുള്ള ഇന്ത്യ മഹാരാജ്യത്ത് വെറും മൂന്നെണ്ണമാണിപ്പോൾ കോൺഗ്രസ് ഭരണത്തിൽ അവശേഷിക്കുന്നത്. പഞ്ചാബിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും ഒരുപോലെ ഗ്രൂപ്പിസവും അധികാര വടംവലിയും മൂർച്ഛിച്ച് എപ്പോഴാണ് താമര വിരിയുന്നതെന്നത് സമയത്തിന്റെ മാത്രം പ്രശ്നമായിത്തീർന്നിരിക്കുന്നു.
അതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക് ഭരണത്തിൽ തിരിച്ചുവരാനുള്ള അവസരം നഷ്ടമായി തുടർച്ചയായി രണ്ടാമൂഴത്തിലും കേരള നിയമസഭയിൽ പ്രതിപക്ഷത്തിരിക്കേണ്ടിവന്നിരിക്കുന്നത്, അതും കഴിഞ്ഞ നിയമസഭയിലെ സീറ്റെണ്ണംപോലും പിടിച്ചെടുക്കാനാവാതെ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേരിട്ട വൻ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തി വീഴ്ചകൾ തിരുത്താനുള്ള ശ്രമങ്ങൾ എങ്ങുമെത്താതിരിക്കെ വന്നുപെട്ട നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. പക്ഷേ, പിണറായി വിജയന്റെ നേതൃത്വത്തില ഇടതുമുന്നണി നേടിയ വൻ വിജയം അവരുടെതന്നെ കണക്കുകൂട്ടലുകളെ മറികടക്കുന്നവിധം അമ്പരപ്പിക്കുന്നതായി. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈകമാൻഡിനും പാർട്ടി പ്രവർത്തകർക്കും നേതൃമാറ്റവും പുനഃസംഘടനയും അടിയന്തരമാണെന്ന് ബോധ്യമായത്.
സംസ്ഥാനത്തും ഡൽഹിയിലുമായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരനും പ്രതിപക്ഷ നേതാവായി വി.ഡി. സതീശനും നിയമിതരായപ്പോൾ പാർട്ടി അണികളിൽ പൊതുവെ സംതൃപ്തിയാണ് പ്രകടമായത്. നിയമസഭയിൽ സതീശന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്തു. സി.പി.എം കോട്ടയായ കണ്ണൂരിൽ അക്ഷരാർഥത്തിൽ അവരുമായി ഏറ്റുമുട്ടി വളർന്ന സുധാകരൻ പാർട്ടിക്ക് പുനർജീവൻ നൽകുന്നതിൽ സജീവതൽപരനാണെന്ന ധാരണയും സൃഷ്ടിക്കപ്പെട്ടു. ജംബോ സമിതികളുടെ എണ്ണവും വണ്ണവും കുറച്ചു പ്രവർത്തനക്ഷമമായ ജില്ല, സംസ്ഥാന പാർട്ടിഘടകങ്ങളെ പുനഃസംഘടിപ്പിക്കാനായി പിന്നീടുള്ള ശ്രമം. മുതിർന്ന നേതാക്കളും യുവജന വിഭാഗവുമായി ആലോചിച്ച് തയാറാക്കിയ ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടികയുമായി പലതവണ ഹൈകമാൻഡിനെ കണ്ട സുധാകരനും സതീശനും തിരുത്തുകൾക്കുശേഷം ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ പട്ടികയാണ് പക്ഷേ, വൻ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കിയിരിക്കുന്നത്്.
സാമ്പ്രദായികമായി എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടെടുത്ത ഭാരവാഹി പട്ടികകളുടെ രീതി മാറ്റിക്കുറിച്ചതാണിപ്പോൾ പ്രകോപനത്തിന് ഹേതുവെന്ന് വ്യക്തം. സുധാകരന്റെയും സതീശന്റെയും നിയമനങ്ങൾ തന്നെ ദഹിക്കാതിരുന്ന ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല പ്രഭൃതികൾ, ജില്ല പ്രസിഡൻറുമാരുടെ നിയമനത്തിലെ ഇഷ്ടക്കേടുകൾ പരസ്യമായി തുറന്നടിച്ചത് മിത്രങ്ങൾക്ക് ബേജാറിനും ശത്രുക്കൾക്ക് ആഹ്ലാദത്തിനും അവസരം ഒരുക്കുകയായിരുന്നു. പക്ഷേ, ഹൈകമാൻഡിനെ തുറന്നെതിർക്കാൻ ആരും ധൈര്യപ്പെടുന്നില്ല. സംസ്ഥാന നേതൃത്വത്തിനെതിരെയാണ് ഹാലിളക്കം. സസ്പെൻഷനും പുറത്താക്കലും രാജിയുമൊക്കെ തുടർന്നുവരുന്നുണ്ട്. അതേസമയം, സംയമനത്തോടെ ആഭ്യന്തര സംഘർഷത്തെ നേരിടാനും ഒപ്പം മാറ്റങ്ങളുമായി മുേമ്പാട്ടുനീങ്ങാനുമാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം എന്നാണ് മനസ്സിലാവുന്നത്. ഹൈകമാൻഡ് പൂർണ പിന്തുണ ഉറപ്പുനൽകിയ സാഹചര്യമാണ് അവർക്കുള്ള പിടിവള്ളി.
വേലിചാടുന്നവരെ പിടികൂടാൻ വലയുമായി സി.പി.എമ്മും ബി.ജെ.പിയും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പുണ്ട്. പാളയത്തിൽ പടയടങ്ങാത്ത ബി.ജെ.പിയിലേക്ക് ഭാഗ്യാന്വേഷികൾ ആകർഷിക്കപ്പെടാനിടയില്ല. പദവികളും മതേതര പ്രതിഛായയെക്കുറിച്ച അവകാശവാദങ്ങളുമാണ് ഇടതുപാളയത്തിലെ പ്രലോഭനം. അതിൽ ആരൊക്കെ വീഴുമെന്ന് വരുംദിവസങ്ങളിൽ കാണാം. എന്നാൽ, നേർത്തതെങ്കിലും ആശാവഹമായ മാറ്റം കോൺഗ്രസിനും തദ്വാര യു.ഡി.എഫിനും ഗുണം ചെയ്യുമെന്ന പ്രതീക്ഷ അണികൾക്ക് പൊതുവെയും മുതിർന്ന നേതാക്കളിൽ ചിലർക്കുമുണ്ടെന്ന് കരുതാവുന്ന വിധമാണ് സംഭവഗതികൾ. ജനാധിപത്യത്തിൽ സക്രിയ പ്രതിപക്ഷത്തിന്റെ അഭാവം സംസ്ഥാനത്തിനോ രാജ്യത്തിനോ ശുഭകരമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.