അബൂദബി ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് സംഭരണശാലകൾക്കു സമീപമുള്ള മുസഫ വ്യവസായമേഖലയിൽ തിങ്കളാഴ്ച രാവിലെ ഇന്ധന ടാങ്കർ ട്രക്കുകൾ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താനിയും കൊല്ലപ്പെട്ടു. സംഭവം യമനിലെ ഹൂതി വിമതസേനയുടെ ഡ്രോൺ ആക്രമണത്തെ തുടർന്നാണെന്ന അവകാശവാദം യു.എ.ഇ സ്ഥിരീകരിച്ചതോടെ 2014ൽ ആരംഭിച്ച യമൻ ആഭ്യന്തരയുദ്ധം പുതിയ മേഖലയിലേക്കു പടർന്നുകയറുന്നതായി ആശങ്കിക്കേണ്ട സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യു.എ.ഇ സ്ഥാപിച്ച സൈനികസജ്ജീകരണങ്ങൾക്കു നേരെ തങ്ങൾ നടത്തിയ വിജയകരമായ സൈനിക ഓപറേഷൻ എന്ന് ആക്രമണത്തെ ഹൂതികളുടെ സൈനിക വക്താവ് ന്യായീകരിച്ചപ്പോൾ, 'ഭീരുത്വപരമായ ഈ കുറ്റകൃത്യം ശിക്ഷിക്കപ്പെടാതെ പോവില്ലെ'ന്നാണ് യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രതികരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തെ ഒ.ഐ.സിയും സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും അപലപിച്ചിരിക്കുന്നു. യമനിലെ ഹൂതി കേന്ദ്രങ്ങളുടെ നേരെ സൗദി അറേബ്യ നടത്തിയ ശക്തമായ ആക്രമണത്തിൽ എൺപതു പേർ കൊല്ലപ്പെട്ടതാണ് ഒടുവിലെ വാർത്ത. രണ്ടാഴ്ച മുമ്പാണ് യു.എ.ഇ പതാകയേന്തിയ ഒരു സിവിലിയൻ ചരക്കുകപ്പൽ, ആയുധങ്ങൾ കടത്തുകയായിരുന്നു എന്നാരോപിച്ച് യമൻ കടലിൽവെച്ച് ഹൂതികൾ റാഞ്ചിയെടുത്ത് ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 11 ജീവനക്കാരെ ബന്ദികളാക്കി പിടിച്ചത്. കപ്പൽ ഉടൻ മോചിപ്പിക്കണമെന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ആവശ്യം 'കപ്പലിൽ കുട്ടികളുടെ കളിക്കോപ്പല്ല, തീവ്രവാദികൾക്കുള്ള ആയുധങ്ങളാണ്' എന്ന് തിരിച്ചടിച്ചാണ് ഹൂതികൾ നിരസിച്ചത്.
സുദീർഘമായ ആഭ്യന്തരയുദ്ധങ്ങൾക്കുശേഷം തെക്കും വടക്കും രണ്ടു രാഷ്ട്രങ്ങളായി പിളർന്ന യമന്‍റെ പുനരേകീകരണത്തെത്തുടർന്ന് രാജ്യം ഭരിച്ച ഏകാധിപതികളിൽ ഒടുവിലത്തെ പ്രസിഡന്‍റായിരുന്ന അലി അബ്ദുല്ല സാലിഹ് ജനകീയ ചെറുത്തുനിൽപിനെ നേരിടാനാവാതെ 2011ൽ തന്‍റെ ഡെപ്യൂട്ടിയായ അബ്ദുറബ്ബ് മൻസൂർ ഹാദിക്ക് അധികാരം കൈമാറി. അതു മുതൽ പൂർവാധികം അസ്വസ്ഥഭരിതമാവുകയായിരുന്നു ആ ദരിദ്ര രാജ്യം. അഴിമതിയും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയുംകൊണ്ട് പൊറുതിമുട്ടിയ യമനിൽ സമാധാനം പുനഃസ്ഥാപിക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ആയിരുന്നില്ല പരസ്പരം പൊരുതുന്ന ഗ്രൂപ്പുകളുടെ ശ്രമം. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരുവശത്ത് പുറത്താക്കപ്പെട്ട പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനോട് കൂറുപുലർത്തുന്ന സുരക്ഷാസേനയും മറുവശത്ത് ഉത്തര യമൻ കേന്ദ്രീകരിച്ച ശിയാ മിലീഷ്യയായ ഹൂതികളും അണിനിരന്നു. ഉത്തര യമനിൽ നേരത്തേ അധികാരം കൈവശംവെച്ച ശിയാ സൈദി വിഭാഗത്തിെൻറ പിൻഗാമികളാണ് അൻസാറുല്ല എന്ന് സ്വയം വിളിക്കുന്ന ഹൂതികൾ. ക്രമത്തിൽ ശക്തി സംഭരിച്ച ഹൂതികൾ ഇറാന്റെ സഹായത്തോടെ തലസ്ഥാനമായ സൻആ പിടിച്ചതോടെ പ്രസിഡന്റ് മൻസൂർ ഹാദിക്ക് രാജ്യംവിട്ട് പലായനം ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന് പക്ഷേ, സൗദി അറേബ്യയും എട്ട് അയൽരാജ്യങ്ങളും പിന്തുണ നൽകി. സൗദിയും യു.എ.ഇയും ഉൾപ്പെട്ട സൈനികവ്യൂഹത്തിന്റെ ശക്തമായ പിന്തുണയോടെ ഹൂതികളെ തുരത്തി സൻആ പിടിച്ചെടുക്കാൻ കഴിഞ്ഞ ഹാദി സർക്കാർ അഞ്ചാറു വർഷങ്ങളായി യമനിൽ ഫലപ്രദമായ ഒരു ഭരണകൂടം സ്ഥാപിക്കാനുള്ള തീവ്രയത്നത്തിലായിരുന്നു. പക്ഷേ, പിന്മാറാൻ തയാറാകാതെ ബാഹ്യ സഹായത്തോടെ ഹൂതികൾ അക്രമങ്ങളും നശീകരണശ്രമങ്ങളുമായി മുന്നേറ്റം തുടരുകയായിരുന്നു. സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഹൂതികൾ മിസൈൽ വർഷിച്ചു. എണ്ണ വ്യവസായകേന്ദ്രങ്ങളെയടക്കം ശരവ്യമാക്കി. യു.എ.ഇ അതിന്റെ സൈന്യത്തെ പിൻവലിക്കുന്നതടക്കമുള്ള ഉപാധികളോടെ ഒരു വെടിനിർത്തലിന് 2019ൽ റിയാദിൽ ധാരണയായെങ്കിലും കരാർ വേണ്ടവിധം മാനിക്കപ്പെട്ടില്ല. പട്ടാളത്തെ പിൻവലിച്ച യു.എ.ഇ, ഹൂതിവിരുദ്ധർക്ക് മറ്റുവിധ സഹായങ്ങൾ തുടരുന്നുവെന്നാണ് അവരുടെ ആരോപണം.
ഇതിനകം പലതവണ വെടിനിർത്തലിന് ആഹ്വാനംചെയ്ത ഐക്യരാഷ്ട്രസഭ, യമനിലെ അത്യന്തം ഭയാനകമായ മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്. 40 ലക്ഷം ജനങ്ങൾ പാർപ്പിടമുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ 71 ശതമാനം അഥവാ രണ്ടര കോടിയോളം കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും മാരകരോഗങ്ങളും മൂലം മരണത്തെ മുഖാമുഖം കാണുന്നു എന്നാണ് യു.എൻ വിദഗ്ധരുടെ മുന്നറിയിപ്പ്. അഞ്ചു വയസ്സിനു താഴെയുള്ള 23 ലക്ഷം കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. നാലുലക്ഷം പേർ ഒരുവിധ ചികിത്സയും ലഭിക്കാതെ മരണവക്ത്രത്തിലാണ്. 2020 ഡിസംബറിലെ കണക്കുപ്രകാരം 2,33,000 മനുഷ്യർ യുദ്ധത്തിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച സിവിലിയന്മാരുടെ സംഖ്യയും ലക്ഷങ്ങൾ കവിയും. അങ്ങനെ എല്ലാ അർഥത്തിലും ഭൂമിയിലെ നരകമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ അധികാരത്തെ ചൊല്ലിയാണ് സാമാന്യമായി സമാധാനം പുലരുകയും ഇന്ത്യക്കാരുൾപ്പെടെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവനത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന യു.എ.ഇ പോലുള്ള ഒരു രാജ്യത്തിന്റെ സ്വാസ്ഥ്യം അപഹരിക്കപ്പെടുന്നത്. ഈ തീ എത്രയും പെട്ടെന്ന് തല്ലിക്കെടുത്താനും മേഖലയിലാകെ സമാധാനവും സമൃദ്ധിയും പുലരുന്ന അന്തരീക്ഷം അഭംഗുരം നിലനിൽക്കാനും ഐക്യരാഷ്ട്രസഭയും അമേരിക്കയും യൂറോപ്യൻ യൂനിയനും റഷ്യയും ചൈനയും ഇന്ത്യയും മുൻകൈയെടുക്കട്ടെ. മുട്ടനാടുകളെ തമ്മിൽ മുട്ടിച്ച് ചോര കുടിച്ച കുറുക്കന്റെ റോളിൽ ആരും രംഗപ്രവേശം ചെയ്യാതിരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.