പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ ചെയ്യുന്ന കടുംകൈകളെപ്പറ്റി സാധാരണക്കാർക്ക് പരാതിപ്പെടാനും ആ പരാതികൾ അന്വേഷിക്കാനും ഒരു സ്ഥിരം സമിതി ഉണ്ടാകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിർദേശിച്ചിരിക്കുന്നു. പൊലീസ് ക്രൂരതകൾ ദേശീയ ശ്രദ്ധയിൽ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ നിർദേശം വാക്കാൽ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ മനീഷ് ഗുപ്ത എന്ന ബിസിനസുകാരൻ ഈയിടെ പൊലീസ് റെയ്ഡിനിടക്ക് മർദനമേറ്റ് മരിച്ചു. തമിഴ്നാട്ടിൽ പി. ജയരാജും മകൻ ബെനിക്സും കഴിഞ്ഞ വർഷം പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. 2002ൽ യു.പി. പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ ഒരു യുവാവിനെ കൊലപ്പെടുത്തിയതും പിന്നീട് പൊലീസ് തന്നെ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞതും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് യു.പി സംസ്ഥാന സർക്കാറിന് ഏഴുലക്ഷം രൂപ പിഴ ചുമത്തുകയുണ്ടായി.
കൊല്ലപ്പെട്ട യുവാവിെൻറ പിതാവ് രണ്ടു പതിറ്റാണ്ടായി നീതിക്കുവേണ്ടി അലയുന്നു. എത്ര കടുത്ത കുറ്റം ചെയ്താലും സർക്കാറുകൾ പൊലീസിനെ അന്യായമായി സംരക്ഷിക്കുന്നതായി കോടതി നിരീക്ഷിച്ചു. ആ കേസിൽ 19 വർഷം കഴിഞ്ഞ് കോടതി ഉത്തരവ് വേണ്ടിവന്നു കുറ്റം ചെയ്ത പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ. ഛത്തിസ്ഗഢിലെ കുറ്റാരോപിതനായ എ.ഡി.ജി.പി ഗുർജിന്ദർപാൽ സിങ് അറസ്റ്റിൽനിന്ന് സംരക്ഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിധിതീർപ്പിനായി മാറ്റിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സാധാരണക്കാർക്ക് സംരക്ഷണത്തിനായി സ്ഥിരം സമിതി വേണമെന്ന് നിരീക്ഷിച്ചത്.
ഈ നിരീക്ഷണത്തിന് പശ്ചാത്തലമായത് പ്രത്യേകം എടുത്തുപറയാത്ത ഏതാനും കേസുകളാണെങ്കിലും പൊലീസ് അതിക്രമങ്ങളും മറ്റ് ഉദ്യോഗസ്ഥ അന്യായങ്ങളും കുറെ വർഷങ്ങളായി പരിഹാരമില്ലാതെ തുടരുന്നുണ്ടെന്നത് വസ്തുതയാണ്. മാത്രമല്ല, അടുത്തകാലത്തായി അവ വല്ലാതെ വർധിക്കുകയും ചെയ്യുന്നു. ബ്യൂറോക്രസിയും പൊലീസ് ഉദ്യോഗസ്ഥരും പെരുമാറുന്ന രീതി അസ്വീകാര്യമാണെന്ന ജസ്റ്റിസ് രമണയുടെ അഭിപ്രായം നാട്ടിലെ സാധാരണക്കാരുടേതുകൂടിയാണ്.
രണ്ടുമാസം മുമ്പും ചീഫ് ജസ്റ്റിസ് രമണ പൊലീസിെൻറ ചെയ്തികളെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്നത് പൊലീസ് സ്റ്റേഷനുകളിലാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഹായത്തിന് ഭരണഘടന നൽകുന്ന അവകാശം പല പൗരന്മാർക്കും നിഷേധിക്കപ്പെടുന്നുമുണ്ട്. നിയമ പരിജ്ഞാനവും നിയമസഹായവും പൗരന്മാർക്ക് സൗജന്യമായി ലഭ്യമാകണമെന്നാണ് അദ്ദേഹം നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ നിർദേശിച്ചത്.
ചീഫ് ജസ്റ്റിസിെൻറ ആശങ്കകൾ ശരിവെക്കുന്നതാണ് സമീപകാല സംഭവങ്ങളും സ്ഥിതിവിവരക്കണക്കും. ആഗസ്റ്റിൽ സർക്കാർ പാർലമെൻറിൽ സമർപ്പിച്ച കണക്കനുസരിച്ച്, കഴിഞ്ഞ മൂന്നു വർഷങ്ങളിലായി രാജ്യത്ത് 348 പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചു; 1189 പേർ മർദിക്കപ്പെട്ടു. രേഖകളിലും കണക്കിലുംപെടാത്ത സംഭവങ്ങളും ശാരീരികമല്ലാതെ മാനസികമായി ഏൽപിക്കുന്ന ആഘാതങ്ങളും ഇതിനു പുറമെയാണ്. പലപ്പോഴും ഭരണകൂടത്തിെൻറ സംരക്ഷണം ലഭിക്കുന്നതിനാൽ ഇത്തരം പ്രവണതകൾ ശക്തിപ്പെട്ടുവരുന്നു എന്നത് വസ്തുതയാണ്.
കുറ്റക്കാരായ പൊലീസുകാർ ശിക്ഷിക്കപ്പെടണമെന്ന് മനുഷ്യാവകാശ കമീഷൻ മുതൽ രാഷ്ട്രീയക്കാർ വരെ ആവശ്യപ്പെട്ടുപോരുന്നതുമാണ്. പക്ഷേ, ഫലപ്രദമായ നടപടി ഒന്നുമുണ്ടാകുന്നില്ല. ചീഫ് ജസ്റ്റിസ് തന്നെ ഒരു ആശയമെന്ന നിലക്കു മാത്രമാണ് സ്ഥിരം സമിതികളുടെ നിയമനത്തെപ്പറ്റി പറയുന്നത്. 'ഹൈകോടതികളുടെ ചീഫ് ജസ്റ്റിസുമാർ തലവന്മാരായി പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരായ അതിക്രമ പരാതികൾ കേൾക്കാനും അന്വേഷിക്കാനും സ്ഥിരം സമിതികൾ വേണമെന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിയിട്ടുണ്ടെങ്കിലും അക്കാര്യം ഞാൻ മാറ്റിവെക്കുന്നു' എന്നാണ് ജസ്റ്റിസ് രമണ പറഞ്ഞത്.
ഇക്കാര്യത്തിൽ സംവാദവും അഭിപ്രായ രൂപവത്കരണവും അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവാം. ഏതായാലും ഒട്ടും വൈകാതെ തീരുമാനിച്ച് നടപ്പിൽ വരുത്തേണ്ട ഒന്നാണ് ഈ നിർദേശമെന്ന കാര്യത്തിൽ സംശയമില്ല. കസ്റ്റഡിക്കൊലകളും ഏറ്റുമുട്ടൽ കൊലകളും പീഡനങ്ങളും അന്യായമായ വെടിവെപ്പും മാത്രമല്ല, നിയമ ബാഹ്യമായ, വിവിധ തരത്തിലുള്ള അവകാശലംഘനങ്ങൾ നടക്കുന്നുണ്ട്.
കേസെടുക്കുന്നതിലും എടുക്കാതിരിക്കുന്നതിലും ശിക്ഷാ വകുപ്പുകൾ ചാർത്തുന്നതിലും ജാമ്യം കിട്ടാതാക്കുന്നതിലും എന്നുവേണ്ട വയോവൃദ്ധനായ രോഗിക്ക് തടവറയിൽ വെള്ളം കുടിക്കാൻ സ്ട്രോ നൽകുന്ന കാര്യത്തിൽപോലും മനുഷ്യത്വമില്ലായ്മ വ്യാപകമായി നടമാടുന്നുണ്ട്. ഇതുതടയാനും പൗരന്മാർക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകാനും ജുഡീഷ്യൽ സ്ഥിരം സമിതികൾ ആശാസ്യം മാത്രമല്ല, അത്യാവശ്യം തന്നെയാണ്. ജുഡീഷ്യറിയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സത്വരമായി മുന്നിട്ടിറങ്ങി യാഥാർഥ്യമാക്കേണ്ട ഒന്നാണിത്. എത്ര വൈകുന്നുവോ അത്രയും കൂടുതൽ പേർ അനീതിക്കിരയാകും എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.