നീതിയുടെ ബലം ക്ഷയിച്ചുപോയ ഇടവേളക്കുശേഷം ഇന്ത്യയിൽ ജുഡീഷ്യറി അതിെൻറ സ്വാതന്ത്ര്യവും അന്തസ്സും തിരിച്ചുപിടിക്കുന്നു എന്ന നിരീക്ഷണം പലരും പ്രകടിപ്പിച്ചു കാണുന്നുണ്ട്. സുപ്രീംകോടതിയിൽ ജസ്റ്റിസ് എൻ.വി. രമണ ചീഫ് ജസ്റ്റിസായശേഷം സ്വീകരിച്ച നിലപാടുകൾ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുമുണ്ട്. സർക്കാറിനോട് വിധേയത്വം പുലർത്തുകയും സർക്കാർ വെച്ചുനീട്ടിയ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത ചില മുൻ ന്യായാധിപരുടെ രീതികൾ കളങ്കപ്പെടുത്തിയ നീതിയുടെ മുഖം വൃത്തിയാക്കിയെടുക്കാൻ സമീപകാല തീർപ്പുകളും കോടതി നിരീക്ഷണങ്ങളും സഹായകമായിട്ടുണ്ട്. ഈ ശുഭസൂചന ഇരിക്കെതന്നെ, ജുഡീഷ്യറി ആത്മപരിശോധന നടത്തേണ്ട ചില സുപ്രധാന മേഖലകൾ ഇപ്പോഴും ബാക്കിയുണ്ട്. ഇച്ഛാശക്തിയോടെയും നീതിബോധത്തോടെയും ഭരണഘടനാ ബാധ്യതകൾ നിറവേറ്റുന്ന ഒരു ജുഡീഷ്യറിക്ക് സാധിക്കേണ്ടതും സാധിക്കുന്നതുമാണ് അവ. കൊളീജിയം സംവിധാനത്തിെൻറ ദോഷങ്ങളാണ് തിരുത്തപ്പെടേണ്ട ഒന്ന്. ജനാധിപത്യത്തിൽ എല്ലാ രംഗത്തും സുതാര്യത ആവശ്യമാണ്. എന്നാൽ, നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൊളീജിയം സംവിധാനം കാഴ്ചവെക്കുന്നത് നല്ല മാതൃകകളല്ല. ആ സംവിധാനം ഉടച്ചുവാർക്കേണ്ടതുണ്ട്. മറ്റൊന്ന്, കേസ് നടപടികളിൽ ജാമ്യവുമായി ബന്ധപ്പെട്ടും മറ്റും പൊലീസും ഭരണകൂടവും ഫലത്തിൽ ജുഡീഷ്യറിയുടെ അധികാരം കൈയേറുന്നു എന്നതാണ്.
കൊളീജിയം പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മ തെളിയിക്കുന്ന രണ്ടു സംഭവങ്ങൾ സമീപകാലത്തുണ്ടായി. ഒന്ന്, 2019ൽ, രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായിരിക്കെ നടന്നത്; മറ്റേത്, ഈയിടെ ജസ്റ്റിസ് രമണയുടെ തന്നെ നായകത്വത്തിൽ നടന്നത്. 2019 സെപ്റ്റംബറിൽ ജസ്റ്റിസ് വിജയ തഹിൽരമണിയെയും ഇപ്പോൾ ജസ്റ്റിസ് സഞ്ജീവ് ബാനർജിയെയുമാണ് സ്ഥലം മാറ്റിയത്. ഇരുവരും മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് സ്ഥലം മാറ്റപ്പെട്ടത്. കോടതികൾ തമ്മിൽ പദവി ഭേദമില്ലെങ്കിലും 75 ജഡ്ജിമാരുടെ നായകത്വത്തിൽനിന്ന് നാലു ജഡ്ജിമാരുടെ നായകത്വത്തിലേക്കുള്ള മാറ്റം തരംതാഴ്ത്തലായിട്ടാണ് മനസ്സിലാക്കപ്പെടാറുള്ളത്. മദ്രാസ് ഹൈകോടതിയിൽ പ്രാക്ടിസ് ചെയ്തിരുന്ന രണ്ട് അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശിപാർശയെ തഹിൽരമണി എതിർത്തിരുന്നു. അതിനുള്ള ശിക്ഷയായിട്ടാണ് അവരുടെ സ്ഥലം മാറ്റത്തെ നിയമവൃത്തങ്ങൾ കണ്ടത് -മറിച്ചൊരു വിശദീകരണവും കൊളീജിയം നൽകുകയുമുണ്ടായില്ല. തത്ത്വാധിഷ്ഠിത നിലപാടിെൻറ പേരിൽ സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് തഹിൽരമണി രാജിവെക്കുകയായിരുന്നു. ഇപ്പോൾ സ്ഥലം മാറ്റപ്പെട്ട സഞ്ജീവ് ബാനർജിയുടെ കാര്യത്തിലും കൊളീജിയമോ ചീഫ് ജസ്റ്റിസോ കാരണം വിശദീകരിച്ചിട്ടില്ല; ജസ്റ്റിസ് സഞ്ജീവ് തെരഞ്ഞെടുപ്പ് കമീഷനെതിരെ നടത്തിയ രൂക്ഷപ്രതികരണങ്ങളാണ് യഥാർഥ കാരണമെന്ന് ഊഹിക്കപ്പെടുന്നു. ഭരണകൂടത്തിൽനിന്നും ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നും ഉത്തരവാദിത്തപൂർണമായ സമീപനം ആവശ്യപ്പെടുന്നത് ശരിയല്ലെന്ന സന്ദേശം ഇത് ജഡ്ജിമാർക്ക് നൽകുന്നില്ലേ? കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോം എന്ന സംഘടന ഈ സ്ഥലം മാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
'നിയമവിധേയമായി ഭരിക്കലും' (rule of law) 'നിയമം ഉപയോഗിച്ച് ഭരണം നടത്തലും' (rule by law) തമ്മിലുള്ള അന്തരത്തെപ്പറ്റി ഓർമിപ്പിക്കാറുള്ള ജസ്റ്റിസ് രമണയുടെ ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റൊന്നാണ്, നിയമത്തിെൻറ പഴുതുകളും ജുഡീഷ്യൽ നടപടികളിലെ കാലവിളംബവും മുതലെടുത്ത് നിരപരാധികളെ വർഷങ്ങളോളം ജാമ്യംപോലും കിട്ടാത്തതരത്തിൽ തടങ്കലിലിടുന്ന പൊലീസ് മുറ. ഗുജറാത്തിൽ 19 വർഷം വിചാരണക്ക് വിധേയരായ മുസ്ലിം പണ്ഡിതരും പ്രവർത്തകരുമടങ്ങുന്ന 127 പേരെ കോടതി കുറ്റമുക്തരാക്കിയത് കഴിഞ്ഞ മാർച്ചിലാണ്. അഞ്ചുപേർ അതിനകം മരിച്ചു. രണ്ടു പതിറ്റാണ്ടിൽ ഏതാനും വർഷം തടങ്കലിലും ജാമ്യം കിട്ടിയശേഷം ഭീകരമുദ്ര പേറിയും അവർ കഴിയേണ്ടിവന്നു. യു.എ.പി.എ കേസ് ചുമത്തിയതുകൊണ്ടു മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നതിനാൽ, ആ വകുപ്പ് ചുമത്തുന്നതുവഴി പൊലീസിന് ആരെയും ശിക്ഷിക്കാൻ കഴിയുന്നു. പൊലീസിെൻറ 'വിധിതീർപ്പ്' കാരണം തടങ്കലിൽ കഴിയുന്നവരും അവിടെ മരിക്കുന്ന സ്റ്റാൻ സ്വാമിമാരും കോടതിയുടെ അടിയന്തര പരിഗണനയിൽ വരേണ്ടതുണ്ട്. ജാമ്യമോ പരോളോ ഇല്ലാതെ 23 വർഷം ജയിലിൽ കിടന്നശേഷം രാജസ്ഥാൻ ഹൈകോടതി വെറുതെവിട്ട ആറുപേർക്ക് ഭരണഘടനാദത്തമായ മൗലികാവകാശം നിഷേധിക്കപ്പെട്ടതിന് ഒരാൾപോലും ഉത്തരവാദിയായില്ലെന്ന് ജസ്റ്റിസ് ലോകുർ ചൂണ്ടിക്കാട്ടുന്നു. കള്ളക്കേസെടുത്ത് ആരുടെയും ജീവിതം തകർക്കാൻ പൊലീസിന് എളുപ്പമാണെന്ന് വന്നിരിക്കുന്നു. ജാമ്യം അനുവദിക്കുന്നതിലെ വർഗീയ വിവേചനമാണ് മറ്റൊരു പ്രശ്നം. സമുദായം നോക്കി പൊലീസ് ജാമ്യപേക്ഷകളെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്ന അനേകം ഉദാഹരണങ്ങളുണ്ട്. ഇവിടെയും കോടതി കാഴ്ചക്കാരൻ മാത്രം. ഏറെക്കാലം ജയിലിലുള്ളവർക്ക് ജാമ്യം നൽകുന്ന കാര്യം സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്; ജാമ്യനിർണയത്തിൽ പൊലീസിെൻറ കള്ളക്കളികളും പരിശോധിക്കേണ്ടതാണ്. സ്വതന്ത്ര ജുഡീഷ്യറി എന്ന പദവി തിരിച്ചുപിടിക്കാൻ സുപ്രീംകോടതിക്ക് കഴിയുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.