ഉത്തര മലബാറുകാരുടെ വിശേഷിച്ച് കാസർകോട്ടുകാരുടെ പ്രധാന ചികിത്സകേന്ദ്രമാണ് മംഗ ളൂരു. ജില്ലയിൽ മികച്ച സർക്കാർ ആശുപത്രികളുടെ അപര്യാപ്തത നിമിത്തവും ഹൈടെക് ആശുപത ്രികളുമായി തട്ടിച്ചുനോക്കുമ്പോൾ ചികിത്സ ചെലവ് മിതമായതിനാലും മംഗളൂരുവിലെ ആശുപ ത്രികൾ മലയാളികൾക്ക് ആശ്രയവും ആശ്വാസവുമാണ്. എന്നാൽ, കാസർകോട് പടർന്നുപിടിച്ച കോ വിഡ് ഭീഷണിയിൽ മംഗളൂരുവിനെ ‘രക്ഷിക്കാൻ’ പരിപൂർണമായി അതിർത്തി അടക്കാനാണ് ജില്ല ഭരണാധികാരികൾ ധിറുതിപ്പെട്ടത്. രായ്ക്കുരാമാനം അതിർത്തിറോഡുകൾ മണ്ണിട്ട് ഗതാഗതം ഇല്ലായ്മ ചെയ്യുകയായിരുന്നു അവർ. മരണാസന്നരായ രോഗികൾ ആംബുലൻസുകളിലെത്തിയിട്ടും മനുഷ്യത്വത്തിെൻറ ഒരു കനിവും അധികൃതരുടെ മനസ്സിൽ കിനിഞ്ഞില്ല. കർണാടക സർക്കാറിെൻറയും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും സമ്മതമില്ലാതെ ഇത്രയും കടുത്തതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ നടപടി ജില്ല ഭരണാധികാരികൾ സ്വീകരിക്കാൻ വഴിയില്ല. അവരുെട മനുഷ്യത്വഹീനമായ ചെയ്തികളിലൂടെ അതിർത്തിയിൽ ചികിത്സ കിട്ടാതെ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചത് ആറു പേരാണ്. കോവിഡ് ബാധിച്ച് കേരളത്തിൽ ഇതുവരെ രണ്ടുപേരേ മരിച്ചിട്ടുള്ളൂ എന്നോർക്കുമ്പോഴാണ് കർണാടകയുടെ വംശീയവെറിയുടെ ബീഭത്സം വ്യക്തമാകുക.
കാസർകോട് അതിർത്തി അടച്ചതുമൂലമുള്ള ദുരന്തം ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി കേരള ഹൈകോടതി സ്വീകരിക്കുകയും കർണാടക സർക്കാറിന് നോട്ടീസ് നൽകുകയും ചെയ്തത് സാഹചര്യത്തിെൻറ അടിയന്തരപ്രാധാന്യം ഉൾക്കൊണ്ടുതന്നെയായിരുന്നു. ചികിത്സ തേടി അതിർത്തി തുറക്കാൻ കേഴുന്ന ചികിത്സാർഥികളോടുള്ള അനുകമ്പ തുടക്കം മുതലേ കോടതിയുടെ നിരീക്ഷണത്തിൽ നിറഞ്ഞുനിന്നിരുന്നു. പക്ഷേ, രോഗികളുടെ മുന്നിൽപോലും പാത തുറക്കാനാവില്ലെന്ന ദുശ്ശാഠ്യമാണ് കർണാടക അഡ്വക്കറ്റ് ജനറൽ പി.കെ. നവാഡ്ജി ഹൈകോടതിയിൽ സ്വീകരിച്ചത്. കോടതി നിർദേശപ്രകാരം രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിലും അയവിെൻറ നേരിയ ലാഞ്ഛനപോലും പ്രകടിപ്പിക്കാൻ കർണാടക തയാറായില്ല. ഒടുവിൽ എത്രയും പെെട്ടന്ന് കാസർകോട്-മംഗളൂരു അതിർത്തി തുറക്കണമെന്നും രോഗികളോട് മനുഷ്യത്വപരമായി പെരുമാറണമെന്നും കേരള ഹൈകോടതിക്ക് ഉത്തരവിടേണ്ടിവന്നു. വിധി അടിയന്തര സ്വഭാവത്തോടെ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടാനാവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. തുടക്കത്തിൽ നിബന്ധനകളോടെ അതിർത്തി തുറക്കുമെന്ന സമീപനം സ്വീകരിച്ചിരുന്നുവെങ്കിലും വിധി നടപ്പാക്കുന്നതിനുപകരം അതിർത്തി സമ്പൂർണമായി അടച്ചിടാൻ സുപ്രീംകോടതിയിലേക്ക് നിയമയുദ്ധത്തിന് പോകാനൊരുങ്ങുകയാണ് കർണാടക സർക്കാർ.
യഥാർഥത്തിൽ എളുപ്പത്തിൽ കേന്ദ്രത്തിന് പരിഹരിക്കാവുന്ന ഒരു വിഷയമാണ് രണ്ടു സംസ്ഥാനങ്ങൾക്കിടയിലെ നിയമയുദ്ധമായി പരിവർത്തിക്കപ്പെട്ടിരിക്കുന്നത്. നിസ്സംഗമായി നോക്കിനിന്ന കേന്ദ്രവും അതുകൊണ്ടുതന്നെ പ്രശ്നത്തെ സങ്കീർണമാക്കിയതിൽ കർണാടക സർക്കാർപോലെ പ്രതിപ്പട്ടികയിലാണ്. േകന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആശ്രിതവത്സലനാണ് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ഫെഡറലിസത്തിെൻറ അന്തഃസത്ത പാലിക്കാനും ജനങ്ങൾ ഭയത്തിെൻറ കൊടുമുടിയിൽ നിൽക്കുമ്പോൾ അഴുകിയ പ്രാദേശിക വംശീയരാഷ്ട്രീയം കളിക്കരുതെന്നും ഉപദേശിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ കാസർകോട് അതിർത്തിയിലെ സമസ്യ. ആറുപേരുടെ മരണങ്ങൾക്ക് സാക്ഷിയായിട്ടും, കേരള ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഹൈകോടതി ഇടപെട്ട് കീഴ്വഴക്കങ്ങൾ ലംഘിക്കരുതെന്ന ആവശ്യമുയർത്തി പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് കേന്ദ്രം ശ്രമിച്ചത്. കാസർകോട് ബി.െജ.പിക്ക് കേന്ദ്രത്തിലെയും കർണാടകയിലേയും ബി.ജെ.പി സർക്കാറുകളുടെ സമീപനത്തിൽ കടുത്ത അമർഷമുണ്ടെന്നു പറയുന്നു. പക്ഷേ, കേന്ദ്രത്തിനും കർണാടകക്കുംമേൽ സമ്മർദം ചെലുത്താനുള്ള ശേഷിയൊന്നും കേരള ബി.ജെ.പിക്കില്ലെന്നാണ് കേന്ദ്രത്തിെൻറയും കർണാടകയുടെയും ഇതുവരെയുള്ള സമീപനം തെളിയിക്കുന്നത്. കാസര്കോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ നൽകിയ ഹരജി അനുകൂലമാകുമെന്ന പ്രത്യാശയിലാണ് മംഗളൂരു ആശുപത്രികളെ ആശ്രയിക്കുന്ന കാസർകോട് ജില്ലയിലെ ഗുരുതര രോഗാവസ്ഥയിലുള്ളവർ.
കർണാടകയിലെ ബി.ജെ.പി സർക്കാർ ഇത്ര അടഞ്ഞതും മനുഷ്യപ്പറ്റില്ലാത്തതുമായ സമീപനം സ്വീകരിക്കുന്നതിെൻറ കാരണം ദുരൂഹമാണ്. രാജ്യം ലോക്ഡൗണിലേക്ക് പോയതിെൻറയും സംസ്ഥാന അതിർത്തികൾ അടച്ചതിെൻറയും സാഹചര്യം പകൽപോലെ തെളിച്ചമുള്ളതാണ്. ഭക്ഷണവസ്തുക്കൾ കൊണ്ടുപോകുന്ന ചരക്കു ഗതാഗതവും രോഗികളുമായി പോകുന്ന ആംബുലൻസുകളും കോവിഡിനെ പേടിച്ച്, ഭീതി ഭ്രാന്തായി മാറിയ ആൾക്കൂട്ടങ്ങൾ തടയുന്നത് മനസ്സിലാക്കാനാകും. ദുരന്തപൂർണമായ അവസ്ഥയെ വിവേകത്തോടെ അതിജീവിക്കാൻ നേതൃത്വം നൽകേണ്ട ഭരണാധികാരികൾതന്നെ അക്രമാസക്തമായ ആൾക്കൂട്ടങ്ങളേക്കാൾ ഉന്മാദാവസ്ഥയിലെത്തുന്നുവെന്നത് എത്രമാത്രം ആപത്കരമാണ്! ചങ്ങലക്കുതന്നെ ഭ്രാന്തുപിടിച്ചാൽ രാജ്യം ഏതു ദിശയിലാവും നീങ്ങുക!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.