ജമ്മു-കശ്മീരിെൻറ സവിശേഷ അധികാരങ്ങൾ റദ്ദാക്കപ്പെട്ടിട്ട് 90 ദിവസമാകുകയാണ്. കഴിഞ്ഞ മൂന്നു മാസമായി മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ വീട്ടുതടങ്കലിലും സൈനിക കസ്റ്റഡിയിലുമാണ്. അവരെപ്പോൾ പുറത്തുവരുമെന്ന് ആർക്കും നിശ്ചയമില്ല. മനുഷ്യാവകാശലംഘനങ്ങൾ നിർബാധം അരങ്ങുതകർക്കുന്നുവെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിലെ ഡെമോക്രാറ്റിക് നേതാവ് സാൻഡേഴ്സ്, ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ തുടങ്ങി യൂറോപ്പിലെ വിവിധ രാഷ്ട്രീയനേതാക്കളും മനുഷ്യാവകാശ സംഘടനകളും കശ്മീർപ്രശ്നത്തെ ഒരു രാഷ്ട്രാന്തരീയ ചർച്ചയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്. ജർമൻ ചാൻസലർ അംഗലാ മെർകൽ ഇന്ത്യ സന്ദർശനത്തിൽ കശ്മീർ പ്രശ്നം ഉന്നയിച്ചേക്കും. എന്നാൽ, കശ്മീർ സാധാരണ നില കൈവരിച്ചുവെന്നാണ് സർക്കാർ അവകാശവാദം. അത് തെളിയിക്കുന്നതിനുവേണ്ടിയാണ് യൂറോപ്യൻ യൂനിയനിൽനിന്ന് ‘െതരഞ്ഞെടുത്ത’ 27 എം.പിമാരുടെ കശ്മീർ സന്ദർശനം സംഘടിപ്പിച്ചത്. നഷ്ടപ്പെട്ട അന്തർദേശീയ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഈ പിന്നാമ്പുറ നീക്കം പേക്ഷ, അങ്ങേയറ്റത്തെ അപഹാസ്യതയിലും നയതന്ത്ര പരാജയത്തിലുമാണ് അവസാനിച്ചിരിക്കുന്നത്.
ബ്രസൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിമൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്ക് (വെസ്റ്റ്) എന്ന, അധികമാരും അറിയാത്ത എൻ.ജി.ഒ ആയിരുന്നു ഇൗ ദൗത്യത്തിെൻറ പ്രായോജകർ. അതിെൻറ സ്ഥാപകയും ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജയുമായ മാഡി ശർമയാണ് യൂറോപ്യൻ പ്രതിനിധികളെ കാണാൻ പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നുവെന്നും ജമ്മു^കശ്മീർ സന്ദർശനത്തിന് അവസരമൊരുക്കാമെന്നും വ്യക്തമാക്കി എം.പിമാർക്ക് മെയിൽ അയച്ചത്. സന്ദർശനത്തിെൻറ മുഴുവൻ ചെലവുകളും ഡൽഹി കേന്ദ്രമായുള്ള ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ അലൈൻഡ് സ്റ്റഡീസ് എന്ന അപ്രശസ്തമായ മറ്റൊരു എൻ.ജി.ഒ വഹിക്കുമെന്ന ഉറപ്പും അവർക്കു നൽകി. ജർമനി, പോളണ്ട്, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ സംഘടനകളിൽ അംഗങ്ങളായ കടുത്ത കുടിയേറ്റവിരുദ്ധരും ഇസ്ലാം ഭീതിയുടെ പ്രചാരകരുമായ എം.പിമാരെയാണ് സന്ദർശകസംഘത്തിലേക്ക് തെരഞ്ഞെടുത്തത് എന്നതിൽനിന്ന് ഊഹിക്കാം അതിെൻറ താൽപര്യവും ഉദ്ദേശ്യശുദ്ധിയും. തികച്ചും അനൗദ്യോഗിക സംഘമാെണന്നും സർക്കാറിന് അതിൽ പങ്കില്ലെന്നും വിശദീകരിക്കപ്പെടുമ്പോഴും മാഡി ശർമ യൂറോപ്യൻ എം.പിമാർക്ക് നൽകിയ എല്ലാ ഉറപ്പുകളും കൃത്യതയോടെ പാലിക്കപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടന്നു. വിദേശകാര്യമന്ത്രി യൂറോപ്യൻ എം.പിമാർക്ക് അത്താഴവിരുന്നൊരുക്കി. കശ്മീരിലാകട്ടെ, ഗവർണർ, ഉയർന്ന സൈനികോദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി തുടങ്ങിയവരുമായിട്ടായിരുന്നു ചർച്ചകൾ.
കേന്ദ്ര സർക്കാറിെൻറ പ്രതിച്ഛായ നിർമാണത്തിനുവേണ്ടിയുള്ള പിന്നാമ്പുറ പണിയാണ് മാഡി ശർമ നിർവഹിച്ചതെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധിതന്നെ ധാരാളം. അന്താരാഷ്ട്ര വ്യാപാര ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലും ഭരണസിരാകേന്ദ്രങ്ങളിലും ശക്തമായ സ്വാധീനം കരഗതമായത് അതിനാലാണ്. ഇന്ത്യയിലെ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾക്കും പാർലമെൻറ് അംഗങ്ങൾക്കും തടയപ്പെട്ട കശ്മീരിലേക്കുള്ള പ്രവേശനം എങ്ങനെ ലഭ്യമായി? ഇതിെൻറ സാമ്പത്തിക സ്രോതസ്സ് എവിടെനിന്നാണ്? ഭരണകൂടത്തിലെ ഉന്നതരുമായി ഇത്ര എളുപ്പത്തിൽ കൂടിക്കാഴ്ചക്കു സാധിച്ചതെങ്ങനെ തുടങ്ങിയ ലളിതചോദ്യങ്ങളിൽ തകരുന്നതാണ് സർക്കാറിന് പങ്കില്ലെന്ന ഔദ്യോഗിക വിശദീകരണങ്ങൾ മുഴുവനും. വിദേശമന്ത്രാലയത്തെ ഒഴിവാക്കി സ്വകാര്യ ഏജൻസികൾ നയതന്ത്ര ഇടപാട് നിർവഹിച്ചതിെൻറ ഭരണഘടന സാധൂകരണവും ജനാധിപത്യമര്യാദയും വിശദീകരിക്കാനുള്ള പ്രതിപക്ഷത്തിെൻറ ആവശ്യത്തിന് ഉത്തരം പറയാൻ അക്കാരണത്താൽ സർക്കാറിന് ബാധ്യതയുണ്ട്. അതോടൊപ്പം ഇത് നിർവഹിച്ച ഏജൻസികളും സർക്കാറും തമ്മിലുള്ള ഇടപാടുകളുടെ വിശദാംശവും പുറത്തുവരേണ്ടതാണ്.
വങ്കത്തം നിറഞ്ഞ ഈ നയതന്ത്ര നാടകത്തിലൂടെ കാന്തി നഷ്ടപ്പെട്ടത് രാജ്യത്തിെൻറ പ്രതിച്ഛായക്കാണ്. ഇന്ത്യയിൽ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് രാജ്യത്തിന് പുറത്ത് സജീവ ചർച്ചയാകുന്നതിന് അത് കാരണമാകുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ എം.പിമാരെ കശ്മീർ സന്ദർശിക്കാൻ അനുവദിക്കുന്നുവെങ്കിൽ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾക്കും മനുഷ്യാവകാശ സംഘടനകൾക്കും എന്തുകൊണ്ട് നിഷേധിക്കുന്നുവെന്ന ചോദ്യത്തിന് സർക്കാറിന് ഇനിയും മൗനം പാലിക്കാനാകില്ല. ഡൽഹിയിലെത്തിയ ശേഷം കശ്മീർ സന്ദർശിക്കാതെ തിരിച്ചുപോയ നാല് യൂറോപ്യൻ യൂനിയൻ അംഗങ്ങളിൽ ക്രിസ് ഡേവിസും നികോളസ് ഫെസ്റ്റും ഈ ചോദ്യം ഉയർത്തിക്കഴിഞ്ഞു. അപഹാസ്യമായ നയതന്ത്ര ഗിമ്മിക്കുകളുെട അനന്തര ഫലം കശ്മീർ കൂടുതൽ പ്രക്ഷുബ്ധമാകാൻ ഇടവരുമെന്നതുമാണ്. സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രതിഷേധത്തിനാണ് ഈ ദിനങ്ങളിൽ കശ്മീർ സാക്ഷിയായത്. പ്രതിഷേധത്തിനു നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിലും വെടിവെപ്പിലും ആറ് കശ്മീരികൾ കൊല്ലപ്പെട്ടുവെന്ന് അനൗദ്യോഗിക ഏജൻസികൾ വെളിപ്പെടുത്തുന്നു. ഹിസ്ബുൽ മുജാഹിദീനെന്നു സംശയിക്കുന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചു തൊഴിലാളികളാണ്. നയതന്ത്ര ഇരട്ടത്താപ്പുകൾ ഒരു രാജ്യത്തിെൻറയും പ്രതിച്ഛായനിർമാണത്തിന് സഹായകരമായിട്ടില്ല. അതു ആഭ്യന്തരകാലുഷ്യം സങ്കീർണമാക്കുകയും ചെയ്യും. ആഗസ്റ്റ് അഞ്ചിനുശേഷമുള്ള കശ്മീർ നൽകുന്ന പാഠമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.