അസമിലെ കൊക്രജറിൽ ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്ര ഭാഷണത്തിൽ കശ്മീരികളോടായി പറഞ്ഞത്, ജീവിതം നന്നായി ആസ്വദിക്കാനാണ്. അതിനുള്ള സക ല സൗകര്യങ്ങളും ഇപ്പോൾ ഒരുക്കിയിട്ടുണ്ടത്രെ. കഴിഞ്ഞദിവസം പാർലമെൻറിൽ നടന്ന ബജറ ്റ് ചർച്ചയിൽ ഇടപെട്ടപ്പോഴും ‘കശ്മീരിൽ സർവം ശുഭം’ എന്ന നിലയിലാണ് അദ്ദേഹം സംസാര ിച്ചത്. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും മേഖലയെ കേന്ദ്ര ഭരണ പ്രദേശമായി പരിവർത്തിപ്പിക്കുകയും ചെയ്ത് ആറു മാസം പിന്നിട്ടപ്പോഴേക്കും മേഖലയിലെ സകല പ്രശ്നങ്ങളും അവസാനിച്ചിരിക്കുന്നുവെന്നാണ് ഈ പ്രസ്താവനകളത്രയും അർഥമാക്കുന്നത്. കേന്ദ്രസർക്കാറിെൻറയും സംഘ്പരിവാറിെൻറയും ഈ അവകാശവാദത്തെ സാധൂകരിക്കാൻ യൂറോപ്യൻ യൂനിയനിൽനിന്നും മറ്റുമായി ‘നിഷ്പക്ഷ നിരീക്ഷകരെ’ കേന്ദ്രം ഇടക്കിടെ കശ്മീരിലേക്ക് എഴുന്നള്ളിക്കാറുമുണ്ട്. കഴിഞ്ഞദിവസവും വന്നു ഇതുപോലൊരു സംഘം. കഴിഞ്ഞ ആറു മാസമായി, രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട മേഖലയിലാണ് ഈ ‘നിഷ്പക്ഷ’രുടെ സന്ദർശനമെന്നോർക്കണം. എന്നാൽ, കേന്ദ്രത്തിെൻറ അവകാശവാദങ്ങൾക്കും വിദേശ നയതന്ത്രജ്ഞരുടെ സാക്ഷ്യങ്ങൾക്കുമെല്ലാം അപ്പുറമാണ് താഴ്വരയുടെ വർത്തമാനമെന്നാണ് വല്ലപ്പോഴും അവിടെനിന്നും പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
എന്തിനുവേണ്ടിയായിരുന്നു മോദി സർക്കാർ കശ്മീരിൽ ഇടപെട്ടതെന്ന് ആ സമയത്തുതന്നെ ബന്ധപ്പെട്ടവർ വ്യക്തമാക്കിയതാണ്. ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ ആണ് അതിൽ ഒരു കാര്യം പറഞ്ഞത്: ഇനിയങ്ങോട്ട് കശ്മീരി യുവതികളെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും വിവാഹം ചെയ്യാമെന്നാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞതിെൻറ നേട്ടമായി അദ്ദേഹം കണ്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു, മറ്റൊരു കാര്യം: കശ്മീരിൽ സർക്കാർ ഉടമസ്ഥതയിലുള്ളതും അല്ലാത്തതുമായ ഭൂമി ഇനിയങ്ങോട്ട് യഥേഷ്ടം കേന്ദ്രത്തിന് ഏറ്റെടുക്കാമെന്നും അതുവഴി മേഖലയിൽ വലിയ വികസന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുെമന്നും അദ്ദേഹം പാർലമെൻറിൽ പ്രസ്താവിച്ചു. അഥവാ, താഴ്വരയെ വിൽപനക്കുവെക്കുക എന്നതും ഈ നടപടിയുടെ അജണ്ടയിൽ പെടുന്നു. ആറു മാസങ്ങൾക്കിപ്പുറം, ആ അജണ്ടയിലേക്ക് പ്രവേശിച്ചിരിക്കയാണ് മോദി സർക്കാർ. അതിെൻറ ഭാഗമായാണ് കഴിഞ്ഞ മാസം, ന്യൂഡൽഹിയിൽ പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. അതിെൻറ തുടർച്ചയായി തയാറാക്കപ്പെട്ട ‘ജമ്മു ആൻഡ് കശ്മീർ ഇൻഫർമേഷൻ ടെക്നോളജി പോളിസി 2020’, അമിത് ഷാ പ്രഖ്യാപിച്ചതുപോലെ വിദേശ നിക്ഷേപകർക്കടക്കം താഴ്വരയിലേക്ക് ‘ഫ്രീ എൻട്രി’ വാഗ്ദാനം ചെയ്യുന്നതാണ്. ജമ്മുവിലും കശ്മീരിലുമായി 6000 ഏക്കറിലധികം ഭൂമിയാണ് ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് തുറന്നുകൊടുക്കാൻ പോകുന്നതത്രെ. ഈ ഭൂമിയിലേക്ക് അത്ര പെട്ടെന്ന് നിക്ഷേപകരെ ആകർഷിക്കാനാവില്ലെന്നറിയാവുന്ന സർക്കാർ, പിന്നെയും സൗജന്യങ്ങൾ ഐ.ടി പോളിസി വഴി വാരിക്കോരി നൽകുന്നുണ്ട്. അത്തരം സൗജന്യങ്ങളിൽ എടുത്തുപറയേണ്ട ഒന്ന്, തടസ്സങ്ങളില്ലാത്ത ഇൻറർനെറ്റ്, വൈ ഫൈ സൗകര്യങ്ങളുള്ളതും അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണവുമുള്ള ഐ.ടി പാർക്കുകളാണ്. ഭൂമി ഏറ്റെടുക്കൽ നടപടികളും ലഘൂകരിച്ചിരിക്കുന്നു. ഇങ്ങനെ 14 മേഖലകളിലായി വിദേശികളടക്കമുള്ള നിക്ഷേപകർക്ക് പൂർണമായും തുറന്നുകൊടുത്ത് പുതിയൊരു ‘വികസന വിപണി’യാണ് ആരംഭിച്ചിരിക്കുന്നത്. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കപ്പെട്ട സമയത്തുതന്നെ കേന്ദ്രത്തിന് ഇക്കാര്യത്തിൽ രാഷ്ട്രീയ അജണ്ട മാത്രമല്ല ഉള്ളത് എന്നു നിരീക്ഷച്ചവരെ ശരിവെക്കുന്നുണ്ട് ഈ നീക്കങ്ങളെല്ലാം.
ഇത്രയൊക്കെ സൗജന്യങ്ങൾ വാഗ്ദാനം ചെയ്തിട്ടും, വേണ്ടവിധം നിക്ഷേപകരെ താഴ്വരയിലേക്ക് ആകർഷിക്കാനായിട്ടില്ലെന്നതാണ് വാസ്തവം. അതിെൻറ കാരണം വളരെ ലളിതമാണ്. ആറു മാസമായി സകല മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് കഴിയുന്ന ജനതക്കിടയിൽ എന്തു നിക്ഷേപമാണ് ക്രിയാത്മകമായി നടത്താനാവുക? ആഗസ്റ്റ് അഞ്ച് മുതൽ ‘ഇ-കർഫ്യൂ’വിലാണ് ജമ്മു-കശ്മീർ. മാധ്യമ പ്രവർത്തകർക്കടക്കം ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കപ്പെട്ടു. ഈയടുത്ത് സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് കശ്മീർ ജനതക്ക് 2ജി ഇൻറർനെറ്റ് കണക്ഷനെങ്കിലും ലഭിച്ചത്; അതും ഭാഗികമായി. 9500 ഉപയോക്താക്കൾക്ക് ഒരു കണക്ഷൻ പോയൻറ് എന്ന നിലയിലാണ് ഇൻറർനെറ്റ് സേവന വിതരണമെന്നാണ് റിപ്പോർട്ടുകൾ. അതുതന്നെയും, പൂർണവുമല്ല. അതായത്, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും സുപ്രധാന മാധ്യമ വെബ്സൈറ്റുകളുമൊന്നും കശ്മീരികൾക്ക് ഇപ്പോഴും ലഭ്യമല്ല. അവിടെയാണ് തടസ്സങ്ങളില്ലാത്ത ഇൻറർനെറ്റ് എന്ന വാഗ്ദാനവുമായി സർക്കാർ രംഗത്തുവരുന്നതെന്നോർക്കണം. ഭൂമി ഏറ്റെടുക്കുന്ന സർക്കാർ നടപടികളെയും താഴ്വരയിലെ ജനത ആശങ്കയോടെയാണ് കാണുന്നത്. ഏതു സമയവും തങ്ങളുടെ ഭൂമി നഷ്ടപ്പെടാമെന്നു മാത്രമല്ല, അതുവഴി നൂറുകണക്കിന് തൊഴിൽ നഷ്ടവും സംഭവിക്കുന്നുവെന്നത് അവരുടെ ആശങ്കയുടെ ആഴം വർധിപ്പിക്കുന്നു. നിലവിൽതന്നെ, വലിയ തോതിൽ ഈ ജനതക്ക് തൊഴിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. സിൽക് കാർപറ്റ് വ്യവസായത്തിെൻറ ഭാഗമായിരുന്ന അര ലക്ഷം പേർക്ക് ആറു മാസത്തിനിടെ പണി പോയി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടൂറിസം, കൈത്തറി, ഐ.ടി, ഗതാഗതം തുടങ്ങിയ മേഖലകളിലെ സ്ഥിതിയും അതുതന്നെ. ഇതിനൊക്കെ പുറമെയാണ്, സുരക്ഷയുടെ പേരിൽ സൈന്യവും മറ്റും നടത്തുന്ന കടുംകൈകൾ. തീർത്തും അരക്ഷിതമായ ഈ കാലാവസ്ഥയിലേക്ക് നിക്ഷേപവുമായി ആരു വരാനാണ്? ജമ്മുവിലെ ബി.ജെ.പി നേതാക്കൾ വരെ ഇപ്പോൾ പറയുന്നത്, തങ്ങൾപോലും വഞ്ചിക്കപ്പെട്ടുവെന്നാണത്രെ. താഴ്വരയെ സ്വർഗഭൂമിയായി ഉയർത്തുകയല്ല, അതിനെ അനിശ്ചിതത്വത്തിെൻറ പടുകുഴിയിലേക്ക് തള്ളുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നത്. അതിനാൽ, ജമ്മു-കശ്മീരിനെ ‘ബജറ്റ് മാതൃക’യിൽ വിൽപനക്ക് വെക്കുന്നതിനു പകരം അടിയന്തരമായ പുനഃപരിശോധനകൾ നടത്തുകയാണ് രംഗം കൂടുതൽ വഷളാകാതിരിക്കാനുള്ള ഏക മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.