ഡൽഹിയിലെ വംശഹത്യയുടെ ചിത്രങ്ങൾ തെളിഞ്ഞുകൊണ്ടിരിക്കുന്നു. അടുത്തകാലത്ത് തലസ്ഥാനം കണ്ട ഏറ്റവും രൂക്ഷമായ വർഗീയതാണ്ഡവത്തിെൻറ ഇരകൾ ഒരാഴ്ച കഴിഞ്ഞിട്ടും അമ്പരപ്പിലാണ്. ജീവിതത്തിെൻറ ശിഥിലമായ ഇഴകൾ വീെണ്ടടുക്കാനും താങ്ങാനാവാത്ത നഷ്ടങ്ങൾക്കിടയിലൂടെ മുന്നോട്ടുനീങ്ങാനുമുള്ള ശേഷി അവർക്കിനിയും ലഭിച്ചിട്ടുവേണം. ഒരു മഹാരാജ്യത്തിെൻറ സമ്പൂർണ പരാജയത്തെയാണ് ഡൽഹിയിൽ വഴിമുട്ടിപ്പോയ മനുഷ്യർ പ്രതിനിധാനം ചെയ്യുന്നത്. അവരനുഭവിച്ച നഷ്ടം ചെറുതല്ല. പെട്ടെന്നൊന്നും നികത്താവുന്നതുമല്ല അത്. എന്നാൽ, എല്ലാറ്റിലും വ്യക്തമായി കഴിഞ്ഞ മറ്റൊരു വലിയ നഷ്ടമുണ്ട് - ഇന്ത്യ എന്ന ആധുനിക രാഷ്ട്രത്തിെൻറ തകർച്ച. ഒരു രാഷ്ട്രത്തിെൻറ സകല അസ്തിവാരങ്ങളും ഇത്ര കൃത്യതയോടെ, ഇത്ര ആസൂത്രിതമായി പൊളിച്ചുകളഞ്ഞ മറ്റൊരു സംഭവം സ്വതന്ത്ര ഇന്ത്യ കണ്ടുകാണില്ല. മുമ്പുനടന്ന വംശഹത്യകളിൽ - ഡൽഹിയിലെ സിഖ് വംശഹത്യ, ഗുജറാത്തിലെ മുസ്ലിം വംശഹത്യ - ഭരണകൂടം പരാജയപ്പെട്ടപ്പോഴും പ്രതിപക്ഷവും ജുഡീഷ്യറിയും പ്രത്യാശയുടെ നേരിയ രേഖകളായുണ്ടായിരുന്നു. ഇന്നാകട്ടെ നിയമനിർമാണസഭയും ഭരണകർത്താക്കളും മാത്രമല്ല, ജുഡീഷ്യറിയും പ്രതിപക്ഷവുമെല്ലാം രാജ്യത്തെ തകർക്കുന്നതിൽ മൗനംകൊണ്ടോ പങ്കാളിത്തംകൊണ്ടോ ഭാഗഭാക്കായ അവസ്ഥയുണ്ടായി. ജനാധിപത്യത്തെയും ഭരണഘടനയെയും തോൽപിക്കാൻ ജുഡീഷ്യറിവരെ കൂട്ടുനിന്നു എന്ന് ആരോപിക്കുന്നത് നിയമവിദ്യാർഥികളും മുൻ ജഡ്ജിമാരുമൊക്കെ തന്നെയാണ്. ഫാഷിസ്റ്റുകളും നാസികളും ജനാധിപത്യത്തെ ഉപയോഗിച്ചാണ് വംശീയത നടപ്പാക്കിയത്. നിയമത്തെ തങ്ങളുടെ ഭാഗത്തു നിർത്തിയ അവർ, തങ്ങളെ എതിർത്തവരെ മുഴുവൻ നിയമത്തിെൻറ ഉപകരണങ്ങളാൽ തന്നെ അടിച്ചൊതുക്കുകയായിരുന്നു. ജുഡീഷ്യറിയെ വരുതിയിലാക്കിക്കൊണ്ടായിരുന്നു അത്. ഇവിടെ, പൗരത്വ ഭേദഗതി നിയമം ചർച്ച പോലുമില്ലാതെ പാസാക്കിയെടുത്തുകൊണ്ട് ജനങ്ങളുടെ പ്രതിനിധിസഭയെന്നറിയപ്പെടുന്ന പാർലമെൻറ് വ്യവസ്ഥാപിതമായ ജനാധിപത്യക്കശാപ്പിന് തുടക്കം കുറിച്ചു. ഭരണകൂടം അതിവേഗം വംശീയ അജണ്ട നടപ്പാക്കാൻ തുടങ്ങിയപ്പോൾ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചത് ജുഡീഷ്യറിയിലും പ്രതിപക്ഷത്തിലുമാണ്.
രണ്ടും ആ പ്രത്യാശയെ വഞ്ചിച്ചിരിക്കുന്നു. പ്രതിപക്ഷം ദുർബലമാണ് എന്നത് എടുത്തുപറയേണ്ടതില്ല. കരുത്തുറ്റ നേതൃത്വവും അതിനില്ല. എങ്കിൽപോലും ഡൽഹിയിലെ കൂട്ടക്കൊലയുടെ ദിവസങ്ങളിൽ ഓടിയെത്താനോ വാ തുറക്കാൻപോലുമോ അവർക്ക് കഴിയാതെ പോയി. ഇതിൽ ഏറ്റവും വലിയ പരാജയം ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാറിെൻറയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിേൻറയുമാണ്. കെജ്രിവാളിെൻറ വികല സമീപനത്തിെൻറ ഉദാഹരണങ്ങളാണ് വംശഹത്യയുടെ കരാളദിനങ്ങളിൽ അദ്ദേഹം പുലർത്തിയ നിഷ്ക്രിയത്വവും, കനയ്യ കുമാറിനും മറ്റും എതിരെ ദേശദ്രോഹക്കുറ്റത്തിന് അന്വേഷണം നടത്താൻ അനുമതി നൽകിയതും. ഡൽഹി പൊലീസ് കേന്ദ്രത്തിെൻറ നിയന്ത്രണത്തിലാണ് എന്നത് ശരി. എന്നാൽ, ഇരകൾക്ക് ആശ്വാസം നൽകുന്ന വാക്കും സാന്നിധ്യവും കെജ്രിവാളിനും പാർട്ടിക്കും അസാധ്യമായിരുന്നില്ല. അങ്ങേയറ്റം വർഗീയമായ പ്രചാരണം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങളെയാണദ്ദേഹം മറന്നുകളഞ്ഞത്. ഇപ്പോൾ കനയ്യകുമാറിനും സഹവിദ്യാർഥികൾക്കുമെതിരായ രാജ്യദ്രോഹക്കേസിന്, മുമ്പ് നൽകാതെ പിടിച്ചുവെച്ച അനുമതി നൽകുകയും ചെയ്തിരിക്കുന്നു. ഡൽഹി അതിക്രമങ്ങളിൽ ആം ആദ്മി പാർട്ടിക്കെതിരെ കുറ്റാരോപണവുമായി ബി.ജെ.പി ഇറങ്ങിയപ്പോഴേക്കും ആരോപിതനായ താഹിർ ഹുസൈനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഒപ്പം കനയ്യക്കും മറ്റുമെതിരെ കേസെടുക്കാൻ ഡൽഹി പൊലീസിന് സമ്മതവും കൊടുത്തു.
എന്തെങ്കിലും തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല, അവസരവാദപരമായി, ഒരു തത്ത്വവൂം നോക്കാതെയാണ് കെജ്രിവാൾ തീരുമാനങ്ങളെടുക്കുന്നതെന്ന് കാണിക്കുന്നു ഇത്. വിദ്യാർഥികൾക്കെതിരെ ദേശദ്രോഹക്കുറ്റം ചാർത്തിയ പശ്ചാത്തലം അദ്ദേഹത്തിനറിയാത്തതല്ല. ഒരു വ്യാജ സീഡി മാത്രമാണ് അന്ന് ആരോപണത്തിന് തെളിവായുണ്ടായിരുന്നത്. സർക്കാറിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകില്ലെന്നതുകൊണ്ടാണ് മുമ്പ് കേസിന് അനുമതി കൊടുക്കാതിരുന്നത്. കനയ്യയുടെ നിലപാടിനെ പരസ്യമായി പ്രശംസിച്ചയാളാണ് കെജ്രിവാൾ എന്നുകൂടി ഓർക്കുേമ്പാഴാണ്, ജനങ്ങൾ തനിക്ക് നൽകിയ പിന്തുണയെ എത്ര ലാഘവത്തോടെയാണ് അദ്ദേഹം വഞ്ചിച്ചിരിക്കുന്നത് എന്നറിയുക.
രാഷ്ട്രീയക്കാരിലും ജഡ്ജിമാരിലും ഇന്നും നീതിയുടെ ഒറ്റപ്പെട്ട സ്വരങ്ങളുണ്ട്. അതേസമയം, വ്യവസ്ഥിതിയും സംവിധാനങ്ങളും ജനവിരുദ്ധമായി ഉപയോഗിക്കുന്ന ശൈലി അംഗീകൃതമായിക്കൊണ്ടിരിക്കുന്നു. നിയമവും ഭരണസംവിധാനവും അടിച്ചമർത്തലിെൻറ ഉപകരണങ്ങളാകുേമ്പാൾ, വിശ്വസിക്കാവുന്ന ഭരണകർത്താക്കളും ന്യായാധിപരും കുറഞ്ഞുവരുേമ്പാൾ, കക്ഷിരാഷ്ട്രീയത്തിെൻറ പരിമിതികൾക്കതീതമായ ജനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി വർധിക്കുകയാണ്. നിസ്സഹകരണവും അഹിംസയും കൊണ്ട് കൊളോണിയൽ പ്രഭുക്കളെ ഓടിച്ച സമൂഹത്തിന് സഹനത്തിേൻറതായ അതേ മാർഗമാവാം മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.