പേറെടുക്കാൻപോയ വയറ്റാട്ടി ഇരട്ടപെറ്റു എന്ന നാടൻ പ്രയോഗത്തെ അന്വർഥമാക്കുന്നതാണ് കേന്ദ്രഭരണം നടത്തുന്ന ബി.ജെ.പിയെക്കുറിച്ച് ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ. യു.പി.എ സർക്കാറിെൻറ അഴിമതിക്കെതിരെ ഗാന്ധിയൻ അണ്ണാ ഹസാരെ നടത്തിയ പോരാട്ടത്തിൽനിന്ന് മുതലെടുത്ത് 16ാം ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ മുഖം മുച്ചൂടും അഴിമതിക്കെതിരെ തിരിച്ചുവിട്ട് അതിെൻറ പിൻബലത്തിൽ അധികാരത്തിലേറുകയായിരുന്നു കാവിപ്പട. 2ജി സ്പെക്ട്രം, കോമൺവെൽത്ത് ഗെയിംസ്, കൽക്കരിപ്പാട േലലം, ആദർശ് ഫ്ലാറ്റ് തുടങ്ങി ലക്ഷം കോടികളുടെ കോഴവിവാദങ്ങളിലെ പ്രതികളെയും വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങളും പുറത്തുകൊണ്ടുവരും, ഭരണയന്ത്രത്തെ തീർത്തും സംശുദ്ധമാക്കും എന്നീ വാഗ്ദാനങ്ങൾ നരേന്ദ്ര മോദിയും അമിത് ഷായും വലിയ വായിൽ വിളിച്ചുപറഞ്ഞത് മാധ്യമങ്ങൾ ഏറ്റുപിടിച്ചപ്പോൾ, എങ്കിൽ മെറ്റല്ലാം മറന്ന് ഹിന്ദുത്വകൂട്ടായ്മക്ക് ഒരവസരം നൽകിക്കളയാമെന്ന് മൂന്നിലൊന്ന് സമ്മതിദായകർ തീരുമാനിച്ചതിെൻറ ഫലമാണ് ലോക്സഭയിൽ എൻ.ഡി.എ നേടിയ മഹാഭൂരിപക്ഷം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രമാദമായ ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഇതൊരു കൊടുംചതിയാവുമെന്ന് നിഷ്പക്ഷമതികൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല. യെദിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാർ നടത്തിയ അനേകായിരം കോടികളുടെ ഖനി കുംഭകോണത്തിെൻറ കഥ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതുമാണ്. മോദി സർക്കാർ മൂന്നു വർഷം പിന്നിടുകയും ബി.ജെ.പിക്ക് പാർലമെൻറിൽ ഇന്നേവരെ അക്കൗണ്ട് തുറക്കാൻ സാധിക്കാതെപോയ കേരളം ഉൾപ്പെടെ 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടി തൂത്തുവാരുെമന്ന അഭ്യൂഹങ്ങളും പ്രവചനങ്ങളും ആസൂത്രിതമായി ഉയർത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങൾ ഹിന്ദുത്വ ശക്തികളെ വിയർപ്പിക്കുകയാണിപ്പോൾ.
കേന്ദ്ര ഭരണത്തിലെ സ്വാധീനമുപയോഗിച്ച് സംസ്ഥാന നേതാക്കൾ കോഴയിലും അഴിമതിയിലും മുങ്ങിക്കുളിക്കുകയാണെന്ന ആരോപണങ്ങളാണ് പാർട്ടിവൃത്തങ്ങളിലൂടെത്തന്നെ അനാവരണം ചെയ്യപ്പെടുന്നത്. പാലക്കാട് ചെർപ്പുളശ്ശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം നേടാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശാണ് സഹായിച്ചത് എന്ന് മനസ്സിലാക്കാം. വർക്കലയിലെ എസ്.ആർ മെഡിക്കൽ കോളജിെൻറ അംഗീകാരത്തിനായി ബി.ജെ.പിയിലെ ചിലർ 5.6 കോടി രൂപ കോഴ വാങ്ങി എന്ന സ്ഥാപന ഭാരവാഹികളുടെ വെളിപ്പെടുത്തലാണ് പാർട്ടിയെ പിടിച്ചുകുലുക്കുന്ന പൊട്ടിത്തെറിയായി പരിണമിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വം നിയോഗിച്ച അന്വേഷണ കമീഷെൻറ റിപ്പോർട്ട് ആരോപണത്തെ സ്ഥിരീകരിക്കുന്നതാണെന്ന വിവരം പുറത്തായതോടെ ഇരട്ടഭീഷണിയാണ് ബി.ജെ.പി കേരള ഘടകം നേരിടുന്നത്. ഒന്ന് നേതാക്കളുടെ ഗുരുതരമായ അഴിമതി, അതേച്ചൊല്ലിയും അല്ലാതെയും നടക്കുന്ന ഗുരുതരമായ ചേരിപ്പോരും ഗ്രൂപ്പിസവും. തെരഞ്ഞെടുപ്പുകളിൽ നിരന്തരം തോറ്റ പാരമ്പര്യം മാത്രമുള്ള കേരളത്തിലെ ബി.ജെ.പിയെക്കുറിച്ച് വോട്ടുകച്ചവടം ചെയ്യുന്നതായ ആേരാപണം പണ്ടേ ഉയരുന്നതാണ്. അതിന് വഴിവെച്ചതും കടുത്ത ഗ്രൂപ്പിസംതന്നെ. ഇൗ തമ്മിൽത്തല്ലിൽ മനംമടുത്താണ് ദേശീയാധ്യക്ഷൻ അമിത് ഷാ ബി.ജെ.പി പ്രാദേശിക നേതാക്കളുെട തലക്കുമീതെ ആർ.എസ്.എസിന് സമ്പൂർണ വിശ്വാസമുള്ള കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനായി പ്രതിഷ്ഠിച്ചത്. അദ്ദേഹത്തിെൻറ ഭാഗ്യത്തിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തലമുതിർന്ന നേതാവ് ഒ. രാജഗോപാൽ ജയിച്ചുകയറുകയും ചെയ്തു. ഇതിെൻറകൂടി ബലത്തിൽ കുമ്മനം പാർട്ടിയിൽ പിടിമുറുക്കിക്കൊണ്ടിരിക്കെയാണ് മെഡിക്കൽ കോളജ് കോഴക്കേസ് മാത്രമല്ല, സമാനമായ നിരവധി സംഭവങ്ങൾ അടിക്കടി അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കോഴിക്കോട് സാഘോഷം നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിെൻറ പേരിൽ പണപ്പിരിവ് ഒന്നും നടക്കരുതെന്ന് നേതൃത്വം നിഷ്കർഷിച്ചിട്ടും വ്യാജ രസീത് ഉപയോഗിച്ച് വ്യാപകമായ പണപ്പിരിവ് നടന്നു; മലപ്പുറത്ത് ബാങ്കിങ് റിക്രൂട്ട്െമൻറിെൻറ പേരിൽ ജില്ല നേതാവ് 10 ലക്ഷം കൈക്കൂലി വാങ്ങി, തിരുവനന്തപുരം ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിന് നികുതിയിളവ് നേടിക്കൊടുക്കാൻ 4.92 കോടിയുടെ കോഴ തരപ്പെടുത്തി, കേന്ദ്ര നേതൃത്വം അനുവദിച്ച ഇലക്ഷൻ ഫണ്ട് അടിച്ചുമാറ്റി തുടങ്ങിയ പരാതികളുടെ പേരിൽ തളർന്നിരിക്കുകയാണ് പാർട്ടി.
മെഡിക്കൽ കോളജ് കോഴതന്നെ 17 കോടി രൂപയാണ് ലക്ഷ്യമിട്ടതെന്ന രഹസ്യവും പുറത്തുവരുന്നു. പ്രഥമ എൻ.ഡി.എ സർക്കാറിെൻറ കാലത്ത് പെട്രോൾ സ്റ്റേഷനും ഗ്യാസ് ഏജൻസികളും അനുവദിക്കാൻ കോടികൾ തട്ടിച്ചതായ ആരോപണം നേരത്തേയുണ്ട്. ഹിന്ദുത്വത്തിനുവേണ്ടി ജീവൻകൊടുത്ത നിരവധി ബലിദാനികളുടെ പേരിൽ കാലാകാലങ്ങളിൽ അനുസ്മരണങ്ങൾ സംഘടിപ്പിക്കുന്ന സംഘ്പരിവാർ ഭരണം ലഭിച്ചപ്പോൾ അവരുടെ കുടുംബങ്ങളിലൊന്നിനും ഒരു ഗ്യാസ് ഏജൻസിപോലും അനുവദിച്ചില്ലെന്ന സങ്കടം ആര് ആരോടു പറയും? മധ്യപ്രദേശിൽ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഴവെ 2003 ^2009 കാലഘട്ടത്തിൽ സർക്കാർ പ്രവേശന പരീക്ഷകളിൽ നടന്ന ‘വ്യാപം’ അഴിമതി രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. എന്നിെട്ടന്തുണ്ടായി? ചൗഹാനും പരിവാരവും ഇപ്പോഴും സുഖമായി വാഴുന്നു. അതു വെച്ചുനോക്കിയാൽ അമ്പലം മുഴുവൻ വിഴുങ്ങുന്നവന് വാതിൽ പപ്പടം എന്നല്ലേ പറയേണ്ടത്. ഇമ്മാതിരി കോഴ ^കുംഭകോണങ്ങൾ അരങ്ങുതകർക്കുേമ്പാൾ അതിൽനിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുവിടാനാണ് മാട്ടിറച്ചിയുടെയും വന്ദേമാതരത്തിെൻറയും യോഗയുടെയുമൊക്കെ പേരിൽ നടത്തുന്ന നിരർഥകമായ േകാലാഹലങ്ങൾ എന്ന് ന്യായമായും സംശയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.