സംസ്ഥാനം ഗുരുതര സാമ്പത്തികമാന്ദ്യം നേരിടുന്ന സമയത്താണ് ധനമന്ത്രി തോമസ് ഐസക് ബജ റ്റ് അവതരിപ്പിച്ചിരിക്കുന്നത്; അതും സർക്കാറിെൻറ അവസാന സമ്പൂർണ ബജറ്റ്. സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം ദേശീയ ശരാശരിയേക്കാൾ സംസ്ഥാന വളർച്ചനിരക്ക് മെച്ചമാ ണെന്ന് ആശ്വസിക്കാം. പക്ഷേ, സംസ്ഥാനത്തിെൻറ ധനസ്ഥിതിയെ മാന്ദ്യം ക്ഷതമേൽപിച്ചിരിക്കു ന്നുവെന്ന് കൃത്യപ്പെടുത്തുന്നു, തനത് നികുതി വരുമാനങ്ങളുടെ കുറവ്. വികസനത്തെ മുരടിപ്പിക്കുകയും ചോദനയെ ചുരുക്കുന്നതുമായ തൊഴിലില്ലായ്മയുടെയും പൊതു കടത്തിെൻറയും വർധന സാമ്പത്തിക അതിജീവനത്തെ സങ്കീർണമാക്കും. അതിനാൽ, സംസ്ഥാന ഖജനാവ് ഗൗരവമായ സാമ്പത്തിക ഞെരുക്കത്തിലാെണന്ന് ഏറ്റുപറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അതിെൻറ കാരണങ്ങൾ മറികടക്കാൻ ചില കാഴ്ചപ്പാടുകളും അദ്ദേഹം പറഞ്ഞുവെക്കുന്നു. പക്ഷേ, ബജറ്റിലെ നിർദേശങ്ങൾ പരിഹാരം ഉറപ്പുവരുത്തുന്നില്ല. മൂർത്തമായ പദ്ധതികളും വിശ്വാസയോഗ്യമായ ധനാഗമനമാർഗങ്ങളും ഉൾപ്പെടുത്താനുമായിട്ടില്ല.
മാന്ദ്യം മറികടക്കാൻ തോമസ് ഐസക് മുന്നോട്ടുവെക്കുന്ന ഫോർമുല 2009ൽ സ്വീകരിച്ചതുപോലെ സർക്കാർ ചെലവ് വർധിപ്പിക്കുക എന്നതാണ്. 2019^20 ലെ എസ്റ്റിമേറ്റിനേക്കാൾ 15 ശതമാനം ചെലവ് അധികമായി പ്രഖ്യാപിച്ചിരിക്കുന്നു. ചെലവിെൻറ വർധനക്കനുസരിച്ച് വരുമാനവർധന ഉണ്ടായിട്ടില്ലെങ്കിൽ സാമ്പത്തികസുസ്ഥിരതക്കും വികസനപ്രക്രിയക്കും വലിയ ഭീഷണിയായ ധനക്കമ്മിയുടെ ചുഴിയിലേക്ക് സംസ്ഥാനം വീഴും. വരുമാന വർധന 18^20 ശതമാനത്തിെലത്തിയാൽ മാത്രമേ മാന്ദ്യത്തെ അതിജീവിക്കാനാവൂ എന്ന് ബജറ്റിൽ പറയുന്നുണ്ട്. എന്നാൽ, രാജ്യത്ത് ശക്തമായി സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന അവസ്ഥയിൽ ഇത്തരം വർധന അസാധ്യമാണ്. അഞ്ചുവർഷം സർക്കാറിെൻറ ചെലവുകൾ ശരാശരി 16.13 ശതമാനം വളർന്നപ്പോൾ റവന്യു വരുമാനം 13.26 ശതമാനത്തോളമേ എത്തിയിട്ടുള്ളൂ. അഞ്ചുവർഷത്തിൽ നിന്നു ഭിന്നമായി വമ്പിച്ച സാമ്പത്തിക ഉണർവ് ഈ വർഷമുണ്ടാകുമെന്നത് ദിവാസ്വപ്നം മാത്രമാണ്.
കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം കാരണം സംഭവിക്കുന്ന വായ്പ പ്രശ്നങ്ങൾ, ചെലവ് വെട്ടിക്കുറക്കുന്നത് മാന്ദ്യം വർധിപ്പിക്കാനിടയാക്കുമെന്ന ആശങ്ക, വരുമാനം പ്രതീക്ഷിച്ച രീതിയിൽ ഉയരാത്തതിലുള്ള പ്രതിസന്ധികൾ-ഇവക്കിടയിലെ ട്രപ്പീസ് കളിക്കുകയാണ് ധനമന്ത്രി. കേന്ദ്രത്തിെൻറ സാമ്പത്തികവിവേചനം സംസ്ഥാനത്തിെൻറ സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. സംസ്ഥാന ആഭ്യന്തരവരുമാനത്തിെൻറ മൂന്നു ശതമാനം വായ്പ അനുവദിക്കാൻ കേന്ദ്രം ബാധ്യസ്ഥമാണ്. എന്നാൽ, വായ്പ ത്തുക വെട്ടിക്കുറക്കുന്ന കേന്ദ്രസമീപനം സാമ്പത്തികാസൂത്രണത്തെ താളംതെറ്റിച്ചതായി ധനമന്ത്രി ആരോപിക്കുന്നു. അർഹതയുള്ള ഗ്രാൻറുകളും ജി.എസ്.ടി നഷ്ടപരിഹാരവും തരാൻ കേന്ദ്രം തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേന്ദ്രം നൽകാനുള്ള ജി.എസ്.ടി കുടിശ്ശിക ഫെബ്രുവരിയിൽ 3000 കോടി കടക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലക്ക് ചരക്ക് സേവന നികുതിയിലൂടെ പ്രതീക്ഷിച്ച വരുമാനം ലഭ്യമായില്ല എന്ന നിരാശ ധനമന്ത്രിക്കുണ്ട്. നടപ്പുവർഷത്തെ പ്രതീക്ഷിത നികുതി വരുമാനത്തിൽ 10,113 കോടിയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. 2014 മുതൽ ജി.എസ്.ടിയിലൂടെ 28,416 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, 2019 ഡിസംബർ വരെ ലഭ്യമായ തുക 15,030 കോടി മാത്രമാണ്. നികുതിയിൽ വന്ന ഈ വൻ ഇടിവിനെ മറികടക്കാൻ കിഫ്ബി പദ്ധതികളും മറ്റു നികുതിവർധനവും മാത്രമേ ധനമന്ത്രിയുടെ പരിഹാരസഞ്ചിയിൽ ശേഷിക്കുന്നുള്ളൂ.
2020-21ൽ 20,000 കോടി രൂപ കിഫ്ബിയിലൂടെ ചെലവഴിക്കപ്പെടുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഗതാഗത, ആരോഗ്യ, കുടിവെള്ള മേഖലകളിൽ പ്രഖ്യാപിച്ച മിക്ക പദ്ധതികളും സാക്ഷാത്കരിക്കപ്പെടുക കിഫ്ബി ബോണ്ടുകളിലൂടെയായിരിക്കും. കേന്ദ്രത്തിെൻറ നിസ്സഹകരണത്തിൽ ധനമന്ത്രിക്ക് ഇതല്ലാതെ മറ്റു മാർഗമില്ലായിരിക്കാം. പക്ഷേ, അതിൽമാത്രം ഭരമേൽപിച്ച് സംസ്ഥാന വളർച്ച പൂവണിയുക എളുപ്പമല്ല. സ്കൂൾവിദ്യാർഥികൾ സഞ്ചരിക്കുന്ന ബസുകളിലെ സീറ്റ് മുതൽ തണ്ടപ്പേര് ലഭിക്കാനുള്ള സേവനം മുതൽ ഭൂമിയുടെ ന്യായ വിലയിലും കെട്ടിട നികുതിയിലും വില്ലേജ്, രജിസ്റ്റർ ഓഫിസുകളിലെ സേവനങ്ങളിലും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ വരെ നികുതി വർധനവിൽ ധനമന്ത്രി കൈവെച്ചിരിക്കുന്നു. ധാരാളമാളുകൾ പണിയെടുക്കുന്ന കെട്ടിട നിർമാണമേഖലയിലെ നികുതി വർധന സാമ്പത്തിക ക്രയവിക്രയങ്ങളെ വീണ്ടും മന്ദീഭവിപ്പിക്കും. അത് സാമ്പത്തികമാന്ദ്യത്തെ കനപ്പിക്കും.
ക്ഷേമപദ്ധതികളും കാർഷിക നീക്കിയിരിപ്പും ഗ്രാമീണമേഖലക്ക് ഗുണപരമായി മാറിയേക്കും. വിവിധ ഇനങ്ങളിലായി 1500 കോടിയുടെ ചെലവ് ഒഴിവാക്കാനുള്ള ബജറ്റ് നിർദേശങ്ങളും ശ്ലാഘനീയമാണ്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ തുക വിനിയോഗിക്കാതെ പുതിയ തുകയായി 9200 കോടി നീക്കിവെച്ചത് തമാശയായി കാണാമെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം 24 ശതമാനത്തിൽനിന്ന്് 25.93 ആയി വർധിപ്പിക്കുന്നത് ഗ്രാമീണവികസനത്തിന് പ്രയോജനപ്പെടും. കുട്ടനാട്, ഇടുക്കി, വയനാട്, കാസർകോട് എന്നീ സാമ്പത്തിക പിന്നാക്കപ്രദേശങ്ങൾക്ക് പ്രത്യേക പദ്ധതികളും അഭിനന്ദനാർഹമാണ്. കണക്കുകളുടെ എല്ലാ ട്രപ്പീസ് കളികൾക്കു ശേഷവും സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതീക്ഷിത റവന്യൂ കമ്മി 17,474.27 കോടി രൂപയാണ്. സംസ്ഥാനത്തിെൻറ പൊതുകടം 2020^21 സാമ്പത്തിക വര്ഷത്തില് 24,491.91 കോടിയാകും. നടപ്പു സാമ്പത്തിക വര്ഷത്തില് 19,987 കോടിയായിരുന്നു. ചുരുക്കത്തിൽ ബജറ്റ് നൽകുന്ന സംസ്ഥാന ധനസ്ഥിതിയുടെ ചിത്രം പ്രത്യാശയേക്കാൾ ആശങ്ക ജനിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.