സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസസമ്പ്രദായത്തെ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഒക്ടോബറിൽ കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം പ്രതീക്ഷിച്ച് തുടങ്ങിയ ഇൗ കലാശാലയിൽ നിന്നിപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്തകളൊന്നും ഒട്ടും ശുഭകരമല്ല. വിദ്യാർഥികളെ വല്ലാത്ത സങ്കീർണതയുടെ നടുക്കടലിൽകൊണ്ടെത്തിച്ചിരിക്കുകയാണ് അധികൃതർ. കാര്യമായ ആലോചനകളില്ലാതെ തയാറാക്കപ്പെട്ട സർവകലാശാല ആക്ടിലെ ചില വ്യവസ്ഥകളാണ് ഇൗ ഉൗരാക്കുടുക്കിേലക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് മനസ്സിലാകുന്നത്. ഒാപൺ സർവകലാശാല വരുന്നതോടെ, കേരളത്തിലെ ഇതര സർവകലാശാലകളുടെ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ പഠനരീതികൾ അവസാനിപ്പിക്കണമെന്നായിരുന്നു ആക്ടിലെ വ്യവസ്ഥകളിലൊന്ന്.
ഒാപൺ സർവകലാശാല പ്രവർത്തനമാരംഭിച്ചതോടെ സ്വാഭാവികമായും മറ്റുള്ളവർ ഇൗ അധ്യയന വർഷത്തേക്കുള്ള അംഗീകാരത്തിന് യു.ജി.സിക്ക് അപേക്ഷ സമർപ്പിച്ചില്ല. മറുവശത്താകെട്ട, കൊട്ടിഘോഷിക്കപ്പെട്ട ഒാപൺ സർവകലാശാലക്ക് ഡിസ്റ്റൻറ് എജുക്കേഷൻ ബ്യൂറോയുടെ (ഡി.ഇ.ബി) അംഗീകാരം ലഭിച്ചതുമില്ല. ഫലമോ, അഡ്മിഷന് കാത്തിരുന്ന ലക്ഷത്തിൽപരം വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലുമായി. ഇൗ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ചർച്ച പലതട്ടുകളിൽ നടക്കുന്നതിനിടെയാണ് ഇതേ ആക്ട് മറ്റൊരു രീതിയിൽ ഇടിത്തീയായി ഭവിച്ചിരിക്കുന്നത്. യു.ജി.സി പുതുതായി തുടങ്ങിയ ബിരുദ, ബിരുദാനന്തര ഒാൺലൈൻ കോഴ്സുകളിൽനിന്നും കേരളമിപ്പോൾ പൂർണമായും പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം കോഴ്സുകൾക്ക് അപേക്ഷിക്കാൻ ഇൗ 'കീറാമുട്ടി നയം' മൂലം, മറ്റു സർവകലാശാകൾക്ക് കഴിയാതെ വന്നതാണ് ഇങ്ങനെയൊരു ദുരന്തത്തിന് കാരണമായിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പുതിയൊരു ഒാപൺ സർവകലാശാല എന്ന ആശയം പൊതുവെ സ്വീകരിക്കപ്പെട്ടതായിരുന്നുവെങ്കിലും ഇതിനായി നിയമസഭയിൽ പാസാക്കിയ ബില്ലിലെ മേൽ സൂചിപ്പിച്ചതടക്കമുള്ള വ്യവസ്ഥകൾ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങൾ അന്നേ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് വിവിധ സർവകലാശാലകൾക്ക് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദൂര, പ്രൈവറ്റ് വിദ്യാഭ്യാസപദ്ധതികൾ നിലനിർത്തിക്കൊണ്ടുള്ള ഒരു മാതൃകയാണ് വാസ്തവത്തിൽ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, മറ്റുള്ളവയെല്ലാം പുതിയ സർവകലാശാലക്കുവേണ്ടി അടച്ചുപൂട്ടുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നത് സാമാന്യബുദ്ധിയുടെ മാത്രം വിഷയമാണ്.
എന്നിട്ടും, ഇൗ വികലസമീപനവുമായി മുന്നോട്ടുപോവുകയായിരുന്നു സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും. സർക്കാർ പ്രതീക്ഷിച്ച പോലെ, സർവകലാശാലക്ക് സമയത്തിനുതന്നെ യു.ജി.സിയുടെ അംഗീകാരം കിട്ടി. എന്നാൽ അതുകൊണ്ടായില്ല. ഒാരോ കോഴ്സിനും യു.ജി.സിക്കു കീഴിലുള്ള ഡി.ഇ.ബിയുടെ അംഗീകാരം കൂടി വേണം. ഇതിന് പ്രത്യേകമായി അപേക്ഷിക്കണം. ഇതിൽ വരുത്തിയ വീഴ്ചമൂലം ഇനിയും ഒരു കോഴ്സിനുപോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് കുട്ടികളുടെ പഠനത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഇൗ വിഷയം, ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വലിയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചതാണ്. പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി, അത് അംഗീകരിക്കപ്പെട്ടില്ലെങ്കിലും. കേരളത്തിലെ ഒരു വിദ്യാർഥിക്കും പഠനാവസരം നഷ്ടപ്പെടുത്തില്ല എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ. ബിന്ദു അന്ന് സഭയിൽ മറുപടി നൽകിയത്. കോഴ്സുകളുടെ അംഗീകാരത്തിന് അപേക്ഷിക്കാനുള്ള യു.ജി.സിയുടെ പോർട്ടൽ താൽക്കാലികമായി നിർത്തിവെച്ചതുമൂലമാണ് കാര്യങ്ങൾ വൈകിയതെന്നാണ് അവരുടെ വിശദീകരണം.
മന്ത്രിയുടെ വിശദീകരണത്തെ മുഖവിലക്കെടുക്കാമെങ്കിലും, ഇൗ പ്രശ്നം ഇത്രയും സങ്കീർണമാക്കിയത് വെബ്സൈറ്റ് തകരാറൊന്നുമല്ലെന്ന് പകൽപോലെ വ്യക്തമാണ്. കോഴ്സുകളുടെ അംഗീകാരത്തിന് അപേക്ഷിക്കുേമ്പാൾ പ്രാഥമികപ്രവർത്തനങ്ങൾപോലും അധികൃതരുടെ ഭാഗത്തുനിന്നു ചെയ്തില്ല എന്നതാണ് യാഥാർഥ്യം. ഒരു കോഴ്സിെൻറ അംഗീകാരത്തിന് അപേക്ഷിക്കുേമ്പാൾ, പാഠ്യപദ്ധതികളുടേതടക്കമുള്ള വിശദമായ രേഖകൾ യു.ജി.സിക്ക് സമർപ്പിക്കേണ്ടതുണ്ട്. എത്രത്തോളമെന്നാൽ, പഠിതാക്കൾക്ക് ഭാവിയിൽ നൽകേണ്ട സെൽഫ് ലേണിങ് മെറ്റീരിയൽസിെൻറ (എസ്.എൽ.എം) വിശദാംശങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് യു.ജി.സി ഒാപൺ സർവകലാശാലകളുടെ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത്. ഇവിടെ, എസ്.എൽ.എമ്മിെൻറ പ്രാഥമിക മാതൃകപോലും തയാറാക്കപ്പെട്ടിട്ടില്ല എന്നാണറിയുന്നത്. ഇത്തരം പഠനസഹായികൾ തയാറാക്കുന്നതിനായി ഇപ്പോഴും വിദഗ്ധരെ (കണ്ടൻറ് റൈറ്റേഴ്സ്) തേടിക്കൊണ്ടിരിക്കുകയാണവർ. യാഥാർഥ്യം ഇതായിരിക്കെ, ഇൗ ഒക്ടോബറിൽത്തന്നെ കോഴ്സുകൾ തുടങ്ങുമെന്ന മന്ത്രിയുടെ വാക്കുകൾ പുലരണമെങ്കിൽ അത്ഭുതം തന്നെ സംഭവിക്കണം.
കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചില്ല എന്നതിനപ്പുറം, കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയിരുന്ന ഇതര സർവകലാശാലകളെയും അവയെ ആശ്രയിച്ചിരുന്ന വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കി എന്നതാണ് സർക്കാർ ചെയ്ത പാതകം. സർക്കാർ, എയ്ഡഡ് കോളജുകളിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികളുടെ അവസാന ആശ്രയമായിരുന്നു ഇത്തരം സർവകലാശാലകൾ. അതാണ് മോദിയുടെ 'സാമ്പത്തിക പരിഷ്കാര'ത്തെ ഒാർമിപ്പിക്കുംവിധം ഇടതു സർക്കാർ തകർത്തുകളഞ്ഞത്. വിദ്യാഭ്യാസത്തിെൻറ ജനാധിപത്യവത്കരണത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സർക്കാർതന്നെ, ഏത് കലാലയത്തിൽ പഠിക്കണമെന്ന വിദ്യാർഥിയുടെ തെരഞ്ഞെടുപ്പിനെ നിഷ്കരുണം റദ്ദാക്കുന്നത് തികഞ്ഞ വിരോധാഭാസമാണ്. സർവകലാശാല ആക്ടിലെ ഇൗ തലതിരിഞ്ഞ വ്യവസ്ഥ പുനഃപരിശോധിക്കുന്നതിനൊപ്പം, മറ്റു സർവകലാശാലകൾക്ക് വിദൂര, പ്രൈവറ്റ് കോഴ്സുകൾ നടത്താനുള്ള അവകാശം പുനഃസ്ഥാപിക്കുകയാണ് പ്രശ്നപരിഹാരം. തമിഴ്നാട്ടിലും മറ്റും ചെയ്തതുപോലെ, കൂടുതൽ പേർക്ക് പഠനാവസരങ്ങൾ തുറക്കുന്ന നയമാകെട്ട നമ്മുടെ സർക്കാറിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.