ജമീന്ദാർമാർക്ക് ഗ്രാമീണരുടെ ഭൂമിയിൽ കരം പിരിക്കാൻ അവകാശമുണ്ടായിരുന്ന കാലത്ത ്, ‘അനുസരണക്കേട്’ കാണിക്കുന്ന കർഷകരെ നേരിടാൻ അവർ ലാത്തിധാരികളെ നിയോഗിച്ചിരു ന്നുവെന്നു ചരിത്രം. ബ്രിട്ടീഷ് ഇന്ത്യയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാ രുടെ കൈകളിൽ വെള്ളക്കാർ ചൂരൽവടി ഏൽപിച്ചത് അതിനും ശേഷമാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ചൂര ൽപ്രയോഗത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാത്തത് എന്തുകൊണ്ടായിരിക്കും? പഴയ ജമീന്ദാർമാരുടെ മനോഭാവം തന്നെ ഇക്കാര്യത്തിൽ നമ്മുടെ ഭരണവർഗത്തിനും എന്നാണ് അതിനുത്തരം. പൊലീസ് നിയമങ്ങളിൽ സമഗ്രമായ മാറ്റത്തിന് പരമോന്നത നീതിപീഠം പലതവണ ഉത്തരവിട്ടിട്ടും ഇതുവരെയും അധികാരികൾ കേട്ടഭാവം നടിക്കാത്തത് അതുകൊണ്ടാണല്ലോ. അതിെൻറ ദുരിതം പേറുന്നത് എല്ലാ കാലത്തും നാട്ടിലെ സാധാരണക്കാരാണ്. ഏറ്റവും ഒടുവിൽ, കൊല്ലം ജില്ലയിലെ കടയ്ക്കലിൽ വാഹന പരിശോധനക്കിടെ നിർത്താതെപോയ ബൈക്ക് യാത്രികനെ പൊലീസ് ലാത്തിയെറിഞ്ഞു വീഴ്ത്തിയാണ് ‘വിട്ടുവീഴ്ചയില്ലാത്ത നിയമനിർവഹണം’ നടത്തിയത്. ദേഹത്ത് ലാത്തി കൊണ്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ വന്ന കാറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാത്രികനെ പൊലീസ് ആശുപത്രിയിലെത്തിച്ച് മുങ്ങിയെന്നും റിപ്പോർട്ടുണ്ട്. വലിയ പ്രതിഷേധത്തെ തുടർന്ന് സംഭവത്തിനുത്തരവാദിയായ െപാലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.
ഹെൽമറ്റ് വേട്ടയുടെ പേരിൽ െപാലീസുകാർ പാതയോരത്ത് നടത്താറുള്ള അധികാരപ്രയോഗങ്ങളെ കേരള ഹൈകോടതി അതിശക്തമായ ഭാഷയിൽ വിമർശിച്ച് ഒരാഴ്ച തികയുംമുേമ്പയാണ് ഈ ലാത്തിയേറ്. വാഹന പരിശോധന സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ അന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പുറപ്പെടുവിച്ചിരുന്നു. വാഹനങ്ങൾക്കു പിറകെയുള്ള ‘ഹോട്ട് ചേസിങ്’ പൂർണമായും നിർത്തലാക്കി, ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തണമെന്നായിരുന്നു കോടതിനിർദേശങ്ങളുടെ രത്നച്ചുരുക്കം. വാഹനങ്ങൾ നിർത്തുമെന്ന് കരുതി ഉദ്യോഗസ്ഥർ റോഡിെൻറ മധ്യത്തിലേക്ക് എടുത്തുചാടരുത്, ഡിജിറ്റൽ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, ഹാൻഡി കാം തുടങ്ങിയവ ഉപയോഗിച്ചായിരിക്കണം പരിശോധന, നേരേത്ത പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാത്രമായി പരിശോധന പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ടവ. ആ ഉത്തരവിെൻറ ചൂടാറുംമുേമ്പ അതിനുമേൽ ലാത്തിയേറ് നടത്തിയിരിക്കുകയാണ് ഏതാനും െപാലീസുകാർ. ഈ കൃത്യം സർക്കാർ നയമല്ലെന്നും ഇവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുെമന്നുമാണ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കമൻറ്.
നടപടികൾ തുടങ്ങുകയും ചെയ്തിരിക്കുന്നു. അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും ഈയവസരത്തിൽ ഓർക്കേണ്ട കാര്യം, ഈ ‘ലാത്തിയേറ്’ ആദ്യത്തെ സംഭവമല്ല എന്നാണ്. കഴിഞ്ഞവർഷം മാർച്ചിൽ സമാനമായൊരു അപകടം ആലപ്പുഴയിലുമുണ്ടായിരുന്നു. മാരാരിക്കുളത്തിനടുത്ത് നിർത്താതെപോയ ബൈക്കിനെ പിന്തുടർന്ന് പൊലീസ് ജീപ്പ് കുറുകെ നിർത്തിയപ്പോൾ സംഭവിച്ചത് വലിയൊരു ദുരന്തമായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ബൈക്കുമായി ഇടിച്ച് സ്ത്രീയുൾപ്പെടെ രണ്ടുപേരാണ് മരിച്ചത്. ഈ സംഭവത്തിൽ അന്ന് എസ്.ഐ അടക്കമുള്ളവർക്ക് സസ്പെൻഷൻ കിട്ടിയെങ്കിലും കേസ് എവിടെയും എത്താതെപോയി. മാരാരിക്കുളം അപകടത്തിന് രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം മലയൻകീഴിലുമുണ്ടായി ഇതേ ‘വീഴ്ച’. വാഹന പരിശോധനക്കിടെ ഒരു അതിക്രമവും പാടില്ലെന്ന ഡി.ജി.പിയുടെ തന്നെ സർക്കുലർ നിലനിൽക്കെയാണ് ഇതെല്ലാം സംഭവിച്ചതെന്നുകൂടി ചേർത്തുവായിക്കുേമ്പാഴാണ് ലാത്തിയുമായി പാതയോരത്ത് നിൽക്കുന്നത് ആധുനിക പൊലീസല്ല, പഴയ ജമീന്ദാർമാരുടെ സിൽബന്ദികളാണെന്ന് തോന്നിപ്പോവുക.
വാസ്തവത്തിൽ പൊതുജനങ്ങളുമായി ഇടപഴകുന്നതു സംബന്ധിച്ച നിയമങ്ങളുടെയോ മാർഗനിർദേശങ്ങളുടെയോ കുറവ് പൊലീസ് സേനക്ക് ഇല്ല. ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവിലെ നിർദേശങ്ങളൊന്നും പുതിയതല്ല; ഏഴുവർഷം മുമ്പ് സംസ്ഥാന ആഭ്യന്തരവകുപ്പ് തയാറാക്കിയ മാർഗനിർദേശങ്ങളാണവയത്രയും. അത് ഇപ്പോഴും കടലാസിലൊതുങ്ങുന്നുവെന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം. ഇത് വാഹന പരിശോധനയിൽ മാത്രം പരിമിതപ്പെടുന്നുമില്ല. ഇക്കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് വകുപ്പ് നടത്തിയ ‘ഓപറേഷൻ തണ്ടർ’ ശ്രദ്ധിക്കുക. പൊലീസ് ഉദ്യോഗസ്ഥർക്ക് ലഹരി, ക്വാറി, മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിെൻറ പുറത്ത് സംഘടിപ്പിക്കപ്പെട്ട ഓപറേഷനിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കാസർകോട് ബേക്കൽ സ്റ്റേഷനിൽ എസ്.ഐയുടെ മേശയിൽനിന്ന് പിടിച്ചെടുത്തത് 125 ഗ്രാം കഞ്ചാവാണ്; നിയമാനുസൃതം രേഖപ്പെടുത്താത്ത തൊണ്ടിമുതലാണത്. ഇതുപോലെ സ്വർണം, വാച്ച് തുടങ്ങിയ ‘തൊണ്ടി’കളും അതേ സ്റ്റേഷനിൽനിന്ന് കണ്ടെടുത്തു.
സംസ്ഥാനത്തെ അമ്പതിലധികം സ്റ്റേഷനുകളിൽനിന്നാണ് ഒരൊറ്റ ദിവസംകൊണ്ട് ഇതുപോലത്തെ വസ്തുവകകൾ ഏമാന്മാരുടെ മേശയിൽനിന്ന് പിടിച്ചെടുത്തത്. പല സ്റ്റേഷനുകളിലും മണൽ കടത്ത് സംബന്ധിച്ച് ഏഴു വർഷത്തിനിടെ ഒറ്റ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രസ്തുത റെയ്ഡിൽ ബോധ്യപ്പെട്ടു. പൊലീസ്-മാഫിയ ബന്ധത്തിെൻറ പുതിയ കഥകൾ പുറത്തുകൊണ്ടുവന്ന ‘ഓപറേഷൻ തണ്ടറി’നും നിർഭാഗ്യവശാൽ തുടർച്ചയുണ്ടായില്ല. പൊലീസ് സേനയിൽ 1129 പേർ ക്രിമിനൽ കേസ് പ്രതികളാണെന്നാണ് റിപ്പോർട്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട, നീതിനിർവഹണത്തിൽ വലിയ ഉത്തരവാദിത്തമുള്ള ഒരു വിഭാഗത്തിെൻറ അടിസ്ഥാന മനോഭാവം എന്തെന്ന് വ്യക്തമാക്കുന്നുണ്ട് ഈ റെയ്ഡും കണക്കുകളും. ഈ മനോഭാവത്തിെൻറ പ്രതിഫലനം മാത്രമാണ് കഴിഞ്ഞദിവസത്തെ ലാത്തിയേറ്. സാധാരണക്കാരെൻറ ഗതികേടോർത്ത് തലകുനിക്കുക നാം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.