'നേരറിയാൻ ഭരണകൂടത്തെ മാത്രം ആശ്രയിക്കാൻ പറ്റില്ല. സമഗ്രാധിപത്യ സർക്കാറുകൾ അധികാരം നിലനിർത്താനായി അസത്യങ്ങളെ നിരന്തരം ഉപയോഗപ്പെടുത്തുന്നത് എല്ലാവർക്കുമറിയുന്ന കാര്യമാണ്' -സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡിേൻറതാണ് ഈ വാക്കുകൾ.
സത്യാനന്തര കാലത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം പ്രതിപാദിച്ച തെൻറ എം.സി. ഛഗ്ല സ്മാരക പ്രഭാഷണത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണകൂടത്തെപ്പറ്റി പറഞ്ഞ ഈ വാക്കുകൾ ഏറെ പ്രസക്തമാണ്. ഭരണകൂടത്തിെൻറ കള്ളങ്ങൾ പുറത്തുകൊണ്ടുവരേണ്ടത് പൗരെൻറ അവകാശം മാത്രമല്ല കടമയുമാണ്. ജനാധിപത്യവും സത്യവും ഒരുമിച്ചാണ് പുലരുക. ജനാധിപത്യം അതിജീവിക്കണമെങ്കിൽ സത്യം കൂടിയേ തീരൂ. അതുകൊണ്ടാണ് അധികാരത്തോട് നേരുപറയുകയെന്നത് ഓരോ പൗരെൻറയും കടമയാകുന്നത്- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
തീർച്ചയായും ജനാധിപത്യത്തെ നിലനിർത്തുന്നതിൽ പൗരന്മാർക്ക് വലിയ പങ്കും ചുമതലയുമുണ്ടെന്ന കാര്യം തർക്കമറ്റതാണ്. അതു നിർവഹിക്കുന്നവർ അത്ര കുറവല്ല എന്നതും സംശയമില്ലാത്ത കാര്യം തന്നെ. അതേസമയം, നേരു പറയുകയും അധികാര സ്ഥാനങ്ങളെ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന പൗരന്മാരോട് ജുഡീഷ്യറി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കും ചില ചുമതലകളുണ്ട് എന്നതും തിരിച്ചറിയേണ്ടതുണ്ട്. അവരെ സംരക്ഷിക്കാൻ അവക്ക് ബാധ്യതയുണ്ട്.
സ്വന്തം അധികാരം ശക്തിപ്പെടുത്തുന്നതിന് ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന അധികാര കേന്ദ്രങ്ങൾ ഇന്ത്യക്ക് ക്ഷതവും ദുഷ്പേരും സമ്മാനിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പൗരാവകാശ, ജനാധിപത്യ പ്രവർത്തകരെ കരിനിയമങ്ങൾകൊണ്ട് വേട്ടയാടുന്ന ഇവിടത്തെ അവസ്ഥ ഇന്ത്യയെ ജനാധിപത്യപ്പട്ടികയിൽനിന്ന് ഏകാധിപത്യക്കൂട്ടത്തിലേക്ക് തല്ലിനീക്കാറായി എന്നാണ് സ്വീഡനിലെ വി-ഇൻസ്റ്റിറ്റ്യൂട്ടിെൻറ 2020ലെ ഡെമോക്രസി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. യു.എൻ മനുഷ്യാവകാശ കമീഷണർ മിഷേൽ ബഷേലയും ഇന്ത്യയിൽ നടക്കുന്ന അമിതാധികാര പ്രയോഗവും യു.എ.പി.എ ദുരുപയോഗവും എടുത്തുകാട്ടിയിട്ടുണ്ട്. മറ്റനേകം മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇക്കാര്യം അടിവരയിട്ട് പറയുന്നു.
നേരുപറയാൻ ജനാധിപത്യവിശ്വാസികൾ തയാറാകാത്തതല്ല ഇന്ത്യയിലെ പ്രശ്നം. അത്തരക്കാരെ നിശ്ശബ്ദരാക്കാൻ ഭരണകൂടം മുതൽ ആൾക്കൂട്ടങ്ങൾവരെ ഇറങ്ങുന്നു എന്നതാണ്. ആദിവാസികൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുംവേണ്ടി ശബ്ദമുയർത്തുന്നവരെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്ന സംഭവങ്ങൾ വർധിച്ചിരിക്കുന്നു.
ഭീമ കൊറേഗാവ് കേസിൽ മൂന്നുവർഷമായി തടവിൽ കിടക്കുന്ന 'ഭീകരർ' ചെയ്ത കുറ്റം, മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതു മാത്രമാണ്. അക്കൂട്ടത്തിൽ സ്റ്റാൻ സ്വാമി എന്ന പുരോഹിതൻ കസ്റ്റഡിയിൽ മരിച്ചത് ഈയിടെയാണല്ലോ. അവരെ മുൻകൂട്ടി രഹസ്യനിരീക്ഷണം നടത്തിയും അവരുടെ കമ്പ്യൂട്ടറിൽ കൃത്രിമം കാട്ടിയും കള്ളത്തെളിവുണ്ടാക്കുകയായിരുന്നു ഭരണകൂടം എന്നതിെൻറ തെളിവുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ഒരു കൊല്ലത്തിലേറെയായി തടവിലുള്ള ഉമർഖാലിദിെൻറ ജാമ്യപേക്ഷ പരിഗണിച്ച കോടതിയിൽ പ്രോസിക്യൂഷെൻറ പക്കലുള്ള ഏക തെളിവിനെപ്പറ്റി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത് കഴിഞ്ഞദിവസം വാർത്തയായിരുന്നു. 20 മിനിറ്റിെൻറ പ്രസംഗം ബി.ജെ.പി കേന്ദ്രങ്ങൾ സൗകര്യപൂർവം എഡിറ്റ് ചെയ്ത് 37 സെക്കൻഡിലൊതുക്കിയുണ്ടാക്കിയ വിഡിയോ ആണ് പരിശോധന പോലും കൂടാതെ 'തെളിവാക്കി'യതത്രെ. ആരോ കൊടുത്ത ഇത്തരം വിഡിയോകൾ ഉപയോഗിച്ച് പത്തു സംസ്ഥാനങ്ങളിൽ യു.എ.പി.എ പ്രകാരം രാജ്യദ്രോഹക്കേസുകൾ എടുത്തിട്ടുള്ളതായി നിയമകാര്യ വെബ്സൈറ്റായ 'ആർട്ടിക്കിൾ-14' പറയുന്നു. ക്രിമിനൽ നടപടിച്ചട്ടത്തിന് നിരക്കാത്തതാണ് ഈ രീതിയെങ്കിലും യു.എ.പി.എ ചാർത്തപ്പെടുന്നതോടെ മറ്റു നിയമങ്ങൾ റദ്ദാകുന്ന സ്ഥിതിയാണുള്ളത്. പൗരന്മാരല്ല, ജുഡീഷ്യറിയാണ് ഇവിടെ ആർജവത്തോടെ ഇടപെടേണ്ടത്.
പൗരാവകാശങ്ങളെക്കുറിച്ച് 2011ൽ സുപ്രീംകോടതി നൽകിയ വിധി (ഇന്ദ്രദാസ് കേസ്) നിരോധിത സംഘടനകളിലെ അംഗത്വം പോലും കുറ്റകൃത്യമല്ല എന്നു വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ, 2019ലെ മറ്റൊരു വിധി (സഹൂർ അഹ്മദ്ഷാ കേസ്) അതിനെ അട്ടിമറിച്ചു. യു.എ.പി.എ കേസുകളിൽ, എഫ്.ഐ.ആറിലെ ഓരോ ആരോപണവും സത്യമാണെന്നു വേണം കോടതികൾ അനുമാനിക്കാൻ എന്ന ആ വിധി, ആരെയും എളുപ്പത്തിൽ അടിച്ചമർത്താനുള്ള തുറന്ന സമ്മതം ഭരണകൂടത്തിന് സമ്മാനിച്ചു. ഈയൊരു വിധിയാണ്, ഭീമ കൊറേഗാവ് അടക്കമുള്ള കേസുകളിൽ ജാമ്യം നിരസിക്കാൻ ഹൈകോടതികളെ നിർബന്ധിതരാക്കിയത്.
ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരമുള്ള അവകാശത്തെ നിരുത്സാഹെപ്പടുത്തുന്ന സുപ്രീംകോടതി നിരീക്ഷണവും ജനാധിപത്യ പ്രവർത്തകർക്കേറ്റ മറ്റൊരു പ്രഹരമാണ്. ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് (നേരു പറയുന്ന പൗരന്മാരാണ്, അധികാരത്തിനായി കള്ളം നിർമിക്കുന്ന ഭരണകൂടങ്ങളല്ല ജനാധിപത്യത്തെ നിലനിർത്തുക എന്നത്) വളരെ ശരിയാണ്. നിർഭാഗ്യവശാൽ അത്തരം പൗരന്മാരെ യു.എ.പി.എ എന്ന കരിനിയമത്തിൽ ഭരണകൂടം കുടുക്കുേമ്പാൾ ജുഡീഷ്യറി സംരക്ഷണം നൽകാനാവാതെ നിസ്സഹായരാകുന്നുവെങ്കിൽ, തിരുത്തൽ തുടങ്ങേണ്ടത് കോടതികളിലല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.