ചുവടുകൾ ഒന്നാകട്ടെ, രാജ്യം ഒന്നിക്കട്ടെ


കേന്ദ്രസർക്കാറിന്റെ ജന-ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന 'ഭാരത് ജോഡോ' യാത്ര കന്യാകുമാരിയിൽനിന്ന് ആരംഭിച്ചിരിക്കുന്നു. 'മിലേ ഖദം, ജോഡോ വതൻ' (ചുവടുകൾ ഒരുമിപ്പിക്കൂ, ദേശം ഒന്നാകട്ടെ) എന്ന മുദ്രാവാക്യവുമായുള്ള ഈ പ്രക്ഷോഭയാത്ര സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് ആസൂത്രണം ചെയ്യുന്ന ഏറ്റവും വലിയ രാഷ്ട്രീയസമരം കൂടിയാണ്. 150 ദിവസംകൊണ്ട് 3570 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് കശ്മീരിൽ ചെന്നവസാനിക്കുന്ന 'ഭാരത് ജോഡോ' യാത്ര 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും പിന്നിടും. വിപുലമായ സന്നാഹങ്ങളും യാത്രക്കൊരുക്കിയിട്ടുണ്ട്. സമരയാത്രികരിൽ 30 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയം. ഭയവും വെറുപ്പും വിതറി ഭരണകൂടം മലിനപ്പെടുത്തിയ ഭാരതത്തിന്റെ ആശങ്കകൾ മുറ്റിനിൽക്കുന്ന വഴികളിലൂടെ, രാജ്യത്തെ വീണ്ടെടുക്കാൻ രാഹുലും സംഘവും ഇറങ്ങിപ്പുറപ്പെടുന്നുവെന്നാണ് കഴിഞ്ഞദിവസം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചത്. വർത്തമാന ഇന്ത്യ ആവശ്യപ്പെടുന്ന ഈ സമരത്തിന് അതുകൊണ്ടുതന്നെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. കോൺഗ്രസുമായുള്ള രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം നിലനിൽക്കെത്തന്നെ, സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനാണ് ഇങ്ങനെയൊരു യാത്രയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കിലും, കോൺഗ്രസ് നേതൃത്വം അതംഗീകരിക്കുന്നില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ കേന്ദ്രസർക്കാറിന്റെ ജനദ്രോഹ ഭരണത്തെയും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള അവരുടെ രാഷ്ട്രീയത്തെയും തുറന്നുകാണിക്കാനാണ് ഭാരത് ജോ​േഡാ യാത്രയെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. അതെന്തായാലും, ഭരണകൂടത്തിന്റെ ആശീർവാദത്തോടെ രാജ്യം പ്രത്യക്ഷ ഫാഷിസത്തിലേക്ക് നീങ്ങുന്ന ഈ നിർണായകഘട്ടത്തിൽ ഐക്യാഹ്വാനവുമായി ആര് ഇറങ്ങിപ്പുറപ്പെട്ടാലും അത് സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. പഴയപോലെ ശക്തമല്ലെങ്കിലും, ഇന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും വേരുകളുള്ള ഒരു പ്രസ്ഥാനം അതിന് തയാറായത് പ്രതീക്ഷാനിർഭരവുമാണ്. മാത്രവുമല്ല, എന്തുകൊണ്ട് തങ്ങൾക്ക് ഇത്രമേൽ ശക്തിക്ഷയം സംഭവിച്ചുവെന്ന് കോൺഗ്രസിന് നേരിട്ട് മനസ്സിലാക്കാനുള്ള അവസരം കൂടിയായിരിക്കും ഇത്. ഒരുപ​േക്ഷ, ആ തിരിച്ചറിവ് തെരഞ്ഞെടുപ്പ് ഗോദകളിലും ഉപകാരപ്പെട്ടേക്കാം. ആ അർഥത്തിൽ, 'ഐക്യയാത്ര'യിൽ ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കപ്പുറം സംഘടനാപരമായ കെട്ടുറപ്പുകൂടി പുനഃസ്ഥാപിക്കാനുള്ള വേദിയായും 'ഭാരത് ജോഡോ' മാറിയേക്കാം.

ഈ യാത്രയിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളത്രയും രാജ്യത്തെ ഓരോ ജനാധിപത്യവാദിയും ഏറ്റെടുക്കേണ്ടതാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച് നാടിനെ ഭിന്നിപ്പിക്കുന്ന, രാജ്യത്തിന്റെ സമ്പദ്ഘടന തകർത്തുകളഞ്ഞ, ഭരണഘടന മൂല്യങ്ങൾ പിച്ചിച്ചീന്തിയ ഒരു ഭരണവർഗത്തെ തുറന്നുകാണിക്കാനുള്ള സമരങ്ങളിൽ മനസ്സുകൊണ്ടെങ്കിലും പങ്കാളിയാകാതെ നിർവാഹമില്ല.12 വർഷം മുമ്പ്, അമേരിക്കയിലും യൂറോപ്പിലുമെല്ലാം സാമ്പത്തികമാന്ദ്യം ആഞ്ഞടിച്ചപ്പോൾ പിടിച്ചുനിന്ന അപൂർവം രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. കോർപറേറ്റിസത്തിന്റെയും അഴിമതിയുടെയുമെല്ലാം സർവ കുഴപ്പങ്ങളുമുണ്ടായിരുന്നുവെങ്കിലും, മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസർക്കാറിന്റെ സാമ്പത്തിക മാനേജ്മെന്റ് കിടയറ്റതായിരുന്നുവെന്ന് ആരും സമ്മതിക്കും. എന്നാലിപ്പോൾ കാര്യങ്ങളാകെ മാറിയിരിക്കുന്നു. മോദിയുടെ 'സാമ്പത്തിക പരിഷ്കരണ പദ്ധതി'കൾ രാജ്യത്തെയാകെ പട്ടിണിയുടെ വക്കിലെത്തിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കോവിഡ് മഹാമാരി ഏൽപിച്ച സാമ്പത്തികാഘാതങ്ങൾക്കു മുമ്പുതന്നെ സർക്കാർ രാജ്യത്തെ പ്രതിസന്ധിയുടെ നടുക്കടലിൽ കൊണ്ടെത്തിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സർവം കോർപറേറ്റുകൾക്ക് അടിയറവെച്ചുകൊണ്ടുള്ള വൻകൊള്ളകൾ സമാന്തരമായി നടക്കുകയും ചെയ്യുന്നു. ഈ നെറികേടുകൾക്ക് അറുതിവരുത്തേണ്ടതുണ്ട്.

പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ കാണിച്ചുകൂട്ടുന്ന അത്യാചാരങ്ങൾ ഇതിനുമപ്പുറത്താണ്. പാർലമെന്റിനകത്തും പുറത്തുമിപ്പോൾ ഹിന്ദുത്വയുടെ തേരോട്ടമാണ്. പാർലമെന്റിനകത്ത് നിയമനിർമാണങ്ങളിലൂടെ ഹിന്ദുരാഷ്ട്രമെന്ന സംഘ്പരിവാർ സ്വപ്നത്തിലേക്ക് നടന്നടുക്കുമ്പോൾ, പാർലമെന്റിനു പുറത്ത് ഉന്മാദികളായ ആൾക്കൂട്ടം ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രോശത്തോടെ പാഞ്ഞടുക്കുകയാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ, എത്രയെത്ര ആൾക്കൂട്ട കൊലപാതകങ്ങൾക്കാണ് നാട്​ സാക്ഷിയായത്? ഈ കുറ്റകൃത്യങ്ങൾക്കെതിരെ ഇരകളുടെ പക്ഷം പിടിച്ചു പ്രതികരിക്കാൻ കോൺഗ്രസ് തയാറായോ എന്നും പരിശോധിക്കേണ്ടതുണ്ട്. 'ഭാരത് ജോഡോ' പദയാത്രയുടെ ഭാഗമായി തയാറാക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും, അത് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രമായിട്ടേ വിലയിരുത്തുന്നുള്ളൂ. വിവേചനത്തിനപ്പുറം, ഇതൊരു വംശഹത്യാപദ്ധതിയാണെന്ന് തുറന്നുപറയാൻ ഈ യാത്രാവേളയിലും തയാറാകുന്നില്ല എന്നതാണ് ആ പാർട്ടിയുടെ പ്രധാന ദൗർബല്യം. രാജ്യത്തെ ന്യൂനപക്ഷവിഭാഗവും ദലിതരും ആദിവാസികളുമൊക്കെത്തന്നെയാണ് ഇപ്പോഴും കോൺഗ്രസിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നത് നന്നാകും. രാഹുലിന്റെയും സംഘത്തിന്റെയും യാത്രാവഴികളിലെല്ലാം ഈ ജനങ്ങളെ കാണാനാകും; ഹിന്ദുത്വയുടെ ആക്രോശപ്പാച്ചിലിൽ തെറിച്ചുവീണ അവരുടെ ചോരപ്പാടുകളും കണ്ടേക്കാം. രാജ്യത്തിന്റെ പുറംപോക്കിലേക്ക് മാറ്റിനിർത്തപ്പെട്ട ആ സമൂഹത്തിന്റെ വേദനകളിലേക്ക്കൂടി ഇറങ്ങിച്ചെല്ലുമ്പോഴേ 'ഭാരത് ജോഡോ' ഉയർത്തുന്ന ഐക്യസന്ദേശം സാർഥകമാകൂ. അത് സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു.

Tags:    
News Summary - Let the steps be one, let the country be one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.