കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചി നഗരവും പരിസരപ്രദേശങ്ങളും കഴിഞ്ഞദിവസങ്ങളിൽ അപ്രഖ്യാപിതമായൊരു ലോക്ഡൗണിലായിരുന്നു. നഗരത്തിനടുത്ത് സ്ഥിതിചെയ്യുന്ന ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്ന്, അന്തരീക്ഷത്തിൽ വിഷപ്പുക പടർന്നതോടെ പ്രദേശവാസികൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായി.
കഴിഞ്ഞദിവസം, മേഖലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കേണ്ടിവന്നു ജില്ല ഭരണകൂടത്തിന്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നുമാണ് അധികാരികൾ നാട്ടുകാരോട് നിർദേശിച്ചിട്ടുള്ളത്. ആരോഗ്യ അടിയന്തരാവസ്ഥക്കുള്ള സാധ്യത കണക്കിലെടുത്ത്, മേഖലയിൽ പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെയും നാവികസേനയുടെയും വിവിധ സ്ഥാപനങ്ങളുടെ അഗ്നിരക്ഷാവിഭാഗങ്ങളുടെയും യോജിച്ചുള്ള ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായെങ്കിലും അപകടത്തിന്റെ അഞ്ചാം നാളിലും കാര്യങ്ങൾ നിയന്ത്രണവിധേയമായെന്ന് പറയാറായിട്ടില്ല. ഇതിനിടെ, ചിലർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ദീപാവലി സമയത്തെ പടക്കപ്രയോഗത്താലും സമീപ സംസ്ഥാനങ്ങളിൽ വയലുകൾക്ക് തീയിടുമ്പോഴും ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുണ്ടാകുന്ന പുകമഞ്ഞിനെക്കുറിച്ചും വിഷപ്പുക വ്യാപനത്തെക്കുറിച്ചുമെല്ലാം കേൾക്കാറുണ്ട്. ഏറക്കുറെ സമാനമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കൊച്ചി നഗരവും പരിസരപ്രദേശങ്ങളും കടന്നുപോകുന്നത്. എത്രത്തോളമെന്നാൽ, ബ്രഹ്മപുരം മേഖലയിൽ അത്യാഹിതം നേരിടാൻ ഓക്സിജൻ പാർലറുകൾ വരെ സജ്ജമാക്കിയിരിക്കുന്നു.
പതിറ്റാണ്ടുകളായി കേരളത്തിലെ മാലിന്യസംസ്കരണത്തെച്ചൊല്ലി വലിയ ചർച്ചകൾ നടക്കാറുണ്ട്. ശാസ്ത്രീയമായ മാലിന്യസംസ്കരണ പരിപാടി എന്നതിലപ്പുറം, നഗരകേന്ദ്രങ്ങളിലെ മാലിന്യങ്ങൾ ഒരു തത്ത്വദീക്ഷയുമില്ലാതെ ഏതെങ്കിലും ഗ്രാമത്തിൽ കൊണ്ടുതള്ളുന്നതാണ് മാലിന്യസംസ്കരണം എന്നതാണ് നമ്മുടെ അനുഭവം. സ്വാഭാവികമായും, അതിന്റെ ഇരകൾ ആ നാട്ടുകാരാണ്. പലപ്പോഴും, സമീപവാസികളുടെ ജീവനുതന്നെയും ഭീഷണിയാകുംവിധം ഇത്തരം പ്ലാന്റുകളുടെ പ്രവർത്തനം മാറുമ്പോഴാണ് അത് വലിയ വിവാദങ്ങൾക്കും സമരങ്ങൾക്കുമെല്ലാം വഴിവെക്കുന്നത്. അത്തരത്തിലുള്ള നിരവധി സമരങ്ങൾക്ക് കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും, കേരളത്തെപ്പോലെ ജനസാന്ദ്രതകൂടിയ ഒരു സംസ്ഥാനത്ത് ശാസ്ത്രീയവും പ്രായോഗികവുമായ മാലിന്യനിർമാർജന പദ്ധതികളെക്കുറിച്ചുള്ള ചർച്ച സജീവമാകാറുണ്ട്. അതെല്ലാം കടലാസിൽ അവസാനിക്കാറാണ് പതിവ്. അതിന്റെ പ്രത്യാഘാതം കൂടിയാണ് ബ്രഹ്മപുരം പ്ലാന്റിലെ അപകടം.
കെടുകാര്യസ്ഥത മാത്രമല്ല, വലിയ അഴിമതിയും ബ്രഹ്മപുരം കേന്ദ്രീകരിച്ച് നടന്നതായി ആരോപണമുണ്ട്. മാലിന്യം നീക്കംചെയ്യാൻ കരാറെടുത്ത കമ്പനിയുടെ പ്രവർത്തന കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ അവിടെ തീപിടിത്തമുണ്ടായതിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. തിങ്കളാഴ്ച വിഷയം നിയമസഭയിൽ ചർച്ചയായപ്പോൾ പ്രതിപക്ഷനേതാവും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. ‘കത്തിയതല്ല, കത്തിച്ചതാണെന്ന് ഏത് കുട്ടികൾക്കും അറിയാ’മെന്നാണ് അദ്ദേഹം സഭയിൽ പറഞ്ഞത്. തീർച്ചയായും ഇക്കാര്യത്തിൽ അന്വേഷണം നടക്കേണ്ടതുണ്ട്.
എറണാകുളം ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന 50 ഏക്കറിലധികം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ബ്രഹ്മപുരം പ്ലാന്റിൽ ഇതുപോലുള്ള ‘അപകട’ങ്ങൾ ഉണ്ടാവുന്നത് ഇതാദ്യമായല്ല. ഏതാണ്ട് പത്ത് വർഷം മുമ്പുണ്ടായ തീപിടിത്തം ഏഴു ദിവസമാണ് നീണ്ടുനിന്നത്; അതിനുശേഷവും അവിടെ അപകടമുണ്ടായിട്ടുണ്ട്. കേരളത്തിലെ മറ്റു കേന്ദ്രങ്ങളിലും തീപിടിത്തമുണ്ടായിട്ടുണ്ട്. കോഴിക്കോട്ടെ ഞെളിയൻപറമ്പിലും ഇക്കഴിഞ്ഞദിവസം സമാന അപകടമുണ്ടായി. വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പായി ഇതിനെ കണ്ടേ മതിയാകൂ.
താങ്ങാവുന്നതിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാന്റിൽ സംസ്കരിക്കാനാവാതെ പെരുകുമ്പോഴാണ് പലപ്പോഴും ഇത്തരമൊരവസ്ഥയുണ്ടാകാറുള്ളത്. ഒരുവശത്ത്, കൃത്യമായ മാലിന്യസംസ്കരണം നടക്കാതിരിക്കുമ്പോഴാണ് ഇതെന്നോർക്കണം. സമീപ പ്രദേശങ്ങളിൽ ജീവിക്കാനാവാത്തവിധമുള്ള ദുർഗന്ധം മൂലമുള്ള പ്രശ്നങ്ങൾ വേറെയും. ഇതിനിടയിലാണ് ഈ മാലിന്യമലകൾക്ക് തീപിടിക്കുന്നത്. നഗരവാസികളുടെ മാലിന്യവും പേറിയുള്ള ഈ നരകജീവിതത്തിൽനിന്ന് ബ്രഹ്മപുരമടക്കമുള്ള പ്രദേശത്തുകാർക്ക് എന്നാണൊരു മോചനം? പരിസ്ഥിതിസൗഹൃദമായ തുമ്പൂർമുഴി മോഡലിനെക്കുറിച്ചും ഉറവിട മാലിന്യസംസ്കരണത്തെക്കുറിച്ചുമെല്ലാം അധികാരികൾ വാതോരാതെ സംസാരിക്കുമെങ്കിലും പ്രയോഗത്തിൽ ഒന്നും സംഭവിക്കുന്നില്ല.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായും മാലിന്യസംസ്കരണത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം എത്രകണ്ട് ഫലപ്രദമായി എന്ന് വിലയിരുത്തേണ്ട സമയംകൂടിയാണിത്. നിലവിലെ സാഹചര്യത്തിൽ ഒരു കാര്യംകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി കടുത്ത താപനിലയാണ് ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരുവശത്ത് നാം അഭിമുഖീകരിക്കുന്നുണ്ട്.
ഇത്തരമൊരു മാലിന്യക്കൂമ്പാരങ്ങളിൽ തീപിടിത്തമുണ്ടാകുമ്പോൾ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും. മാത്രവുമല്ല, ഇപ്പോഴത്തെ പ്രശ്നങ്ങൾ ബ്രഹ്മപുരത്തുമാത്രം പരിമിതവുമല്ല. അതുകൊണ്ടുതന്നെ, ഈ ‘ലോക്ഡൗൺ’ കേരളം മുഴുക്കെ പടരാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.