സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആരംഭിച്ചിട്ട് 64 ദിവസം പിന്നിട്ടിരിക്കുന്നു. കോവിഡ് രണ്ടാം തരംഗം രാജ്യമാകെ രൂക്ഷമായി ബാധിച്ചപോലെ കേരളത്തിലും വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് മേയ് എട്ടു മുതൽ സംസ്ഥാനം പൂർണമായും അടച്ചിടാൻ സർക്കാർ നിർബന്ധിതരായത്. ലോക്ഡൗൺ പ്രഖ്യാപിച്ച ദിവസം, രാജ്യത്ത് റിപ്പോർട്ട് ചെയ്തത് നാലു ലക്ഷത്തിൽപരം കേസുകളാണ്. കേരളത്തിൽ 26.6 എന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 38,460 പേരിലും വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പത്തിലൊന്നും കേരളത്തിലായപ്പോഴാണ് ലോക്ഡൗൺ എന്ന അറ്റകൈ പ്രയോഗത്തിന് സർക്കാർ തീരുമാനിച്ചതെന്ന് പറഞ്ഞാലും തെറ്റാവില്ല. കാരണം, ആദ്യഘട്ടത്തിൽ മിനിലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഇല്ലാതെ വന്നപ്പോൾ മാത്രമാണ് സമ്പൂർണ ലോക്ഡൗണിലൂടെ നിയന്ത്രണങ്ങൾ കർക്കശമാക്കിയത്.
അപ്പോഴേക്കും കേരളത്തിലെ നൂറിലൊരാൾ എന്ന നിരക്കിൽ കോവിഡ് ബാധിതനായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. രണ്ട് മാസങ്ങൾക്കിപ്പുറം, ദേശീയ തലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത് നാൽപതിനായിരത്തിൽപരം കേസുകൾ മാത്രമാണ്. എന്നാൽ, ഇതിന് ആനുപാതികമായ മാറ്റം കേരളത്തിലുണ്ടായിട്ടില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ മൂന്നിലൊന്നുമിപ്പോൾ കേരളത്തിലാണ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി പത്തിൽതന്നെ നിൽക്കുകയും ചെയ്യുന്നു. രണ്ടു മാസത്തിനിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അത്രകണ്ട് ഫലവത്തായില്ല എന്നതുകൂടിയാണ് ഇതിെൻറ അർഥം. സമ്പൂർണമായി അടച്ചിട്ടുകൊണ്ടുള്ള കോവിഡ് നിയന്ത്രണ പരിപാടികൾ വേണ്ടത്ര ശാസ്ത്രീയമല്ലെന്ന പലകോണുകളിൽനിന്നുള്ള വാദത്തെ മുഖവിലക്കെടുക്കേണ്ടിവരുന്നതും ഇൗ സാഹചര്യത്തിലാണ്.
ഒരാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണാണ് അൽപം ഇളവുകളോടെയാണെങ്കിലും അനിശ്ചിതമായങ്ങനെ തുടരുന്നത്. നിർദേശങ്ങൾ കൃത്യമായി പാലിച്ച് മുന്നോട്ടുപോയാൽ സമയബന്ധിതമായിത്തന്നെ മഹാമാരിയെ നിയന്ത്രണവിധേയമാക്കാനാകുമെന്നായിരുന്നു അന്ന് ആരോഗ്യമന്ത്രി നൽകിയ ഉറപ്പ്. പരമാവധി രണ്ടാഴ്ചക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ സർക്കാറും ആരോഗ്യവകുപ്പുമെല്ലാം വെച്ചുപുലർത്തുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി കേരളത്തിൽ ഒന്നാം ഘട്ട ലോക്ഡൗൺ കാര്യമായ കെടുതികൾ സൃഷ്ടിച്ചില്ല എന്ന കാരണത്താൽ ജനങ്ങളും ഇതുതന്നെയാണ് ധരിച്ചത്. അങ്ങനെയാണ് സംസ്ഥാനം സമ്പൂർണ ലോക്ഡൗണിലേക്ക് പ്രവേശിച്ചത്. എന്നാൽ, ഒന്നാം തരംഗത്തിലേതുപോലെ സമയബന്ധിതമായി രോഗം ഇനിയും നിയന്ത്രണവിധേയമായി എന്നു പറയാറായിട്ടില്ല; മരണനിരക്ക് പിടിച്ചുനിർത്താനും കഴിഞ്ഞിട്ടില്ല. മറ്റൊരർഥത്തിൽ, ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴുണ്ടായിരുന്ന ഭീതിദമായ അവസ്ഥയിൽനിന്ന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. മഹാമാരിയുടെ ഹോട്ട്സ്പോട്ടായിതന്നെ സംസ്ഥാനം തുടരുന്നു. ഇതിനിടെ, മൂന്നാം തരംഗത്തിെൻറ ഭീഷണിയും മുന്നിലുണ്ട്. ആരോഗ്യവിദഗ്ധർ നിരീക്ഷിച്ചപോലെ, മൂന്നാം തരംഗമെങ്ങാനും ആഗസ്റ്റിന് മുമ്പായി യാഥാർഥ്യമായാൽ സ്ഥിതി അതിഗുരുതരമാകാൻതന്നെയാണ് സാധ്യത. ഇൗ ഘട്ടത്തിൽ ഭരണകൂടങ്ങൾ എന്തു നടപടി സ്വീകരിക്കുമെന്ന് കണ്ടറിയുകതന്നെ വേണം.
മൂന്നാം തരംഗത്തെക്കുറിച്ചുള്ള ചർച്ചകളിലും പ്രതിരോധ മാർഗമെന്ന നിലയിൽ അധികാരികൾ ആദ്യം ഉയർത്തുന്നത് ലോക്ഡൗൺതന്നെയാണ്. വൈറസ് വ്യാപനത്തിനെതിരെ പ്രയോഗിക്കാനുള്ള അവരുടെ ഏക ആയുധവും ഇൗ 'അടച്ചിടൽ' മാത്രമായി മാറിയിരിക്കുന്നു. മധ്യവർഗ യുക്തിയിൽ ചിന്തിക്കുേമ്പാൾ ലോക്ഡൗൺ തീർത്തും വ്യവസ്ഥാപിതമായൊരു പ്രതിരോധ മാർഗം തന്നെ. അധിക ആനുകൂല്യം എന്ന നിലയിൽ എല്ലാവർക്കും ഭക്ഷ്യകിറ്റുകളും ഉറപ്പുവരുത്തുന്നുണ്ട്. ഇതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി എന്ന മിഥ്യസങ്കൽപത്തിൽനിന്നാണ് ലോക്ഡൗൺ ഏക ആശ്രയമായി മാറുന്നത്. ലോക്ഡൗൺ രോഗവ്യാപനത്തെ തടയുെമന്നതിൽ സംശയമൊന്നുമില്ല. എന്നാൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്യും. ഒന്നാം ഘട്ട ലോക്ഡൗണിൽ ഉത്തരേന്ത്യയിലുണ്ടായ ആഭ്യന്തര പലായനത്തിെൻറ ദൃശ്യങ്ങൾ ആരും മറന്നിട്ടുണ്ടാകില്ല. കേരളത്തിൽ അങ്ങനെയൊരു അത്യാഹിതമുണ്ടാകാതിരുന്നത് ഇവിടെ അൽപംകൂടി മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളതുകൊണ്ടാണ്. എന്നാൽ, എല്ലാ സന്ദർഭത്തിലും അങ്ങനെയായിക്കൊള്ളണമെന്നില്ല.
സ്വതവേ, സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ജനങ്ങളെ ദുരിതപ്പടുകുഴിയിലെത്തിക്കാൻ അധികദിവസമൊന്നും അടച്ചിടേണ്ടതില്ല. ലോക്ഡൗൺ ദുരിതങ്ങളുടെ തീരാക്കഥകൾ ഇന്നിപ്പോൾ പലവിധ റിപ്പോർട്ടുകളായി നമ്മുടെ മുന്നിലുണ്ട്. നിർഭാഗ്യവശാൽ, ഇൗ അപകടങ്ങളെ മുൻകൂട്ടി കാണാൻ നമ്മുടെ അധികാരികൾക്ക് കഴിയാതെ പോയി. എന്നല്ല, നടപ്പാക്കിയ നിയന്ത്രണങ്ങളാകെട്ട തീർത്തും അശാസ്ത്രീയവുമായിരുന്നു. പൊതുഇടങ്ങൾ പരിമിതമായി തുറന്നുകൊടുത്തപ്പോൾ അവിടെ ഏർപ്പെടുത്തിയ സമയക്രമീകരണം ഉദാഹരണം. ഇതുവഴി സംഭവിച്ചത് നിരത്തുകളിലും പൊതുവാഹനങ്ങളിലും ബാങ്കുകളിലുമെല്ലാം ആൾക്കൂട്ടമായി എന്നതാണ്. പ്രവർത്തന സമയവും ദിവസവും ലഘൂകരിക്കുന്നതിന് പകരം അതിെൻറ ദൈർഘ്യം വർധിപ്പിക്കുകയായിരുന്നില്ലെ വേണ്ടിയിരുന്നത്? ചുരുക്കത്തിൽ, ഒന്നാംഘട്ടത്തിൽ ദൃശ്യമായ ജാഗ്രതയുടെയും ആസൂത്രണത്തിെൻറയും അഭാവമിപ്പോൾ നന്നായി പ്രതിഫലിക്കുന്നുണ്ട്. മൂന്നാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഒരു തിരിച്ചുനടത്തം അത്യാവശ്യമായിരിക്കുന്നു; ഇൗ അനിശ്ചിതത്വം ഇനിയുമിങ്ങനെ അറ്റമില്ലാതെ തുടർന്നുകൂടാ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.