സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17ന് ഷെഡ്യൂൾ പ്രകാരം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാവുകയും വിദ്യാർഥികൾ അതിന് സുസജ്ജരാവുകയും ചെയ്തിരിക്കെ പരീക്ഷകൾ നീട്ടിവെക്കണമെന്നും ഏപ്രിൽ ആറിലെ തെരഞ്ഞെടുപ്പിനുശേഷം നടത്താമെന്നും സർക്കാർ മുഖ്യ ഇലക്ടറൽ ഓഫിസേറാട് ആവശ്യപ്പെട്ടത് വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും കടുത്ത ആശങ്ക ഉളവാക്കിയിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഇലക്ഷൻ ഡ്യൂട്ടിയുള്ള അധ്യാപകരിൽ ചിലരുടെ പരിശീലനവും പോളിങ് ബൂത്തുകളായി മാറുന്ന സ്കൂളുകളിലെ അസൗകര്യങ്ങളുമാണ് പരീക്ഷ നീട്ടിവെക്കലിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. സർക്കാറിെൻറ ആവശ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തീരുമാനത്തിന് ഇലക്ഷൻ കമീഷന് അയച്ചിട്ടുണ്ടെന്നും ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ വെളിപ്പെടുത്തുന്നു. ഉടനെ കമീഷെൻറ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിലെ ഇടതുസർക്കാർ അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ ഇങ്ങനെയൊരാവശ്യം ഉന്നയിച്ചുകൊണ്ട് മാർച്ച് ആദ്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും മുഖ്യ ഇലക്ടറൽ ഓഫിസർക്കും എഴുതിയിരുന്ന പശ്ചാത്തലത്തിലാണ് നീട്ടിവെക്കാനുള്ള സർക്കാറിെൻറ തീരുമാനം. എന്നാൽ, അധ്യാപക സംഘടനകൾ പൊതുവെ മാർച്ച് 17ന് പരീക്ഷകൾ നടത്തുന്നതിന് അനുകൂലമായിരിക്കെ കെ.എസ്.ടി.എ പിന്നീട് മാറിച്ചിന്തിച്ചത് സർക്കാറിെൻറതന്നെ പ്രേരണപ്രകാരമാണെന്ന് ആരോപണമുണ്ട്. അധ്യാപകരിൽ ഗണ്യമായ വിഭാഗം ഇടതുമുന്നണിയുെട സജീവ പ്രവർത്തകരായതിനാൽ അവർക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യത്തിനാണ് അവസാനഘട്ടത്തിലെ കരണംമറിച്ചിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
രാഷ്ട്രീയം മാറ്റിനിർത്തി 'ഇരകളായ' വിദ്യാർഥികളുടെ നന്മക്കാണ് മുഖ്യ പരിഗണന നൽകേണ്ടത് എന്ന് തീരുമാനിച്ചാൽ മുൻ ഷെഡ്യൂൾ പ്രകാരം മാർച്ച് 17നുതന്നെ പരീക്ഷകൾ നടത്തുന്നതാണ് ശരിയെന്ന് ഇലക്ഷൻ കമീഷന് ബോധ്യമാവേണ്ടതാണ്. ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പരീക്ഷകൾ നീട്ടിവെക്കുന്നത് വിദ്യാർഥികളോട് കാണിക്കുന്ന അനീതിയാണെന്നാണ് ഇലക്ഷൻ കമീഷനെ അറിയിച്ചിരിക്കുന്നത്. കുട്ടികളോട് കാണിക്കുന്ന അനീതി എന്നുതന്നെയാണ് കെ.എസ്.ടി.യു സ്റ്റേറ്റ് കമ്മിറ്റിയുടെയും അഭിപ്രായം. മുൻവർഷെത്തക്കാൾ ചൂട് ഇപ്പോെഴ അനുഭവപ്പെട്ടുതുടങ്ങിയ കേരളത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ അത്യുഷ്ണകാലത്ത് വിദ്യാർഥികളുടെ ഭാവിയെയും തുടർപഠന സാധ്യതകളെയും സാരമായി ബാധിക്കുന്ന എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകൾ നടത്തുന്നത് കടുത്ത േദ്രാഹമായിരിക്കും എന്നുതന്നെ പറയണം. ജലക്ഷാമം രൂക്ഷമാവുന്ന മീനച്ചൂടിൽ പരീക്ഷ ചൂടുകൂടി കുട്ടികൾക്ക് താങ്ങാനാവാതെവരും. കൂടാതെ റമദാൻ വ്രത മാസവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രോട്ടോകോൾ വ്യാപകമായി ലംഘിക്കപ്പെട്ടതിനെ തുടർന്ന് മഹാമാരി കേസുകൾ പെട്ടെന്ന് വർധിച്ച അനുഭവവും നമ്മുടെ മുന്നിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളുമൊക്കെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്ന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട പ്രവർത്തകരും നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന് ഏറക്കുറെ തീർച്ചയാണ്. കാരണം, നേതാക്കളും ഉദ്യോഗസ്ഥരുമൊെക്കത്തന്നെയാണ് പരസ്യമായി ലംഘനത്തിലേർപ്പെട്ടിരിക്കുന്നത്. പിന്നെ ആവേശഭരിതരായ രാഷ്ട്രീയ പ്രവർത്തകരിൽനിന്ന് സംയമനം പ്രതീക്ഷിക്കുന്നതിലർഥമുണ്ടോ? ഈ സാഹചര്യത്തിൽ ഏപ്രിൽ ആറിനു ശേഷം നടക്കുന്ന പരീക്ഷകളിൽ നല്ലൊരു വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാൻ കഴിയാതെ വരുമോ എന്ന് ന്യായമായും ആശങ്കിക്കണം.
അപ്രതീക്ഷിതമായി വന്നുപെട്ട കോവിഡ് നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് താണ്ഡവം തുടരുകതന്നെയാണ്. ഒരു വിദ്യാഭ്യാസവർഷം അപ്പാടെതന്നെ തകിടംമറിഞ്ഞു. കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ഹാജരാവാനോ വ്യവസ്ഥാപിതമായി പഠിക്കാനോ കഴിയാതെ പോയി. സംസ്ഥാന സർക്കാർ പുതിയ സാങ്കേതിക സംവിധാനത്തിലൂടെ പ്രശ്നപരിഹാരത്തിന് പരമാവധി ശ്രമിച്ചു എന്നത് നിശ്ചയമായും അഭിനന്ദനാർഹമാണ്. പക്ഷേ, സർക്കാറും സ്ഥാപനാധികൃതരും രക്ഷിതാക്കളും പൊതുപ്രവർത്തകരുമെല്ലാം ഉണർന്ന് പ്രവർത്തിച്ചിട്ടും 30 ശതമാനം കുട്ടികൾക്ക് മാത്രമാണ് ഒട്ടൊക്കെ കാര്യക്ഷമമായി ബദൽസംവിധാനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇത് കണക്കിലെടുത്ത് പഠിപ്പിച്ച പാഠങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ തയാറാക്കാനും തദനുസൃതമായി പരിശീലനം നൽകാൻ 10, 12 ക്ലാസുകളിലെ വിദ്യാർഥികളെ സ്കൂളുകളിൽ ഹാജരാവാനും ഏർപ്പാടുകൾ ചെയ്തതും അവസരോചിതമായി. ഇനി നിശ്ചിത സമയത്ത് പരീക്ഷകൾ നടത്താനുള്ള തീരുമാനം യഥാവിധി നടപ്പാക്കുകകൂടി ചെയ്താൽ പ്രതിസന്ധിയെ ഒരുവിധം മറികടക്കാനായി എന്ന് സർക്കാറിനും സ്കൂൾ അധികൃതർക്കും വിദ്യാർഥികൾക്കും ഒരുപോലെ ആശ്വസിക്കാനാവും. തന്മൂലമുണ്ടാവുന്ന തെരഞ്ഞെടുപ്പ് സംബന്ധമായ പ്രയാസങ്ങൾ മറ്റുരീതിയിൽ പരിഹരിക്കാൻ ഇലക്ഷൻ കമീഷനും സർക്കാറിനും കഴിയേണ്ടതാണ്. എന്തിനെയും രാഷ്ട്രീയ താൽപര്യങ്ങളുടെ കണ്ണോടെ നോക്കിക്കാണുന്ന നമ്മുടെ സാമാന്യ ദൗർബല്യം ഭാവിതലമുറയുടെ നന്മയോർത്തെങ്കിലും മാറ്റിവെക്കുകയാണ് നേരായ വഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.