മുറിച്ചെറിയരുത് സമ്പദ്​വ്യവസ്ഥയുടെ രക്തക്കുഴലുകൾ


വീണ്ടുമൊരു ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് രാജ്യത്തെ ബാങ്ക് ജീവനക്കാർ. മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്കാണെങ്കിൽ 17ന് ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാരും 18ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽ.ഐ.സി) ജീവനക്കാരും രാജ്യമൊട്ടാകെ പണിമുടക്കുന്നു. ശമ്പള വർധനക്കോ മറ്റേതെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനോ അല്ല ഇക്കുറി ബാങ്ക്- ഇൻഷുറൻസ് ജീവനക്കാരുടെ സമരം. രാജ്യത്തിെൻറ സാമ്പത്തിക ഭദ്രതക്കുതന്നെ തുരങ്കംവെക്കുന്ന കേന്ദ്ര സർക്കാറിെൻറ സ്വകാര്യവത്കരണ നീക്കങ്ങൾക്ക്​ എതിരെയാണ്. നൂറിലേറെ ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭമെന്നപോലെ ഇന്ത്യയെ ഒരു ക്ഷേമരാഷ്​ട്രമായി നിലനിന്നുകാണാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ ശ്രദ്ധയും പിന്തുണയും തേടുന്നുണ്ട് ഈ സമരദൗത്യവും.

സാമൂഹിക മേഖലക്കും വികസന പദ്ധതികൾക്കും മൂലധനം കണ്ടെത്തുന്നതിന് പൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം കേന്ദ്രബജറ്റിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബാങ്കിങ്, ഇൻഷുറൻസ്, സാമ്പത്തിക സേവനരംഗം എന്നിവയിൽ പൊതുമേഖലയുടെ സാന്നിധ്യം പരമാവധി ചുരുക്കുകയാണ് കേന്ദ്രത്തിെൻറ പ്രഖ്യാപിത ലക്ഷ്യം. ഐ.‌ഡി‌.ബി‌.ഐ ബാങ്കിന​ുപുറമെ രണ്ട് പൊതുമേഖല ബാങ്കുകളെയും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയെയും സ്വകാര്യവത്​കരിക്കാനുള്ള നിർദേശം 2021-22ൽ നടപ്പാക്കുന്നതിന് തിരക്കിട്ട ശ്രമങ്ങളും നിയമഭേദഗതിക്കുള്ള നീക്കങ്ങളും നടക്കുന്നു.

സ്വകാര്യബാങ്കുകൾ പൊട്ടിത്തകരുകയും ജനങ്ങളുടെ നിക്ഷേപം നഷ്​ടപ്പെടുകയുംചെയ്യുന്ന ദുരവസ്ഥയിൽനിന്ന് മോചനം നൽകിയ വിപ്ലവാത്മക നടപടിയായിരുന്നു 1969ലെ ബാങ്ക് ദേശസാത്കരണം. സർക്കാർ ഉടമസ്ഥത പകരുന്ന സുരക്ഷിതബോധം ബാങ്കുകളിലേക്ക് ഗാർഹിക നിക്ഷേപങ്ങൾ ഒഴുകിയെത്താൻ കാരണമായി. ഈ തുകയാണ് നാടിെൻറ വികസന നിധിയായും സംരംഭകരുടെ മൂലധനമായും കർഷകർക്കുള്ള സബ്സിഡിയായും വിനിയോഗിക്കപ്പെട്ടത്. ആഗോള സാമ്പത്തിക മാന്ദ്യത്തിെൻറ കെടുതിയായി ലോകമൊട്ടുക്ക് ബാങ്കുകൾ തകർന്നപ്പോഴും ഇന്ത്യയിൽ ദേശസാൽകൃത ബാങ്കുകൾ പോറൽപോലുമേൽക്കാതെ പിടിച്ചുനിന്നു. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ രക്തക്കുഴലുകളാണ് പൊതുമേഖല ബാങ്കുകൾ എന്നിരിക്കെ ഒരു വീണ്ടുവിചാരവുമില്ലാതെ അവയെ അറുത്തുമുറിച്ച് വിറ്റഴിക്കാൻ ഒരുെമ്പടുന്നത് എത്രമാത്രം മൗഢ്യമാണ്.

സമാനമാണ് യോഗക്ഷേമം വഹാമ്യഹം (നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്തം) എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന എൽ.ഐ.സി രാജ്യത്തിനായി നൽകിവരുന്ന സേവനങ്ങളും. ഉപഭോക്തൃശൃംഖല വെച്ചുനോക്കിയാൽ ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമാണിത്. 2020 ഡിസംബർവരെ സെറ്റിൽ ചെയ്തത് 67,993 കോടി രൂപയുടെ 13 ദശലക്ഷത്തിലേറെ ക്ലെയിമുകൾ. സ്വകാര്യ സേവനദാതാക്കൾ ഉപഭോക്താവിന് ലഭിക്കേണ്ട പണം തൊടുന്യായങ്ങൾ പറഞ്ഞ് പിടിച്ചുവെക്കുേമ്പാൾ ക്ലെയിമുകൾ നൽകുന്നതിൽ ഒന്നര പതിറ്റാണ്ടായി ലോകത്ത് ഒന്നാം സ്ഥാനത്താണ് എൽ.​െഎ.സി. ലഭിക്കുന്ന പ്രീമിയമെല്ലാം ചെലവിടുന്നത് രാജ്യത്തിെൻറ വികസന പ്രക്രിയക്കായാണ്.

വമ്പൻ കോർപറേറ്റുകളുടെയും വിദേശ കുത്തകകളുടെയും തോളിലേറിവന്ന ഇരുപതിലേറെ കമ്പനികൾ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കീഴ്പ്പെടുത്താൻ കഴിയാഞ്ഞ വിശ്വസ്തതയാർന്ന സ്ഥാപനത്തെയാണ് സർക്കാർതന്നെ തകർത്തുകൊടുക്കുന്നത്. കെട്ടിപ്പടുക്കാൻ മുൻഗാമികൾ അനുഭവിച്ച ത്യാഗങ്ങളും ബുദ്ധിമുട്ടുകളുമൊന്നുമറിയാതെ തറവാടിെൻറ അടിക്കല്ലും കഴുക്കോലുമിളക്കി വിറ്റ് ധൂർത്തടിക്കുന്ന മുടിയന്മാരായ പുത്രന്മാരെ ഓർമപ്പെടുത്തുന്നു ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും വിറ്റൊഴിക്കാനൊരുങ്ങുന്ന കേന്ദ്ര അധികാരികൾ.

എന്തിനു വേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് ഇനിയും വ്യക്തതയാർന്ന ഉത്തരം ലഭിച്ചിട്ടില്ലാത്ത നോട്ട് നിരോധനവും ബാങ്കുകളുടെ അശാസ്ത്രീയ ലയനവും നടപ്പിൽവരുത്തിയ കേന്ദ്രസർക്കാർ സമ്പദ്​രംഗത്ത് നടത്തുന്ന ഏതു ഇടപെടലും സംശയാസ്പദമായി മാത്രമേ കാണാനാവൂ. വിവാദ കാർഷിക നിയമങ്ങൾപോലെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അടുപ്പക്കാരായ ധനാഢ്യ വണിക്കുകളും ആഗോള ധനകാര്യസ്ഥാപനങ്ങളുമാണ് ബാങ്ക്​ വിറ്റൊഴിക്കലിെൻറ ഗുണഭോക്താക്കൾ. ജൻധൻ അക്കൗണ്ട് എന്നപേരിൽ രാജ്യത്തെ എല്ലാ മേഖലയിലുമുള്ള ജനങ്ങളെ അക്കൗണ്ട് ഉടമകളാക്കുകയും ഡിജിറ്റൽവത്കരണം നടപ്പാക്കുകയും ചെയ്തശേഷം സ്വകാര്യമേഖലക്കായി വാതിൽ തുറന്നുവെക്കുേമ്പാൾ ഇതെല്ലാം ഏറെ മു​േമ്പ ആസൂത്രണംചെയ്ത പദ്ധതികളായിരുന്നുവെന്ന് ജനം സംശയിക്കാതിരിക്കുന്നതെങ്ങനെ? പൊതുമേഖല ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സ്വകാര്യവത്കരണമെന്നാണ് സർക്കാറിെൻറ ധനകാര്യ വിദഗ്ധർ നൽകുന്ന വിശദീകരണം. നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന നീറുന്ന പ്രശ്നം ശതകോടികളുടെ കിട്ടാക്കടങ്ങളാണ്. 2019-20 സാമ്പത്തിക വർഷം 234170 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയ കോർപറേറ്റുകളുടെ കിട്ടാക്കടം; 2020-21ൽ 115038 കോടിയും. കുത്തകകളെ സഹായിക്കാൻ കൈമെയ് മറക്കുന്ന സർക്കാർ ഇൗ പണം തിരിച്ചുപിടിക്കാനുതകുന്ന ഒരു ചെറു നടപടിപോലും ചെയ്തതുമില്ല.

പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്ക് മാറുന്നത് വായ്പ, സബ്സിഡി ലഭ്യത എന്നിവയെയെല്ലാം സാരമായി ബാധിക്കും. വിത്തിടുന്ന നേരത്ത് വായ്പ ചോദിച്ച്​ പോകുന്ന കർഷക​െൻറ മനസ്സ്​​ സ്വകാര്യ ധനകാര്യ കുത്തകകൾക്ക് എങ്ങനെ മനസ്സിലാകാൻ? തൊഴിൽനിഷേധം, കരാർവത്കരണം, സംവരണ അട്ടിമറി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ് പ്രത്യാഘാതങ്ങൾ. രാജ്യം ഒരു മനസ്സോടെ നേരിട്ടാൽ മാത്രമേ ചെറുക്കാനാകൂ ഈ ഭീഷണികളെ.

Tags:    
News Summary - madhyamam editorial 11th march 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.