പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിെൻറ നാലാംഘട്ട പോളിങ് നടന്ന ശനിയാഴ്ച, കുച്ച് ബിഹാർ ജില്ലയിൽ വോെട്ടടുപ്പ് കേന്ദ്രത്തിനുസമീപം കേന്ദ്രസേന (സി.ഐ.എസ്.എഫ്) നടത്തിയ വെടിവെപ്പിൽ തൃണമൂൽ കോൺഗ്രസിെൻറ നാല് പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ശീതൾകുഞ്ച് മണ്ഡലത്തിലാണ് അത്യന്തം ദാരുണമായ സംഭവമുണ്ടായത്. മണ്ഡലത്തിലെ മതബ്ഹംഗയിലെ 126ാം നമ്പർ പോളിങ് ബൂത്തിനടുത്ത് കൂട്ടംകൂടിയ വോട്ടർമാരും കേന്ദ്രസേനയും തമ്മിലുണ്ടായ തെറ്റിദ്ധാരണയും ചില്ലറ ആശയക്കുഴപ്പങ്ങളുമൊക്കെയാണ് വെടിവെപ്പിലേക്കും സംഘർഷത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കേന്ദ്രസേന തെരഞ്ഞെടുപ്പ് കമീഷനു നൽകിയ വിശദീകരണത്തിൽ പറയുന്നത്, പ്രകോപിതരും അക്രമാസക്തരുമായ ജനക്കൂട്ടത്തിനുനേരെ സ്വയംപ്രതിരോധാവശ്യാർഥം വെടിവെച്ചു എന്നാണ്. ശാരീരിക പ്രയാസമുള്ളയാളുമായി പോളിങ് ബൂത്തിലെത്തിയ ആളുകളുമായി സേനാംഗങ്ങൾ നടത്തിയ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന മറ്റൊരു റിപ്പോർട്ടും പറഞ്ഞുകേൾക്കുന്നുണ്ട്. ഏതായാലും, സംഭവത്തിെൻറ നിജസ്ഥിതി ഇനിയും പുറത്തുവരേണ്ടതുണ്ട്. അതിനായി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടക്കേണ്ടതുമുണ്ട്. എന്നാൽ, അതിനൊക്കെ മുേമ്പ വിഷയത്തിൽ രാഷ്ട്രീയം കലർത്തി പരമാവധി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളും പലഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്നുള്ള പ്രസ്താവനകൾ അതാണ് വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത് 'വംശഹത്യ' എന്നാണ്. കേന്ദ്രസേന ബി.ജെ.പിയുടെ ഏജൻറായി പ്രവർത്തിക്കുന്നുവെന്ന തരത്തിലുള്ള വിമർശനവും അവർ ഉന്നയിച്ചു. സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയും അവർ ആവശ്യപ്പെട്ടു. അമിത് ഷായും മോശമാക്കിയിട്ടില്ല. വെടിവെപ്പിെൻറ തൊട്ടടുത്ത ദിവസം നാദിയ ജില്ലയിൽ നടത്തിയ റോഡ് ഷോയിൽ മമതയെയും തൃണമൂലിനെയും നിരന്തരമായി അദ്ദേഹം പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. പ്രചാരണരംഗത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീദിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. സംസ്ഥാന ബി.ജെ.പി നേതാക്കളുടെ വിമർശനങ്ങളാവെട്ട, വിദ്വേഷ പ്രസംഗങ്ങളുടെ രീതിയിലായിരുന്നു. കുച്ച്ബിഹാറിലേത് കേവലം തുടക്കം മാത്രമാണെന്നും ഇനിയും അതാവർത്തിക്കുകതന്നെ ചെയ്യുമെന്നുമാണ് ബി.ജെ.പി നേതാക്കളിലൊരാളായ ദീലീപ് ഘോഷിെൻറ ഭീഷണി. കേന്ദ്രനേതാക്കളടക്കം പെങ്കടുത്ത തെരഞ്ഞെടുപ്പ് റാലിയിലാണ് ഇതുപോലുള്ള വർത്തമാനങ്ങളെന്നും പ്രത്യേകം ശ്രദ്ധിക്കണം. എന്നിട്ടും, ഇതുപോലുള്ള നേതാക്കളെ വിലക്കാനൊന്നും തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല. വെടിവെപ്പ് നടന്ന മേഖലയിൽ തൽക്കാലം വോെട്ടടുപ്പ് മാറ്റിവെച്ചും അവിേടക്ക് നേതാക്കൾക്ക് പ്രവേശനം വിലക്കിയും പ്രശ്നം ഒതുക്കിത്തീർക്കാനാണ് അവരുടെ ശ്രമം.
സംഭവത്തെക്കുറിച്ച് മമത നടത്തിയ 'വംശഹത്യ' പ്രയോഗം ഏതർഥത്തിലാണെന്ന് വ്യക്തമല്ല. ഒരുപക്ഷേ, മേൽ സൂചിപ്പിച്ചതുപോലെ സമഗ്രമായൊരു അന്വേഷണത്തിൽ അക്കാര്യം വെളിപ്പെേട്ടക്കാം. എന്തായാലും, നാല് മുസ്ലിം ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത് എന്നതുകൊണ്ടുമാത്രം അങ്ങനെയൊരു പ്രയോഗത്തിന് സാധ്യത കാണുന്നില്ല. നേരിട്ടല്ലെങ്കിലും, 'വംശഹത്യ'യുടേതായ ചില ഭീഷണികൾ അവിടെ ന്യൂനപക്ഷങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നാണല്ലോ. സി.എ.എ, എൻ.ആർ.സി പോലുള്ള മനുഷ്യത്വവിരുദ്ധ നിയമങ്ങൾ നടപ്പാക്കുേമ്പാൾ അത് ഏറ്റവും കൂടുതൽ പ്രഹരമേൽപിക്കുന്ന മേഖലകളിലൊന്ന് വംഗനാട് തന്നെയായിരിക്കും. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒേട്ടറെ കാരണങ്ങളുണ്ട് അതിന്. സ്വാഭാവികമായും, പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ അധികാരപ്രവേശനം ഇക്കാരണമൊന്നുകൊണ്ടുതന്നെ പരോക്ഷമായൊരു 'വംശഹത്യ'യുടെ തുടക്കമായിരിക്കും. ഇൗ ആശങ്ക തൃണമൂൽ കോൺഗ്രസും സി.പി.എം-കോൺഗ്രസ് മുന്നണിയായ സംയുക്ത മോർച്ചയും പ്രചാരണസമയത്ത് ആവർത്തിച്ചുയർത്തിക്കാണിച്ചിട്ടുണ്ട്. വെടിവെപ്പിെൻറ പശ്ചാത്തലത്തിൽ മമത അക്കാര്യം ആവർത്തിക്കുകയായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും, കേന്ദ്രസേനയുടെയും തെരഞ്ഞെടുപ്പ് കമീഷെൻറയും നിലപാടുകളെക്കുറിച്ച് മമതയുടെ ആക്ഷേപങ്ങൾ അത്ര എളുപ്പത്തിൽ തള്ളിക്കളയാനാകില്ല. നന്ദിഗ്രാമിൽ നാമനിർദേശ പത്രിക സമർപ്പിച്ച് മടങ്ങുംവഴിയാണ് മമത ആക്രമിക്കപ്പെട്ടത്. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രി ആൾക്കൂട്ടത്തിനിടയിൽ ആക്രമിക്കപ്പെട്ടിട്ടും വിഷയത്തിൽ നടപടി സ്വീകരിക്കാൻ കമീഷൻ തയാറായിട്ടില്ല. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം എട്ട് ഘട്ടങ്ങളിലായി ബംഗാളിൽ വോെട്ടടുപ്പ് ക്രമീകരിച്ചതുതന്നെ കമീഷെൻറ മോദി സേവയാണെന്ന മമതയുടെ വിമർശനം കേവലം രാഷ്ട്രീയപരമല്ല എന്ന് ഇതിനോടകംതന്നെ തെളിഞ്ഞിരിക്കുന്നു.
സംഘർഷമുണ്ടായ ശീതൾകുഞ്ചിലടക്കം 44 മണ്ഡലങ്ങളിലേക്കായിരുന്നു ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 2016ൽ 44ൽ, 39ഉം മമതക്കൊപ്പമായിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ അത് 25ലൊതുങ്ങി. ബാക്കിയുള്ളിടങ്ങളിലെല്ലാം ബി.ജെ.പിയാണ് നേട്ടം കൊയ്തത്. മറ്റൊരർഥത്തിൽ, ബംഗാളിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മേഖലകളിലൊന്നാണിത്. ദീദിയെ സംബന്ധിച്ച് ഇവിടെ വോട്ടുബാങ്ക് ചോരാതെ പിടിച്ചുനിർത്തുക എന്നത് നിലനിൽപിെൻറ കൂടി പ്രശ്നമാണ്. ഇടതുപക്ഷത്തിനും കാര്യമായ വേരോട്ടമുള്ള ഇൗ മേഖലയിൽ സംയുക്ത മോർച്ചയും പ്രചാരണരംഗത്ത് ശക്തമാണ്. ശീതൾകുഞ്ചിൽ ശക്തമായ ത്രികോണമത്സരം തന്നെയാണ് നടക്കുന്നത്. ഇൗ രാഷ്ട്രീയ രസതന്ത്രംകൂടിയാണ് അന്നേദിവസം അരങ്ങേറിയ സംഘർഷങ്ങളുടെ മറ്റൊരു കാരണമെന്നും അനുമാനിക്കേണ്ടിവരും. കാരണം, രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സംഘർഷവും നരഹത്യയും നടത്തുന്നതിൽ ആരും പിന്നിലല്ല. അതിനപ്പുറം, അതൊരു 'വംശഹത്യ'യാണെങ്കിൽ വരാനിരിക്കുന്ന നാളുകൾ അത്രയൊന്നും ശുഭകരമല്ല എന്നുതന്നെയാണ് അതിനർഥം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.