നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പുറത്തുവന്നപ്പോൾ വൻ പൊട്ടിത്തെറിക്കാണ് സംസ്ഥാനം സാക്ഷ്യംവഹിക്കേണ്ടിവന്നത്. 55 ശതമാനം പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും യുവജനങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പുവരുത്തുകയും സാമുദായിക സന്തുലിതത്വം ഒരളവോളം പാലിക്കുകയും ചെയ്ത താരതമ്യേന സന്തുലിതമായ സ്ഥാനാർഥിപ്പട്ടികയെന്ന പൊതു അഭിപ്രായം ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. ഗ്രൂപ്പിസത്തിെൻറ പിടിയിൽനിന്ന് മുക്തമല്ല പട്ടികയെന്ന് വിമർശനമുണ്ടെങ്കിലും ഇത് കോൺഗ്രസാണെന്ന സത്യം ഓർത്തിരുന്നാൽ അതേ ചൊല്ലി ഏറെയൊന്നും പരാതിപ്പെട്ടിട്ടു കാര്യമില്ല. എന്നാൽ, കോൺഗ്രസ് നേതൃത്വംതന്നെ സമ്മതിച്ചപോലെ വനിത പ്രാതിനിധ്യത്തിൽ ഏറെ പിന്നിലാണ് പട്ടിക എന്നതാണ് ഇപ്പോൾ വൻവിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷയും എ.ഐ.സി.സി അംഗവും തലമുതിർന്ന കോൺഗ്രസ് നേതാവുമായ ലതിക സുഭാഷ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതിലും വനിതകൾക്ക് അർഹമായ പരിഗണന നൽകാത്തതിലും രോഷാകുലമായി കെ.പി.സി.സി ആസ്ഥാനത്ത് പൊട്ടിക്കരഞ്ഞു, തലമുണ്ഡനം നടത്തി പ്രതിഷേധിക്കുകയും പദവികൾ രാജിവെക്കുകയും ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികക്കുതന്നെ മങ്ങലേറ്റിരിക്കുകയാണ്.
എ.കെ. ആൻറണി തൊട്ടുള്ള നേതാക്കൾ നേരിട്ട് ഖേദപ്രകടനം നടത്തുകയും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല. സംഭവത്തോട് പ്രതികരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ആനിരാജ കോൺഗ്രസിനെ മാത്രമല്ല കുറ്റപ്പെടുത്തിയത്; പൊതുവെ വനിത മുന്നേറ്റത്തെപ്പറ്റി വാചാലരാവുന്ന ഇടതുപക്ഷവും സ്ഥാനാർഥിപ്പട്ടികയിൽ അർഹമായ പ്രാതിനിധ്യം വനിതകൾക്ക് നൽകാത്തതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. 93 അംഗ കോൺഗ്രസ് പട്ടികയിൽ കേവലം ഏഴിലൊന്നാണ് സ്ത്രീപ്രാതിനിധ്യമെങ്കിൽ സി.പി.എമ്മിെൻറ 86 അംഗ ലിസ്റ്റിൽ 12 മാത്രമാണ് വനിതകൾ. 25 അംഗ സി.പി.ഐ പട്ടികയിൽ രണ്ടേ രണ്ട് മഹിളകളേ സ്ഥലം പിടിച്ചിട്ടുള്ളൂ. കാൽ നൂറ്റാണ്ടുകാലം സ്ത്രീകളെ മത്സരരംഗത്തുനിന്ന് നിശ്ശേഷം മാറ്റിനിർത്തിയ മുസ്ലിംലീഗ് സമ്മർദങ്ങൾക്കൊടുവിൽ ഇത്തവണ മുതിർന്ന വനിത ലീഗ് നേതാവ് നൂർബിന റഷീദിനെ കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയാക്കാൻ തയാറായി. മുസ്ലിം ലീഗിെൻറ പശ്ചാത്തലശക്തികളിൽ പ്രധാനമായ മതസംഘടനയുടെ എതിർപ്പു മൂലമാണ് ഇതേവരെ വനിതകളെ മത്സരിപ്പിക്കാൻ പാർട്ടിക്ക് കഴിയാതെപോയതെന്ന ന്യായീകരണം, ഇക്കാര്യങ്ങളിലൊന്നും തങ്ങൾ ഇടപെടാറില്ലെന്ന് ആ സംഘടന നേതൃത്വം വ്യക്തമാക്കിയതോടെ അപ്രസക്തമാവുകയും ചെയ്തു.
അവകാശങ്ങളിലും ബാധ്യതകളിലും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതാണ് നമ്മുടെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയെങ്കിലും സ്വാതന്ത്ര്യത്തിെൻറ ഏഴു പതിറ്റാണ്ടുകൾക്കുശേഷവും ഇന്ത്യൻ സമൂഹത്തിൽ ദയനീയ അവഗണനയും അപലപനീയമായ പീഡനവും അവകാശനിഷേധവും നേരിടുകയാണ് സ്ത്രീസമൂഹം. ഉരുക്കുവനിതയെന്ന് കീർത്തിനേടിയ ഇന്ദിര ഗാന്ധി രാജ്യം ഭരിച്ച കാലത്തും ഇതിനൊരു മാറ്റം സംഭവിച്ചില്ല. പ്രതിഭ പാട്ടീൽ രാഷ്ട്രപതി സ്ഥാനത്ത് അവരോധിതയായി എന്നതും ശരി. സുചേത കൃപലാനി മുതൽ മമത ബാനർജി വരെയുള്ളവർ മുഖ്യമന്ത്രിമാരായി വാണ അനുഭവവും രാജ്യത്തിനുണ്ട്. പക്ഷേ, സ്ത്രീകൾക്ക് പാർലമെൻറിലോ സംസ്ഥാന നിയമസഭകളിലോ അർഹമായ പ്രാതിനിധ്യം ഇല്ല. അവർ നേരിടുന്ന മാനുഷിക പ്രശ്നങ്ങളുടെ പരിഹാരവും ഇപ്പോഴും വിദൂരതയിൽതന്നെ. നിയമനിർമാണസഭകളിൽ തങ്ങളുടെ ന്യായമായ ആവശ്യങ്ങളും പ്രശ്നങ്ങളുടെ പരിഹാരവും ശക്തമായി അവതരിപ്പിക്കാൻ അവർക്ക് അവസരം ലഭിക്കാത്തിടത്തോളം കാലം രാജ്യം വനിതകളോട് നീതിചെയ്യുന്നു എന്ന് അവകാശപ്പെടാനാവില്ല. അതേയവസരത്തിൽ വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ കുതിച്ചുചാട്ടംതന്നെയാണ് രാജ്യത്ത് പൊതുവെയും കേരളത്തിൽ വിശേഷിച്ചും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന വസ്തുത അനിഷേധ്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ യുവാക്കളെ ബഹുദൂരം പിന്നിലാക്കി യുവതികൾ മുന്നേറുന്ന കാഴ്ചയാണ് എവിടെയും.
കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലും കരുത്താർജിച്ചു മുന്നേറാൻ സഹോദരിമാർക്ക് സാധിക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരം മുതൽ ഇപ്പോഴത്തെ കർഷകപ്രക്ഷോഭം വരെയുള്ള പോരാട്ടങ്ങളിലും പ്രകടമായ പെൺകരുത്ത് അനിഷേധ്യമാണ്. എന്നിരിക്കെ രാഷ്ട്രീയ രംഗത്തു മാത്രം അവർ യോഗ്യരല്ലെന്ന് വിധിക്കുന്നതിലെ ന്യായീകരണമെന്ത്? നൂറ്റാണ്ടുകളായി തുടരുന്ന തങ്ങളുടെ അധികാര കുത്തകക്ക് കോട്ടംതട്ടുമെന്ന പുരുഷകേസരികളുടെ ഭീതിയും അങ്കലാപ്പും മാത്രമാണ് ഈ നീതിനിഷേധത്തിെൻറ പിന്നിൽ. പാർലമെൻറിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കുന്ന ബിൽ പതിറ്റാണ്ടുകളായി പാർലമെൻറിെൻറ കാണാമറയത്ത് കിടക്കുന്നു. ഏതു വിവാദ ബില്ലും രായ്ക്കുരാമാനം പാസാക്കിയെടുക്കാനുള്ള അംഗബലവും പിന്തുണയും എൻ.ഡി.എക്കുണ്ടെന്ന് നിരന്തരം തെളിഞ്ഞിട്ടും സ്ത്രീസംവരണ ബില്ലിനു മാത്രം ശാപമോക്ഷമില്ലെന്ന് വരുന്നത് പരിഷ്കൃത ലോകത്തിെൻറ മുമ്പാകെ രാജ്യത്തെ നാണംകെടുത്തുന്നതാണ്. ആ ബിൽ നിയമമാവാത്തിടത്തോളംകാലം ലതികമാരുടെ വിലാപം തുടർന്നുകൊണ്ടേ പോവുമെന്നതിലും സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.