'ഗ്രാവിറ്റി' എന്ന ഹോളിവുഡ് സിനിമയെക്കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. കേരളക്കരയിലടക്കം ദിവസങ്ങളോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ഇൗ 'സയൻസ് ഫിക്ഷൻ ത്രില്ലർ', 2014ൽ ഏഴ് ഒാസ്കർ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അതുവരെയും സിനിമാലോകം കണ്ടിട്ടില്ലാത്തവിധമുള്ള ചിത്രീകരണത്തിലെ വ്യതിരിക്തതയും സാന്ദ്ര ബുള്ളോക്ക് എന്ന നടിയുടെ അഭിനയപാടവവുെമാക്കെയാണ് 'ഗ്രാവിറ്റി'യെ ചരിത്രസംഭവമാക്കി മാറ്റിയതെന്ന് പറയാം. ബഹിരാകാശത്ത് പ്രപഞ്ച നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഹബ്ൾ സ്പേസ് ടെലിസ്കോപ്പിെൻറ അറ്റകുറ്റപ്പണിക്കായി ഭൂമിയിൽനിന്ന് പുറപ്പെടുന്ന രണ്ട് ഗഗനചാരികളുടെ കഥയാണ് 'ഗ്രാവിറ്റി'.
ബഹിരാകാശത്ത് ജോലി പുരോഗമിക്കുന്നതിനിടെ അവിടെ വലിയൊരു അപകടം നടക്കുന്നു; കാലാവധി കഴിഞ്ഞ ഒരു കൃത്രിമോപഗ്രഹത്തിൽ ഒരു റഷ്യൻ റോക്കറ്റ് ഇടിച്ചപ്പോഴുണ്ടായ ചെയിൻ റിയാക്ഷൻ മൂലം 'ബഹിരാകാശ അവശിഷ്ട'ങ്ങളുടെ മേഘം രൂപപ്പെട്ടതാണ് അപകടത്തിെൻറ കാരണം. ആ മേഘക്കാറ്റിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാൾ മരണപ്പെടുന്നു; സാന്ദ്ര ബുള്ളോക്ക് അവതരിപ്പിച്ച ഡോ. റയാൻ സ്േറ്റാൺ എന്ന കഥാപാത്രം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്യുന്നു. ഡോ. സ്റ്റോണിന് ഭൂമിയിലേക്ക് വഴിയൊരുക്കിയത് ചൈനയുടെ ബഹിരാകാശ നിലയവും അവരുടെ പേടകവുമായിരുന്നു. ഇൗ സിനിമയിൽ പരാമർശിക്കുന്ന ഹബ്ൾ ടെലിസ്കോപ്പും 'മേഘപടലവു'മൊക്കെ യാഥാർഥ്യവുമായി ചേർന്നു നിൽക്കുന്നതായിരുന്നുവെങ്കിലും ചൈനീസ് വാഹനങ്ങളുടെ കാര്യം അങ്ങനെയായിരുന്നില്ല. സിനിമയുടെ ചിത്രീകരണം നടക്കുേമ്പാൾ ചൈനയുടെ ബഹിരാകാശ നിലയപദ്ധതി അതിെൻറ ആരംഭദശയിൽ മാത്രമായിരുന്നു. എന്നിട്ടും, അൽഫോൺസോ ക്വറോൺ എന്ന ചലച്ചിത്രകാരൻ ഒരു പ്രവചനംപോലെ ചൈനീസ് പര്യവേക്ഷണത്തെ 'രക്ഷകവേഷ'ത്തിൽ അവതരിപ്പിച്ചു. ആ സമീപനം അന്ന് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു. ഏതായാലും, ആ പ്രവചനമിപ്പോൾ ഒരു പരിധിവരെ യാഥാർഥ്യമായിരിക്കുന്നു. തിയാങ്ഗോങ് എന്ന പേരിൽ ബഹിരാകാശത്ത് സ്വന്തമായൊരു നിരീക്ഷണാലയം സ്ഥാപിച്ച ചൈന, അവിേടക്ക് മൂന്ന് യാത്രികരെ കഴിഞ്ഞദിവസം സുരക്ഷിതമായി എത്തിച്ചു. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരധ്യായം തന്നെയാണീ യാത്ര.
നീ ഹെയ്ഷെങ്, ലിയു ബോമിങ്, താങ് ഹോങ്ബോ എന്നിവരാണ് ആറര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ബഹിരാകാശ നിലയത്തിലെത്തിയത്. 'ലോങ് മാർച്ച് 2എഫ്' എന്ന റോക്കറ്റാണ് ഷെൻ ചൊ 2' പേടകത്തിൽ ഇവരെ നിലയത്തിലെത്തിച്ചത്. തിയോങ്ഗോങ്ങിെൻറ ഭാഗമായ 'തിയാൻ ഹെ' െമാഡ്യൂളിലാണ് അവർ സുരക്ഷിതമായി എത്തിച്ചേർന്നിരിക്കുന്നത്. ഇനി മൂന്നുമാസം അവർ അവിടെ ചെലവഴിച്ച് പല പരീക്ഷണങ്ങളും നടത്തും. സംഘത്തെ നയിക്കുന്ന നീ ഹെയ്ഷെങ്ങിന് മുമ്പ് രണ്ട് തവണ ആകാശയാത്ര നടത്തിയ പരിചയവുമുണ്ട്. ഇവർ മടങ്ങിയെത്തുന്നതോടെ മറ്റു മൂന്നു പേർ നിലയത്തിലേക്ക് പുറപ്പെടും. ഇതിനുള്ള ഒരുക്കങ്ങളും ചൈനയുടെ ബഹിരാകാശ ഗവേഷണ ഏജൻസി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ തിയോങ്ഗോങ്ങിനെ സമ്പൂർണമായൊരു ബഹിരാകാശ നിലയമാക്കി മാറ്റിയെടുക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. അതിെൻറ ആദ്യഘട്ട ജോലികളാണിപ്പോൾ ഭൂമിയിൽനിന്ന് നാന്നൂറോളം കിലോമീറ്റർ ഉയരെ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇതുപോലുള്ള ബഹിരാകാശ നിലയങ്ങളും അവിടെ ഗഗനചാരികൾ ഉണ്ടും ഉറങ്ങിയും പരീക്ഷണ-നിരീക്ഷണങ്ങൾ നടത്തുന്നതുമൊന്നും പുതിയ കാഴ്ചയല്ല. എഴുപതുകൾ തൊേട്ട ഇൗ സാേങ്കതിക വിദ്യ ശാസ്ത്രലോകത്തിന് വശമുള്ളതാണ്. സോവിയറ്റ് യൂനിയെൻറ സല്യൂട്ട്, മിർ; അമേരിക്കയുടെ സ്കൈ ലാബ് തുടങ്ങിയവയൊക്കെ ബഹിരാകാശ നിലയങ്ങളുടെ ആദ്യ രൂപങ്ങളാണ്. അമേരിക്കയടക്കം 15ഒാളം രാജ്യങ്ങളുടെ കൂട്ടായ്മയിൽ 1998 മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയവും (െഎ.എസ്.എസ്) പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി യാത്രികൾ അവിടം സന്ദർശിക്കുകയും ആറു മാസം വരെ താമസിക്കുകയും ചെയ്തു. നിലവിൽ ഏഴ് പേർക്ക് കഴിയാനുള്ള സൗകര്യമുണ്ടിവിടെ. ഇക്കാലത്തിനിടെ ചെടി നട്ടുവളർത്തുന്നതടക്കമുള്ള ഒേട്ടറെ പരീക്ഷണങ്ങളും അവിടെ വിജയകരമായി നടന്നുകഴിഞ്ഞു. ഇൗ പരീക്ഷണങ്ങൾക്കപ്പുറം നിലവിൽ തിയാങ്ഗോങ് മറ്റെന്തെങ്കിലും പുതുതായി ചെയ്യുമെന്നൊന്നും കരുതാൻ ന്യായമില്ല. എന്നാലും ചൈനീസ് നിലയം മറ്റു ചില കാരണങ്ങൾകൊണ്ട് സവിശേഷമാണ്.
െഎ.എസ്.എസ് പോലൊരു ബൃഹദ് സംരംഭത്തിന് ബദൽ എന്ന നിലയിലാണ് ചൈന ഇൗ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ലോകത്തിലെ വൻശക്തി രാഷ്ട്രങ്ങൾക്കൊക്കെയും നേരിേട്ടാ പരോക്ഷമായോ പങ്കാളിത്തമുള്ള െഎ.എസ്.എസുമായി ഒരു കാലത്തും ചൈന സഹകരിച്ചിട്ടില്ല. അമേരിക്കയുടെയും അവരുടെ ഗവേഷണ സ്ഥാപനമായ നാസയുടെയും ആധിപത്യത്തിന് വിധേയപ്പെടേണ്ടതില്ല എന്ന രാഷ്ട്രീയ സമീപനത്തിെൻറ പുറത്താണ് ഇൗ വിട്ടുനിൽക്കൽ. സ്വന്തമായൊരു നിലയം നിർമിച്ച് ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ പുതിയൊരു ശക്തിയാവുക എന്നത് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യംതന്നെയാണ്. പഴയ സോവിയറ്റ്-യു.എസ് ബഹിരാകാശ യുദ്ധത്തെ (സ്പേസ് റേസ്) അനുസ്മരിപ്പിക്കുന്നു ഇതെല്ലാം. ആ മത്സരത്തിെൻറ ഭാഗം തന്നെയാണ് തിയാങ്ഗോങ്. മറ്റനേകം ദൗത്യങ്ങളിലും ചൈന വിജയവഴിയിലാണ്. അവരുടെ ചൊവ്വാപര്യവേക്ഷണ വാഹനമായ തിയാൻവെൻ, കഴിഞ്ഞമാസമാണ് ചുവന്നഗ്രഹത്തിലൊരു റോബോട്ടിക് വാഹനത്തെ ഇറക്കിയത്. കഴിഞ്ഞ ഡിസംബറിൽ ചൈനയുടെ ഷാങ്ങെ -5 എന്ന പേടകം ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയുമുണ്ടായി.
മനുഷ്യനെ ചന്ദ്രനിലിറക്കിയ അമേരിക്കയുടെ വിഖ്യാതമായ അപ്പോളോ പദ്ധതിക്കുശേഷം ആദ്യമായിട്ടാണ് ഒരു രാജ്യം ചന്ദ്രനിൽനിന്നുള്ള വസ്തുക്കൾ ഭൂമിയിലെത്തിക്കുന്നത്. ഇതിെൻറയൊക്കെ തുടർച്ചയിൽതന്നെയാണ് തിയാങ്ഗോങ്ങും വികസിക്കുന്നത്. പത്തുവർഷമാണ് തിയാങ്ഗോങ്ങിെൻറ ആയുസ്സ്; ചിലപ്പോഴത് 15 വരെ നീണ്ടേക്കാം. െഎ.എസ്.എസ് ആകെട്ട, 2024ഒാടെ പ്രവർത്തനം നിർത്തുകയും ചെയ്യും. അതിനുശേഷം ലോകത്തിലെ ഏക ബഹിരാകാശനിലയം തിയാങ്േഗാങ് ആയിരിക്കുെമന്ന് ചുരുക്കം. ഇൗ മത്സരമൊക്കെ പ്രപഞ്ചത്തെക്കുറിച്ചുള്ള പുത്തനറിവുകൾ മാനവകുലത്തിന് സമ്മാനിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ശാസ്ത്രവും സാേങ്കതിക വിദ്യയും സമ്മാനിക്കുന്ന ഇൗ അറിവുകൾ മനുഷ്യൻ എങ്ങനെയായിരിക്കും ഉപയോഗിക്കുക എന്നു മാത്രമേ അറിയേണ്ടതുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.