തെരഞ്ഞെടുപ്പിൽ സൗജന്യവാഗ്ദാനങ്ങൾ നൽകി കുറുക്കുവഴികളുടെ രാഷ്ട്രീയം കളിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തുവന്നിരിക്കുന്നു. വോട്ടുപിടിക്കാൻ സൗജന്യ പ്രഖ്യാപനങ്ങൾ നടത്തുന്നവർ വ്യക്തിതാൽപര്യങ്ങൾക്കുവേണ്ടി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുകയാണെന്നും ഇവർ കഷ്ടപ്പെട്ട് അധ്വാനിച്ച് ഖജനാവിലേക്ക് പണമൊടുക്കുന്ന നികുതിദായകരുടെ ശത്രുക്കളാണെന്നും ഇന്ത്യൻരാഷ്ട്രീയത്തിലെ മൂല്യച്യുതിയാണിത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഞായറാഴ്ച നാഗ്പൂരിൽ 75,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് കൊടിവീശുന്ന പരിപാടിയിലാണ് 'വിലക്ഷണകക്ഷികൾ' അധികാരം മാത്രം ലാക്കാക്കി, ഭരണം കവർന്നെടുക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. സർവതോമുഖ വികസനമായിരിക്കണം രാഷ്ട്രീയകക്ഷികളുടെ ലക്ഷ്യമെന്നും അങ്ങനെവന്നാൽ അവർക്ക് പിന്നെയുംപിന്നെയും അധികാരമേറാൻ സാധിക്കുമെന്നും ഉദ്ബോധിപ്പിക്കുന്നുമുണ്ട് മോദി. അഞ്ചുമാസം മുമ്പും 'സൗജന്യസംസ്കാര'ത്തിനെതിരെ പ്രധാനമന്ത്രി ശബ്ദമുയർത്തിയിരുന്നു.
ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടിക്കുനേരെയുള്ള പരോക്ഷ വിമർശനമാണ് ഇതെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ, പ്രധാനമന്ത്രി പറഞ്ഞത് ഗൗരവമായെടുത്താൽ അത് ഗുജറാത്തിൽ മോദിക്കും പാർട്ടിക്കും പ്രചാരണത്തിൽ ഏറെ തലവേദനയുണ്ടാക്കിയ 'ആപ്പി'നുമാത്രം ബാധകമാകേണ്ടതല്ല. സൗജന്യ വാഗ്ദാനങ്ങൾ നൽകി തെരഞ്ഞെടുപ്പുവിജയത്തിന് കുറുക്കുവഴി തേടുന്നവരെല്ലാം ഈ വിമർശനത്തിന്റെ വരുതിയിൽ വരേണ്ടതാണ്. അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വിരൽചൂണ്ടുന്ന 'വിലക്ഷണകക്ഷികൾ' ആരൊക്കെ? ഗുജറാത്തിൽ കഴിഞ്ഞ ആറുതവണ ഭരിച്ച ബി.ജെ.പി സർവതോമുഖ വികസനമാണോ മുന്നോട്ടുവെച്ചത്? കോൺഗ്രസും ആം ആദ്മി പാർട്ടിയും സൗജന്യ വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വാർധക്യപെൻഷൻ, സിലിണ്ടർ സബ്സിഡി, കാർഷികകടം എഴുതിത്തള്ളൽ എന്നീ വാഗ്ദാനങ്ങളുമായി വന്നശേഷമാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. മോദിയുടെ വാക്കുകൾ പ്രയോഗത്തിൽ വരുത്തിയിരുന്നെങ്കിൽ ആറുവട്ട തുടർഭരണനേട്ടം മാത്രം മതിയായിരുന്നു ബി.ജെ.പിക്ക് ആയുധം. എന്നാൽ, കോവിഡ് മഹാമാരിയിൽ കൈയുംകെട്ടിയിരുന്നതിന് ഗുജറാത്ത് ഹൈകോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങിയ മുഖ്യമന്ത്രിയെ മാറ്റി പകരം പുതിയ ആളെവെച്ച് മത്സരത്തിനിറങ്ങിയ പാർട്ടിക്ക് അതിനുള്ള ധൈര്യം കിട്ടിയില്ലെന്നു തെളിയിക്കുന്നതായിരുന്നു ബി.ജെ.പി ചൊരിഞ്ഞ സൗജന്യ വാഗ്ദാനങ്ങൾ. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, കൂടാതെ ദരിദ്രകുടുംബങ്ങൾക്ക് മൂന്നു സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ, സബ്സിഡിയോടെ കടല, പാചക എണ്ണ, കോളജ് വിദ്യാർഥിനികൾക്ക് സൗജന്യ ഇലക്ട്രിക് സ്കൂട്ടർ, 51,000 രൂപ പെൺകുട്ടികൾക്ക് വിവാഹസഹായം, വനിതാസംരംഭകർക്ക് പലിശരഹിത വായ്പ എന്നിവയായിരുന്നു ബി.ജെ.പി വാഗ്ദാനം. ആറുവട്ടം ഭരണത്തിലിരുന്നിട്ടും ഇതുവരെ ഇതൊന്നും നൽകാതിരുന്നതുകൊണ്ടുകൂടിയാണല്ലോ വീണ്ടും വാഗ്ദാനം വേണ്ടിവന്നത്. 99 ശതമാനമാണ് സർക്കാർ ആശുപത്രികളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് എന്ന് ബി.ജെ.പിയെ ആഘോഷിക്കുന്ന മാധ്യമങ്ങൾതന്നെ കണക്കുനിരത്തുമ്പോൾ സൗജന്യചികിത്സയൊന്നും വോട്ടർ, കാര്യത്തിലെടുക്കില്ലെന്നുറപ്പ്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമുള്ളതുകൊണ്ട് പാവപ്പെട്ടവരെ മാത്രമല്ല, മധ്യവർഗക്കാരെയും ബി.ജെ.പിക്ക് വാക്കിൽ മയക്കാൻ കഴിയും. അതുകൊണ്ട്, ഗുജറാത്തിനെ ഒരു ഡോളർ ട്രില്യൺ സമ്പദ്ഘടനയാക്കും, 2036ലെ ഒളിമ്പിക്സ് അഹ്മദാബാദിലേക്ക് കൊണ്ടുവരും തുടങ്ങിയ ആകാശകുസുമങ്ങൾ വേറെയും കാണിച്ചിരുന്നു.
ഹിമാചൽപ്രദേശിൽ 2250 കോടിയുടെ സൗജന്യങ്ങളാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. ദരിദ്രർക്ക് മൂന്നു ഗ്യാസ് സിലിണ്ടർ, എല്ലാ സ്കൂൾ വിദ്യാർഥിനികൾക്കും സൈക്കിൾ, ഗവ. സ്കൂളുകളിലെ പ്ലസ് ടു പരീക്ഷയിലെ മിടുക്കികൾക്ക് ബിരുദപഠനം മുഴുക്കെ പ്രതിമാസം 2500 രൂപ, ബിരുദ വിദ്യാർഥിനികൾക്ക് സ്കൂട്ടർ, ആപ്പിൾ പാക്കേജിങ് തൊഴിലാളികൾക്ക് 25 കോടിയുടെ ജി.എസ്.ടി നികുതി എഴുതിത്തള്ളൽ അങ്ങനെയങ്ങനെ. എന്നാൽ, വംശീയരാഷ്ട്രീയത്തിന് വീര്യംകൂടിയ ഗുജറാത്തിൽ ഏകസിവിൽ കോഡ്, മതപരിവർത്തന നിരോധനം തുടങ്ങിയ വർഗീയ അജണ്ടകൾ വൻനേട്ടം കൊയ്യാൻ സഹായിച്ചപ്പോൾ, അതിന് അത്ര വകയില്ലാത്ത ഹിമാചലിൽ സൗജന്യ വാഗ്ദാനങ്ങളൊന്നും ഏശിയില്ല. ഇതെല്ലാം മുന്നിലിരിക്കെയാണ് പ്രധാനമന്ത്രിയുടെ വായ്ത്താരി. കൊടുക്കുന്ന വാഗ്ദാനങ്ങൾക്ക് പണമെവിടെ നിന്നെന്നു പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടപ്പോൾ തങ്ങളുടേത് ഹ്രസ്വകാല സൗജന്യങ്ങളല്ല, സമഗ്ര വികസനത്തിനുള്ള സഹായമാണ് എന്നായിരുന്നു ബി.ജെ.പി വിശദീകരണം. സൗജന്യ വാഗ്ദാനങ്ങളെപ്പറ്റി അന്ന് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞത് ശാക്തീകരണവും വീതംവെപ്പും വ്യത്യാസമുണ്ടെന്നാണ്. സൗജന്യയാത്രയും വൈദ്യുതിയുമൊക്കെ ഖജനാവിനെ മെനക്കെടുത്തുമെന്നും അവർ പറയുന്നു. ഈ സൗജന്യങ്ങൾ ഡൽഹിയിൽ നടത്തിക്കാണിച്ചതുകൊണ്ടാവുമോ ആപ്പിനെതിരെ ഒളിയമ്പെയ്യുന്നതും അവരുടെ സാന്നിധ്യത്തിൽ ബി.ജെ.പി അസ്വസ്ഥരാകുന്നതും? എങ്കിൽ വാഗ്ദാനങ്ങളിലല്ല, അതു നിറവേറ്റുന്നതിലാകുമോ ബി.ജെ.പിക്ക് വൈമുഖ്യം? അതല്ലാതെ ബി.ജെ.പിയുടെ മുഖത്തേക്ക് തിരിച്ചുവീഴുന്നവിധം പ്രധാനമന്ത്രി മോദി കല്ലെറിയുന്നതിന്റെ അർഥമെന്ത്?!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.