ഭീകരത ഭീഷണി ഗുരുതരവും സാർവത്രികവുമാണെന്നും ഒരുമേഖലയിലെ ഭീകരത മറ്റു ഭാഗങ്ങളിലെയും സമാധാനത്തെയും സുരക്ഷിതത്വത്തെയും സാരമായി ബാധിക്കുമെന്നും ഇന്ത്യ ഐക്യരാഷ്ട്ര സുരക്ഷ സമിതി മുമ്പാകെ ചൂണ്ടിക്കാട്ടിയത് ഏറെ പ്രസക്തവും അവസരോചിതവുമാണെന്ന് പൊതുവെ സമ്മതിക്കപ്പെടാനാണ് സാധ്യത. 15 അംഗ യു.എൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യ ഡിസംബർ 15ന് 'തീവ്രവാദ വിരുദ്ധ സമീപനം തത്ത്വങ്ങളും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും വായിക്കാൻ തയാറാക്കിയ ആമുഖക്കുറിപ്പിലാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോഗ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തീവ്രവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ വംശീയവിഭാഗവുമായോ ബന്ധപ്പെടുത്താനാവില്ലെന്നും എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും കുറ്റകരമാണെന്നും കുറിപ്പിൽ പറയുന്നു. 'ഭീകരവാദം എല്ലാ രൂപങ്ങളിലും അപലപിക്കപ്പെടേണ്ടതാണ്. തീവ്രവാദ പ്രവർത്തനം ആര്, എവിടെ, എപ്പോൾ ചെയ്താലും ന്യായീകരിക്കാൻ കഴിയില്ല. എല്ലാ രാഷ്ട്രങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഇതിനെ പരാജയപ്പെടുത്താനാവൂ' എന്ന് ആമുഖക്കുറിപ്പ് ഓർമപ്പെടുത്തുന്നു.
ചരിത്രത്തിലുടനീളം ഭീകര-തീവ്രവാദ സംഘങ്ങളും പ്രവർത്തനങ്ങളും നടന്നിട്ടുണ്ടെങ്കിലും 2001 സെപ്റ്റംബർ 11ന് യു.എസ് വേൾഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണങ്ങളാണ് ആധുനിക ചരിത്രത്തിൽ ആഗോളതലത്തിൽ അപലപിക്കപ്പെട്ട ഭീകരാക്രമണം. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ വെളിച്ചത്തിൽ ആ ഭീകരാക്രമണത്തിന്റെ ഉപജാപകരും പ്രണേതാക്കളും ഉസാമ ബിൻലാദിൻ എന്ന സൗദി വംശജന്റെ അൽഖാഇദയാണെന്ന് ലോകം പൊതുവെ വിശ്വസിക്കുകയും ചെയ്യുന്നു. അതേ തുടർന്നാണ് ഇസ്ലാമിക ഭീകരത എന്നപേർ വിളിക്കപ്പെട്ട പ്രതിഭാസത്തിന്റെ അടിവേരറുക്കാൻ ലോക വ്യാപകമായി അമേരിക്കയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചത്. ഉസാമ ബിൻലാദിൻ അഭയം തേടിയ അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ നിഷ്കാസനം ചെയ്തതും ആ രാജ്യത്ത് നാറ്റോ സേന വിന്യസിക്കപ്പെട്ടതും വർഷങ്ങൾക്കുശേഷമാണെങ്കിലും ബിൻലാദിനെ പിടികൂടി കഷ്ണം കഷ്ണമാക്കി കടലിലെറിഞ്ഞതും ഇപ്പോഴും പച്ചയായി നിൽക്കുന്ന ഓർമകളാണ്. അതോടൊപ്പം തീവ്രവാദത്തെയും തീവ്രവാദികളെയും സഹായിക്കുന്നതായി അമേരിക്കൻ സർക്കാർ ഉൾപ്പെടെയുള്ള ഭരണകൂടങ്ങൾക്ക് തോന്നുന്ന എല്ലാ സംഘടനകളെയും സംഘങ്ങളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അവർക്ക് ധനസഹായം ചെയ്യുന്നതായി സംശയിക്കപ്പെടുന്ന സ്രോതസ്സുകളെല്ലാം വറ്റിച്ചു. തങ്ങൾ അനുവദിക്കുന്ന സൊസൈറ്റികൾക്കുമാത്രം ധനസഹായം സ്വീകരിക്കാൻ അനുമതി നൽകുന്ന സ്ഥിതിവിശേഷവും സംജാതമായി. ഏകാധിപത്യ-സമഗ്രാധിപത്യ ഭരണകൂടങ്ങൾക്ക് എതിർശബ്ദങ്ങളെ അപ്പാടെ നിശ്ശബ്ദമാക്കുന്ന നിയമനിർമാണങ്ങൾക്കും അവസരമൊരുങ്ങി. സാമാന്യ ജനങ്ങളാവട്ടെ അങ്ങനെയെങ്കിലും തീവ്രവാദ-ഭീകരശാപം ഒന്നവസാനിപ്പിച്ചുകിട്ടിയാൽ അത്രക്കാശ്വാസം എന്ന നിലപാടിലുമെത്തിയിരിക്കുന്നു. ഈ വൈകാരികാവസ്ഥയിൽനിന്ന് മുതലെടുത്ത് സ്റ്റേറ്റ് ടെററിസം കാട്ടിക്കൂട്ടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കോടതികൾപോലും സഗൗരവം കണക്കിലെടുക്കാത്ത അവസ്ഥയുമുണ്ട്.
ഈ സാഹചര്യങ്ങളിലാണ് ഏതെങ്കിലും മതത്തിന്റെയോ സംസ്കാരത്തിന്റെയോ ദേശീയതയുടെയോ പേരിൽ ഒരുവിധ തീവ്രവാദത്തെയും ഭീകരതയെയും ന്യായീകരിക്കാനാവില്ലെന്ന സുചിന്തിതാഭിപ്രായം മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടേതായി ലോകരാഷ്ട്ര സമുച്ചയം മുമ്പാകെ അവതരിപ്പിക്കപ്പെടുന്നത്. തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ് ഈ നീക്കം. അതേയവസരത്തിൽ നമ്മുടെ രാജ്യത്തിനും ഭരണകൂടത്തിനും ഇങ്ങനെയൊരാശയം മുന്നോട്ടുവെക്കാനുള്ള ധാർമികാവകാശം തീർച്ചയായും ചോദ്യം ചെയ്യപ്പെടുമെന്ന് കാണാതിരുന്നുകൂടാ. നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിലെ പ്രകടമായ അന്തരംതന്നെ കാരണം. ഗതകാലാനുഭവങ്ങൾ നിരവധിയാണെങ്കിലും മാതൃകക്ക് ചിലതുമാത്രം ചൂണ്ടിക്കാട്ടുകയാണ്. 2002 ഫെബ്രുവരിയിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടത്തിയ അതിഭീകര വംശീയ കലാപത്തിൽ ആയിരത്തിനും രണ്ടായിരത്തിനുമിടക്ക് മതന്യൂനപക്ഷ സമുദായക്കാരായ സ്ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെടെയുള്ളവർ ചുട്ട് ചാമ്പലാക്കപ്പെട്ടത് ഇന്നേവരെ ഭീകരകൃത്യമായി രാജ്യം ഭരിക്കുന്ന മോദി സർക്കാർ അംഗീകരിച്ചിട്ടില്ല. ഒരു പടികൂടി കടന്ന്, തന്മൂലമാണ് ഗുജറാത്തിൽ സമാധാനമുണ്ടായതെന്ന് ആഭ്യന്തരമന്ത്രിതന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ അവകാശപ്പെടുകയും ചെയ്തു. 2002ൽ മക്കാ മസ്ജിദിലും സംഝോത എക്സ്പ്രസിലും 2008ൽ മാലേഗാവിലും ആസൂത്രിതാക്രമണം നടത്തിയവരെന്ന് തെളിഞ്ഞ അഭിനവ് ഭാരത് എന്ന ഭീകര സംഘടനക്ക് നേതൃത്വം നൽകിയവരെ ശിക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല പാർട്ടി ടിക്കറ്റിൽ പാർലമെന്റിലേക്ക് മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു. ഭാരതീയ ഗോരക്ഷക് ദൾ എന്ന പേരിൽ സംഘടിച്ചു ദശക്കണക്കിൽ ഗോമംസവ്യാപാരികളായ മുസ്ലിംകളെ ആൾക്കൂട്ട കൊല നടത്തിയവർ ഇന്നും സ്വതന്ത്രരായി നടക്കുന്നു. ഒരാൾക്കുമെതിരെ യു.എ.പി.എ ചുമത്തിയില്ല; എൻ.ഐ.എ അന്വേഷണവുമില്ല. അപ്പോൾ ചോദ്യം ഒന്നേയുള്ളൂ. ഭീകരത മുസ്ലിം ന്യൂനപക്ഷത്തിനുമാത്രം ചാർത്തിക്കൊടുക്കേണ്ടതായി നമ്മുടെ സർക്കാർ അംഗീകരിച്ചുവോ? ഹിന്ദുത്വർ സംഘടിതമായി നിരപരാധികളെ കൊന്നൊടുക്കിയാലും അത് ഭീകരതയാവില്ല എന്നാണോ? എങ്കിൽ പിന്നെ ഭീകരതക്ക് മതവും സംസ്കാരവും ഇല്ലെന്ന് വീമ്പിളക്കുന്നതിൽ എന്തർഥം? ലോകം ഇതൊന്നും കാണാതിരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന സത്യം ഭീകരതവിരുദ്ധ സെമിനാർ സംഘാടകർ ഓർക്കുന്നത് നന്നാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.