തക്കംപാർത്തുനിൽക്കുകയാണ് ചൈന, തരംകിട്ടുമ്പോൾ അന്താരാഷ്ട്ര നിയമങ്ങളും അയല്പക്കമര്യാദകളും ലംഘിച്ച് ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറാൻ. ഡിസംബർ എട്ടിന് അരുണാചൽ പ്രദേശിലെ തവാങ് യാങ്ത്സേ അതിർത്തിയിലായിരുന്നു അവസാന ശ്രമം. ഇന്ത്യൻ സൈന്യം നടത്തിയ 'ധീരമായ തിരിച്ചടി'യിൽ അവർ പിൻവലിഞ്ഞിരിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും വ്യക്തമാക്കിയത്. എന്നുവെച്ച് ഭീഷണി ഒഴിഞ്ഞുപോയി എന്ന് ആശ്വസിക്കാൻ ഒരു ന്യായവും കാണുന്നില്ല.
കുറച്ചു വർഷങ്ങളായി മേഖലയിൽ ചൈന കോപ്പുകൂട്ടുന്ന അധിനിവേശ നീക്കങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞയാഴ്ചത്തെ ശ്രമവും. ഇന്ത്യയും അമേരിക്കയും ചേർന്ന് യുദ്ധ്അഭ്യാസ് എന്ന പേരിൽ സൈനികാഭ്യാസം നടത്തിയതിനു പിന്നാലെതന്നെ ചൈന ഒരുമ്പെട്ടിറങ്ങിയത് യാദൃച്ഛികമല്ലെന്നുറപ്പ്.
2020 ജൂണിൽ ലോകം മറ്റെല്ലാ പ്രശ്നങ്ങളും മറന്ന് കോവിഡ് മഹാമാരിക്ക് മറുമരുന്ന് കണ്ടെത്താൻ പ്രയത്നിക്കവെ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ അതിക്രമം അഴിച്ചുവിട്ടവരാണ് ചൈനീസ് സൈന്യം. ഒരു പ്രകോപനവുമില്ലാതെ നടന്ന അന്നത്തെ അക്രമത്തിൽ ഇരുപത് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയിൽ തൽസ്ഥിതിയും അതിർത്തിയിൽ സമാധാനവും സാധ്യമാക്കാൻ ഇരുരാജ്യങ്ങളുടെയും സൈനിക തല ചർച്ചകൾ പലവട്ടം നടന്നുവെങ്കിലും അതിനെയെല്ലാം അട്ടിമറിക്കാൻപോന്ന പ്രകോപനങ്ങൾ ചൈന മുറപോലെ തുടർന്ന് പോരുന്നുണ്ട്. ഇന്ത്യയുടെ അവിഭാജ്യ മേഖലയായ അരുണാചൽ പ്രദേശിനുള്ളിൽ റോഡും പാലങ്ങളും ഒന്നിലേറെ ഗ്രാമങ്ങളും നിർമിച്ചു ചീനപ്പട്ടാളം.
ഇമ്മട്ടിൽ നീങ്ങുമ്പോഴും ചൈനീസ് ഭീഷണിയെ ശരിയാംവണ്ണം സംബോധന ചെയ്യാൻ ഇന്ത്യൻ ഭരണകൂടം തയാറായിട്ടുണ്ടോ എന്നു സംശയമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ രാജ്യരക്ഷയെക്കുറിച്ചും ശത്രുക്കളെ പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചും വലിയ ശബ്ദത്തിൽ സംസാരിക്കാറുള്ള പ്രധാനമന്ത്രി ചൈന നടത്തുന്ന കടന്നുകയറ്റങ്ങളിൽ വേണ്ടത്ര ആകുലനല്ലെന്ന് സംശയിക്കേണ്ടി വരും.
ബാലിയിൽ കഴിഞ്ഞമാസം സമാപിച്ച ജി 20 സമ്മേളനത്തിൽ ഒന്നിച്ചു വിരുന്നു കഴിച്ച് പടമെടുത്ത് പിരിഞ്ഞതാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും മോദിയും. ആ കൂടിക്കാഴ്ചയിൽ അതിർത്തിയിലെ അതിക്രമങ്ങൾ ആവർത്തിക്കരുതെന്ന് ചൈനയോട് പറയാൻ മോദി ധൈര്യപ്പെട്ടില്ലെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ടിക് ടോക് ഉൾപ്പെടെ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകൾ നിരോധിച്ച് ചൈന ഉയർത്തുന്ന ഭയാനകമായ സുരക്ഷാപ്രശ്നത്തെ മറികടക്കാം എന്ന തെറ്റിദ്ധാരണയിലായിരുന്നു സർക്കാർ.
നിയന്ത്രണ രേഖയിൽ പട്ടാളക്കാർക്ക് പരിക്കേൽക്കുന്ന വിധം അക്രമം ഉണ്ടായിട്ടും ഇതേക്കുറിച്ച് രാജ്യത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി തുനിയുന്നില്ല. ജനപ്രതിനിധികളെ വിശ്വാസത്തിലെടുത്ത് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ സന്നദ്ധത പുലർത്തുന്നുമില്ല സർക്കാർ. പകരം പ്രതിപക്ഷ പാർട്ടിയുടെ മേൽ ആരോപണങ്ങൾ ഉന്നയിച്ചു രാഷ്ട്രീയ കണക്കു തീർക്കുന്നതിലാണ് അവർക്ക് താല്പര്യം. നയതന്ത്ര തലത്തിലും രാഷ്ട്രീയമായും ശക്തമായ ഭാഷയിൽ അരുതെന്ന് പറയാൻ ഇനി വൈകിക്കൂടാ.
ജി 20 അധ്യക്ഷ പദത്തിൽ നിൽക്കുന്ന ഇന്ത്യ ആർക്കും കടന്നു കയറി കൈയേറ്റം നടത്താവുന്ന ദുർബല ദേശമാണെന്ന പ്രതീതി ചൈനക്കോ പാകിസ്താനോ മറ്റേതെങ്കിലും ശക്തികൾക്കോ ഉണ്ടായിക്കൂടാ. താക്കീത് നൽകുന്നതിന് യുദ്ധം ഒരു അനിവാര്യതയുമല്ല. സ്വന്തം ജനതയെ ശത്രുക്കളായിക്കണ്ട് അവർക്കെതിരെ നടത്തുന്ന കൈയേറ്റങ്ങളുടെയും നിയമ നിർമാണങ്ങളുടെയും പകുതി ആത്മാർഥ മതി ഇതിന്.
ഭരണകൂടം കടമ മറക്കുമ്പോഴും രാജ്യത്തിന്റെ അതിരും അന്തസ്സും കാക്കാൻ സമചിത്തതയോടെ നിലകൊണ്ട ധീര സൈനികരെ അഭിവാദ്യം ചെയ്തേ മതിയാവൂ. അവരുടെ അർപ്പണബോധവും പ്രാദേശിക അറിവുകളും തന്ത്രങ്ങളുമെല്ലാം ഈ ചെറുത്തുനിൽപിന് തുണയായിട്ടുണ്ട്. അഗ്നിപഥ് പോലെ കരാർ സൈന്യത്തെ ഏൽപിച്ചു കടം കഴിക്കാവുന്നതല്ല രാജ്യസുരക്ഷ എന്നു കൂടി ഓർമപ്പെടുത്തുന്നുണ്ട് അതിർത്തിയിൽ ആവർത്തിക്കപ്പെടുന്ന കടന്നുകയറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.