നവംബർ 15, 16 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലിയിൽ സമ്മേളിച്ച ജി20 ഉച്ചകോടി സമാപിച്ചപ്പോൾ ആര് എന്തു നേടി എന്ന പതിവു ചോദ്യമുയരുന്നുണ്ട്. ലോകത്തെ മുൻനിര സമ്പദ് വ്യവസ്ഥകളുള്ള 19 രാഷ്‌ട്രങ്ങളും യൂറോപ്യൻ യൂനിയനും ചേർന്ന ജി20 എന്ന വേദി 1999ൽ രൂപവത്കരിക്കുമ്പോൾ പ്രധാനമായും കണ്ടത് മൂന്നു ലക്ഷ്യങ്ങളായിരുന്നു. ആഗോള സാമ്പത്തിക മേഖലയിൽ സ്ഥിരതയും വളർച്ചയും നിലനിർത്താൻ സഹകരണം ഉറപ്പുവരുത്തുക, സാമ്പത്തികചട്ടങ്ങൾ വഴി ഭാവിയിൽ സാമ്പത്തികപ്രതിസന്ധി തടയുക, പുതിയ അന്താരാഷ്ട്ര സാമ്പത്തികക്രമം രൂപകൽപന ചെയ്യുക എന്നിവയായിരുന്നു അവ. സാമ്പത്തികമാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിൽ 1999ൽ കേന്ദ്രബാങ്കുകളുടെ ഗവർണർമാരും ധനകാര്യമന്ത്രിമാരുമായിരുന്നു പങ്കെടുത്തതെങ്കിൽ, 2008ൽ അത് ഭരണകൂട തലവന്മാരുടെ പങ്കാളിത്തതലത്തിലേക്ക് വികസിച്ചു. വേദിയുടെയും അതുന്നയിക്കുന്ന വിഷയങ്ങളുടെയും ഗൗരവമാണ് അത് സൂചിപ്പിക്കുന്നത്. അതിലെ അംഗരാഷ്ട്രങ്ങൾക്കുമുണ്ട് പ്രാധാന്യം. ലോക ജനസംഖ്യയുടെ മൂന്നിലൊന്നു വരും ജി20 രാജ്യങ്ങൾ എന്നതുതന്നെ കാരണം. ആഗോള ജി.ഡി.പിയുടെ 85 ശതമാനവും ജി20 രാജ്യങ്ങൾ ചേർന്നതാണെന്നാണ് കണക്ക്.
ഇതെല്ലാമിരിക്കെ തന്നെ ബാലി ഉച്ചകോടി മുൻ സമ്മേളനങ്ങളിലേതിൽനിന്നു എത്രത്തോളം മുന്നോട്ടുപോയി എന്ന ആലോചന പ്രസക്തമാണ്. ലോകം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കാൻപോകുന്നു എന്ന ആശങ്കയുടെ നിഴലിലാണ് സമ്മേളനം നടന്നത്. എന്നാൽ, സാമ്പത്തികവിഷയങ്ങളേക്കാൾ അവിടെ മികച്ചുനിന്നത് രാഷ്ട്രീയവിഷയങ്ങളായിരുന്നു. സാമ്പത്തികഘടകങ്ങൾക്കുമേൽ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള സ്വാധീനം അംഗീകരിച്ചാൽപോലും കഴിഞ്ഞ രണ്ടുദിവസങ്ങളിലും അതിനുമുമ്പ് സമ്മേളനത്തിന്‍റെ തയാറെടുപ്പിനിടയിലും റഷ്യ യുക്രെയ്നിൽ ആക്രമണം നടത്തുകയായിരുന്നു. ആദ്യം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നു വാർത്തവന്നു. പിന്നെ അത് ഇല്ലെന്നായി. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും അതേ. സെലൻസ്കി ഉണ്ടെന്നറിഞ്ഞു പുടിൻ വരുമെന്നായി. പക്ഷേ, പിന്നീട് റഷ്യയുടെ പ്രാതിനിധ്യം വിദേശകാര്യമന്ത്രി ലാവ്‌റോവിലൊതുങ്ങി. സെലൻസ്കി സാന്നിധ്യം വിഡിയോ കോൺഫറൻസ് വഴി തേടുകയും ചെയ്തു. അദ്ദേഹം ജി20 വേദിയെ, ജി19 എന്ന് അഭിസംബോധന ചെയ്തതു ശ്രദ്ധേയമായിരുന്നു. റഷ്യ ഉണ്ടെങ്കിൽ ഞങ്ങളില്ല എന്നുപറഞ്ഞ പ്രമുഖ രാജ്യങ്ങളും ഉണ്ടായിരുന്നു. പോളണ്ടിൽ പതിച്ച മിസൈലുകൾ പിന്നീട് റഷ്യ തൊടുത്തതല്ല എന്ന നിഗമനത്തിലെത്തിയത് തൽക്കാലം അന്തരീക്ഷത്തിന്‍റെ പിരിമുറുക്കത്തിൽ അയവുവരുത്തി.
സമ്മേളനത്തിന്റെ ഉൽപന്നമായി രൂപംനൽകിയ 17 പുറം വരുന്ന 'സമവായപത്രം' ഭിന്നതകൾ തുറന്നുകാട്ടിയപ്പോൾതന്നെ സമവായത്തിന്റെ ലാഞ്ഛനകളും അതിലടങ്ങിയിരുന്നു. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ അപലപിക്കുന്ന ഒരു പ്രമേയം റഷ്യ ഉൾപ്പെട്ട വേദിയിൽ പാസാക്കില്ലെന്നുറപ്പ്. പക്ഷേ, റഷ്യക്കുപുറമെ ചൈനയും ഇന്ത്യയും യു.എൻ. വേദികളിലുൾപ്പെടെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നതാണ്. അതേ നിലപാട് ബാലിയിലുമുണ്ടായി എന്നു കരുതാം. പക്ഷേ, അവ്യക്ത പരാമർശമുള്ള പ്രമാണം അംഗീകരിക്കുന്നതിൽ തങ്ങൾക്കു താൽപര്യമില്ലെന്ന നിലപാടായിരുന്നു യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ പലർക്കും. എന്നാൽ, അതോടൊപ്പം, ഇന്ത്യയുടെതന്നെ എടുത്തുപറയപ്പെട്ട നയതന്ത്ര പ്രയോഗം ഉൾപ്പെട്ട ചർച്ചകളുടെ ഫലമായി അവസാനം 'മിക്ക രാഷ്ട്രങ്ങളും യുക്രെയ്‌നിലെ യുദ്ധത്തെ തള്ളിപ്പറയുന്നു' എന്ന ഒത്തുതീർപ്പു പ്രയോഗത്തിൽ അത് പരിഹരിക്കുകയാണുണ്ടായത്. അതിനുപുറമെ ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവക്കെതിരായ നീക്കങ്ങളിലും സാമ്പത്തിക മേഖലയിൽ ലോകം ഭയത്തോടെ ഉറ്റുനോക്കുന്ന ഊർജപ്രതിസന്ധി, ഭക്ഷ്യദൗർലഭ്യം, സംഘർഷവും ഭീകരതയും, ഡിജിറ്റൽ വിടവ് എന്നിവയിലും ഏറക്കുറെ രാജ്യങ്ങൾ യോജിച്ചുനിന്ന് പ്രശ്നങ്ങളെ നോക്കിക്കണ്ടു എന്നതും ആശ്വാസകരമാണ്.
ഇന്ത്യക്ക് രണ്ടു സുപ്രധാന നേട്ടങ്ങളാണ് ഈ സമ്മേളനത്തിൽ ലഭിച്ചത്. അടുത്ത വർഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ വേദിയുടെ പ്രസിഡന്‍റ് പദം ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോദോവിൽനിന്ന് ഏറ്റെടുത്തതായിരുന്നു ഒരു പ്രധാനകാര്യം. ചൈനയുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയ യഥാർഥ അതിർത്തിരേഖയിലെ സംഘർഷങ്ങൾക്കുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി നടന്ന കൂടിക്കാഴ്ചയാണ് മറ്റൊരു നേട്ടം. സമർഖന്തിൽ നടന്ന ഷാങ്‌ഹായ് ഉച്ചകോടിയിലെ ഇരുപക്ഷത്തിന്‍റെയും തണുപ്പൻ മട്ട് കണ്ടവരെല്ലാം പുതിയ സംഭവത്തിൽ സംതൃപ്തരാണ്. ഇന്ത്യക്ക് വരുംവർഷം ജി20 നേതൃത്വത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടാകും. നേതൃപദവിയിലെ അനിവാര്യതയായ സമവായത്തിന്റെ പാതയിൽ ഉഭയകക്ഷിബന്ധങ്ങളെയും അത് സ്വാധീനിക്കും. 2023ൽ തന്നെ ജി20ക്കു പുറമെ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയും ഇന്ത്യയിൽ നടക്കാനിരിക്കെ, ചൈനയും പാകിസ്താനുമായുമുള്ള ബന്ധങ്ങളിൽ നിലവിലെ സ്ഥിതി തുടർന്നാൽ മതിയാവില്ല. എല്ലാ അംഗരാജ്യങ്ങളുടെയും സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ നിരന്തരം നടക്കേണ്ട വിവിധ ഉന്നതതല ചർച്ചകൾക്കു നേതൃത്വം നൽകാൻ കഴിയൂ. ലോകം നേരിടുന്ന സാമ്പത്തികവും സംഘർഷസാധ്യതകളുള്ളതുമായ പ്രശ്നങ്ങളിൽ പൊതു സമീപനങ്ങൾ ഉരുത്തിരിച്ചെടുക്കുകയാണ് നേതൃപദത്തിന്‍റെ മർമം. അത്തരം ധാരണകളിലേക്ക് രാഷ്ട്രനേതൃത്വങ്ങളെ എത്തിക്കാനായാൽ മാത്രമേ ഇത്തരം ആഘോഷസമ്മേളനങ്ങൾക്ക് എന്തെങ്കിലും ഫലസിദ്ധിയുണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.