പൂർണ പരാജയമെന്ന് മിക്കവാറും തീർച്ചപ്പെട്ട ഈജിപ്ത് കാലാവസ്ഥാ ഉച്ചകോടി (കോപ് 27) അവസാനനിമിഷവും കഴിഞ്ഞ് എങ്ങനെയോ തട്ടിപ്പിടഞ്ഞ് രക്ഷപ്പെട്ടു എന്ന പ്രതീതിയാണ് ബാക്കിവെച്ചത്. നിർണിതസമയം കഴിഞ്ഞിട്ടും ഒരു തീർപ്പിലെത്താനാകാതെ ശറമുൽ ശൈഖിൽനിന്ന് വിടേണ്ടിവരുന്ന അവസ്ഥ ഒരുവിധം ഒഴിവായത് ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ ഫണ്ട് രൂപവത്കരിക്കാമെന്ന ധാരണയോടെയാണ്. കാലാവസ്ഥാ ധനസഹായം (ക്ലൈമറ്റ് ഫിനാൻസ്) എന്ന, മുമ്പ് രൂപപ്പെടുത്തിയ ധാരണയനുസരിച്ച് ദരിദ്രരാജ്യങ്ങളെ ശുദ്ധ ഊർജങ്ങളിലേക്ക് മാറുന്നതിനും കാലാവസ്ഥക്കെടുതികൾ മറികടക്കുന്നതിനും സഹായിക്കേണ്ട ബാധ്യത സമ്പന്നരാജ്യങ്ങൾക്കുണ്ട്. അതിനു പുറമെയാണ് ഇപ്പോൾ ആദ്യമായി 'നാശനഷ്ട ഫണ്ട്' (ലോസ് ആൻഡ് ഡാമേജ്) എന്നപേരിൽ, ഇതിനകം ദരിദ്രരാജ്യങ്ങളെ ബാധിച്ചുകഴിഞ്ഞ കെടുതികൾക്കും നഷ്ടങ്ങൾക്കുമായി പരിഹാര ധനസഹായം തത്ത്വത്തിലെങ്കിലും അംഗീകരിക്കപ്പെടുന്നത്. പ്രായോഗികതലത്തിൽ ഇതിന്റെ വിശദാംശങ്ങൾ ഇനിയും വ്യക്തമാകേണ്ടതുണ്ടെങ്കിലും വികസിതരാജ്യങ്ങൾ തങ്ങളുടെ ബാധ്യത ആദ്യമായി അംഗീകരിച്ചു എന്ന അർഥത്തിൽ ഇത് ഒരു നേട്ടമാണെന്നുപറയാം. പക്ഷേ, ഇതിനുമുമ്പ് സമ്മതിച്ച 10,000 കോടി ഡോളറിന്റെ ധനസഹായത്തിന്റെ ചെറിയ അംശം മാത്രമാണ് സമ്പന്നർ ദരിദ്രരാജ്യങ്ങൾക്ക് കൊടുത്തിട്ടുള്ളത് എന്ന് ഓർക്കുമ്പോൾ ഈ നാശനഷ്ട ഫണ്ടിന്റെ ഭാവിയെപ്പറ്റി സന്ദേഹമുയരുക സ്വാഭാവികം. മലിനീകരണം കുറക്കാൻ സഹായിക്കുന്ന കൂടുതൽ തീരുമാനങ്ങൾ ഉണ്ടായില്ല എന്നത് കോപ് 27ന്റെ ഗുരുതരമായ പിറകോട്ടടിയാണ്. ഇതിനകം രാജ്യങ്ങൾ ബാധ്യതയായി ഏറ്റതോതിൽ മലിനീകരണം കുറക്കാൻ കഴിഞ്ഞിട്ടില്ലെന്ന തിക്ത യാഥാർഥ്യം നിലനിൽക്കെയാണിത്. ആ ഏറ്റെടുത്ത ലക്ഷ്യങ്ങൾപോലും ഒട്ടും പര്യാപ്തമല്ലെന്നുകൂടി ഓർക്കണം. ഇത്തരമൊരവസ്ഥയിൽ ഇരുനൂറോളം രാജ്യങ്ങൾ രണ്ടാഴ്ച എന്താണ് ചെയ്തത് എന്നചോദ്യം പ്രസക്തമാണ്. ഇപ്പോൾ തീർച്ചയായും വ്യക്തതയുമില്ലാത്ത ഒരു ധാരണയെ ചൂണ്ടിക്കാട്ടി ആശ്വസിക്കേണ്ടിവരുന്നു -കഷ്ടം!
ദേശരാഷ്ട്രങ്ങൾ സൃഷ്ടിക്കുന്ന ഭിന്നതകൾ എങ്ങനെ ഭൂമിയുടെ മൊത്തം ഭാവി ദുരിതമയമാക്കുന്നു എന്നതിന്റെ മികച്ച തെളിവാണ്, പതിറ്റാണ്ടുകളിലൂടെ ഗൗരവം കൂടിക്കൂടിവന്നിട്ടും ഫലപ്രദമായ പ്രതിരോധം സാധ്യമായിട്ടും പരമപ്രധാനമായ കാര്യങ്ങളിൽപോലും യു.എൻ കാലാവസ്ഥാ ഉച്ചകോടികൾക്ക് ഒരടി മുന്നോട്ടുപോകാൻ കഴിയാതെപോകുന്നത്. പ്രശ്നം നീതിയുടെയും സത്യസന്ധതയുടെയും കൂടിയാണ്. ഏറ്റവും കൂടുതൽ മലിനീകരണം നടത്തിക്കൊണ്ട് വ്യവസായവത്കരണത്തിന്റെ പ്രയോജനം സ്വന്തമാക്കിയത് സമ്പന്നരാഷ്ട്രങ്ങളാണ്. അതേസമയം, അവർ പുറന്തള്ളിയ വിഷവാതകങ്ങളും മാലിന്യങ്ങളുംമൂലമുണ്ടായ കാലാവസ്ഥാ പ്രതിസന്ധിയുടെ നാശനഷ്ടങ്ങൾ സഹിക്കേണ്ടിവരുന്നത് ദരിദ്രരാഷ്ട്രങ്ങളും. ഫോസിൽ ഇന്ധനങ്ങൾ പാടേ ഒഴിവാക്കുക മാത്രമാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞ് അതിനുള്ള വഴികൾ ലോകം അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾതന്നെയാണ് ഫോസിൽ ഇന്ധന കമ്പനികൾ ഇക്കഴിഞ്ഞ കൊല്ലം മാത്രം അനേക കോടി ഡോളറിന്റെ ലാഭമുണ്ടാക്കിയത്. സ്വകാര്യമേഖലയിലെ ഏഴ് വൻകിട എണ്ണക്കമ്പനികൾ ഇക്കൊല്ലം ഒമ്പത് മാസംകൊണ്ടുണ്ടാക്കിയത് 15,000 കോടി ഡോളറിന്റെ ലാഭമത്രെ. എന്നിട്ട് സർക്കാറുകൾ ചെയ്യുന്നതോ, ഈ കമ്പനികൾക്ക് സബ്സിഡി രൂപത്തിൽ ആനുകൂല്യങ്ങൾ നൽകുകയും. ഓരോ വർഷവും വിവിധ സർക്കാറുകൾ എണ്ണയുൽപാദകർക്ക് 6400 കോടി ഡോളറിന്റെ സബ്സിഡിയാണ് നൽകുന്നത്. അതും പോരാഞ്ഞ്, തങ്ങൾ രൂക്ഷമാക്കിയതും നഷ്ടം പരിഹരിക്കാൻ ബാധ്യതപ്പെട്ടതുമായ കാലാവസ്ഥാപ്രതിസന്ധി തീർക്കാനുദ്ദേശിച്ചുള്ള ഉച്ചകോടികളിൽ ഈ കമ്പനികൾക്ക് നിർണായകമായ നിയന്ത്രണാധികാരം നൽകുന്നു. കോപ് 27ന്റെ സ്പോൺസർമാരിൽ, ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന കൊക്കകോള കമ്പനിയും മലിനീകരണ വ്യവസായങ്ങളിൽ മുമ്പനായ ജനറൽ മോട്ടോഴ്സുമുണ്ട്. ഇത്തരം കുത്തകകളുടെ ലോബിയിസ്റ്റുകളാണ് ചർച്ചക്കെത്തുന്ന നേതാക്കളുടെ ചുറ്റും റാകിപ്പറക്കുന്നത്. ഗ്ലാസ്ഗോയിൽ കഴിഞ്ഞവർഷം നടന്ന കോപ് 26ൽ അറുനൂറോളം ലോബിയിസ്റ്റുകളും എത്തിയിരുന്നു. ഇപ്പോൾ ഈജിപ്തിലെ കോപ് 27ൽ അവരുടെ എണ്ണം 636 ആയി.
ലാഭം മാത്രം നോക്കുന്ന കമ്പനികളും അവർക്ക് വിധേയപ്പെടുന്ന രാഷ്ട്രനേതാക്കളും കാലാവസ്ഥ ഉച്ചകോടികളെ അട്ടിമറിക്കുന്നു എന്ന വിമർശനം ന്യായമാണ്. അവയിൽ സംബന്ധിക്കാനെത്തുന്ന നേതാക്കളുടെ വിമാനയാത്ര മലിനീകരണത്തിന് ആക്കമേറ്റുന്നത് മിച്ചം. കോവിഡ് മഹാമാരി തെളിയിച്ചതുപോലെ, ലോകത്തെ മുഴുവൻ ബാധിക്കുന്ന, അതിരുകളെ മുഴുവൻ അപ്രസക്തമാക്കുന്ന, ആഗോള പ്രതിസന്ധികളെ നേരിടാനാവശ്യമായ ആത്മാർഥതയും നിശ്ചദാർഢ്യവും നേതൃത്വവും ഇല്ല എന്നതാണ് ലോകത്തിന്റെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധി. കോപ് 27ലെ ഒരു അനൗദ്യോഗിക പ്രതിനിധി ചൂണ്ടിക്കാണിച്ചതിൽ കാര്യമുണ്ട്. പടരുന്ന തീ അടുത്തുവരുമ്പോഴും ലോകം അതുണ്ടാക്കുന്ന പുകയെ ചൂണ്ടിക്കാട്ടി തർക്കിക്കുകയാണ്. തീയണക്കാൻവേണ്ട നിശ്ചയദാർഢ്യം പോയിട്ട് തിരിച്ചറിവുപോലും നേതാക്കൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഭരണകൂടങ്ങൾക്കും കുത്തക സ്പോൺസർമാർക്കുമപ്പുറം, സന്നദ്ധ സംഘങ്ങളിലും യുവതലമുറയിലുമാവാം ഇനി ലോകത്തിന് പ്രതീക്ഷയർപ്പിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.