നീതിയുടെ തുലാസ് അട്ടിമറിക്കപ്പെടാതിരിക്കാൻ

രാജ്യത്തെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാറിന് പങ്കും അധികാരവും നൽകാൻ ഉദ്ദേശിച്ചുള്ള ബിൽ നെസറ്റിന്റെ പരിഗണനയിലിരിക്കെ, അതിനെതിരെ ഇസ്രായേലിൽ വൻ ജനകീയ പ്രക്ഷോഭമാണുയരുന്നത്. താരതമ്യേന ജനസംഖ്യ കുറഞ്ഞ രാജ്യമായ ഇസ്രായേലിൽ 90,000 പേരോളം ബില്ലിനെതിരായ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തുവെങ്കിൽ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തട്ടിയെടുക്കാനും അതിനെ കേവലം ഭരണകൂട ചട്ടുകമാക്കാനുമുള്ള ആസൂത്രിത നീക്കത്തിനെതിരെ എത്രമാത്രം വ്യാപകവും ശക്തവുമാണ് ജനകീയ സമരമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നതേയുള്ളൂ. എന്നാൽ, തീവ്ര വലതുപക്ഷ വംശീയ പാർട്ടികളുടെ കൂട്ടുകെട്ടാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ സയണിസ്റ്റ് രാഷ്ട്രത്തിന്റെ അധികാരം പിടിച്ചെടുത്തിരിക്കുന്നതെന്നോർക്കുമ്പോൾ ജനാധിപത്യപ്രേമികളായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പരിണതി എന്താവുമെന്ന് കണ്ടറിയണം. ഫാഷിസ്റ്റ് സ്വഭാവമുള്ള ഏതു കൂട്ടായ്മക്കും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുന്നതിൽ അശേഷം മനസ്സാക്ഷിക്കുത്തുണ്ടാവില്ല. ജർമനിയിൽ ഹിറ്റ്ലറും ഇറ്റലിയിൽ മു​സോളിനിയും ചെയ്തതെന്താണെന്ന് ലോകം കണ്ടിട്ടുള്ളതാണ്. അതേവഴിയേ സഞ്ചരിക്കാനാണ് ഫാഷിസത്തിന്റെ ഒന്നാംനമ്പർ ഇരകളായിരുന്ന ജൂതന്മാർക്കും തങ്ങൾ അന്യായമായി സ്ഥാപിച്ച സയണിസ്റ്റ് രാഷ്ട്രത്തിൽ താൽപര്യം.

നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ് ജൂതരാഷ്ട്രത്തിലെ പുതിയ സംഭവവികാസങ്ങൾ. ഇന്ത്യ ഭരിക്കുന്നതും ഇസ്രായേലിനെപ്പോലെത്തന്നെ തീവ്ര വംശീയതയെ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ശക്തികളാണ്. ജനാധിപത്യത്തിന്റെ പഴുതുകളും അതു നൽകുന്ന ഉദാരമായ അവസരങ്ങളുമുപയോഗിച്ചാണ് പാർലമെന്റിൽ ഭൂരിപക്ഷം നേടി അധികാരത്തിലേറിയതെങ്കിലും എട്ടു വർഷത്തിലൊരിക്കലും ജനാധിപത്യത്തിന്റെ അന്തസ്സത്തയോടുള്ള പ്രതിബദ്ധതയോ ഭരണഘടനയുടെ നീതിപൂർവകമായ താൽപര്യങ്ങളോ ജുഡീഷ്യറിയുടെ നിഷ്പക്ഷതയോ മാധ്യമ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസമോ ഒന്നും സംഘ്പരിവാർ സർക്കാറിന്റെ ദൗർബല്യമായിരുന്നിട്ടില്ല. ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി ഹിന്ദുത്വവത്കരിക്കാനുള്ള ആസൂത്രിത അജണ്ടയാണ് കൃത്യമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 15 ശതമാനത്തിലധികം വരുന്ന മതന്യൂനപക്ഷത്തിൽ ഒരാളെപ്പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരിക്കാൻ കാട്ടിയ ജാഗ്രത ആ വിഭാഗത്തോടുള്ള കുടിപ്പക പുലർത്തുന്നവരെ മർമപ്രധാന സ്ഥാനങ്ങളിൽ അവരോധിക്കാനും നിഷ്കർഷ പുലർത്തുന്നു. പ്രതിബദ്ധത തെളിയിച്ച ആർ.എസ്.എസുകാരെ തിരഞ്ഞുപിടിച്ച് രാജ്ഭവനുകളിൽ കുടിയിരുത്താനും തദ്വാര പ്രതിപക്ഷം ഭരണത്തിലിരിക്കുന്ന സ്റ്റേറ്റുകളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനും സുചിന്തിത പരിപാടിതന്നെ ഉണ്ട്. ഇലക്ഷൻ കമീഷൻ, യു.പി.എസ്.സി, റിസർവ് ബാങ്ക്, നിതി ആയോഗ്, യു.ജി.സി മുതൽ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വരെ സർക്കാർ ചട്ടുകങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള യജ്ഞം വിജയകരമായി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അതിനിടയിലാണിപ്പോൾ നീതിന്യായ വ്യവസ്ഥയെക്കൂടി ‘ദേശീയവത്കരിക്കാനുള്ള’ കുതന്ത്രങ്ങൾ മറനീക്കി പുറത്തുവരുന്നത്. ഒരുവശത്ത് ന്യായാധിപന്മാരുടെ നിയമനാധികാരം ജഡ്ജിമാർ മാത്രമടങ്ങുന്ന കൊളീജിയത്തിന്റെ പിടിയിൽനിന്ന് വേർപെടുത്തി സർക്കാറിന്റെ കൈകളിലേക്ക് മാറ്റാനുള്ള തീവ്രയജ്ഞം മുറുകിക്കൊണ്ടിരിക്കെ, നിലവിലെ ​കൊളീജിയത്തിലൂടെതന്നെ ലക്ഷ്യം വിജയകരമായി നടപ്പാക്കിത്തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു തമിഴ്നാട് ബി.ജെ.പിയുടെ മഹിള സംഘത്തിന്റെ തലൈവി അഡ്വ. വിക്ടോറിയ ഗൗരിയുടെ നാടകീയ ന്യായാധിപ നിയമനം. അതുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേയാണ് സുപ്രീംകോടതിയിൽനിന്ന് കേവലം 40 ദിവസങ്ങൾക്ക് മുമ്പേ വിരമിച്ച ജസ്റ്റിസ് അബ്ദുൽ നസീറിന്റെ ആന്ധ്ര രാജ്ഭവനിലുള്ള സ്ഥാനലബ്ധി. സുപ്രീംകോടതി നിയമവിരുദ്ധമാക്കിയ മുത്തലാഖ് നിയമലംഘനംനടത്തുന്ന മുസ്‍ലിം പുരുഷന്മാർക്ക് തടവും പിഴയും വിധിക്കുന്ന നിയമത്തിന് പച്ചക്കൊടി കാട്ടിയ ബെഞ്ചിൽ നസീറുണ്ടായിരുന്നു. കറൻസി റദ്ദാക്കിയ മോദിസർക്കാർ നടപടിക്ക് സാധുത നൽകിയ ന്യായാധിപസംഘത്തിലുമുണ്ടായിരുന്നു ജസ്റ്റിസ് അബ്ദുൽ നസീർ. അയോധ്യയിലെ ബാബരി മസ്ജിദ് ഏകപക്ഷീയമായി ഹിന്ദുസംഘടനകൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ‘ചരിത്രവിധി’യിൽ ഒപ്പിട്ടവരിലും ഉൾപ്പെട്ടതാണ് അദ്ദേഹത്തിന് ഒട്ടുംവൈകാതെ ഗവർണർ പദവി നേടിക്കൊടുത്തതെന്ന് വിശ്വസിപ്പിക്കുന്നതാണ് സാഹചര്യം. ന്യായാധിപനായിരിക്കെ ആർ.എസ്.എസ് അഭിഭാഷക സംഘടനയുടെ വേദിയിലെത്തി മനുസ്മൃതിയാണ് ഇന്ത്യ പിന്തുടരേണ്ടതെന്ന് അഭിപ്രായപ്പെട്ട അബ്ദുൽ നസീർ കർണാടകയിൽ അഭിഭാഷകവൃത്തിയിലേർപ്പെട്ടിരിക്കെ ജുഡീഷ്യറിയുടെ ഭാഗമാവാൻ ഭാഗ്യംചെയ്ത വ്യക്തിയാണെന്നോർക്കുക. നേരത്തേ രാമക്ഷേത്രവിധി പ്രസ്താവിച്ച സുപ്രീംകോടതി ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് സമ്മാനമായി ലഭിച്ചത് രാജ്യസഭ സീറ്റാണ്. ഇത്തരം പ്രലോഭനങ്ങളിൽ വീഴാത്തവരെ വീഴ്ത്താനുള്ളതാണ് ഇ.ഡിയും മറ്റ് ​അന്വേഷണ ഏജൻസികളും. പ്രലോഭനങ്ങൾ​ക്കോ പ്രകോപനങ്ങൾക്കോ വഴങ്ങാതെ സ്വതന്ത്രമായും നീതിബോധത്തോടെയും പ്രമാദ കേസുകളിൽ വിധി പ്രസ്താവിക്കുന്ന ന്യായാധിപന്മാർക്ക് ഭാഗ്യവശാൽ വംശനാശം സംഭവിച്ചിട്ടില്ല. പക്ഷേ, അ​ങ്ങനെയുള്ളവരുടെ എണ്ണം കാണക്കാണെ കുറഞ്ഞുവരുകയാണ്. ജുഡീഷ്യറിയെ സ്വതന്ത്ര സ്ഥാപനമായി നിലനിർത്താൻ ജനാധിപത്യ പൗരസമൂഹം ജാഗ്രത പുലർത്തുക മാത്രമാണ് പ്രതിരോധമാർഗം.

Tags:    
News Summary - Madhyamam Editorial 2023 february 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.