ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലെ ജോഷിമഠിൽ വൻതോതിൽ ഭൂമിയും കെട്ടിടങ്ങളും വിണ്ടുകീറുകയും മണ്ണിടിയുകയും ചെയ്യുന്ന പ്രതിഭാസം പ്രദേശവാസികളെ മാത്രമല്ല, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെത്തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ബദ്രിനാഥ്, ഹേമകുണ്ഡ് സാഹിബ് എന്നീ ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള വഴിയിൽ ദൃശ്യമായ ഈ പ്രതിഭാസത്തിൽ 4500 കെട്ടിടങ്ങളിൽ 610 എണ്ണം വലിയ വിള്ളലുകൾ വീണ് വാസയോഗ്യമല്ലാതായി. ജോഷിമഠ് മണ്ണിടിച്ചിൽ-ഭൂമിതാഴൽ പ്രദേശമായി പ്രഖ്യാപിച്ച് 600 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) നേരിട്ട് ഉന്നതതല യോഗം വിളിച്ച് വിദഗ്ധസമിതിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നു. അപ്പോഴും ജില്ല കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥസംഘം ദുരന്തകാരണമറിയില്ലെന്ന് കൈമലർത്തുകയാണ്. ഊർജോൽപാദന കമ്പനികൾക്കായി മണ്ണും വിഭവങ്ങളും ചൂഷണം ചെയ്യുന്നതാണ് പ്രകൃതിയുടെ പ്രകോപനത്തിന് കാരണമെന്ന് ജനം ചൂണ്ടിക്കാട്ടിയിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ. പദ്ധതി നിർമാണങ്ങളുടെ ഭാഗമായി നടത്തുന്ന വൻ സ്ഫോടനങ്ങളാണ് വിള്ളലിനു പിന്നിലെന്ന് ചൂണ്ടിക്കാട്ടി അവർ ഒരുമാസംമുമ്പ് മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും അവർ കണ്ണുതുറന്നില്ല.
ജോഷിമഠിൽ കെട്ടിടങ്ങളും ഭൂമിയുമൊന്നും പെട്ടെന്നൊരുനാൾ പൊട്ടിപ്പിളർന്നതല്ല. പരിസ്ഥിതിലോലമായ ഹിമാലയൻ ആവാസവ്യവസ്ഥയിൽ വൻതോതിലുള്ള കടന്നുകയറ്റമാണ് ഉത്തരാഖണ്ഡ് മലനിരകളിൽ നടന്നുവരുന്നതെന്നതിന് ചരിത്രം സാക്ഷിയാണ്. അരനൂറ്റാണ്ടുമുമ്പ് ഭൂമിതാഴ്ച അനുഭവപ്പെട്ടതിനെ തുടർന്ന് അന്നത്തെ ഗഢ്വാൾ കലക്ടർ എം.സി. മിശ്രയുടെ നേതൃത്വത്തിൽ ഒരു പതിനെട്ടംഗ സമിതിയെ സംഭവം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗവൺമെന്‍റ് ചുമതലപ്പെടുത്തിയിരുന്നു. പുരാതനകാലത്തും മണ്ണിടിച്ചിലുണ്ടായ, ഉറച്ച പാറയില്ലാത്ത, മണ്ണുറഞ്ഞ പ്രദേശമാണ് ജോഷിമഠെന്നും അവിടെ വികസനപ്രവർത്തനങ്ങൾ നടന്നാൽ കെട്ടിടങ്ങളും ഭൂമിയും മുങ്ങുന്നത് തുടരുമെന്നും അതിനാൽ ഭാരിച്ച നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലെ പ്രധാന നിർദേശം. ഭൂകമ്പസാധ്യത മേഖലയായതിനാൽ കൃത്യമായ ആസൂത്രണത്തോടുകൂടിയ നിയന്ത്രിത നിർമാണ പ്രവർത്തനങ്ങൾ വേണം നടത്താനെന്നും സമിതി പറഞ്ഞതാണ്. ഉത്തരാഖണ്ഡിൽ ഇടക്കിടെ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോഴൊക്കെ ഇക്കാര്യം വിദഗ്ധർ കൂടക്കൂടെ അധികൃതരെ ഉണർത്തിക്കൊണ്ടുമിരുന്നു. എന്നിട്ടും ബഹുനില കെട്ടിടങ്ങൾ, ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും വലുതുമായ റോപ്വേ, ചാർധാം പദ്ധതിയുടെ ഭാഗമായുള്ള പുതിയ റോഡുകൾ, 420 മെഗാവാട്ടിന്‍റെ വിഷ്ണുപ്രയാഗ് ഹൈഡ്രോപവർ പദ്ധതി, നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) നിർമിക്കുന്ന 520 മെഗാവാട്ടിന്‍റെ തപോവൻ വിഷ്ണുഗഢ് ഹൈഡ്രോ പവർ പ്രോജക്ട് തുടങ്ങിയ വൻകിട പദ്ധതികൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ഭൂമി നെടുകെ പിളർത്തിയാണ് ഇതെല്ലാം നിർമിച്ചെടുക്കുന്നത്. വികസന, ധനമോഹം മൂത്ത് വിദഗ്ധസമിതി നിർദേശങ്ങളെല്ലാം വലിച്ചെറിഞ്ഞ് വഴിയെപോകുന്ന ദുരന്തങ്ങളെ വലിച്ചുകയറ്റി ജനത്തെ വഴിയാധാരമാക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ചെയ്തത്. ജനുവരി ഏഴിനു ശനിയാഴ്ച ജ്യോതിഷ് പീഠം ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി, ആയിരങ്ങളെ അപകടത്തിൽപെടുത്തുന്ന ദുരന്തത്തിൽനിന്ന് രക്ഷാമാർഗം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ധാമി സർക്കാർ സടകുടഞ്ഞെഴുന്നേറ്റത്. എന്നാൽ, ഇപ്പോൾ തല്ലിപ്പടക്കുന്ന വിദഗ്ധസമിതിയും കാര്യമായ പ്രയോജനം ചെയ്യാൻ വഴിയില്ലെന്നാണ് ഇത്രയും കാലം സർക്കാർ പുല്ലുപോലെ തള്ളിയ റിപ്പോർട്ടുകൾ തെളിയിക്കുന്നത്.
ഹിന്ദു തീർഥാടന കേന്ദ്രങ്ങൾ നിരവധിയുള്ള ഉത്തരാഖണ്ഡിന് ദേവഭൂമി എന്നും പേരുണ്ട്. അത് കൂടുതൽ ഉയർത്തിപ്പിടിക്കുന്നവരാണ് ബി.ജെ.പിക്കാർ. എന്നാൽ, ദേവഭൂമിയെ നെടുകെ പിളർത്തി വികസന പദ്ധതികളൊരുക്കുന്നതിലോ അത് മനുഷ്യർക്ക് ദുരിതം വിതക്കുന്നതിലോ അവർക്കു വിഷമമൊന്നുമില്ല. മനുഷ്യർക്കിടയിൽ പിളർപ്പുണ്ടാക്കാൻ അത്തരം പുണ്യനാമങ്ങൾ ഉപയോഗിക്കാനാണ് അവർക്കു താൽപര്യം. ജോഷിമഠിലെ പൊട്ടിപ്പിളരലിനുമുമ്പ് ഉത്തരാഖണ്ഡ് മറ്റൊരു കുടിയിറക്കിന്‍റെ തിരക്കിലായിരുന്നു. ഹൽദ്വാനി ബൻഫൂൽപുരയിലെ അഞ്ചു വാർഡുകളിൽ അരനൂറ്റാണ്ടിലേറെക്കാലമായി കൃത്യമായ രേഖയും പ്രമാണവുമായി ജീവിച്ചുപോകുന്ന 4000 കുടുംബങ്ങളിലെ അരലക്ഷം പേരെയാണ് രായ്ക്കുരാമാനം കുടിയൊഴിപ്പിക്കാൻ ഉത്തരാഖണ്ഡ് ഹൈകോടതി ഉത്തരവിട്ടത്. അരനൂറ്റാണ്ടുമുമ്പ് രേഖസഹിതം കൈവശപ്പെടുത്തി ഇപ്പോഴും നികുതിയും മറ്റു ധനബാധ്യതകളും ഒടുക്കിവരുന്ന താമസക്കാരോടാണ്, റവന്യൂ ഭൂമിയോ റെയിൽവേ ഭൂമിയോ എന്ന് ഇനിയും തിട്ടമായിട്ടില്ലാത്ത സ്ഥലത്തുനിന്നു ഇറങ്ങാൻ പറഞ്ഞത്. അതിനു പിന്തുണയുമായി ‘ദേവഭൂമിയിൽ ഭൂജിഹാദ്’, ‘രണ്ടാം ശാഹീൻബാഗ്’ എന്നൊക്കെ ചാപ്പയടിച്ച് ഇറങ്ങുകയായിരുന്നു ഹിന്ദുത്വകക്ഷികളും അവരുടെ വരുതിയിലുള്ള മുഖ്യധാര മാധ്യമങ്ങളും. അവിടെയും സർക്കാർ ജനത്തിന്‍റെ രക്ഷക്കെത്തിയില്ല എന്നു മാത്രമല്ല, ഹൈകോടതി വിധിയുടെ മറപറ്റി വംശീയാവേശത്തോടെ അവരെ വഴിയാധാരമാക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു. അങ്ങനെ മണ്ണിനെയും മനുഷ്യരെയും ചവിട്ടിമെതിച്ചുള്ള വികസനമോഹങ്ങൾ നമ്മെ എവിടെ കൊണ്ടെത്തിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഉത്തരാഖണ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.