വിദ്വേഷ പരിപാടികൾ, ഭരണകൂടം, ജുഡീഷ്യറി

വിദ്വേഷ പ്രചാരണത്തെപ്പറ്റിയും ചാനൽ വർഗീയതയെപ്പറ്റിയും സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ അടിയന്തര പരിഹാരം തേടുന്ന ഗൗരവപ്പെട്ട പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ആൾക്കൂട്ട ആക്രമണങ്ങൾക്കും അവക്ക് ആഹ്വാനം നൽകുന്നവർക്കുമെതിരെ വൈകാതെ കേസെടുത്ത് അറസ്റ്റ് നടപടിയെടുക്കണമെന്ന കോടതി ഉത്തരവ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിനെതിരെ തുഷാർ ഗാന്ധി പരാതിപ്പെട്ടിരുന്നു. കോടതിയലക്ഷ്യത്തിന് നടപടി വേണമെന്ന പരാതിയിലെ ആവശ്യത്തിന്മേൽ വാദം കേൾക്കെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ച് അധികൃതരുടെ അനാസ്ഥ​യെപ്പറ്റി ചോദ്യങ്ങളുയർത്തി. 2021 ഡിസംബറിൽ ഹിന്ദു യുവവാഹിനിയുടെ ഒരു പരിപാടിയിൽ പ​ങ്കെടുത്തുകൊണ്ട് സുദർശൻ ന്യൂസ് ടി.വി എഡിറ്റർ സുരേഷ് ചവാ​െങ്ക നയിച്ച പ്രകോപനപരമായ പ്രതിജ്ഞ വംശീയഹത്യക്കുള്ള ആഹ്വാനമായിരുന്നു. ഈ സംഭവത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്യാൻ അഞ്ചുമാസമെടുത്തു. എന്തുകൊണ്ടിത്ര കാലതാമസം എന്ന് ആശ്ചര്യപ്പെട്ട ചീഫ് ജസ്റ്റിസ് തുടർന്ന് ചോദിച്ചു: ‘‘2022 മേയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം നിങ്ങൾ എന്താണ് ചെയ്തത്? എത്ര അറസ്റ്റ്? എന്ത് അന്വേഷണം? എത്രപേരെ ചോദ്യം ചെയ്തു? എഫ്.ഐ.ആറിന് അഞ്ചുമാസം; അതിനുശേഷം എട്ടുമാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നാണെങ്കിൽ...?’’ കഴിഞ്ഞ ഏപ്രിലിൽ കോടതിയുടെ വിമർശനത്തിനു ശേഷമായിരുന്നു എഫ്.ഐ.ആർ. അ തിൽ പിന്നീടും ചവാ​ങ്കെ വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. പൊലീസാകട്ടെ, മത സ്പർധയുണ്ടാക്കുന്ന ഒന്നും ചവാ​ങ്കെ പറഞ്ഞില്ലെന്ന് സത്യവാങ്മൂലം സമർപ്പിച്ചു. ഇതു തള്ളിക്കൊണ്ട് സുപ്രീംകോടതി കൽപന ഇറക്കിയ ശേഷമാണ് പൊലീസ് ​കേസെടുക്കാൻ തയാറായത്. ആ കേസിന്റെ അവസ്ഥയാണിപ്പോൾ കോടതിയുടെ വിഷയം. ചവാ​ങ്കെയുടെ വിദ്വേഷ പ്രസംഗംതന്നെ മൂന്നിൽവെച്ചാണ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ ബെഞ്ച് ടെലിവിഷൻ ചാനലുകളിലെ വിദ്വേഷ പ്രചാരകരായ അവതാരകർക്ക് തടയിടണമെന്ന നിരീക്ഷണം കഴിഞ്ഞദിവസം നടത്തിയത്. വിദ്വേഷപ്രസംഗങ്ങൾക്കെതിരായ ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

കഴിഞ്ഞ നൂറ്റാണ്ടിൽ ജർമനിയിലും റുവാണ്ടയിലും വംശഹത്യക്ക് മണ്ണൊരുക്കിയ വിദ്വേഷ പ്രചാരണത്തിന്റെ ആവർത്തനമാണ് ഇന്ത്യയിൽ ഇന്ന് കാണുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മഹാവിപത്ത് ഒഴിവാക്കാനുളള അവസരമായിത്തന്നെ കോടതിയുടെ ഇടപെടലിനെ കാണേണ്ടതുണ്ട്. നിയമമില്ലാത്തതല്ല പ്രശ്നം. ഇന്ത്യൻ ശിക്ഷാ നിയമം 295 എ മതനിന്ദ തടയുന്ന വകുപ്പാണ്. മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗങ്ങൾ അതുപ്രകാരം ശിക്ഷാർഹമാണ്. വിദ്വേഷ പ്രസംഗത്തെത്തന്നെ നിരോധിക്കുന്നതാണ് 153 എ, ബി വകുപ്പുകൾ. വാർത്താചാനലുകൾ സ്വയം നിയ​ന്ത്രണത്തിനായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അതോറിറ്റി (എൻ.ബി.എസ്.എ)ക്ക് രൂപം കൊടുത്തിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും സ്വയം നിയന്ത്രണ സംവിധാനങ്ങളുമെല്ലാമുണ്ടെങ്കിലും വിദ്വേഷ പ്രചാരണങ്ങൾക്ക് കുറവുണ്ടായിട്ടില്ല. ഒരു കാരണം, ‘വിദ്വേഷപ്രചാരണ’ത്തിന് കൃത്യമായ നിർവചനമില്ലാത്തതാണ്. മറ്റൊന്ന്, അധികൃതർ തന്നെ വിഭാഗീയതയുടെ ഭാഗമാകുന്നു എന്നതും. ഇതിന്റെ ഫലമോ, ഒരുവശത്ത് അധികാരികൾക്ക് ഇഷ്ടമില്ലാത്തവർ ശിക്ഷാ നടപടിക്ക് വിധേയമാകുന്നു; സദുദ്ദേശ്യത്തോടെ ഉണ്ടാക്കിയ നിയമം മാധ്യമ​വേട്ടക്ക് ആയുധമാകുന്നു. ബോധപൂർവമോ പ്രത്യാഘാതമുണ്ടാക്കുന്നതോ അല്ലാത്ത ഒരു അബദ്ധത്തിന്റെ പേരിൽ ‘ദ വയർ’ വാർത്താപോർട്ടലിനെതിരെ കേസെടുത്ത അധികാരികൾ തന്നെയാണ് വ്യക്തമായ അക്രമ ആഹ്വാനങ്ങൾ കേട്ടില്ലെന്നു നടിക്കുന്നതും.

മറുവശത്ത് ന്യൂനപക്ഷ വിഭാഗക്കാർ സിവിൽ സർവിസിൽ ‘നുഴഞ്ഞുകയറുന്നു’ എന്ന ആരോപണവുമായി ‘സുദർശൻ ടി.വി’ ‘യു.പി.എസ്.സി’ ജിഹാദ് പരമ്പര തുടങ്ങിയപ്പോൾ സുപ്രീംകോടതിയാണ് ഇടപെട്ട് തടഞ്ഞത്. തടയേണ്ടത് ​തടയാതിരിക്കുന്ന സർക്കാർ വിമർശനങ്ങൾ അടിച്ചമർത്താൻ നിയമത്തെ കൂട്ടുപിടിക്കുന്നു. ഇന്ത്യയിൽ അധികാരികൾ 2022ൽ മാധ്യമങ്ങൾക്കെതിരായ വേട്ട ‘‘ശക്തി​െപ്പടുത്തുകയും വിപുലപ്പെടുത്തുകയും’’ ചെയ്തു എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിന് ഊനം തട്ടാതെ, എന്നാൽ വിദ്വേഷ പ്രചാരണത്തിന് അത് ദുരുപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തി​െക്കാണ്ട് എങ്ങനെ നീങ്ങാം എന്നത് കോടതി സഗൗരവം പരിഗണിക്കേണ്ട വിഷയമാണ്. വിഭാഗീയതയോടും ഭൂരിപക്ഷവാദത്തോടും ചേർന്നു നിൽക്കുകയും ആ ചായ്‍വ് നടപടികളിൽ പുലർത്തുകയും ചെയ്യുന്ന ഭരണകൂടത്തെ ചെറുത്തുകൊണ്ടുവേണം നീതി നടപ്പാക്കാൻ എന്നത് ജുഡീഷ്യറിക്ക് മുമ്പാകെയുള്ള വലിയ വെല്ലുവിളിയാണ്. വിദ്വേഷ പ്രചാരണം എന്നാൽ, എന്ത് എന്നതിനെക്കുറിച്ചും അത് തടയാനുള്ള നിയമ നടപടിയെക്കുറിച്ചും വ്യക്തത വേണം. നിയമം തോന്നുമ്പോലെ, ‘സെലക്ടിവാ’യി മാത്രം നടപ്പാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. പൊലീസിനെയും ബ്യൂറോക്രസിയെയും രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് മുക്തമാക്കണം. മാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ നിയമ നടപടികളും ബോധവത്കരണവും വേണം. വിദ്വേഷ പ്രസംഗം തടയാനുള്ള പരമമായ ഉത്തരവാദിത്തം സർക്കാറിനാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ശരിയാണ്; പക്ഷേ, ആ ഉത്തരവാദിത്തം അവർ നിർവഹിക്കുന്നു എന്നും, അത് പക്ഷപാതപരമായല്ല നിർവഹിക്കുന്നതെന്നും ഉറപ്പുവരുത്താൻ കഴിയുക ജുഡീഷ്യറിക്കാണ്. ആ അർഥത്തിൽ, വിനാശ മുനമ്പിൽനിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന നിയോഗമാണ് ജുഡീഷ്യറിക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്.

Tags:    
News Summary - Madhyamam Editorial 2023 january 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.