അമേരിക്കയിലെ ഷികാഗോവിന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പ്ലെയ്ൻ ഫീൽഡ് നഗരത്തിൽ ആറ് വയസ്സുകാരനായ മുസ്ലിംകുട്ടി പന്ത്രണ്ടോളം കുത്തുകളേറ്റ് മരിച്ച വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു. 32കാരിയായ അവന്റെ മാതാവും കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിന് ഉത്തരവാദിയായ ജോസഫ് എം. സുബയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗസ്സയിൽനിന്ന് ഹമാസ് ഇസ്രായേലിനുനേരെ നടത്തിയ ആക്രമണത്തിന്റെയും ക്രൂരതകളുടെയും വാർത്തയും ചിത്രങ്ങളുംകണ്ട് അണപൊട്ടിയ രോഷത്തിന്റെയും പ്രതികാരത്തിന്റെയും ഫലമാണ് അതുമായൊരു ബന്ധവുമില്ലാത്ത മുസ്ലിം സ്ത്രീയെയും മകനെയും കുത്തിക്കൊല്ലാൻ തനിക്ക് തോന്നിയതെന്ന് ഘാതകൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി അമേരിക്കൻ പൊലീസ് നഗരങ്ങളിലാകെ ജൂത-മുസ്ലിം ഗ്രൂപ്പുകളുടെ വൈകാരിക പ്രതികരണങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ വ്യാപക പ്രചാരണം നടത്തുന്നതിനിടയിലാണ് ഈ സംഭവം. സെമിറ്റിക് വിരുദ്ധമെന്നും ഇസ്ലാമോഫോബിയ എന്നും വിളിക്കപ്പെടുന്ന പ്രതിഭാസങ്ങൾക്ക് രൂക്ഷത വർധിച്ചിരിക്കുകയാണ് ഫലസ്തീനിലെ അപ്രഖ്യാപിത യുദ്ധത്തോടെ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശബ്ബത്ത് നാളിൽ ഹമാസ് ആരംഭിച്ച അവിചാരിതാക്രമണത്തെക്കുറിച്ച് അതിഭീകര കഥകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുവെയും അമേരിക്കയിലും യൂറോപ്പിലും വിശേഷിച്ചും നിമിഷങ്ങൾക്കകം പ്രചരിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പോലും അത് ഏറ്റെടുത്ത സംഭവം. ഹമാസ് ‘ഭീകരർ’ ഇസ്രായേലിലെ ഒരുപറ്റം കുട്ടികളെ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യം വിഡിയോയിൽ കണ്ട് താൻ സ്തബ്ധനായിപ്പോയെന്ന് ബൈഡൻ തന്നെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് അദ്ദേഹം ഹമാസിന്റെ കൊടും ക്രൂരതകളെക്കുറിച്ച് സുദീർഘമായി സംസാരിക്കുന്നുമുണ്ട്. പക്ഷേ, മണിക്കൂറുകൾക്കുള്ളിൽ വൈറ്റ്ഹൗസിനുതന്നെ പ്രസിഡന്റിനെ തിരുത്തേണ്ടിവന്നു. ഇസ്രായേൽ ഗവൺമെന്റ് സ്ഥിരീകരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രസിഡന്റ് അഭിപ്രായം പറഞ്ഞതെന്ന് വെളിപ്പെടുത്തിയ വൈറ്റ്ഹൗസ് തന്നെ അദ്ദേഹം ചിത്രങ്ങൾ കാണുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പിന്നീട് സമ്മതിക്കാൻ നിർബന്ധിതമായി. വൈറ്റ്ഹൗസിന്റെ നിഷേധം വന്നശേഷവും നമ്മുടെ ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിൽ ഹമാസ് കുഞ്ഞുങ്ങളെ കഴുത്തറുത്ത ദൃശ്യങ്ങൾ അരങ്ങ് തകർക്കുകയാണ്. ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചശേഷം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച മാത്രം അഞ്ചു കോടിയിലധികം പോസ്റ്റുകളാണ് എക്സ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നു. അതിൽ മിക്കതും സത്യവുമായി പുലബന്ധം പോലുമില്ലാത്ത വാർത്തകളോ കൃത്രിമ ചിത്രങ്ങളോ വിദ്വേഷജനകമായ അഭിപ്രായപ്രകടനങ്ങളോ ആയിരിക്കുക സ്വാഭാവികം. ഇന്ത്യയിലിപ്പോൾ യുദ്ധമോ സംഘട്ടനമോ നടക്കുന്നില്ലെന്നും നടക്കാനിരിക്കുന്ന ബാലറ്റ് യുദ്ധത്തിന്റെ തുടക്കം മാത്രമാണിതെല്ലാമെന്നും ഏവരും തിരിച്ചറിയേണ്ടതാണ്.
ഹമാസ്-ഇസ്രായേൽ യുദ്ധത്തെക്കുറിച്ചും ജൂത, മുസ്ലിം സമൂഹങ്ങളെക്കുറിച്ചുമുള്ള മാധ്യമ കമന്റുകളും വിവരങ്ങളും എന്തുമാത്രം അബദ്ധജടിലവും വിദ്വേഷജനകവുമാണെന്ന് പറയേണ്ടതില്ല. നൂറ്റാണ്ടുകളായി തങ്ങളും തങ്ങളുടെ പിതാമഹന്മാരും ജീവിച്ചുവരുന്ന ജന്മനാടായ ഫലസ്തീനിൽനിന്ന് നിഷ്ഠുരമായി ആട്ടിയോടിക്കപ്പെട്ട ഒരു ജനവിഭാഗം ഒരിടത്തും അഭയം ലഭിക്കാതെ ഈജിപ്തിന്റെ നിയന്ത്രണത്തിലിരുന്ന ഗസ്സ മുനമ്പിൽ, ഇസ്രായേൽ തന്നെ ഒപ്പിട്ട ക്യാമ്പ് ഡേവിഡ് കരാറിന്റെ ഭാഗമായി ജീവിതം അനുഭവിച്ചുതീർക്കുകയാണ്. അതുപോലും സയണിസ്റ്റ് രാഷ്ട്രത്തിന്റെ ബോംബ് വർഷവും സമസ്ത ജീവനോപാധികളുടെ ഉപരോധവും മൂലം തടസ്സപ്പെട്ടതിന്റെ സ്വാഭാവിക പരിണതിയാണിപ്പോഴത്തെ തിരിച്ചടിയെന്ന അനിഷേധ്യസത്യം അപ്പാടെ വിസ്മരിച്ചാണ് ഹമാസിന്റെ ‘ഭീകരാക്രമണ’മെന്ന പ്രോപഗണ്ട എന്ന് തിരിച്ചറിയണം. 2007ൽ ഫലസ്തീനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടിയപ്പോൾ ഗസ്സയിൽ മാത്രം അവരുടെ ഭരണം അനുവദിച്ചുകൊടുത്തതിന് ഇസ്രായേലിനും പങ്കുണ്ട് എന്ന കാര്യം മറക്കരുത്. ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വത്തെയും വ്യക്തിത്വത്തെയും അംഗീകരിക്കാൻ തയാറില്ലാത്ത തീവ്രവലതുപക്ഷവും അവരുടെ പിണിയാളുകളുമാണ് ഇവിടെ നടക്കുന്ന സൈബർ യുദ്ധത്തിലെ കക്ഷികൾ എന്ന് വിശദീകരിക്കേണ്ടതില്ല. പക്ഷേ, സുപ്രീംകോടതി പല വിധികളിലും ചൂണ്ടിക്കാട്ടിയപോലെ വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്നതിന് മാധ്യമങ്ങളെ ദുരുപയോഗിക്കുന്ന പ്രവണത ഈയിടെയായി ശക്തിപ്പെട്ടിരിക്കുന്നു. ഇതിങ്ങനെ വളരാനും വ്യാപിക്കാനും വിട്ടാൽ നാടിന്റെ സമാധാനാന്തരീക്ഷം തകർന്ന് മത-വർഗീയ സംഘർഷങ്ങളും സംഘട്ടനങ്ങളും നിത്യസംഭവമായി മാറും. അതുമൂലമുള്ള ധ്രുവീകരണം തൽക്കാലത്തെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് കിനാവ് കാണുന്നവരുണ്ടാകാം. അത്തരം ധ്രുവീകരണത്തിന്റെ ശിക്ഷ വേണ്ടുവോളം അനുഭവിച്ചതും ഇപ്പോഴും അനുഭവിക്കുന്നതുമായ രാജ്യമാണ് ഇന്ത്യ എന്ന് മറക്കരുത്. എന്നിരിക്കെ മാനുഷിക ദുരന്തങ്ങൾക്ക് മാത്രം വഴിമരുന്നിട്ട ഫലസ്തീൻ-ഇസ്രായേൽ രക്തച്ചൊരിച്ചിലിന് എത്രയും പെട്ടെന്ന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ക്രിയാത്മക പങ്കുവഹിക്കാൻ ശേഷിയുള്ള ശക്തിയാണ്, രണ്ടു ജനവിഭാഗങ്ങളുടെയും വിശ്വാസമാർജിച്ച ഇന്ത്യ എന്ന സത്യം മനസ്സിലാക്കി സത്വര ഇടപെടലിന് നമ്മുടെ ഭരണകൂടം രംഗത്തിറങ്ങണം. ഒപ്പം രാജ്യത്തിപ്പോൾ നടക്കുന്ന അനാരോഗ്യകരമായ സാമുദായിക ധ്രുവീകരണ ശ്രമങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.