സംസ്ഥാനത്തെ അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിൽ വലിയ സംവാദം നടക്കുകയുണ്ടായി. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചതോടെയാണ് മൂന്നര മണിക്കൂറോളം സഭാ നടപടികൾ ഇതിനുമാത്രമായി മാറ്റിവെച്ചത്. കാലങ്ങളായി ഇക്കാര്യത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പതിവുവാദങ്ങൾതന്നെയാണ് ഇരുകൂട്ടരും സഭയിലും ഉന്നയിച്ചത്. സർക്കാറിന്റെ പിടിപ്പുകേടും ധൂർത്തും ഒപ്പം നികുതി സംവിധാനം സമ്പൂർണമായി പരാജയപ്പെട്ടതും സംസ്ഥാന ധനസ്ഥിതിയെ താറുമാറാക്കിയെന്ന് പ്രതിപക്ഷം വാദിച്ചപ്പോൾ, എല്ലാം കേന്ദ്രസർക്കാറിന്റെ കുറ്റമായി ഭരണപക്ഷവും അവതരിപ്പിച്ചു. കൂട്ടത്തിൽ, കേന്ദ്രസർക്കാറിന്റെ വാദങ്ങൾ നിയമസഭയിൽ കൊണ്ടുവന്ന പ്രതിപക്ഷത്തിനുനേരെ രാഷ്ട്രീയ വിമർശനം ഉന്നയിക്കാനും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ളവർ മറന്നില്ല. ഒരു ‘പ്രതിപക്ഷ സംസ്ഥാനം’ എന്ന നിലയിൽ കേരളത്തിനുനേരെ കേന്ദ്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന തെറ്റായ സാമ്പത്തിക നയം വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കി എന്നത് ശരിയാണെങ്കിലും, വിഷയത്തെ സത്യസന്ധമായി സമീപിക്കുന്ന ആർക്കും പ്രതിപക്ഷ ആരോപണങ്ങളെ പൂർണമായും തള്ളിക്കളയാനാവില്ല. കഴിഞ്ഞദിവസം, ധനകാര്യമന്ത്രിതന്നെ നിയമസഭയിൽ സമർപ്പിച്ച കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജനുവരിയിൽ റിസർവ് ബാങ്ക് പുറത്തുവിട്ട പഠനറിപ്പോർട്ട് പ്രകാരം, കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടിക്കടുത്താണ്. മുക്കാൽ ലക്ഷത്തിലധികം കടബാധ്യതയുമായാണ് ഓരോ കുഞ്ഞും സംസ്ഥാനത്ത് ജനിച്ചുവീഴുന്നതെന്നാണ് ഇപ്പറഞ്ഞതിന്നർഥം. സാമ്പത്തിക പരിഷ്കരണ പരിപാടികളെന്ന പേരിൽ കേന്ദ്രം നടപ്പാക്കിയ നയങ്ങൾ വല്ലാതെ തിരിച്ചടിച്ചതാണ് സമ്പദ്വ്യവസ്ഥ ഇത്രമേൽ തകർന്നടിയാൻ കാരണമെന്ന് ആരും സമ്മതിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകാതെ മനഃപൂർവം അവഗണിക്കുന്ന നെറികെട്ട രാഷ്ട്രീയ പകപോക്കലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ട്. കേരളത്തിന് നീതിയുക്തമായി ലഭ്യമാക്കേണ്ട ജി.എസ്.ടി നഷ്ടപരിഹാരം നൽകാത്തതും കടമെടുക്കാനുള്ള പരിധിയിൽനിന്നുകൊണ്ട് പണം അനുവദിക്കാത്തതുമെല്ലാം കേരളത്തോടുള്ള അവഗണനതന്നെയാണ്. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തികസ്ഥിതി പിന്നോട്ടടിക്കുന്നതിന് കാരണമായിട്ടുണ്ടെന്നതിൽ സംശയമേതുമില്ല. എന്നാൽ, ഇതുമാത്രമല്ല നിലവിലെ പ്രശ്നങ്ങളുടെ കാരണമെന്ന പ്രതിപക്ഷത്തിന്റെയും സംസ്ഥാനത്തെ പല സാമ്പത്തിക വിദഗ്ധരുടെയും വാദത്തെ ശരിവെക്കുന്നതാണ് ഏറ്റവും പുതിയ സി.എ.ജി റിപ്പോർട്ടും. കാലങ്ങളായുള്ള നമ്മുടെ ധനവിനിയോഗത്തിലെ അശാസ്ത്രീയതയും സാമ്പത്തിക അച്ചടക്കമില്ലായ്മയുമെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി സി.എ.ജി ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ അവഗണിച്ചു തള്ളാനാവില്ല.
സ്വതവേ, സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സാധാരണക്കാർക്കുമേൽ പുതിയ സെസും നികുതിയും ചുമത്തി അധികഭാരം ഏർപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ഏറ്റവും ഒടുവിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽപോലും ഇതായിരുന്നു സ്ഥിതി. കേന്ദ്രത്തിന്റെ ‘ഉപരോധ’ത്തെ മറികടക്കാനുള്ള ഏക വഴിയായി സംസ്ഥാന സർക്കാർ കാണുന്നത് പുതിയ നികുതി നിർദേശങ്ങളും പെട്രോൾ, ഡീസൽ സെസുമൊക്കെയാണ്. ഈ ഘട്ടത്തിൽ, കോടികളുടെ നികുതി കുടിശ്ശിക എന്തുകൊണ്ട് പിരിച്ചെടുക്കുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു. അഥവാ, സർക്കാറിന് കിട്ടാനുള്ള നികുതി കുടിശ്ശിക പിരിച്ചെടുത്താൽ, ദൈനം ദിന ചെലവുകൾക്കുപോലും കടം വാങ്ങുന്ന സർക്കാറിന് അതുതന്നെ വലിയ ആശ്വാസമാകും. എന്നാൽ, ഈ വിമർശനങ്ങളെ കൃത്യമായി നേരിടാൻ ഒരിക്കലും സർക്കാർ തയാറായിട്ടില്ല. ഇക്കാര്യം സി.എ.ജിയും അടിവരയിടുന്നു. 17 ഇനങ്ങളിലായി നികുതിയിനത്തിൽ സംസ്ഥാനത്ത് പിരിച്ചെടുക്കാനുള്ളത് 28,258.39 കോടി രൂപയാണ്. മൊത്തം വരുമാനത്തിന്റെ കാൽ ഭാഗം വരുമിത്. നികുതി കുടിശ്ശിക സംബന്ധിച്ച റിപ്പോർട്ട് യഥാസമയം റവന്യൂ വകുപ്പിന് കൈമാറാത്തതും കുടിശ്ശിക പിരിക്കാൻ നടപടി സ്വീകരിക്കാത്തതുമൊക്കെയാണ് ഇത്രയും തുക വരാൻ കാരണമായതെന്ന സി.എ.ജി വിലയിരുത്തലും ഗൗരവപൂർവം കാണേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങളുടെ ദൗർബല്യങ്ങളിലേക്കും ആ സംവിധാനങ്ങളിലൂടെ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകളിലേക്കുമുള്ള സൂചനകളുമുണ്ട് സി.എ.ജി റിപ്പോർട്ടിൽ. സർക്കാർ ജീവനക്കാരും സർവിസ് പെൻഷൻകാരും വരെ സാമൂഹിക ക്ഷേമ പെൻഷൻ കൈപ്പറ്റിയതിന്റെ കണക്കുകൾ ഈ ക്രമക്കേടുകളുടെ വ്യക്തമായ തെളിവാണ്. കേന്ദ്ര സർക്കാറിന്റെ മറ്റൊരു രാഷ്ട്രീയ ഗിമ്മിക്കായി അവതരിപ്പിച്ച് ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ പാടെ തള്ളാൻ സർക്കാറിന് കഴിയും. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ധനകാര്യ മന്ത്രി തോമസ് ഐസക്ക് സർക്കാറിനെതിരായ വിമർശനങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചത്. ഇനിയും അതാവർത്തിക്കാവുന്നതേയുള്ളൂ. എന്നാൽ, അത് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് സർക്കാർ തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.