അട്ടപ്പാടിയിൽനിന്ന് നാലുനാൾ മുമ്പൊരു സന്തോഷ വർത്തമാനം കേട്ടിരുന്നു. ഔഷധഗവേഷണ രംഗത്തെ ഇന്ത്യയിലെ മുൻനിര ഉന്നതപഠന കേന്ദ്രങ്ങളിലൊന്നായ റായ്ബറേലി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് പുത്തൂർ പഞ്ചായത്ത് ദോഡ്ഡുഗട്ടി ഊര് സ്വദേശിയായ ആർ. ചന്ദ്രൻ എന്ന ആദിവാസി യുവാവ് പി.എച്ച്ഡി നേടിയെന്ന അഭിമാനകരമായ വാർത്ത. ചികിത്സസൗകര്യങ്ങളുടെയും മരുന്നുകളുടെയും അഭാവംമൂലം കുഞ്ഞുങ്ങളും ഗർഭിണികളും മരിച്ചുവീഴുന്ന ഒരു ദേശത്തുനിന്ന് അത്തരമൊരു വിജയത്തിലേക്ക് നടന്നുകയറാൻ അദ്ദേഹം താണ്ടിയ കാടിനേക്കാൾ കടുപ്പമുള്ള ജീവിതയാഥാർഥ്യങ്ങളുടെ വഴിദൂരമളക്കാൻ നമ്മൾ പരിചയിച്ച അളവുകോലുകൾ മതിയാവുകയില്ല. ഡോ.ആർ. ചന്ദ്രൻ കൈവരിച്ച നേട്ടത്തിെൻറ ആനന്ദനെറുകയിൽ നിൽക്കെയാണ് അട്ടപ്പാടിയിലെ അതേ പുത്തൂർ പഞ്ചായത്തിൽനിന്ന് മറ്റൊരു വാർത്തയെത്തുന്നത്. നടുക്കുന്ന, നാണം കെടുത്തുന്ന, അതിലേറെ നിരാശപ്പെടുത്തുന്ന സംഭവം.
പുതൂർ ആനവായ് ഊരിലെ മുത്തു എന്ന ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി നിഷേധിക്കപ്പെട്ടിരിക്കുന്നു, പി.എസ്.സിയുടെ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായതാണ് ഇദ്ദേഹം. പല്ലുകൾ ഉന്തിയതാണ് എന്നതാണ് മുത്തുവിെൻറ അയോഗ്യത. കോമ്പല്ല്, ഉന്തിയ പല്ലുകൾ എന്നിവ അയോഗ്യതയായി കണക്കാക്കുമെന്ന് പി.എസ്.സി യോഗ്യത ചട്ടങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. ഈ മാനദണ്ഡത്തിെൻറ മറപിടിച്ച് തന്റെ വകുപ്പ് നിസ്സഹായരാണെന്നും കുടുംബത്തോട് സഹതാപമുണ്ടെന്നും പറഞ്ഞ് തടിയെടുക്കാൻ നോക്കുന്നു വനം മന്ത്രി. ഇതൊന്നും പുതിയ കാര്യമല്ലെന്നും ചട്ടങ്ങൾക്കനുസൃതമായി മാത്രമേ നിയമനങ്ങൾ നടത്താനാവൂ എന്ന് ന്യായീകരണസാഹിത്യം രചിച്ചിരിക്കുന്നു മുൻ പി.എസ്.സി അംഗമായ എഴുത്തുകാരൻ. മുത്തുവിെൻറ ദുരനുഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ സകല നിയമങ്ങളും ലംഘിച്ച് അണികളെയും ഇഷ്ടക്കാരെയും വിവിധ ഒഴിവുകളിൽ തിരുകിക്കയറ്റുന്ന പാർട്ടിയുടെ പോരാളികൾ സർക്കാറിനെതിരായ മറ്റൊരു ഗൂഢാലോചനയായാണ് കാണുന്നത്. അതുകൊണ്ടുതന്നെ, ജോലി നിഷേധിക്കപ്പെട്ട യുവാവിനെതിരെയും അവർ ഉറഞ്ഞു തുള്ളുന്നു.
വനം മന്ത്രിയും ഈ തൊഴിൽ നിഷേധത്തെ ന്യായീകരിക്കുന്നവരും കാണാതെ പോകുന്ന ചില വസ്തുതകളുണ്ട്. മുക്കാലിയിൽനിന്ന് പിന്നെയും പതിനഞ്ച് കിലോമീറ്റർ കഴിഞ്ഞുള്ള ഒരു ഉൾവനത്തിലാണ് മുത്തുവിെൻറ താമസം. ചെറുപ്പത്തിൽ സംഭവിച്ച ഒരു വീഴ്ചയെ തുടർന്നാണ് പല്ലുകൾക്ക് കേടു സംഭവിച്ചതെന്ന് അദ്ദേഹത്തിെൻറ രക്ഷിതാക്കൾ പറയുന്നു. പതിനെണ്ണായിരം രൂപ ചെലവുള്ള ശസ്ത്രക്രിയ നടത്തിയാൽ ശരിപ്പെടുത്താവുന്നതാണത്രേ ഈ തകരാറ്. അര ലക്ഷം രൂപ വിലയുള്ള കണ്ണാടി സർക്കാർ ചെലവിൽ വാങ്ങുന്ന ഒട്ടനവധി ജനപ്രതിനിധികളുള്ള നാട്ടിലെ, സർക്കാർ ചെലവിലും പാർട്ടി ചെലവിലും സ്വന്തം ചെലവിലും ചികിത്സക്കായി അടിക്കടി വിദേശത്തുപോകുന്ന നേതാക്കളുടെ അനുയായികൾക്ക് മനസ്സിലായെന്നു വരില്ല ഒരു ദരിദ്ര ആദിവാസി കുടുംബത്തിന് പതിനെണ്ണായിരം എത്ര ഭാരിച്ച തുകയാണെന്ന്, ഉള്ളത് വിറ്റും പെറുക്കിയും പണം സ്വരൂപിച്ചാലും ചികിത്സ സൗകര്യങ്ങൾ എത്രമാത്രം അകലെയാണെന്ന്. മുത്തുവിെൻറ ഉന്തിയ പല്ല് ഒരു അയോഗ്യതയാണെങ്കിൽ ആദിവാസി സമൂഹത്തിന് ആവശ്യമായ ചികിത്സസൗകര്യങ്ങൾ ഒരുക്കാത്ത, തെരഞ്ഞെടുപ്പടുക്കുേമ്പാഴോ അടിക്കടി ശിശുമരണങ്ങൾ സംഭവിച്ചാലോ മാത്രം അട്ടപ്പാടിയെക്കുറിച്ചോർക്കുന്ന ഭരണകൂട- ഉദ്യോഗസ്ഥ സംവിധാനങ്ങൾ തന്നെയാണ് അതിനുത്തരവാദികൾ. തങ്ങൾ അനുഭവിച്ച ദുരിതങ്ങളും ദുരന്തങ്ങളും അടുത്ത തലമുറകളിലേക്ക് കൈമാറപ്പെടരുത് എന്ന വാശിയോടെയാണ് ഓരോ ആദിവാസി മാതാപിതാവും മക്കളുടെ പഠനത്തിനുവേണ്ടി അത്യധ്വാനം ചെയ്യുന്നത്, ചെറുപ്പക്കാർ ചെറിയ മട്ടിലെങ്കിലും ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ പരിശ്രമിക്കുന്നത്. അതിനു വഴിമുടക്കുന്ന ഏതൊരു നിയമവും അനീതി തന്നെയാണ്.
ഉന്തിയ പല്ലുകൾ എന്ന അയോഗ്യതയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ആദ്യ വ്യക്തിയല്ല മുത്തു എന്ന വാദവും വ്യാപകമായി ഉയർന്നുകേൾക്കുന്നു. മുൻകാലങ്ങളിൽ എത്ര പേരെ ഇക്കാരണത്താൽ അയോഗ്യരാക്കിയിട്ടുണ്ടോ, അതെല്ലാം അനീതി തന്നെയാണ്. യൂനിഫോം ഉള്ളതോ ഇല്ലാത്തതോ ആവട്ടെ, ഒരു സർക്കാർ ഉദ്യോഗസ്ഥെൻറ കൃത്യനിർവഹണത്തിൽ ഉന്തിയ പല്ലുകൾ ഏതുവിധത്തിലാണ് വിഘാതം സൃഷ്ടിക്കുന്നത് എന്ന് വിശദീകരിക്കപ്പെടുന്നില്ല. കൊളോണിയൽ- നാടുവാഴിക്കാലത്തെ ഏതെങ്കിലും കുടുസ്സുമനസ്സിൽ രൂപംകൊണ്ട സൗന്ദര്യസങ്കൽപങ്ങളുടെ നാണംകെട്ട ശേഷിപ്പാവാം ഇത്തരം ചട്ടങ്ങൾ. ഇതെല്ലാം തനി ബോഡി ഷെയ്മിങ്ങാണ്. മനുഷ്യെൻറ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്ന അവകാശ ലംഘനങ്ങൾ. ഇനിയുമൊരാളുടെ അവകാശം നിഷേധിക്കപ്പെടുന്നതിന് മുമ്പ് ഈ അന്യായ ചട്ടങ്ങൾ പൊളിച്ചെഴുതാനുള്ള നവോത്ഥാന മനസ്സ് സർക്കാറിനുണ്ടാകണം. മുത്തുവിന് അദ്ദേഹം പണിപ്പെട്ട് അരികിലെത്തിയ ജോലി ലഭിക്കുകതന്നെ വേണം. അദ്ദേഹത്തിേൻറതുൾപ്പെടെ ആദിവാസി ഊരുകളിൽ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളൊരുക്കാനും ഇനി അമാന്തമരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.