മനസ്സുണ്ടെങ്കിൽ ഇന്ധനവില കൂട്ടാതെയുമിരിക്കാം

ഇന്ധനവിലകൾ ഒരു ഇടവേളക്കുശേഷം വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 3.45 രൂപയും ഡീസലിന് 3.34 രൂപയും വർധിച്ചത് ഒരു കാര്യം സൂചിപ്പിക്കുന്നുണ്ട്: വിലയേറ്റമില്ലാതെ കഴിഞ്ഞുപോയ ഇടവേളയുടെ പ്രയോജനമൊന്നും ജനങ്ങൾക്ക് ലഭ്യമാകാനിടയില്ലാത്ത വിധം ഇന്ധനവില കുതിച്ചുയരാൻപോകുന്നു. പാചകവാതക വിലയിലും വമ്പിച്ച കയറ്റമാണുണ്ടാവുന്നത്. വില കയറാതെ പിടിച്ചുവെച്ച 137 ദിവസങ്ങളുടെ പ്രയോജനം ജനങ്ങളെ ഉദ്ദേശിച്ചായിരുന്നില്ല എന്ന് ഇതോടെ വ്യക്തമാവുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ അസംബ്ലി ​െതരഞ്ഞെടുപ്പാണ് വില മരവിപ്പിച്ചതിന് കാരണമെന്നും തെരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞാൽ ഈ മരവിപ്പടക്കം മറികടക്കുന്ന വിലക്കയറ്റമുണ്ടാകുമെന്നും പലരും മുന്നറിയിപ്പ് നൽകിയിരുന്നു. അത് ഏറക്കു​റെ അംഗീകൃത വസ്തുതയായി ജനങ്ങൾ കരുതുകയും ചെയ്തു. അതെല്ലാം ശരിയായിരുന്നുവെന്നും തെരഞ്ഞെടുപ്പിൽ ഗുണഫലം കിട്ടാനുള്ള അവിഹിത നയമെന്നതിനപ്പുറം ജനങ്ങളുടെ താൽപര്യമൊന്നും അതിലുണ്ടായിരുന്നില്ലെന്നും നിസ്സംശയം വ്യക്തമാക്കുന്നതാണ് ഇപ്പോൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം. വേറെ രണ്ടുകാര്യങ്ങൾ കൂടി ഇതോടെ വ്യക്തമാകുകയാണ്. കോവിഡ് കാലത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിൽപോലും ഇന്ധനവില കൂട്ടാൻ പറഞ്ഞിരുന്ന ന്യായം, മുമ്പ് പലപ്പോഴുമെന്നപോലെത്തന്നെ, വിലനിർണയം സർക്കാറി​ന്റെ നിയന്ത്രണത്തിലല്ല എന്നായിരുന്നല്ലോ. സർക്കാർ വിചാരിച്ചാൽ വില മരവിപ്പിച്ചുനിർത്താൻ കഴിയുമെന്നും മറിച്ചുള്ള വാദം സത്യമല്ലെന്നും ഇപ്പോൾ സ്പഷ്ടമായിരിക്കുന്നു. രണ്ടാമതായി, വിലനിർണയത്തെ സ്വാധീനിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും എക്സൈസ് തീരുവയും നികുതിയും കുറച്ചുകൊണ്ട് ജനങ്ങളുടെ ഭാരം കുറക്കാൻ സർക്കാറിന് സാധിക്കും. ഇക്കാര്യവും ഇതിനകം വ്യക്തമായി. സർക്കാർ നിയന്ത്രിത ഇന്ധന കോർപറേറ്റുകൾ മുഖേന വില നിയ​ന്ത്രിക്കാൻ കഴിഞ്ഞതുപോ​െലത്തന്നെ, ദീപാവലി വേളയിൽ തീരുവയും നികുതിയും കുറച്ച് വിലയേറ്റത്തിന്റെ ഭാരം കുറക്കാനും കഴിഞ്ഞിരുന്നല്ലോ.

വില പിടിച്ചുവെച്ച 137 ദിവസങ്ങളിലാണ് ആഗോളതലത്തിൽ സമീപകാലത്തെ ഏറ്റവും വലിയ ക്രൂഡോയിൽ വിലക്കയറ്റം ഉണ്ടായത്. നവംബർ ആദ്യവാരം ബാരലിന് 73 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. അവിടെനിന്നും ഉയർന്നുകൊണ്ടിരുന്ന വില, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ 130 ഡോളർവരെ എത്തിയിട്ടും ഇന്ത്യയിൽ ഇന്ധനവില കൂടിയില്ല. പിന്നീട് ക്രൂഡ് വില കുറയുകയാണുണ്ടായത്. ഇപ്പോൾ ഇവിടെ വില കൂട്ടുന്നു. സർക്കാറിന് മനസ്സുണ്ടെങ്കിൽ വില കൂടാ​തെ നോക്കാൻ കഴിയു​മെന്നും, മനസ്സ് ഇല്ലാതാകുന്നതോടെ വിലക്കയറ്റം ഉണ്ടാകുമെന്നുമാണ് ഇതിൽനിന്ന്‍ മനസ്സിലാ​ക്കേണ്ടത്. മുമ്പുപറഞ്ഞ വാദങ്ങൾ ശരിയായിരുന്നില്ല എന്നതുപോലെത്തന്നെ ഇപ്പോൾ തെളിയുന്ന മറ്റൊരു വസ്തുത ഇതാണ്: സർക്കാറിന് മനസ്സുണ്ടാകുന്നതും ഇല്ലാതാകുന്നതും ജനങ്ങളുടെ താൽപര്യം നോക്കിയല്ല, തെരഞ്ഞെടുപ്പിൽ സർക്കാർ പക്ഷത്തിന്റെ താൽപര്യം കണക്കാക്കിയാണ്. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവിടെ നടക്കുന്നതെന്ന് ചുരുക്കം.

​തെരഞ്ഞെടുപ്പിലെ നീതിനിഷ്ഠ ഉറപ്പുവരുത്തുന്ന ചട്ടങ്ങളും കീഴ്വഴക്കങ്ങളും കുറെയുണ്ട്. അവയിൽപെടുന്നതാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഇലക്​ഷൻ കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഫലപ്രഖ്യാപനം പൂർത്തിയാകുംവരെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ പട്ടികയാണത്. സർക്കാർ പക്ഷത്തിനും ഇതരപ​ക്ഷങ്ങൾക്കും അവസരസമത്വം ഉറപ്പാക്കുകയാണ് അതിന്റെ ലക്ഷ്യം. ​പ്രത്യേകിച്ചും അധികാരമുപയോഗിച്ച് സർക്കാർ ചെയ്തേക്കാവുന്ന അവിഹിതമായ ​വോട്ടുപിടിത്ത തന്ത്രങ്ങളടക്കം തടയുക മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ മുഖ്യഭാഗമാണല്ലോ. തെരഞ്ഞെടുപ്പു മത്സരത്തിൽ, അധികാരമില്ലെന്നതിന്റെ പേരിൽ പ്രതിപക്ഷത്തിന് ക്ഷീണമോ, ഭരണപക്ഷത്തിന് അന്യായമായ മെച്ചമോ ഇല്ലാതിരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ഇന്ധനവിലയുടെ കാര്യത്തിൽ, തെരഞ്ഞെടുപ്പുകളിൽ അന്യായമായ പ്രയോജനം നേടാനായി സർക്കാർ നടത്തിയ കബളിപ്പിക്കലായിരുന്നു വില മരവിപ്പിക്കൽ എന്ന് വ്യക്തമായിരിക്കെ വിശദീകരണം ചോദിക്കാൻ ഇലക്​ഷൻ കമീഷന് അവകാശമുണ്ട്. സൗജന്യങ്ങൾ ​​പ്രഖ്യാപിക്കുന്നത് തടയാൻ ​പെരുമാറ്റച്ചട്ടം വഴി സാധിക്കും. എന്നാൽ, വിലക്കയറ്റം പിടിച്ചുവെക്കുന്നത് തടയാനാകില്ല- തടയേണ്ടതുമില്ല. അതേസമയം, പെരുമാറ്റച്ചട്ടം നിലവിലിരുന്ന സമയത്തെ വില ഫലം വന്നശേഷം ഏതാനും മാസംകൂടി നിലനിർത്താനും വർധന വരുത്തു​ന്നുവെങ്കിൽ അതിന് പരിധിയും അനുപാതവും നിശ്ചയിക്കാനും കഴി​യേണ്ടതാണ്.

Tags:    
News Summary - Madhyamam Editorial 27 march 2022 about Petrol and Diesel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.