ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഓങ്സാൻ സൂചി സർക്കാറിനെ പുറത്താക്കുകയും അവരുടെ പാർട്ടിയെ വീണ്ടും അധികാരത്തിലേറ്റിയ ഇലക്ഷൻ റദ്ദാക്കുകയും ചെയ്തുകൊണ്ട് മ്യാന്മറിെൻറ അധികാരം പിടിച്ചെടുത്ത പട്ടാളനടപടിക്കെതിരായ ജനകീയപ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന ഭീകരനടപടിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ ദിവസംവരെ 500ൽപരം പൗരന്മാരാണ് നിഷ്ഠുരമായ കൂട്ടക്കൊലക്ക് ഇരയായിരിക്കുന്നത്. മാത്രമല്ല, പതിറ്റാണ്ടുകൾ നീണ്ട പട്ടാളഭരണത്തിെൻറ കെടുതികൾ വേണ്ടവിധം അനുഭവിച്ച മ്യാന്മർ ജനത ഇനിയുമൊരു സൈനികാധിപത്യത്തിൽ അമർന്നാലുള്ള ഭവിഷ്യത്താലോചിച്ച് തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവഹിക്കാൻ തുടങ്ങിയിരിക്കുന്നു. 3000ത്തോളം മ്യാന്മർ അഭയാർഥികൾ ഇതിനകം തായ്ലൻഡിലേക്ക് പലായനം ചെയ്തിട്ടുണ്ട്. രാഖൈൻ പ്രവിശ്യയിൽനിന്നുള്ള റോഹിങ്ക്യൻ അഭയാർഥികളെക്കൊണ്ട് പൊറുതിമുട്ടിയ ബംഗ്ലാദേശിനെപ്പോലുള്ള അയൽരാജ്യങ്ങളുമുണ്ട് പുതിയ സംഭവവികാസങ്ങളിൽ പരിഭ്രാന്തരായവരിൽ. പ്രകടനങ്ങൾ അടിച്ചമർത്തുകയും പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുകയും ചെയ്യുന്ന ചെയ്തികൾ പട്ടാളം അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മ്യാന്മറിെൻറ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഇല്ല.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നവരെപ്പോലും മൃഗീയമായി ആക്രമിച്ച് നൂറിലധികം പേരെ കൊന്നുതള്ളിയ ക്രൂരതയെ കഴിഞ്ഞദിവസം യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ശക്തിയായി അപലപിക്കുകയുണ്ടായി. പട്ടാള ഭരണകൂടം നടത്തിയ സായുധസേനദിനാചരണം ഭീതിയുടെയും നാണക്കേടിെൻറയും ദിനമായിരുന്നുവെന്നാണ് യൂറോപ്യൻ യൂനിയെൻറ വിദേശനയ മുഖ്യൻ ജോസഫ് സോറൻ പ്രതികരിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പുനഃസ്ഥാപിക്കുന്നതുവരെ മ്യാന്മറുമായുള്ള എല്ലാ വ്യാപാരക്കരാറുകളും സസ്പെൻഡ് ചെയ്തിരിക്കുകയാണ് അമേരിക്ക. പക്ഷേ, അമേരിക്കയുടെ ഇത്തരം നടപടികളോ വിദേശരാജ്യങ്ങളുടെ എതിർപ്പുകളോ ഒന്നും സൈനിക ജണ്ടയെ അത്യാചാരങ്ങളിൽനിന്ന് പിന്തിരിപ്പിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ താമസിയാതെ രഹസ്യ യോഗം ചേർന്ന് ഉപരോധനടപടികളെക്കുറിച്ച് ചർച്ചകൾ നടത്താൻ ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനിച്ചിരിക്കുന്നുവെന്നാണ് വാർത്തകൾ. ഒരുവേള ഇന്ന്- ബുധനാഴ്ച- തന്നെ 15 അംഗ സെക്യൂരിറ്റി കൗൺസിൽ സമ്മേളിച്ചേക്കും.
ഐക്യരാഷ്ട്രസഭക്ക് ഇന്നത്തെ സാഹചര്യത്തിൽ സൈനിക ഇടപെടലിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്നാൽ, നിരന്തരമായ മനുഷ്യാവകാശലംഘനത്തിൽ ഏർപ്പെടുന്ന സർക്കാറുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനങ്ങൾ രക്ഷാസമിതി കൈക്കൊള്ളുകയും നടപ്പാക്കുകയും ചെയ്യാറുണ്ട്. അത്തരം ഉപരോധങ്ങൾ മ്യാന്മറിനെതിരെ സ്വീകരിക്കുന്നതിലേക്ക് യു.എൻ നീങ്ങുമോ എന്നാണ് ലോകം കാതോർക്കുന്നത്. പക്ഷേ, വീറ്റോ അധികാരമുള്ള അഞ്ചു വൻ ശക്തികളിൽ ഒന്നെങ്കിലും ഉപരോധത്തെ എതിർത്താൽ ആ ദിശയിലുള്ള ആലോചനയും ഫലവത്താവില്ല. മ്യാന്മറിെൻറ കാര്യത്തിൽ ചൈനയാണ് രക്ഷകനായെത്തുക. ചൈന സൈനികജണ്ടയോടൊപ്പമാണുതാനും. ജനാധിപത്യ പുനഃസ്ഥാപനത്തിനായുള്ള ജനകീയ പ്രക്ഷോഭം മൂർധന്യത്തിലെത്തിനിൽക്കെ പട്ടാളനേതൃത്വം നടത്തുന്ന ചോരക്കളിക്ക് മധ്യേയാണ് മ്യാന്മർ സായുധസേനദിനം ആഘോഷിച്ചത്. ആഘോഷത്തിൽ പങ്കെടുത്ത എട്ടു രാജ്യങ്ങളിൽ റഷ്യയും ചൈനയും ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടുന്നു. യഥാർഥത്തിൽ പച്ചയായ ജനാധിപത്യധ്വംസനത്തിൽ തെല്ലെങ്കിലും പ്രതിഷേധമോ രോഷമോ ഉണ്ടായിരുന്നെങ്കിൽ ഈ രാജ്യങ്ങൾ ഈയാഘോഷത്തിൽ പങ്കെടുക്കുമായിരുന്നില്ല. പക്ഷേ, വീറ്റോ അധികാരമുള്ള റഷ്യക്കോ ചൈനക്കോ ജനാധിപത്യത്തോടോ മാനവികതയോടോ എന്തെങ്കിലും പ്രതിബദ്ധതയുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിക്ക് വിഷം കൊടുത്തു വധിക്കാൻ നടന്ന ഗൂഢാലോചന കേസിലെ പ്രതിയായ ഏകാധിപതി വ്ലാദിമിർ പുടിനെക്കുറിച്ച എല്ലാ ശുഭപ്രതീക്ഷകളും അസ്ഥാനത്താണ്.
ഉയിഗൂർ മുസ്ലിംകളെ മൃഗീയമായി അടിച്ചമർത്തുകയും തടങ്കൽപാളയങ്ങളിൽ പാർപ്പിച്ച് മനുഷ്യാവകാശങ്ങൾ ധ്വംസിച്ചുകൊണ്ടിരിക്കുകയും ചെയ്തതിെൻറ പേരിൽ ലോകത്തിെൻറ അപ്രീതിക്ക് കാരണമായ ചൈനയാകട്ടെ, മ്യാന്മർ സൈനിക ജണ്ടയുടെ രക്ഷകരായിട്ടാണ് വർത്തിക്കുന്നത്. ചൈന മുതലെടുക്കുമെന്ന ആശങ്ക നിമിത്തമാവാം ജനാധിപത്യ ഇന്ത്യയും ഇന്ത്യയുടെ മുതലെടുപ്പിനെ ഭയന്ന പാകിസ്താനും യാംഗോണിലെ സായുധസേനദിനാഘോഷങ്ങളിൽ പങ്കെടുത്തു. മാനവികതക്കും മനുഷ്യസ്നേഹത്തിനുമപ്പുറത്ത് ദേശീയതാൽപര്യങ്ങൾ എന്ന് വിവക്ഷിക്കപ്പെടുന്ന കാര്യങ്ങൾക്കാണ് പ്രഥമ പരിഗണന ലഭിക്കുന്നത് എന്ന നിർഭാഗ്യകരമായ അവസ്ഥയുണ്ട്. പതിറ്റാണ്ടുകളോളം പട്ടാളബൂട്ടുകളിലമർന്ന ഒരു രാജ്യത്ത് ഓങ്സാൻ സൂചിയും മ്യാന്മർ ജനതയും പൊരുതിനേടിയെടുത്ത ഭാഗികമായ ജനാധിപത്യാവകാശങ്ങൾപോലും ഇവ്വിധം ക്രൂരമായി ആക്രമിക്കപ്പെടുേമ്പാൾ അതിനെതിരെ ചെറുവിരലനക്കാൻ കഴിയാതെ പോവുന്ന നിസ്സംഗതയെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. നീതിനിഷേധത്തിെൻറ കൊടുംക്രൂരതകൾ എത്രകാലം തുടർന്നാലും ജന്മാവകാശമായ സ്വാതന്ത്ര്യം അടിയറവെക്കാൻ തയാറല്ലെന്ന് തങ്ങളുടെ രക്തസാക്ഷിത്വത്തിലൂടെ തെളിയിക്കുന്ന മ്യാന്മർ ജനതക്ക് ഉൗഷ്മളാഭിവാദ്യങ്ങൾ അർപ്പിക്കാനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നമുക്കീയവസരം പ്രയോജനപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.