സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ കേരള ഹൈകോടതി നൽകിയ വിധി നിർഭാഗ്യകരമാണ്. മെറിറ്റ് സ്കോളർഷിപ്പിൽ 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകുന്ന രീതി കോടതി റദ്ദാക്കിയിരിക്കുന്നു. 80:20 അനുപാതത്തിനു പകരം, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതത്തിൽ ആനുകൂല്യം വിതരണം ചെയ്യണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് അവരുടെ പിന്നാക്കാവസ്ഥക്ക് ആനുപാതികമായി അധിക ആനുകൂല്യങ്ങൾ നൽകുന്ന 'രചനാത്മക വിവേചനം' (പോസിറ്റിവ് ഡിസ്ക്രിമിനേഷൻ) അഥവാ സംവരണം, സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള ഉചിത മാർഗമായി ലോകമെങ്ങും അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇവിടെയാകട്ടെ, വർഷങ്ങളെടുത്ത സമഗ്രമായ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ മുസ്ലിംകൾക്കായി തീരുമാനിക്കപ്പെട്ട പരിമിതമായ പരിഹാരംവരെ നിഷേധിക്കുകയാണ് കോടതി ചെയ്യുന്നത്.
സംവരണത്തിന്റെ അടിസ്ഥാന തത്ത്വത്തെ നിരാകരിക്കുന്ന ഈ തീർപ്പ്, നൂറു ശതമാനമാകേണ്ടിയിരുന്ന വിഹിതത്തെ 80 ശതമാനമാക്കിയതിലെ സൗമനസ്യംപോലും കണ്ടില്ലെന്നു വെക്കുക മാത്രവുമല്ല ചെയ്തത്. സമുദായങ്ങൾക്കിടയിൽ വളർത്തപ്പെട്ട തെറ്റിദ്ധാരണകളും അസ്വാരസ്യങ്ങളും യുക്തിപൂർവം വിലയിരുത്തി നീക്കംചെയ്യാനും സാമുദായിക സൗഹാർദം ശക്തിപ്പെടുത്താനും കിട്ടിയ അവസരം പാഴാക്കുകകൂടി ചെയ്തിരിക്കുന്നു ഈ വിധിയിലൂടെ കോടതി. കൃത്യമായ വിശദീകരണം വഴി ഇല്ലാതാക്കാമായിരുന്ന തെറ്റിദ്ധാരണകൾ മുമ്പ് സർക്കാർതലത്തിൽ നീക്കം ചെയ്യപ്പെടാതെ പോയി; ഇപ്പോൾ ജുഡീഷ്യറിയുടെ തലത്തിലും ആ അനീതിക്ക് തുടർച്ചയുണ്ടായിരിക്കുന്നു. കോടതിക്ക് മുമ്പാകെ വരേണ്ടിയിരുന്ന വസ്തുതകൾ മുഴുവൻ അവതരിപ്പിക്കപ്പെട്ടോ എന്നതെല്ലാം വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഒരു യുക്തിയുമില്ലാതെ അന്യായമായുണ്ടായതല്ല മുസ്ലിം വിഭാഗത്തിനായുള്ള സംവരണം. ഒന്നരപ്പതിറ്റാണ്ട് മുമ്പ് ജസ്റ്റിസ് രജീന്ദർ സച്ചാർ തലവനായി കേന്ദ്രസർക്കാർ രൂപവത്കരിച്ച സമിതി കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ചെന്ന് നടത്തിയ സമഗ്രമായ പഠനത്തിനൊടുവിൽ കണ്ടെത്തിയത്, വിദ്യാഭ്യാസമടക്കമുള്ള സൂചകങ്ങളിൽ മുസ്ലിംകൾ മറ്റുള്ളവരെക്കാൾ വളരെ പിന്നിലാണ് എന്നായിരുന്നു. ഇതിന്റെ തുടർച്ചയായി കേരളത്തിൽ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി പത്തംഗ കമ്മിറ്റി കേരളത്തിൽ നടപ്പാക്കേണ്ട നൂറോളം ശിപാർശകൾ സമർപ്പിച്ചു. അതിൽ പറയുന്ന സൗജന്യ മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങളടക്കമുള്ളവ, സച്ചാർ കമ്മിറ്റി നിർദേശിച്ചതിൻ പ്രകാരം മുസ്ലിംകൾക്കായി മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ, ഒരുഘട്ടത്തിൽ, ഈ സൗകര്യങ്ങൾ മറ്റു പിന്നാക്ക ന്യൂനപക്ഷങ്ങൾക്കു കൂടി നൽകാമെന്നും അതുതന്നെയും മുസ്ലിം ഉദ്യോഗാർഥികൾക്ക് നഷ്ടംവരാത്തവിധത്തിലാകണമെന്നും തീരുമാനിച്ചത് മുസ്ലിംകൾക്ക് മാത്രമായുള്ള പദ്ധതിയെ അധികപ്രീണനമായി തെറ്റിദ്ധരിപ്പിക്കാൻ തൽപരകക്ഷികൾക്ക് വഴിതുറന്നുകൊടുത്തു എന്നതാണ് വസ്തുത. നൂറുശതമാനം മുസ്ലിംകൾക്ക് അർഹതപ്പെട്ടതിൽ മറ്റുവിഭാഗങ്ങളെ ഉൾപ്പെടുത്തിയ സൗമനസ്യം, എല്ലാവർക്കും കിട്ടേണ്ടതിൽ 80 ശതമാനം മുസ്ലിംകളെടുക്കുന്നു എന്ന് പ്രചരിപ്പിക്കാൻ അവർ അവസരമാക്കി. മുസ്ലിംകൾക്കുവേണ്ടി ഉദ്ദേശിച്ച പരിശീലന കേന്ദ്രങ്ങളെ 'ന്യൂനപക്ഷങ്ങൾക്കുള്ള കോച്ചിങ് സെൻറർ' എന്നു പേരുമാറ്റി വിളിച്ചത് ഫലത്തിൽ ചീത്തപ്പേരായി മാറി. സംസ്ഥാന ന്യൂനപക്ഷ വകുപ്പാകട്ടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബജറ്റിൽ മെലിഞ്ഞുമെലിഞ്ഞ് വന്നു. മുസ്ലിം പ്രീണനമെന്ന കുപ്രചാരണങ്ങളെ നേരിടുന്നതിനുപകരം രാഷ്ട്രീയ ലാഭത്തിനായി സംസ്ഥാനസർക്കാർ മൗനംപാലിച്ചതും തെറ്റിദ്ധാരണക്ക് ശക്തിപകർന്നു.
പ്രചാരണങ്ങളും അവകാശവാദങ്ങളുമല്ല, വസ്തുതകളാണ് സർക്കാർ നടപടികൾക്കും കോടതിവിധികൾക്കും അടിസ്ഥാനമാകേണ്ടത്. പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന വേണമെന്നതിനാലാണ് ക്രൈസ്തവക്ഷേമ കോർപറേഷൻ (കെ.എസ്.ഡി.സി) അടക്കമുള്ള വിവിധ സ്ഥാപനങ്ങളും പദ്ധതികളും ഏർപ്പെടുത്തുന്നത്. ഇവയെക്കുറിച്ചും അവയുടെ ഗുണഭോക്താക്കളെക്കുറിച്ചും ഓരോന്നിനും കാലങ്ങളായി അനുവദിച്ച ബജറ്റ് വിഹിതത്തെക്കുറിച്ചുമുള്ള ധവളപത്രം സർക്കാർ തയാറാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സമൂഹത്തിൽ വ്യാപകമായി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ ജനങ്ങൾക്കു മാത്രമല്ല, ജുഡീഷ്യറിക്കും ബോധ്യമാകേണ്ടതുണ്ട്. ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാറിനുണ്ട്. ഇക്കാര്യത്തിലും സമ്മർദങ്ങളല്ല, വസ്തുതകളും സ്ഥിതിവിവരങ്ങളുമാണ് തീരുമാനത്തെ നിർണയിക്കേണ്ടത്. ഈ കൃത്യമായ വിവരങ്ങളുടെ ബലത്തിൽ നിയമ നടപടികളിൽ മാത്രമല്ല തുടർച്ച ഉണ്ടാകേണ്ടത്. സാമുദായികാടിസ്ഥാനത്തിൽ -പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ- രൂപപ്പെട്ട അപകടകരമായ തെറ്റിദ്ധാരണകൾ നീക്കംചെയ്യുന്നതിന് ഉന്നതതല കൂടിയാലോചനകൾക്കും സൗഹാർദ നീക്കങ്ങൾക്കും സർക്കാർ മുൻകൈയെടുക്കണം. അന്യായവും അനീതിയും ഇല്ലാതായാൽ പോരാ, ഇല്ലാതായെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.