അനിഷേധ്യ ഭൂരിപക്ഷത്തോടെ രാജ്യവും 18 സംസ്ഥാനങ്ങളും ഭരിക്കുകയോ ഭരണം പങ്കിടുകയോ ചെയ്യുന്ന ബി.ജെ.പിയുടെ പശ്ചാത്തലശക്തിയും യഥാർഥ പിൻബലവുമായ ആർ.എസ്.എസിന് ഇനിയും അതിന്റെ പ്രത്യയശാസ്ത്രപരമായ ഭൂമിക നിർണയിക്കാൻ സാധ്യമായിട്ടില്ലെന്നത് വിചിത്രമെന്നോ സഹതാപാർഹമെന്നോ വിശേഷിപ്പിക്കാവുന്ന ആശയ ദാരിദ്ര്യത്തെ വിളിച്ചോതുന്നതാണ്.
ഹിന്ദുത്വമാണ് തങ്ങളുടെ ദർശനമെന്ന് സംഘ്പരിവാർ അവകാശപ്പെടുന്നുണ്ടെങ്കിലും അതെന്താണെന്ന് നിർവചിക്കാൻ താത്ത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കർക്കുപോലും സാധിച്ചിട്ടില്ലെന്നാണ് 'വിചാരധാര'യടക്കമുള്ള അദ്ദേഹത്തിന്റെ ചിന്താസമാഹാരങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാവുക. ഹിന്ദുത്വം മതമല്ലെന്നും ജീവിതരീതിയും സംസ്കാരവുമാണെന്നും നിരന്തരം ഉദ്ഘോഷിക്കുന്നതല്ലാതെ അനേകായിരം ജാതികളും ഉപജാതികളുമടങ്ങുന്ന ഇന്ത്യൻ ജനസമൂഹത്തിന് ഏക സംസ്കാരമോ ജീവിതരീതിയോ ഉണ്ടെന്ന് സ്ഥാപിക്കാൻ എത്ര കടുത്ത സംഘ്ചിന്തകനും സാധിച്ചിട്ടില്ല. മുപ്പത്തിമുക്കോടി ദൈവങ്ങളിൽ വിശ്വസിക്കുന്നവരാണ് ഹിന്ദുക്കൾ എന്ന് സാഭിമാനം അവകാശപ്പെടുന്നവർ വീക്ഷണവിശാലതയാണ് അത് ദ്യോതിപ്പിക്കുന്നതെന്ന് വാദിക്കുന്നുവെങ്കിലും പലതരം ദൈവസങ്കൽപങ്ങളിലധിഷ്ഠിതമായ വിശ്വാസാചാരങ്ങൾ വൈരുധ്യങ്ങളുടെ കലവറയാണെന്ന് അനുഭവം തെളിയിച്ചു കാട്ടുന്നു.
എണ്ണമറ്റ കുലദൈവങ്ങളും അവയുടെ അവതാരങ്ങളും പൂജാരിമാരും ചേർന്ന് പങ്കിലമായ ഹിന്ദുത്വത്തെ, ഭാരതീയത എന്ന ഏക സംസ്കാരവാദത്തിലേക്ക് ചുരുക്കിക്കൊണ്ടുവരാൻ നടത്തപ്പെട്ട ശ്രമങ്ങളത്രയും വിഫലമായി കലാശിച്ചതാണ് ഇതഃപര്യന്തമുള്ള അനുഭവം. വെറും പതിനഞ്ച് ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണിസത്തിന് തന്നെയും ഏക മുഖമോ വീക്ഷണൈക്യമോ ഇല്ലെന്നിരിക്കെ മഹാഭൂരിപക്ഷം വരുന്ന ഇതര ജാതിക്കാരെ ഒരേ കണ്ണോടെ നോക്കിക്കാണാൻ അതിന് കഴിഞ്ഞിട്ടുമില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിൽ തീവ്രഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥിനെ അക്ഷരാർഥത്തിൽ വിയർപ്പിക്കുന്നത് ബ്രാഹ്മണനല്ലാത്ത യോഗി, സ്വജാതിക്കാരായ ഠാകുർമാരെ കൂടുതൽ പരിഗണിക്കുന്നുവെന്ന കടുത്ത പരാതിയാണ്.
മുഖ്യ ശത്രുവായി അദ്ദേഹം കാണുന്ന മുസ്ലിംകളുടെ നേരെ എതിർപ്പിന്റെ കൂർത്ത മുന തിരിച്ചുവെച്ചാണ് എല്ലാ പ്രചാരണങ്ങളെയും നേരിടാൻ യോഗിയും ഭരണപക്ഷവും ശ്രമിക്കുന്നത്. ഹൈന്ദവ സമൂഹത്തെ തന്നെ ഒന്നായി കാണുന്നതിലും തുല്യരായി പരിഗണിക്കുന്നതിലും ആർ.എസ്.എസ് പരാജയപ്പെട്ടിരിക്കുന്നു എന്നാണ് ഇതിനർഥം. സുപ്രീംകോടതിയുടെ അയോധ്യ വിധിക്കുശേഷവും മുസ്ലിമിനെത്തന്നെ മുഖ്യ ശത്രുസ്ഥാനത്തുനിർത്തി നിഴൽയുദ്ധം തുടരേണ്ടി വരുന്നതിലെ ഗതികേട്, ചിന്താശക്തി ക്ഷയിച്ചിട്ടില്ലാത്ത ഹൈന്ദവരുടെ ആലോചനക്ക് വിഷയീഭവിക്കേണ്ടതാണ്.
ഈ പശ്ചാത്തലത്തിൽ വേണം മതന്യൂനപക്ഷങ്ങളെക്കുറിച്ച ആർ.എസ്.എസിന്റെ ഔദ്യോഗിക നിലപാട് വിശദീകരണത്തെ വിലയിരുത്താൻ. രാജ്യത്തെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഇനി മുതൽ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ലെന്നും സംഘടനാ ഭാരവാഹികളുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിൽ സർസംഘ്ചാലക് മോഹൻ ഭാഗവത് പ്രഖ്യാപിച്ചിരിക്കുകയാണ്.
അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നീ പേരുകളിലാണത്രെ ഇനിമേൽ മുസ്ലിംകളെയും ക്രൈസ്തവരെയും ആർ.എസ്.എസ് സംബോധന ചെയ്യുക. ഈ നാല് വിഭാഗങ്ങളിൽ ഉൾപ്പെടാത്ത ആരും ഇന്ത്യയിലുണ്ടാവില്ല. സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നീ കാറ്റഗറികളിലാവും സ്വാഭാവികമായും ഇതര മതവിഭാഗങ്ങൾ ഉൾപ്പെടുക. എല്ലാ ഇന്ത്യക്കാരനും എപ്പോഴും സാംസ്കാരികമായി ഹിന്ദുവാണെന്നാണ് സംഘ് വീക്ഷണം. ഇന്ത്യയിൽ അധിനിവേശമുണ്ടായ ശേഷമാണ് ചിലർ ഇസ്ലാമിലേക്കും മറ്റു ചിലർ ക്രിസ്തുമതത്തിലേക്കും മാറിയതെന്നും ഭാഗവത് വാദിക്കുന്നു. ആരാധന വ്യത്യസ്തമാകാം. എന്നാൽ, എല്ലാ ഭാരതീയരുടെയും ജീവിതരീതി ഹിന്ദുയിസമാണെന്നാണ് ആർ.എസ്.എസ് കരുതുന്നതത്രെ.
അങ്ങനെയെങ്കിൽ 'ഹിന്ദുക്കളിലെത്തന്നെ' ഒരുവിഭാഗം വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കുന്നതിനോടും അവരുടെ പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനോടും എന്താണിത്ര വിരോധമെന്ന ചോദ്യത്തിന് എന്താണ് മറുപടി? അവരുടേതെന്ന് അനിഷേധ്യ തെളിവുകളുള്ള ആരാധനാലയങ്ങൾപോലും തകർക്കുന്നതിന്റെ ന്യായമെന്ത്? 'സൗഹൃദത്തിലല്ലാത്തവരും അജ്ഞരുമായ' ഹിന്ദുക്കൾക്ക് പൗരത്വം നിഷേധിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും? അത്തരം കൃത്യങ്ങളൊക്കെ അജ്ഞരായ ചിലരുടെ ഒറ്റപ്പെട്ട ചെയ്തികളായിരുന്നു എന്നാണ് വാദമെങ്കിൽ മേലിലെങ്കിലും ഹിംസയും ആൾക്കൂട്ടാക്രമണങ്ങളും കടുത്ത വിദ്വേഷ പ്രചാരണവും ഉപേക്ഷിച്ച് സൗഹൃദപരമായ ചർച്ചകൾക്കും അർഥവത്തായ ഡയലോഗുകൾക്കും ആർ.എസ്.എസ് ആഹ്വാനം ചെയ്യുമോ എന്നാണ് സമാധാനപ്രേമികൾ ഉറ്റുനോക്കുക.
മഹത്തായ ഇന്ത്യ രാജ്യത്തെ 25 കോടിയോളം വരുന്ന മുസ്ലിം-ക്രൈസ്തവ സമുദായങ്ങളെ അവരുടെ വിശ്വാസാചാര വൈവിധ്യങ്ങൾ പൊറുപ്പിച്ചുകൊണ്ട് തുല്യാവകാശങ്ങളും ബാധ്യതകളുമുള്ള പൗരന്മാരായി അംഗീകരിക്കാനും അതുറപ്പ് നൽകുന്ന ഭരണഘടനയുടെ സ്പിരിറ്റ് അക്ഷരാർഥത്തിൽ നിലനിർത്താനും ഇന്ത്യയിലെ ഏറ്റവും ശക്തമായ ഹിന്ദുത്വപ്രസ്ഥാനം തയാറാവുമെങ്കിൽ ഇന്ത്യയുടെ അനുദിനം മോശമായി വരുന്ന പ്രതിഛായ തന്നെ മാറ്റിയെടുക്കാനാവും. മറിച്ച്, അഹിന്ദുക്കളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന മനോഭാവവും ഭീഷണിയുമാണ് തുടരുന്നതെങ്കിൽ രാഷ്ട്രഭദ്രതയെയും വികസനത്തെയും അത് ഏറ്റവും മോശമായ രീതിയിൽ ബാധിക്കുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.