ഖത്തറിൽ യു.എൻ ആഭിമുഖ്യത്തിൽ അമേരിക്ക മുൻകൈയെടുത്തു നടത്തുന്ന അഫ്​ഗാൻ സമാധാനനീക്കങ്ങളെ അനിശ്ചിതത്വത്തിലാക്കി താലിബാൻ രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും അഫ്​ഗാനിൽ ആധിപത്യമുറപ്പിച്ചിരിക്കുന്നു​. മസാറെ ശരീഫ്​, ഹെറാത്​, ജലാലാബാദ്​, കാന്തഹാർ പ്രവിശ്യകൾ താലിബാൻ പിടിച്ചടക്കിയപ്പോൾതന്നെ രാഷ്​ട്രം അവരുടെ പിടിയിലമരുകയാണെന്ന്​ തീർച്ചയായിക്കഴിഞ്ഞിരുന്നു. ഒടുവിൽ, പ്രസിഡൻറ്​ അശ്​റഫ്​ ഗനി അധികാരം വി​െട്ടാഴിഞ്ഞ്​ പലായനം ചെയ്​തതോടെ ചിത്രം പൂർത്തിയായി. താലിബാൻ ഭരണത്തി​െൻറ മുന്നനുഭവത്തിൽ ചകിതരായ വിദേശികളുടെയും സ്വദേശികളുടെയും കൂട്ട പലായനം കൂടിയായതോടെ ഏറെ ആശങ്കകളാണ്​ അഫ്​ഗാന്​ അകത്തും പുറത്തും വ്യാപിക്കുന്നത്​. അഫ്​ഗാനിൽ ഇസ്​ലാമിക്​ റിപ്പബ്ലിക്കിനുപകരം ഇസ്​ലാമിക്​ എമിറേറ്റ്​ പ്രഖ്യാപിച്ച താലിബാൻ, ദോഹ സമാധാനചർച്ചയുടെ വികാരം മാനിച്ച്​ സമാധാനപരമായ അധികാരക്കൈമാറ്റത്തിനുള്ള നീക്കത്തിലാണ്​ തങ്ങളെന്ന്​ അവകാശപ്പെടുന്നുണ്ട്​. പ്രസിഡൻറ്​ ഗനിയുടെ പലായനത്തിനു പിറകെ മുൻ പ്രസിഡൻറ്​ ഹാമിദ്​ കർസായി, മുൻ ഹിസ്​ബെ ഇസ്​ലാമി നേതാവ്​ ഗുൽബുദ്ദീൻ ഹിക്​മത്​യാറിനെയും മുൻ വിദേശമന്ത്രി അബ്​ദുല്ല അബ്​ദുല്ലയെയും കൂട്ടി ഒരു മാധ്യസ്​ഥ്യസമിതിക്ക്​ രൂപം നൽകിയിട്ടുണ്ടെങ്കിലും താലിബാൻ സഹകരിച്ചിട്ടില്ല. ഇടക്കാലത്തേക്കുള്ള താൽക്കാലിക സംവിധാനങ്ങളല്ല, അധികാരക്കൈമാറ്റമാണ്​ വേണ്ട​തെന്ന്​ അവർ​ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്​. താലിബാ​െൻറ കടന്നുവരവിൽ ലോകം അന്തിച്ചുനിൽക്കെ, കമ്യൂണിസ്​റ്റ്​ ചൈന അവർക്കു പിന്തുണ പ്രഖ്യാപിച്ചതാണ്​ പുതിയ വാർത്ത. കഴിഞ്ഞ മാസം ടിയാൻജിനിൽ താലിബാൻ നേതാവും ചൈനീസ്​ വിദേശമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഉഭയകക്ഷിബന്ധം ഉൗട്ടിയുറപ്പിക്കുമെന്നു ഇരുവിഭാഗവും ഉറപ്പുനൽകിയിര​ുന്നു. ദോഹ കരാറിൽ കക്ഷിയായ അമേരിക്ക ഇതുസംബന്ധിച്ച പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, താലിബാന്​ അധികാരം താലത്തിൽ വെച്ചു നീട്ടുന്ന വിധം അമേരിക്ക സ്വീകരിച്ച നയനിലപാടിനെതിരെ വാഷിങ്​ടണിലെ അഫ്​ഗാൻ പൗരന്മാർ വൈറ്റ്​ ഹൗസിനു മുന്നിൽ ശക്തമായി പ്രതിഷേധിച്ചു.

അമേരിക്കൻ പിന്മാറ്റത്തോടെ താലിബാൻ അഫ്​ഗാനിൽ പിടിമുറുക്കുമെന്നതു നേരത്തേ പ്രതീക്ഷിക്കപ്പെട്ടതാണ്​. അതിനാൽ, ഒരിക്കൽ തങ്ങൾ കീഴടക്കിയ താലിബാൻ പിന്നെയും പത്തിയുയർത്തുന്നത്​ എത്ര വൈകിക്കാം, എത്ര കണ്ടു പരിക്കു കുറക്കാം എന്ന ആലോചനയിലായിരുന്നു യു.എസ്​. അങ്ങനെയാണ്​ ഖത്തറിനെ ഇടയിൽനിർത്തി ഭരണകൈമാറ്റ കരാർ എന്ന ആശയത്തിലെത്തിയത്​. ലോകത്തെ പ്രബലരാജ്യങ്ങളെയെല്ലാം ചേർത്തുപിടിച്ച്​ ദോഹ കരാറിനു അമേരിക്ക വഴിയൊരുക്കി. എഴുപതുകളിലെ വിയറ്റ്​നാം അധിനിവേശത്തേക്കാൾ മോശമായ പരാജയത്തിൽ കലാശിച്ച അഫ്​ഗാൻ അധിനിവേശത്തിൽനിന്നു തലയൂരാനുള്ള സുരക്ഷിതപാതയൊരുക്കുകയായിരുന്നു കരാറിലൂടെ അമേരിക്കയും സഖ്യകക്ഷികളും.

അമേരിക്കക്കും സഖ്യകക്ഷികൾക്കും ഭീഷണി സൃഷ്​ടിക്കുംവിധം അഫ്​ഗാ​െൻറ മണ്ണ്​ അൽഖാഇദയുൾപ്പെടെയുള്ള ഭീകരസംഘങ്ങൾക്ക്​ വിട്ടുകൊടുക്കുകയില്ല. അവരുമായി താലിബാൻ അംഗങ്ങൾക്ക്​ സഹകര​ണമോ ബന്ധമോ ഉണ്ടായിരിക്കില്ല, അത്തരം സംഘങ്ങളുടെ റിക്രൂട്ട്​മെൻറ്​, പരിശീലനം, ഫണ്ടുപിരിവ്​ എന്നിവയുമായി സഹകരിക്കുകയില്ല, യു.എസ്​, സഖ്യകക്ഷിരാജ്യങ്ങൾക്ക്​ ഭീഷണി സൃഷ്​ടിക്കുന്നവർക്ക്​ യാത്രാനുമതി രേഖകൾ വിലക്കും തുടങ്ങിയ നിബന്ധനകൾ കരാറി​െൻറ ഭാഗമാണ്. അമേരിക്കയുമായി തുടർന്നും സക്രിയമായ ഉഭയകക്ഷിബന്ധം നിലനിർത്തുമെന്നും പുതിയ അഫ്​ഗാൻ ഇസ്​ലാമിക്​ ഗവൺമെൻറുമായി രാഷ്​ട്ര പുനർനിർമാണ, വികസനയജ്ഞങ്ങളിൽ സാമ്പത്തികസഹകരണവുമായി അമേരിക്ക സജീവമായുണ്ടാകു​മെന്നും കരാറിൽ വ്യക്തമാക്കിയിരുന്നു​.

ഇതനുസരിച്ച്​ ഇൗ മാസാവസാനത്തോടെ പിന്മാറ്റം പൂർത്തിയാക്കി, തങ്ങളുടെ വരുതിയിലുള്ള ഒരു മുന്നണിഭരണത്തെ അഫ്​ഗാനിൽ പ്രതിഷ്​ഠിക്കാനുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പുറപ്പാടിനിടെയാണ്​ എല്ലാം അട്ടിമറിച്ചുള്ള താലിബാ​െൻറ കടന്നുകയറ്റം. അങ്ങനെ അധിനിവേശശക്തികൾക്ക്​ തലയൂരാനുള്ള ശ്രമത്തിലും പിഴച്ചിരിക്കുന്നു. അമേരിക്കയുടെ തണലിൽ കഴിഞ്ഞ അഫ്​ഗാൻ ഭരണകൂടം പ്രവിശ്യകൾ ഒാരോന്നായി താലിബാന്​ അടിയറവെച്ചു.​ ഒടുവിൽ ഭരണാധികാരി തന്നെ രാജ്യം ശത്രുവിന്​ വിട്ടുകൊടുത്ത്​ ഒളിച്ചോടിയിരിക്കുന്നു. യു.എസ്​ കോൺഗ്രസിൽ ഇൗ ജൂലൈയിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട്​ പ്രകാരം അഫ്​ഗാനിലെ സുരക്ഷക്കു മാത്രമായി അമേരിക്ക 88000 കോടി യു.എസ്​ ഡോളർ ചെലവഴിച്ചിട്ടുണ്ട്​. മൂന്നു ലക്ഷം സൈനികരെ തീവ്രപരിശീലനം നൽകി വിന്യസിച്ചിട്ടും താലിബാനോട്​ പിടിച്ചുനിൽക്കാനാവാത്തതിനു പിന്നിൽ അഴിമതിയും ഒരു ഘടകമാണെന്ന്​ റിപ്പോർട്ടിലുണ്ടായിരുന്നു. താലിബാ​െൻറ പിറകിൽ പാകിസ്​താനാണെന്നും പല ബാഹ്യശക്തികളും അവരെ സഹായിക്കുന്നുണ്ടെന്നും കണ്ടെത്തിയതുമാണ്​. ഇതൊക്കെയായിട്ടും അമേരിക്കക്ക്​ പ്രതിരോധത്തിനു കഴിയാതിരുന്നതോ, അതോ, അഫ്​ഗാനിൽ ഇക്കണ്ട കാലമത്രയും കളിച്ചതി​െൻറ ബാക്കി തുടരുന്നതോ എന്നു ഇനിയും വ്യക്തമാകാനിരിക്കുന്നു. ഏതായാലും അഫ്​ഗാനി​ലെ സാധാരണക്കാരെ മാത്രമല്ല, ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളെക്കൂടി ആശങ്കയുടെ ഇരുട്ടിലേക്കു തള്ളിവിട്ടിരിക്കുകയാണ്​ താലിബാ​െൻറ അഫ്​ഗാൻ വിജയം. തിങ്കളാഴ്​ച കാബൂൾ വിമാനത്താവളത്തിൽ വിഹ്വലരായി നാടുവിടാൻ വിമാനങ്ങൾക്കു പിറകെയോടുന്ന ജനം പുതിയ അഫ്​ഗാനിസ്​താെൻറ യഥാർഥചിത്രമാണ്​. അതു മാറ്റിവരക്കാൻ താലിബാൻ തയാറാകുമോ? അതിന്​ ദോഹകരാറി​െൻറ വരച്ച വരയിൽ അവരെ നിലക്കുനിർത്താൻ അന്താരാഷ്​ട്രസമൂഹത്തിനു കഴിയുമോ എന്നതാണ്​ ഇപ്പോൾ ജിജ്ഞാസയുയർത്തുന്ന ചോദ്യം.  

Tags:    
News Summary - madhyamam editorial about taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.