ഫലസ്തീൻ രാഷ്ട്രം: മറ്റൊരു യു.എൻ പ്രമേയം കൂടി

ലസ്തീൻ രാഷ്ട്രം അംഗീകരിച്ച് യു.എ.ഇ അവതരിപ്പിച്ച പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ പാസായി. എന്നാൽ, ഒരു രാഷ്ട്രത്തെ യു.എൻ അംഗീകരിച്ചു എന്ന് പറയണമെങ്കിൽ ഇക്കാര്യത്തിൽ രക്ഷാസമിതി തീരുമാനമെടുക്കണം. ഇസ്രായേലിന്റെ മുഖ്യ രക്ഷാകർത്താവായ അമേരിക്ക പതിവുപോലെ വീറ്റോ പ്രയോഗിക്കുമെന്ന് ആവർത്തിച്ചതിനാൽ പ്രമേയം പാസാവില്ലെന്ന് ഉറപ്പാണ്. അതിനാൽ പൊതുസഭയിലെ അംഗീകാരത്തിന് പ്രതീകാത്മക പ്രാധാന്യം മാത്രമേ ഉള്ളൂ. പക്ഷേ, ഫലസ്തീന് അനുകൂലമായും ഇസ്രായേലിനെതിരായും നിലനിൽക്കുന്ന ലോകാഭിപ്രായത്തിന്‍റെ ഫലമായി 143 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്യുകയും 25 അംഗങ്ങൾ വിട്ടുനിൽക്കുകയും അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ എതിർവോട്ട് രേഖപ്പെടുത്തുകയും ചെയ്തു.


ഫലസ്തീന് 2012 മുതൽ നിരീക്ഷകപദവിയാണുള്ളത്. ഒരു രാഷ്ട്രത്തിന് സമ്പൂർണ പദവി നൽകാനുള്ള പ്രമേയം പാസാകണമെങ്കിൽ രക്ഷാസമിതിയിലെ 15ൽ ഒമ്പത് അംഗ രാഷ്ട്രങ്ങളുടെ പിന്തുണ വേണം; ഒപ്പം സ്ഥിരം അംഗ രാഷ്ട്രങ്ങളിൽ-അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ- ഒന്നിന്‍റെയും വീറ്റോ ഇല്ലാതിരിക്കുകയും വേണം. എങ്കിലും വെള്ളിയാഴ്ചത്തെ വോട്ടിന്റെ ബലത്തിൽ യു.എൻ ചർച്ചകളിൽ മറ്റ് അംഗങ്ങളെപോലെ പങ്കെടുക്കാനും അജണ്ട ഇനങ്ങൾ നിർദേശിക്കാനും തങ്ങളുടെ പ്രതിനിധികളെ സമിതികളിലേക്ക് നാമനിർദേശം ചെയ്യാനുമുള്ള അവകാശം ഫലസ്തീന് ലഭിക്കും.

പൊതുസഭയുടെ തീരുമാനത്തെ ഇസ്രായേൽ പക്ഷം രൂക്ഷമായി വിമർശിച്ചതിൽ അദ്‌ഭുതമില്ല. യു.എന്നിലെ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാൻ പ്രകോപിതനായി യു.എൻ ചാർട്ടർ വലിച്ചുകീറിയാണ് രോഷം പ്രകടിപ്പിച്ചത്. ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കി നിർത്തി ഇസ്രായേൽ അനുസ്യൂതം നടത്തിയ വംശഹത്യയുടെ ഭാഷയിൽതന്നെയാണ് അവരുടെ പ്രതികരണവും. ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തിനുള്ള ‘കൂലി’യാണിതെന്നാണ് ബിന്യമിൻ നെതന്യാഹു മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സ് തീരുമാനത്തെ വിമർശിച്ചത്. ഇസ്രായേലിന്‍റെയും അമേരിക്കയുടെയും പ്രതികരണങ്ങളിലെ സാമ്യത, രണ്ടും ഇന്നത്തെ നിലയിൽ രാഷ്ട്രമെന്ന നില ഫലസ്തീന് കൈവരുന്നത് അംഗീകരിക്കുന്നില്ല എന്നതാണ്. സയണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഭാഗമായി അന്യന്‍റെ ഭൂമിയിൽ കടന്നുകയറി ഇസ്രായേൽ സ്വന്തം രാജ്യം സ്ഥാപിച്ചെങ്കിൽ അമേരിക്ക അതിനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. 1948 ൽ ഇസ്രായേൽ സ്ഥാപിതമായത് മുതൽ ഇന്നുവരെ യു.എസ് പിൻബലത്തോടെ മാത്രമാണ് ആ രാജ്യം നിലനിന്നതും ക്രൂരമായ യുദ്ധങ്ങളും വംശഹത്യവരെ സകല നെറികേടുകളും നടത്തിവരുന്നതും. എന്തിനധികം, ഏറ്റവും അവസാനമായി ഗസ്സയിൽ ഹമാസ് ആക്രമണത്തിനെതിരെ എന്ന പേരിൽ അഴിച്ചുവിട്ട സ്വദേശി നിഷ്കാസനം ഉൾപ്പെടെയുള്ള എല്ലാ ക്രൂരതകൾക്കും അമേരിക്കയുടെ കൈയൊപ്പ് മാത്രമല്ല കൈയയഞ്ഞ സൈനിക, സാമ്പത്തിക സഹായവുമുണ്ടായിരുന്നു.

യു.എൻ ചരിത്രം നോക്കിയാലും 85 ൽപരം യു.എസ് വീറ്റോ പ്രയോഗത്തിൽ 42 എണ്ണവും അമേരിക്ക പ്രയോഗിച്ചത് ഇസ്രായേലിന് അനുകൂലമായാണ്. 2018ൽ ഇസ്രായേൽ തലസ്ഥാനം ടെൽ അവീവിൽനിന്ന് ജെറൂസലേമിലേക്ക് മാറ്റിയ നടപടി അംഗീകരിക്കുകയും ജൂലാൻ കുന്നുകൾ അധിനിവിഷ്ട ഭൂമി എന്നതിൽനിന്ന് ഇസ്രായേലിന്‍റെ സ്വന്തം ഭൂമിയായി അംഗീകരിച്ചു കൊടുക്കുകയും ചെയ്ത യു.എൻ രക്ഷാസമിതിയിലെ ആദ്യ സ്ഥിരാംഗമാണ് അമേരിക്ക എന്നതും ഓർക്കുക.

വെറുതെയല്ല ഗസ്സ നശീകരണത്തിന് സഹായം നൽകുന്നതിനിടെതന്നെ ഇസ്രായേലിന് താക്കീതു നൽകി വാഷിങ്ടൺ സായൂജ്യമടയുന്നത്. ഫലസ്തീൻ രാഷ്ട്രത്തിന്‍റെ കാര്യത്തിൽ ഇസ്രായേലും ഫലസ്തീനും സമാന്തരമായി നിലനിൽക്കുന്ന ഒരു സംവിധാനത്തിന് തങ്ങൾ അനുകൂലമാണെന്ന് പറയും, പക്ഷേ, അത് യു.എൻ പ്രമേയത്തിലൂടെ അല്ല ഉഭയകക്ഷി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വരേണ്ടതെന്ന ന്യായത്തിൽ യു.എൻ പ്രമേയങ്ങളെ തുരങ്കംവെക്കും. ഉഭയകക്ഷി കരാർ ആണെങ്കിൽ, യു.എസ് ആഭിമുഖ്യത്തിൽതന്നെ നടന്ന അനവധി വട്ട ചർച്ചകളിൽ നിർണായകഘട്ടത്തിൽ ഇസ്രായേൽ ഒന്നല്ലെങ്കിൽ മറ്റൊരു തടസ്സം പറഞ്ഞു പിന്മാറും. മിക്കവാറും അത് ഫലസ്തീൻ പക്ഷം ഇസ്രായേലിനെ അംഗീകരിക്കുന്നതിനെ ചൊല്ലിയുള്ള വ്യാഖ്യാനങ്ങളിൽ തട്ടിയായിരിക്കും. അങ്ങനെ ദ്വിരാഷ്ട്രസംവിധാനത്തിലൂടെ പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാമെന്ന ലോകത്തിന്‍റെ പ്രതീക്ഷകൾ എല്ലാം കെടുത്തിയത് ഇസ്രായേൽ മാത്രമാണെന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. യു.എൻ പ്രമേയങ്ങളോ യു.എൻ/യു.എസ് മുൻകൈയിലെ ഒത്തുതീർപ്പുകളോ സയണിസ്റ്റ് രാഷ്ട്രം അംഗീകരിക്കുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ഇസ്രായേലിന് മനസ്സിലാവുന്ന ഭാഷ സൈനികമാണെന്ന തിരിച്ചറിവിൽ ഹമാസ് പോലുള്ള ശക്തികൾ സായുധ പോരാട്ടത്തിന് ഒരുമ്പെടുന്നതും. ഒക്ടോബർ ഏഴിന് മുമ്പ് ഇസ്രായേൽ-ഫലസ്തീൻ പ്രദേശത്ത് സർവം പാലും തേനുമാണെന്ന ഭാവത്തിൽ ഹമാസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവർ അറിയേണ്ടതാണ് ഈ പശ്ചാത്തലവും ‘സത്യസന്ധ മധ്യവർത്തി’യായ യു.എസ് നടത്തുന്ന വീറ്റോ പ്രയോഗവും. അതുവെച്ച് നോക്കിയാൽ പുതിയ യു.എൻ പ്രമേയം വഴി വല്ലതും നടന്നാൽ അതായിരിക്കും മഹാദ്ഭുതമായിത്തീരുക. 

Tags:    
News Summary - Madhyamam editorial another UN resolution on Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.