നാലുദിവസം മുമ്പ് ഇസ്രായേലി അധിനിവേശ സേന ഫലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കിലെ നാബുലസിൽ നടത്തിയ സൈനികാക്രമണത്തിൽ 11 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. അതിൽ അഞ്ചുപേർ സിവിലിയന്മാരാണ്. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇതിനുപിന്നാലെ ഗസ്സയിലെ പോരാളികൾ ഇസ്രായേലിലേക്ക് നാടൻ റോക്കറ്റുകൾ വിക്ഷേപിച്ചു. ഇതുതന്നെ തക്കമെന്ന നിലക്ക് ഇസ്രായേൽ ഗസ്സക്കുനേരെ വ്യോമാക്രമണം തുടങ്ങി. വർഷങ്ങളായി തുടരുന്ന രീതിയാണിത്. വ്യോമാക്രമണങ്ങൾ തങ്ങളുടെ ‘തിരിച്ചടി’യാണെന്ന് ഇസ്രായേൽ എപ്പോഴും അവകാശപ്പെടാറുണ്ട്. അധിനിവിഷ്ട ജനതയെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് അടിച്ചമർത്തുക, അവർക്ക് മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുക, വല്ലപ്പോഴും പരിമിതമായ വിഭവങ്ങൾകൊണ്ട് ഫലസ്തീൻകാർ തിരിച്ചടിച്ചാൽ അത് ഒഴികഴിവായി എടുത്ത് രൂക്ഷമായ ആക്രമണവും കൂട്ടക്കശാപ്പും നടത്തുക -ഇതാണ് ഇസ്രായേലിന്റെ ശൈലി. ഇതിന് ആ രാജ്യത്തിന് അനുവാദവും പിന്തുണയും നൽകിക്കൊണ്ട് അനേകം രാജ്യങ്ങൾ തികഞ്ഞ നീതികേട് തുടരുകയാണ്.
സ്വന്തം നാട്ടിൽ രണ്ടാംതരം പൗരന്മാരായാണ് ഫലസ്തീൻകാർ കഴിയുന്നത്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ ഇല്ലാത്തതല്ല പ്രശ്നം. അധിനിവേശകരുടെ പ്രവർത്തനം 1949ലെ ജനീവ കരാറിന് വിധേയമായിരിക്കണമെന്ന് ഐക്യരാഷ്ട്രസഭ നിർണയിച്ചതാണ്. അധിനിവിഷ്ടപ്രദേശങ്ങളിൽ അധിനിവേശ രാജ്യത്തിന് പരമാധികാരമില്ല, അധിനിവേശം സ്ഥിരമായിക്കൂടാ, പൗരസുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അധിനിവേശകർക്കുണ്ട്, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ ഒഴിപ്പിക്കാനോ പാടില്ല, കൂട്ടശിക്ഷ പാടില്ല, സ്വകാര്യ സ്വത്ത് പിടിച്ചെടുത്തുകൂടാ, സാംസ്കാരിക സ്വത്തിനെ മാനിക്കണം എന്നിങ്ങനെ ജനീവ കരാറിൽ എണ്ണിപ്പറഞ്ഞ വ്യവസ്ഥകൾ ഓരോന്നും ഇസ്രായേൽ പലതവണ ലംഘിച്ചിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ടുനീണ്ട ഈ അധിനിവേശ ക്രൂരത നിത്യേനയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും പ്രബല ലോകരാഷ്ട്രങ്ങൾ ഇസ്രായേലിനെ എതിർക്കുന്നില്ലെന്നു മാത്രമല്ല, തുറന്ന് അനുകൂലിക്കുകയും ചെയ്യുന്നു.
മുക്കാൽ നൂറ്റാണ്ടൊന്നുമായിട്ടില്ല, യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തിന്-ഒരുവർഷം തികഞ്ഞതേയുള്ളൂ. ആണവ ഭീഷണി അടക്കം ഉയർത്തിയ ഈ യുദ്ധം ലോകമെങ്ങും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഉടനെ നിർത്തണം ഈ അധിനിവേശമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എൻ അടക്കം ഇടപെടുന്നുണ്ട്. ഒപ്പം, യുക്രെയ്നെ സഹായിച്ചും നാറ്റോയെ വികസിപ്പിച്ചും അമേരിക്കൻപക്ഷം ചെയ്തുകൂട്ടുന്ന ‘പ്രകോപന നടപടി’കൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറൻ രാജ്യങ്ങളിൽതന്നെ ജനകീയ പ്രകടനങ്ങളും നടക്കുന്നു. യുദ്ധമവസാനിപ്പിച്ച് റഷ്യ യുക്രെയ്നിൽനിന്ന് ഉടൻ പിൻവാങ്ങണമെന്ന് ഐക്യരാഷ്ട്ര പൊതുസഭ വൻ ഭൂരിപക്ഷത്തോടെ ആവശ്യപ്പെട്ടു. എല്ലാം നന്ന്, അതേസമയം, ഇസ്രായേലിന്റെ നിയമവിരുദ്ധ ഫലസ്തീൻ അധിനിവേശത്തെ അപലപിച്ചു യു.എൻ രക്ഷാസമിതിയിൽ വരാനിരുന്ന പ്രമേയം, അമേരിക്ക ‘ഫലസ്തീൻ അതോറിറ്റി’ എന്ന പാവ സർക്കാറിനുമേൽ സമ്മർദം ചെലുത്തി നിർത്തിവെപ്പിച്ചു എന്നാണ് കഴിഞ്ഞദിവസം വന്ന വാർത്ത. യുക്രെയ്ന് ഒരു നീതി, ഫലസ്തീന് മറ്റൊരു ‘നീതി’ എന്ന് വ്യക്തമായികാണിക്കുകയാണ് ലോകരാഷ്ട്രങ്ങൾ ഇതുവഴി ചെയ്യുന്നത്.
യുദ്ധം വഴി അന്യഭൂപ്രദേശങ്ങൾ സ്വന്തമാക്കരുതെന്ന് 1967ൽ യു.എൻ രക്ഷാസമിതി ഏകകണ്ഠമായി തീരുമാനിച്ചതാണ്. റഷ്യ ക്രിമിയയും യുക്രെയ്നും കൈയേറിയത് ഇതിന്റെ ലംഘനമാണ്. അതേപോലെ, ഇസ്രായേൽ ഫലസ്തീൻ പ്രദേശങ്ങളിൽ അധിനിവേശം നടത്തിയതും കിഴക്കൻ ജറൂസലമും ജൂലാൻകുന്നുകളും സ്വന്തമാക്കിയതും രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനംതന്നെ. ഇന്ന് യുക്രെയ്നുവേണ്ടി ശക്തിയുക്തം വാദിക്കുകയും സൈനികമായിപ്പോലും ഇടപെടുന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾ ഇസ്രായേലിന്റെ ഫലസ്തീൻ അനിധിവേശത്തെ വല്ലപ്പോഴുമുള്ള കടലാസ് പ്രമേയങ്ങളിൽ ഒതുക്കിയിരിക്കുന്നു. റഷ്യ മാത്രമല്ല, ഇസ്രായേലും യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ആരോപണമുണ്ട്. എന്നാൽ, റഷ്യ യുക്രെയ്നിൽ ചെയ്ത കുറ്റങ്ങൾ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി, വർഷങ്ങളായി ഫലസ്തീനികൾ ചൂണ്ടിക്കാണിച്ച ഇസ്രായേലി യുദ്ധക്കുറ്റങ്ങൾ കണ്ടിട്ടും അറിഞ്ഞിട്ടും അന്വേഷണാവശ്യം വെച്ചു താമസിപ്പിക്കുകയാണ്.
റഷ്യക്കെതിരെ ഉയർന്നിട്ടില്ലാത്ത മറ്റൊരു ഗുരുതര കുറ്റം കൂടി ഇസ്രായേലിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അധിനിവിഷ്ട ഭൂമിയിലടക്കം അവർ വംശവിവേചനം അഥവാ അപാർതൈറ്റ് നടപ്പാക്കുന്നു എന്നതാണ്. ഇക്കാര്യം യു.എൻ നിയോഗിച്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതുമാണ്. ദക്ഷിണാഫ്രിക്കയെ അപാർതൈറ്റ് മുക്തമാക്കാൻ യു.എന്നിനു കീഴിൽ ലോകരാജ്യങ്ങൾ ഒരുമിച്ച് ഉപരോധമേർപ്പെടുത്തിയിരുന്നു. പക്ഷേ, ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്തുകയെന്ന ചിന്തപോലും പാപമാണെന്ന വിചിത്രവാദമാണ് പലർക്കും ഇപ്പോഴുള്ളത്. അതേസമയം, യുെക്രയ്നുവേണ്ടി റഷ്യക്കെതിരെ പാശ്ചാത്യർ ആവേശപൂർവമാണ് ഉപരോധം പ്രഖ്യാപിച്ചത്.
300ലേറെ നിയമവിരുദ്ധ കൈയേറ്റ പ്രദേശങ്ങളിൽ ഏഴുലക്ഷം ഇസ്രായേലി കുടിയേറ്റക്കാർ ഇന്നുണ്ട്; അവർ കൂടുതൽ കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. യുക്രെയ്നുവേണ്ടി ഉയരുന്ന ബഹളത്തിന്റെ ഒരംശംപോലും ഇതിനെതിരെ ഇല്ല. 2023 യു.എൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75ാം വാർഷികമാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം അധിനിവിഷ്ട ഫലസ്തീൻകാരോട് കിഴക്കൻ ജറൂസലമിലും വെസ്റ്റ്ബാങ്കിലുമായി 3532 മനുഷ്യാവകാശ ലംഘനങ്ങൾ ഇസ്രായേൽ നടത്തിയെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ അധിനിവേശവും അന്യായവും തടയാൻ ശ്രമിക്കുന്ന ലോകം ഏഷ്യയിലെ ‘മധ്യപൗരസ്ത്യ’ മേഖല അനുഭവിക്കുന്ന അനീതി കാണുന്നേയില്ല. ഒരു കൂട്ടരോടുള്ള അനീതി എല്ലാവരോടുമുള്ള അനീതിയാണെന്ന് എപ്പോഴാണ് ലോകം തിരിച്ചറിയുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.