തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെൻറ ആഘോഷങ്ങളും വിശകലനങ്ങളും നടന്നുകൊണ്ടിരിക്കെയാണ് കേരളത്തിലെ മതനിരപേക്ഷതക്ക് അപമാനകരമായ സംഭവം പാലക്കാട് നഗരസഭയിൽ ഉണ്ടായിരിക്കുന്നത്. 52 അംഗ നഗരസഭയില്‍ 24 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ഇതുവരെ ബി.ജെ.പി.
ഇപ്പോൾ നാല് സീറ്റുകൾകൂടി അധികം നേടി കേവലഭൂരിപക്ഷം ലഭിച്ചതോടെ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ എല്ലാ നിയമവും കാറ്റിൽപറത്തി പാലക്കാട് മുനിസിപ്പൽ ഓഫിസിനു മുകളിൽ ശിവജിയുടെ ചിത്രത്തിൽ 'ജയ് ശ്രീരാം' എെന്നഴുതിയ വലിയ ബാനർ തൂക്കിയിരിക്കുന്നു. മറുവശത്ത് തൂക്കിയ ബാനർ മോദി -അമിത് ഷാമാരുടെയും.
അവ തൂക്കുക മാത്രമല്ല, വിഡിയോയിൽ എടുത്ത് നിയമലംഘനത്തെ വിജയക്കുറിയായി പ്രചരിപ്പിക്കുകയുമാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ അതിരു കവിച്ചിലായി ലഘൂകരിക്കാവുന്നതല്ല ഈ ചെയ്തി. വിജയാഘോഷത്തിെൻറ പേരിൽ ഭരണകൂട സ്ഥാപനത്തിൽ കടന്നുകയറി ഉത്തരേന്ത്യൻ മാതൃകയിൽ ജയ് ശ്രീറാം ബാനർ ഉയർത്തുന്നത് കേരളത്തിൽ ആർ.എസ്.എസ് നടപ്പാക്കാൻപോകുന്ന അജണ്ടയുടെ കൃത്യമായ അടയാളമാണ്.
പാലക്കാട് കേരളത്തിെൻറ ഗുജറാത്താെണന്ന ബി.ജെ.പി സംസ്ഥാനവക്താവ് സന്ദീപ് വാര്യരുടെ വിജയാനന്തര പ്രതികരണംകൂടി ചേർത്തുവെക്കുമ്പോഴാണ് അവിടെ നടന്നത് ആഘോഷത്തിമിർപ്പിലെ ആകസ്മികതയല്ലെന്നും വരാനിരിക്കുന്ന കേരളത്തെക്കുറിച്ച മുന്നറിയിപ്പാെണന്നും മനസ്സിലാകുക. ഒരു നഗരസഭ കിട്ടിയതിെൻറ മേളമാണ് ഈ കാണുന്നതെങ്കിൽ കൂടുതൽ അധികാരങ്ങളിൽ സംഘ്പരിവാർ പ്രഭൃതികൾ എത്തിപ്പെടുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ ശോചനീയമാകുമോ കേരളത്തിലെ സാമൂഹികാന്തരീക്ഷം?
മര്യാദ പുരുഷോത്തമൻ ശ്രീരാമൻ കോടിക്കണക്കിന് ഹൈന്ദവരുടെ ആരാധനമൂർത്തിയും ജയ് ശ്രീറാം അവരുടെ ശാന്തി കീർത്തനവുമാണ്. ദൗർഭാഗ്യവശാൽ ശ്രീരാമൻ സമകാലിക ഇന്ത്യയിൽ ഹിന്ദുത്വഫാഷിസത്തിെൻറ ഹിംസാത്മകബിംബമായും ജയ് ശ്രീറാം ആക്രമണത്തിെൻറ ആക്രോശമായും പരിവർത്തിപ്പിച്ചിരിക്കുകയാണ് സംഘ്പരിവാർ.
മതചിഹ്നങ്ങളും ശ്രീരാമകീർത്തനങ്ങളും അപരദ്വേഷത്തിെൻറ ആക്രോശശബ്ദമായി ഉത്തരേന്ത്യയിലേതുപോലെ കേരളത്തിലും ഉയർത്തപ്പെടുന്നത് എത്രമാത്രം ഹിതകരമാെണന്ന് കേരളത്തിലെ ഹൈന്ദവസമൂഹവും സമചിത്തതയോടെ ആലോചിക്കേണ്ടതാണ്. പാലക്കാട്ട് ഉയർന്ന 'ജയ് ശ്രീറാം' ബാനർ ഒരു ലളിതസംഭവമായി ചുരുക്കിക്കാണുന്നതിനർഥം, വോട്ടെടുപ്പിൽ പ്രകടമായാലും ഇല്ലെങ്കിലും വിദ്വേഷരാഷ്ട്രീയം നമ്മുടെയും അകങ്ങളിൽ ആഴത്തിൽ വേരാഴ്ത്തിക്കഴിഞ്ഞു എന്നുതന്നെയാണ്.
വിദ്വേഷത്തിെൻറ രാഷ്ട്രീയത്തെ ലളിതമായും സ്വാഭാവികമായും വിലയിരുത്തുന്ന സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെടുന്നതിെൻറ ധാരാളം ലക്ഷണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവ വേണ്ടവിധം വിശകലനം ചെയ്യപ്പെടുകയും പരിഹാര പ്രക്രിയ ആരംഭിക്കുകയും ചെയ്തിട്ടില്ലെങ്കിൽ മതനിരപേക്ഷ കേരളം എന്നത് പൊയ്വാക്കുകളായി മാറുകയാണ് ചെയ്യുക.
ഒരു നഗരസഭയിൽ വിജയമുണ്ടാകുമ്പോഴേക്കും പാർട്ടി വക്താവ് ഗുജറാത്തിെന ഓർമിപ്പിക്കുകയും അനുയായികൾ ആൾക്കൂട്ട കൊലകളിലും വംശീയാതിക്രമങ്ങളിലും മുഴങ്ങുന്ന മുദ്രാവാക്യങ്ങളുയർത്തുകയും ചെയ്യുന്നത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. പാലക്കാട് കേരളത്തിലെ ഗുജറാത്ത് എന്ന പ്രയോഗത്തിൽ അപകടകരമായ രാഷ്്ട്രീയം ഉള്ളടങ്ങിയിരിക്കുന്നു. അതിൽ ഒരു പ്രത്യേകവിഭാഗത്തിനുനേെരയുള്ള ഭീഷണിയും മുന്നറിയിപ്പുമുണ്ട്. 29 വർഷങ്ങൾക്കു മുമ്പ് 1991 ഡിസംബറിൽ ബി.ജെ.പിയുടെ ഏകതയാത്ര സൃഷ്ടിച്ച വർഗീയവിദ്വേഷത്തിൽ പൊലീസ് വെടിയേറ്റുവീണ പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നിസ ഓർമിപ്പിക്കെപ്പടുന്ന സന്ദർഭത്തിലെ ഇത്തരം യാദൃച്ഛികതകൾ അത്ര ലഘുവായി എടുക്കാനാവില്ല.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് മതനിരപേക്ഷതയുടെ വിജയം എന്നാണ്. മതനിരപേക്ഷതയുടെ ഭരണകൂട പ്രതിനിധാനമായ നഗരസഭ കാര്യാലയത്തിൽ നടന്ന ഈ നിയമലംഘനം രാഷ്ട്രീയവും നിയമപരവുമായ വലിയ പ്രത്യാഘാതങ്ങളുളവാക്കാൻ പോന്നതാണ്. ജനാധിപത്യത്തിന് അപമാനകരമായ ഈ നടപടിയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
മതേതരത്വവും ഭരണഘടന സ്ഥാപനവും അവഹേളിക്കപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസും സി.പി.എമ്മും പരാതി നൽകിയിട്ടുണ്ട്്. മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്്. കാര്യങ്ങളുടെ ഗൗരവമുൾക്കൊണ്ട് അടിയന്തരമായ നിയമനടപടികളിലേക്ക് സർക്കാർ കടക്കുമെന്ന് പ്രതീക്ഷിക്കാം. പാലക്കാട്ടും കേരളത്തിലും ആസൂത്രിതമായ വർഗീയസംഘർഷങ്ങളുണ്ടാകരുത്. ഒരു ഗുജറാത്ത് കേരളത്തിൽ വിരിയാൻ അനുവദിക്കപ്പെടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.