ഒരു മാസത്തോടടുത്തിട്ടും വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനമായ മണിപ്പൂരിലെ തീയണക്കാൻ സംസ്ഥാനഭരണകൂടത്തിനോ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ കേന്ദ്രസർക്കാറിനോ കഴിഞ്ഞിട്ടില്ല. നാല് ദിന സന്ദർശനത്തിന് തിങ്കളാഴ്ച ഇംഫാലിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസത്തോളമായി കത്തിപ്പടരുന്ന വംശീയകലാപത്തിന് അതുകൊണ്ട് അറുതിയാകുമെന്നു തീർത്തുപറയാൻ വയ്യ. താഴ്വര കേന്ദ്രീകരിച്ച ഹിന്ദു ഭൂരിപക്ഷവിഭാഗമുൾക്കൊള്ളുന്ന മേയ്തികളും കുന്നിൻപുറങ്ങളിലെ ക്രൈസ്തവ ഭൂരിപക്ഷ ഗോത്രവിഭാഗമായ കുക്കികളും തമ്മിലെ സായുധസംഘർഷം നിയന്ത്രണാധീനമാക്കാൻ ബിരെൻസിങ്ങിന്റെ നേതൃത്വത്തിലെ ബി.ജെ.പി സർക്കാറിനു കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കുക്കി തീവ്രവാദികളായ നാൽപതുപേരെ ക്രമസമാധാന ചുമതലയുള്ള പൊലീസ് വധിച്ചതായി അറിയിച്ച മുഖ്യമന്ത്രി, കുക്കികളുടെ സായുധതീവ്രവാദത്തിനുനേരെ ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് അഞ്ചുപേരുടെ ജീവനെടുത്ത പുതിയ സംഘർഷമുണ്ടായത്. അതോടൊപ്പം ഗോത്രഭൂരിപക്ഷത്തിന്റെ അധിവാസമേഖലയായ കുന്നിൻപുറങ്ങളിൽ പരിമിതമെങ്കിലും സ്വയംഭരണം എന്ന ആവശ്യം കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ അഖണ്ഡത ഭേദിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും ഉറച്ച നിലപാടിലാണ്.
തലസ്ഥാനമായ ഇംഫാൽ കേന്ദ്രീകരിച്ച് സമതലങ്ങളിൽ കൂടുകെട്ടിയ സംസ്ഥാനജനസംഖ്യയിലെ 53 ശതമാനം വരുന്ന മേയ്തികളും മണിപ്പൂരിലെ ഭൂമിയുടെ 90 ശതമാനവും കൈവശമുള്ള ജനസംഖ്യയിൽ 25 ശതമാനം വരുന്ന കുക്കികളും തമ്മിൽ പരസ്പര സംശയത്തിന്റെയും അസഹിഷ്ണുതയുടെയും അന്തരീക്ഷം നേരത്തേയുണ്ട്. മേയ്തി നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങളുടെ പിൻബലത്തിൽ സമതലവാസികൾ എല്ലാ ആനുകൂല്യങ്ങളും കൊണ്ടുപോകുന്നുവെന്നു കുക്കികളും ഭൂമിയുടെ ഭൂരിഭാഗവും കൈവശപ്പെടുത്തിയ കുക്കികൾ നഗരവാസത്തിനിറങ്ങി തങ്ങളെ ഞെരുക്കുകയാണെന്നും കുന്നിൻപുറത്തെ ഭൂമി വിലക്കെടുക്കാൻപോലും പുറംവാസികൾക്ക് അനുമതി തടയുന്ന ആനുകൂല്യം പട്ടികവർഗ മേൽവിലാസം വഴി അവർ നേടിയെടുക്കുകയാണെന്നുമുള്ള കണ്ണുകടിയിൽ മേയ്തികളും പരസ്പരം കണ്ടുകൂടാത്ത നിലയിലാണ് നേരത്തേ. അതിലേക്കാണ് സ്വത്വാഭിമാനത്തിൽ കൈവെച്ച് ഹിന്ദുത്വക്കു സമാനമായി മേയ്തി ദേശീയത ഊതിപ്പെരുപ്പിച്ച് ബിരെൻസിങ്ങിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഭരണം പിടിക്കുന്നത്. കോളനിവാഴ്ചക്കു മുമ്പേ മണിപ്പൂരിന്റെ മലമടക്കുകളിൽ വാസമുറപ്പിച്ച കുക്കി ജനതയെ നുഴഞ്ഞുകയറ്റക്കാരും അഭയാർഥികളുമൊക്കെയായി മുദ്രകുത്തുകയും അവിടെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു ബി.ജെ.പി സർക്കാർ. അറംബായ് തെൻഗോൾ, മേയ്തി ലീപുൻ തുടങ്ങിയ യുവ തീവ്രവാദിസംഘങ്ങൾ പിറവിയെടുക്കുകയും അവർ വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുകയും ചെയ്തു. മുമ്പൊന്നുമില്ലാത്ത വിധം 250 ചർച്ചുകളടക്കം ദേവാലയങ്ങളും മതപഠനസ്ഥാപനങ്ങളും പ്രത്യേകം ഉന്നംവെക്കുന്ന വംശീയകലാപമായി സംഘർഷം പരിണമിച്ചത് ഇങ്ങനെയൊക്കെയാണ്.
ഗോത്രവിഭാഗങ്ങളുടെ കുന്നിൻപ്രദേശങ്ങൾ ഭരണകൂടത്തിന്റെ ദൃഷ്ടിയിൽ നിന്നൊഴിവാണെന്നു സ്ഥാപിക്കുന്നതാണ് സംസ്ഥാന ബജറ്റുകളിൽ വകയിരുത്തുന്ന വിഹിതത്തിന്റെ കണക്ക്. ഇംഫാൽ കേന്ദ്രീകരിച്ച് താഴ്വാരങ്ങളിലേക്ക് ഭരണകൂടം സഹസ്രകോടികൾ ഒഴുക്കുമ്പോൾ ഏതാനും ശതകോടികൾ മാത്രമാണ് ഗോത്രമേഖലക്ക് ലഭിക്കുന്നത്. സംസ്ഥാനത്തെ 60 നിയമസഭ സീറ്റുകളിൽ നാൽപതും മേയ്തി മേഖലയിലാണ്. കുന്നിൻപുറങ്ങളിൽ 20 സീറ്റുകളേയുള്ളൂ. 2020-21 വർഷത്തെ ബജറ്റിൽ താഴ്വാരങ്ങൾക്ക് 6951 കോടി രൂപ വകയിരുത്തിയപ്പോൾ ഹിൽ ഏരിയക്ക് അനുവദിച്ചത് വെറും 41 കോടിയാണ്. ഈ വിവേചനത്തിന്റെ ഫലം തൊഴിൽ, അടിസ്ഥാനവികസനം, ആരോഗ്യചികിത്സ സൗകര്യങ്ങൾ എന്നിവയിലെല്ലാം തികഞ്ഞ ദരിദ്രാവസ്ഥയാണ് കുക്കികൾക്ക് സമ്മാനിക്കുന്നത്. എല്ലാ നിലക്കും ഗോത്രവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മേയ്തി വിഭാഗത്തിന് ഗോത്രവർഗ നില നൽകാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കം. മേയ്തികൾക്കു പട്ടികവർഗ സ്റ്റാറ്റസ് നൽകാൻ പതിറ്റാണ്ടു മുമ്പെടുത്ത തീരുമാനത്തിൽ മുടന്തിനിൽക്കുന്നതിനെതിരെ കോടതി സർക്കാറിന്റെ നിലപാടു ചോദിക്കുകയായിരുന്നു. കോൾഡ് സ്റ്റോറേജിലായിരുന്ന ആ തീരുമാനം നടപ്പിലാക്കാനുള്ള ശിപാർശ കേന്ദ്രത്തിനു സമർപ്പിക്കാൻ ബി.ജെ.പി ഭരണകൂടം മുന്നോട്ടുവന്നു. അതോടെ കുക്കികൾ അസ്വസ്ഥരായി. അവരുടെ ഭൂവിഭാഗത്തിൽ ഇതോടെ മേയ്തികൾക്കു വിനിമയാവകാശം ലഭിക്കും. നിലവിലെ സംവരണവിഹിതത്തിൽ, അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചുപോരുന്ന വരേണ്യരായ മേയ്തികൾ കൂടി കൈയിടുന്നതോടെ തങ്ങൾ കൂടുതൽ അരികുവത്കരിക്കപ്പെടുമെന്നും അവർ കണ്ടു. അതിനെതിരെ മേയ് മൂന്നിന് കുക്കികൾ നടത്തിയ പ്രക്ഷോഭത്തിനെതിരെ മേയ്തികൾ മറുസമരവുമായി ഇറങ്ങിയതോടെയാണ് ഇപ്പോഴത്തെ ചോരക്കളിക്കു തുടക്കമാകുന്നത്.
സേനയെ വിളിക്കണമെന്ന് ആവശ്യമുയർന്നപ്പോൾ സംസ്ഥാനപൊലീസ് തന്നെ എല്ലാം ചെയ്തുകൊള്ളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒടുവിൽ കേന്ദ്രസേന ഇറങ്ങിയിട്ടും കലാപം അമർച്ചചെയ്യാനാവാത്ത നിലയായി. മാത്രമല്ല,സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ട കുക്കികൾ ഇപ്പോൾ തങ്ങൾക്കു പരിമിത സ്വയംഭരണാവകാശമുള്ള ഹിൽ ഏരിയക്കുവേണ്ടി പ്രക്ഷോഭമുഖം മാറ്റിയിരിക്കുന്നു. ബി.ജെ.പിയോടൊപ്പമുള്ളവരടക്കം പത്തോളം എം.എൽ.എമാരാണ് ഇപ്പോൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സമയത്തിന് പരിഹാരം കണ്ടിരുന്നെങ്കിൽ അമർച്ചചെയ്യാനാവുമായിരുന്ന വിഷയത്തെ കൂടുതൽ വഷളായ നിലയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ബി.ജെ.പി സർക്കാർ. ഇതുവരെ നിശ്ശബ്ദമായിരുന്ന ശേഷം ഇപ്പോൾ ഇളകാൻ തീരുമാനിച്ച കേന്ദ്രത്തിൽനിന്ന് ആഭ്യന്തരമന്ത്രി എത്തിയതുകൊണ്ടുമാത്രം നിലവിലെ തീക്കളി ശമിപ്പിക്കാനോ പുതിയ പുക ഉയരുന്നത് തടയാനോ കഴിയില്ല എന്നു സംഘർഷത്തിൽ കക്ഷികളായ ഇരുവിഭാഗവും പറയുന്നുണ്ട്. പ്രതിസന്ധിക്ക് അന്തർധാരയായി വർത്തിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരമാണ് അവരുടെ ആവശ്യം. അതു സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി ഭരണകൂടങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു മണിപ്പൂരിലെ ചോരക്കളിയുടെ തീർപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.