ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രസർക്കാർ നിലപാടെടുക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിരിക്കണം. ഇന്ധന വിലക്കയറ്റം അതിരൂക്ഷമാവുകയും നിത്യജീവിതത്തെ ബാധിക്കുകയും ചെയ്യുേമ്പാൾ പ്രധാനമന്ത്രി മുൻകാല സർക്കാറുകളെ കുറ്റപ്പെടുത്തി കൈകഴുകുന്നു; കേന്ദ്ര ധനമന്ത്രി നിസ്സഹായത പ്രകടിപ്പിക്കുന്നു. തമിഴ്നാട്ടിൽ എണ്ണ-വാതകപദ്ധതികളുടെ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ച് നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയാണ്: ''ആരെയും കുറ്റപ്പെടുത്താനല്ല; പക്ഷേ, എണ്ണയും വാതകവും ആഭ്യന്തരമായി ഉൽപാദിപ്പിച്ച് ഇറക്കുമതി ആശ്രിതത്വം മുേമ്പ ഒഴിവാക്കിയിരുന്നെങ്കിൽ നമ്മുടെ മധ്യവർഗം ഇങ്ങനെ വിഷമിക്കില്ലായിരുന്നു''. ചെന്നൈയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ച ഒരു ചർച്ചയിലാണ് നിർമല സീതാരാമൻ, ഇന്ധനവില പ്രശ്നം 'മഹാഭയങ്കര ധർമസങ്കട'മാണെന്നും പെട്ടെന്ന് പരിഹാരമില്ലാത്ത പ്രശ്നമാണെന്നും പറഞ്ഞ് കഷ്ടപ്പാടിലമർന്ന ജനത്തെ കൈയൊഴിഞ്ഞത്. ഉൗർജരംഗത്ത് സ്വാശ്രയത്വമില്ലാത്തതാണ് പ്രധാനമന്ത്രി പറഞ്ഞ ഒഴികഴിവെങ്കിൽ, വിലനിർണയത്തിലെ സങ്കീർണതകളാണ് ധനമന്ത്രിക്ക് ന്യായമായി പറയാനുള്ളത്. ഏതുനിലക്കും ജനങ്ങളെ സഹായിക്കാൻ പെട്ടെന്നൊന്നും ചെയ്യാൻ സർക്കാറിന് നിർവാഹമില്ലെന്നുതന്നെ. ഇത് പറയുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥനോ ചെറുകിട മന്ത്രിയോ അല്ല; പ്രധാനമന്ത്രിയും ധനമന്ത്രിയുമാണ്; ഇനി ആരോടാണ് ജനങ്ങൾ പരാതിപ്പെടുക? കഷ്ടപ്പെട്ടുകൊള്ളൂ, ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്നായിരുന്നോ 'അച്ഛേദിൻ' എന്ന വാഗ്ദാനത്തിെൻറ പൊരുൾ? നിഷ്ക്രിയമായി ജനദുരിതം കണ്ടുനിൽക്കുന്നതിെൻറ പേരാണോ സദ്ഭരണം?
പെട്രോളും ഡീസലും ചരക്ക് സേവനനികുതി (ജി.എസ്.ടി)യുടെ പരിധിയിലല്ല എന്ന് ധനമന്ത്രി ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്ന് തോന്നുന്നു. രണ്ട് വലിയ വാഗ്ദാനലംഘനങ്ങളാണ് ഇന്ധനവിലയുടെ കാര്യത്തിൽ സർക്കാറിൽനിന്ന് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഒന്ന്, വിലനിർണയം കമ്പനികൾക്ക് വിട്ടുകൊടുത്തപ്പോൾ ജനങ്ങൾക്ക് നൽകിയിരുന്ന വാക്കാണ്. സർക്കാർ വില നിയന്ത്രിക്കുന്നത് നിർത്തി അത് കേമ്പാളശക്തികൾക്ക് വിട്ടുകൊടുക്കുന്നതോടെ കേമ്പാളമാണ് വില നിശ്ചയിക്കുകയെന്നും അന്താരാഷ്ട്ര വിപണിയിൽ വില കുറയുേമ്പാൾ ഉപഭോക്താക്കൾക്കും അതിെൻറ ഗുണം കിട്ടുമെന്നുമായിരുന്നു വാക്ക്. ആേഗാള വിപണിയിൽ വില കുറഞ്ഞപ്പോൾ ഇവിടെ നികുതി കൂട്ടിയതും വിലക്കുറവിെൻറ പ്രയോജനം ഉപഭോക്താവിന് നിഷേധിച്ചതും ഇപ്പോഴത്തെ സർക്കാറാണ്. രണ്ടാമത്തെ വാഗ്ദാന ലംഘനം, ജി.എസ്.ടിയിൽനിന്ന് ഇന്ധനവിലയെ ഒഴിവാക്കിയതാണ്. 'ഒരു രാജ്യം ഒരു നികുതി' എന്ന മുദ്രാവാക്യവുമായി ജി.എസ്.ടി ഏർപ്പെടുത്തിയപ്പോൾ, ഏറ്റവും വ്യാപകവും ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിക്കുന്നതുമായ ഇന്ധന നികുതി 'തന്നിഷ്ട'മാക്കി നിലനിർത്തിയത് മനഃപൂർവമായിരുന്നു. അതാണ് ഇപ്പോൾ ധനമന്ത്രി ഒഴികഴിവായി എടുത്തിട്ടുള്ളതും. ഇനി ജി.എസ്.ടി കൗൺസിൽ കൂടിയിട്ടുവേണമെന്നൊക്കെ പറഞ്ഞ് മന്ത്രി തോളൊഴിയുേമ്പാൾ അതിനർഥം, പെട്ടെന്നൊന്നും ഇത് ശരിയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നുതന്നെ.
ഇതിലും വിചിത്രമാണ് പ്രധാനമന്ത്രി ഇപ്പോഴത്തെ വിലക്കയറ്റത്തെ ഏഴുവർഷംമുമ്പ് അവസാനിച്ച 'മുൻഭരണങ്ങളി'ൽ ചാരിയത്. ഇന്ധനമേഖലയിൽ ആഭ്യന്തര ഉൽപാദനം പ്രധാനമാണെന്നതിൽ തർക്കമില്ല. ഇക്കാര്യം ബോധ്യമുള്ള പ്രധാനമന്ത്രി കഴിഞ്ഞ ഏഴുവർഷങ്ങളിൽ പുലർത്തിയ നിഷ്ക്രിയത്വത്തിന് ഇന്നത്തെ പ്രതിസന്ധിയിൽ പങ്കില്ലെന്നാണോ? യു.പി.എ ഭരണത്തിെൻറ അവസാന നാളുകളിൽ നരേന്ദ്ര മോദി ഇന്ധവിലക്കെതിരായി നടത്തിയ പ്രചാരണങ്ങൾ ജനങ്ങളെ സ്പർശിച്ചതിെൻറകൂടി ഫലമായിട്ടാണ് അവർ അദ്ദേഹത്തെ രാജ്യഭരണമേൽപിച്ചത്. ഇന്ധന വിലക്കയറ്റത്തിന് മുഖ്യകാരണം മൻമോഹൻ സർക്കാറിെൻറ അഴിമതിയും ദുർഭരണവുമാണെന്ന അേദ്ദഹത്തിെൻറ വാദം അവർ വിശ്വസിച്ചു. മോദിക്ക് ഭരണം കിട്ടി ഒന്നാമൂഴം കഴിഞ്ഞ് രണ്ടാമൂഴത്തിലെത്തിയിട്ടും കാര്യങ്ങൾ കൂടുതൽ വഷളായിട്ടേയുള്ളൂ. ഇന്നും നമ്മൾ എണ്ണയുടെ 85 ശതമാനത്തിലേറെയും വാതകത്തിെൻറ 53 ശതമാനവും ഇറക്കുമതി ചെയ്യുന്നു. മാത്രമല്ല, കഴിഞ്ഞ ഏഴുവർഷങ്ങളിൽ ഇന്ധവില കുതിച്ചുയർന്നു. ഇത് ആരുടെ 'ദുർഭരണവും അഴിമതി'യും കാരണമാണ്? യു.പി.എയുടെ അവസാനത്തിൽ (2014 ഏപ്രിൽ) പെട്രോളിന് 72 രൂപയും ഡീസലിന് 56 രൂപയുമുണ്ടായിരുന്നതാണ് ഇന്ന് നൂറിലെത്തുന്നത്. ഭരണമേറ്റ് അടുത്തവർഷം ഇന്ധന വില അൽപം കുറഞ്ഞപ്പോൾ അത് തെൻറ ഭരണമികവായി വിളിച്ചുപറഞ്ഞ മോദി ഇന്നത്തെ കുതിപ്പിെൻറ പഴി മുൻസർക്കാറിൽ വെച്ചുകെട്ടുന്നു.
വല്ലാതെയൊന്നും അന്വേഷിക്കാതെത്തന്നെ പ്രധാനമന്ത്രിയും ധനമന്ത്രിയും സംസ്ഥാന സർക്കാറും വിചാരിച്ചാൽ പരിഹരിക്കാൻ പറ്റാത്തതല്ല ഇപ്പോഴത്തെ പ്രശ്നം. അടിസ്ഥാന വില 32 രൂപ മാത്രമുള്ള ഒരു ലിറ്റർ പെട്രോൾ 90 രൂപക്ക് വിൽക്കേണ്ടിവരുന്നത് 33 രൂപ കേന്ദ്ര നികുതിയായും 21 രൂപ സംസ്ഥാന നികുതിയായും അതിൽ ഉൾപ്പെടുന്നതുകൊണ്ടാണ്. ഡീസലിെൻറ കാര്യവും അങ്ങനെത്തന്നെ. ആഗോളവില താഴ്ന്നപ്പോൾ ആരോടും ചോദിക്കാൻ നിൽക്കാതെ നികുതി ഉയർത്താൻ കഴിഞ്ഞ കേന്ദ്ര സർക്കാറിന് ആ നികുതി വെട്ടിക്കുറക്കാനും വല്ലാതെയൊന്നും പ്രയാസമുണ്ടാകേണ്ടതില്ല. (ഒരു ഘട്ടത്തിൽ ഒറ്റയടിക്ക് പെട്രോളിന് 13ഉം ഡീസലിന് 16ഉം രൂപവീതം നികുതി കൂട്ടിയതുവഴി ജനങ്ങളിൽനിന്ന് തട്ടിപ്പറിച്ചെടുത്തത് പിന്നീട് കുറച്ചിട്ടില്ല. മോദി ഭരണമേൽക്കുേമ്പാൾ പെട്രോളിന് ഒമ്പതും ഡീസലിന് നാലും രൂപ വീതമായിരുന്നു എക്സൈസ് നികുതി. ഇന്ന് 33ഉം 32ഉം വീതം). ഇന്ധനവില സകല വസ്തുക്കളുടെയും വില കൂടാൻ ഇടവരുത്തുന്നു. ജനങ്ങളുടെ ക്രയശേഷി ഇല്ലാതാക്കുന്നു. രാജ്യത്തെ ദുർബലമാക്കുന്നു. അടിയന്തരമായി നികുതി വെട്ടിക്കുറച്ചും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയും ഇന്ധനവില നിയന്ത്രിക്കാൻ സർക്കാറിന് കഴിയും. ഭരണകർത്താക്കൾ നിസ്സഹായത പ്രകടിപ്പിക്കുന്ന ദുരവസ്ഥ ഈ രാജ്യം അർഹിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.