ഡിജിറ്റൽ അടിയന്തരാവസ്​ഥയിലേക്കോ?




കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്​ദേകർ, നിയമ, ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ ചേർന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വിവര സാങ്കേതികവിദ്യ (മധ്യവർത്തി മാർഗനിർദേശങ്ങൾ, ഡിജിറ്റൽ മാധ്യമ സദാചാര സംഹിത) ചട്ടം 2021 ഗൗരവപ്പെട്ട പല ചോദ്യങ്ങളും ഉയർത്തുന്നതാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ പരക്കെ വിമർശനവിധേയമായതാണ്. ഭിന്നാഭിപ്രായങ്ങൾ അസഹിഷ്ണുതയോടെ കാണുക, അവയെ അടിച്ചമർത്തുക എന്നതൊക്കെ ബി.ജെ.പിയുടെ സ്വഭാവ സവിശേഷതകളിൽപെട്ടതാണ്. രാജ്യത്തിെൻറ മൊത്തം സാമൂഹിക അന്തരീക്ഷത്തെ ആ നിലയിൽ പാകപ്പെടുത്തുന്നതിൽ അവർ നന്നായി മുന്നോട്ടുപോവുകയും ചെയ്തിട്ടുണ്ട്.

മുഖ്യധാര അച്ചടി, ഇലക്ട്രോണിക്​ മാധ്യമങ്ങളെ ഒന്നുകിൽ വിലക്കെടുക്കാനോ പേടിപ്പിച്ച് നിർത്താനോ മോദി ഭരണകൂടത്തിനും ബി.ജെ.പിക്കും സാധിച്ചിട്ടുമുണ്ട്. ഭരണകൂടാധികാരത്തിെൻറ പ്രഹരസംവിധാനങ്ങളെയെല്ലാം ഉപയോഗിച്ച് ഭിന്നാഭിപ്രായങ്ങളെ ഇല്ലാതാക്കാനുള്ള മോദി ഭരണകൂടത്തിെൻറ ശ്രമങ്ങളെ അതിജീവിച്ച്, വ്യത്യസ്​താഭിപ്രായങ്ങളുടെ വിളനിലമായി ഒട്ടൊക്കെ സ്വതന്ത്രമായി ഇപ്പോഴും നിലനിൽക്കുന്നത് സമൂഹമാധ്യമങ്ങളാണ്. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും പൂട്ടിക്കെട്ടാനുമുള്ള ശ്രമങ്ങൾ മോദിസർക്കാർ പല തവണ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, കർക്കശമായ നിയമങ്ങളുടെ അഭാവം അത്തരം ശ്രമങ്ങളെ വേണ്ടത്ര വിജയിപ്പിച്ചിട്ടില്ല. അതു കൊണ്ടുതന്നെയാണ് സമൂഹമാധ്യമങ്ങളെ -അതിെൻറ എല്ലാ വകഭേദങ്ങളെയും- മൂക്കുകയറിടുന്ന പുതിയ ചട്ടം കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റൽ അടിയന്തരാവസ്​ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണോ എന്ന് സംശയിക്കപ്പെടാവുന്ന തരത്തിലാണ് അതിലെ വ്യവസ്​ഥകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രത്യക്ഷത്തിൽ നല്ലതെന്നു തോന്നാവുന്ന തരത്തിലാണ് ചട്ടത്തിലെ വ്യവസ്​ഥകളെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. 'ദുഷ്​ടലാക്കുള്ളതായി കാണുന്ന ഏതു സന്ദേശത്തിെൻറയും ഉറവിടം വ്യക്തമാക്കാൻ സമൂഹമാധ്യമ കമ്പനികൾ ബാധ്യസ്​ഥരാണ്' എന്നതാണ് ഒരു വ്യവസ്​ഥ. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ചാൽ അഞ്ചുവർഷം വരെ തടവുശിക്ഷയും നിജപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ നല്ല കാര്യംതന്നെ. മറക്കുള്ളിൽ ഒളിച്ചിരുന്ന് സമൂഹമാധ്യമങ്ങളിൽ ആർക്കും എന്തും വിളിച്ചു പറയാവുന്ന/എഴുതാവുന്ന അവസ്​ഥ മാറിക്കിട്ടും. എന്നാൽ, 'ദുഷ്​ടലാക്ക്' എന്നത് കൃത്യമായി നിർവചിക്കപ്പെട്ടില്ലെങ്കിൽ, ബി.ജെ.പിക്കും സർക്കാറിനും ഇഷ്​ടപ്പെടാത്ത എല്ലാ ഉള്ളടക്കത്തിെൻറ കാര്യത്തിലും അത് ബാധകമാക്കാവുന്നതേയുള്ളൂ. പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, വാർത്ത വിതരണം, നിയമം, ഐ.ടി എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന മേൽനോട്ടസമിതി സമൂഹമാധ്യമങ്ങൾക്കു മേൽ ഉണ്ടാവുമെന്നതാണ് മറ്റൊരു വ്യവസ്​ഥ. ചട്ടം ലംഘിക്കുന്നുവെന്ന് കണ്ടാൽ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്താൻ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. സർക്കാർ നിയോഗിക്കുന്ന ജോയൻറ്​​ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്​ഥന് ഉള്ളടക്കം വിലക്കാൻ നിർദേശിക്കാനുള്ള അധികാരം ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഉള്ളടക്കം വേർതിരിക്കണമെന്ന് പുതിയ ചട്ടം നിർദേശിക്കുന്നുണ്ട്. ഇത് നേരത്തെതന്നെ നിലവിലുള്ള സമ്പ്രദായവും ബഹുരാഷ്​ട്ര കമ്പനികൾ അനുവർത്തിക്കുന്നതുമായ രീതിയാണ്. പുതിയ വെബ്സൈറ്റുകൾ രജിസ്​റ്റർ ചെയ്യണമെന്നതാണ് ചട്ടത്തിലെ പ്രധാനപ്പെട്ട ഒരിനം. വെബ്സൈറ്റുകളെ വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലും പെടുത്താൻ സർക്കാറിന് അധികാരം നൽകുന്നതാണ് ഈ ചട്ടം. പത്രങ്ങൾക്ക് ബാധകമായ, പ്രസ്​ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ വെബ്സൈറ്റുകൾക്കും ബാധകമാവും. കേന്ദ്രീകൃതമായ ഏകാധികാര സ്വരൂപം എന്ന ബി.ജെ.പിയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായിട്ടുള്ളതാണ് ഈ പുതിയ സംവിധാനം. ഇപ്പോൾ കൂടുതൽ സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്​ഥകളും പുതുതായി പുറത്തിറക്കിയ റൂൾസിൽ ഉണ്ട്. റിട്ടയേഡ് ഹൈകോടതി/സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതി ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കുണ്ടാവും.

അഭിപ്രായങ്ങൾക്കും ആവിഷ്കാരങ്ങൾക്കുംമേൽ കൂടുതൽ അധികാരം ഉറപ്പിക്കുക എന്ന സംഘ്​പരിവാർ ലൈനിന് അനുസൃതമായാണ് പുതിയ ചട്ടവും തയാറാക്കിയിരിക്കുന്നത്. ഓരോ വ്യക്തിക്കും ത​െൻറ അഭിപ്രായവും നിലപാടുകളും ആവിഷ്കാരങ്ങളും ജനങ്ങൾക്ക് മുമ്പാകെ തുറന്നുവെക്കാനുള്ള സാഹചര്യമാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്. അതേസമയം, അത് ആർക്കും ഒരു ഉത്തരവാദിത്തവുമില്ലാതെ എന്തും വിളിച്ചുപറയാനുള്ള അവസരമാവുകയും ചെയ്യരുത്. ആളുകളുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതും നാട്ടിൽ കുഴപ്പമുണ്ടാക്കുന്നതുമായ ഉള്ളടക്കങ്ങൾ നിയന്ത്രണമേതുമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന അവസ്​ഥ അപകടകരമായിരിക്കും.

എന്നാൽ, നിലവിലെ ഐ.ടി ആക്​ട്​ തന്നെ ഫലപ്രദമായി നടപ്പാക്കിയാൽ; ആവശ്യമായ ഭേദഗതികൾ വരുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഐ.ടി ആക്​ടിലെ 69ാം വകുപ്പ് ഉപയോഗിച്ചാണ് ദിശ രവി എന്ന പരിസ്​ഥിതി പ്രവർത്തകയെ കേന്ദ്ര സർക്കാർ പിടിച്ച് അകത്തിട്ടത്. അതായത്, വേണമെങ്കിൽ പല പ്രശ്നങ്ങൾക്കും തടയിടാൻ നിലവിലെ നിയമങ്ങൾതന്നെ പര്യാപ്തമാണ്. പക്ഷേ, സർക്കാറിന് ലക്ഷ്യം അതല്ല. രാജ്യ​േദ്രാഹം, ദേശസുരക്ഷ തുടങ്ങിയ വാദങ്ങൾ ഉയർത്തി തങ്ങൾക്ക്​ ഇഷ്​ടമില്ലാത്ത സന്ദേശങ്ങളെ/ഉള്ളടക്കത്തെ ഇല്ലായ്മ ചെയ്യുക, തങ്ങൾക്കിഷ്​ടമില്ലാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്തുക എന്നതാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന ആശങ്ക അസ്​ഥാനത്തല്ല. ശക്തമായ ജനകീയ ജാഗ്രതയും ഇടപെടലുമില്ലെങ്കിൽ മൂക്കുകയർ കൂടുതൽ മുറുക്കപ്പെടും.

Tags:    
News Summary - madhyamam editorial on 27th february 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT