2017 ജൂൺ അഞ്ചിന് സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളും ഈജിപ്തും ചേർന്ന് ഖത്തറിനെതിരെ നടപ്പാക്കിയ സമ്പൂർണ ഉപരോധത്തിന് ഇളവു വരുത്താനും ക്രമേണ പിൻവലിക്കാനുമുള്ള തീരുമാനം കഴിഞ്ഞദിവസം റിയാദിൽ ചേർന്ന ജി.സി.സി ഉച്ചകോടി കൈക്കൊണ്ടതോടെ അറേബ്യൻ ഗൾഫ് മേഖലയിൽ മാത്രമല്ല, പശ്ചിമേഷ്യയിലും ലോകത്താകെയുമുള്ള സമാധാന പ്രിയർ ആശ്വാസത്തിെൻറ നെടുവീർപ്പയച്ചിരിക്കുമെന്ന് തീർച്ച. പലവട്ടം യുദ്ധങ്ങളിൽ കലാശിച്ച ഏറ്റുമുട്ടലുകളും അസ്വാരസ്യങ്ങളും പശ്ചിമേഷ്യയുടെ സമാധാനത്തിന് എക്കാലത്തും ഭീഷണിയായി തുടർന്നിട്ടുണ്ടെന്ന ചരിത്രസത്യം നിഷേധിക്കേണ്ടതല്ല. അത് പരോക്ഷമായി ലോക സമാധാനത്തിനുതന്നെ ഭീഷണിയായിരുന്നിട്ടുണ്ട്. വൻ ശക്തികളുടെ സംഹാരായുധങ്ങൾ പരീക്ഷിക്കാനും വിറ്റഴിക്കാനുമുള്ള എക്കാലത്തെയും വിപണിയാണ് എണ്ണസമൃദ്ധമായ പശ്ചിമേഷ്യ. എന്നാൽ, പരസ്പര സഹകരണത്തിെൻറയും ഊഷ്മളമായ അയൽപക്ക ബന്ധങ്ങളുടെയും മികച്ച മാതൃകയായി വിവരിക്കപ്പെട്ട ജി.സി.സി രാജ്യങ്ങളെ പൊടുന്നനെ നിസ്സഹകരണത്തിേലക്കും ബന്ധവിച്ഛേദത്തിലേക്കും അതുവഴി കനത്ത സാമ്പത്തിക നഷ്ടങ്ങളിലേക്കും തള്ളിവിട്ട വേദനജനകമായ സംഭവമായിരുന്നു ഖത്തറിനെതിരെ നാലു സഹോദര രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചതും നടപ്പാക്കിയതുമായ ഉപരോധം. അതോടെ ഖത്തറുമായുള്ള കര, കടൽ, വ്യോമ ഗതാഗതം പാടെ വിച്ഛേദിച്ച അയൽരാഷ്്ട്രങ്ങൾ ആ രാജ്യവുമായുള്ള വാണിജ്യ-വ്യവസായ ബന്ധങ്ങളും അവസാനിപ്പിച്ചു. തന്മൂലം ദുരിതമനുഭവിച്ചത് പ്രസ്തുത രാജ്യങ്ങളിലെ പൗരന്മാർ മാത്രമല്ല ഗൾഫിൽ ജോലിചെയ്യുന്ന ലക്ഷക്കണക്കിൽ പ്രവാസികളും ബിസിനസുകാരുമെല്ലാമാണ്.
ഉപരോധത്തിന് കാരണമായി ബന്ധപ്പെട്ട രാജ്യങ്ങൾ മുഖ്യമായും ചൂണ്ടിക്കാട്ടിയത് ഈജിപ്തിൽ സമാധാനത്തിന് ഭീഷണിയായ മുസ്ലിം ബ്രദർഹുഡ് സംഘടനയെയും നേതാക്കളെയും ഖത്തർ സംരക്ഷിക്കുന്നതും ഭീകരരെന്ന് അവർ കരുതുന്ന 12 ഗ്രൂപ്പുകളുമായും 59 വ്യക്തികളുമായും ഖത്തർ ബന്ധം പുലർത്തുന്നതും ഖത്തർ ടെലിവിഷൻ ചാനലായ അൽജസീറ മേഖലയെക്കുറിച്ച് തെറ്റായ അഭിപ്രായ രൂപവത്കരണത്തിന് വഴിയൊരുക്കുന്നതും ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളോട് ഖത്തർ നിസ്സഹകരിക്കുന്നതുമായിരുന്നു. ഉപരോധം പിൻവലിക്കണമെങ്കിൽ ഇതുൾപ്പെടെ 13 ആവശ്യങ്ങളാണ് ഖത്തറിെൻറ മുന്നിൽ പ്രസ്തുത രാജ്യങ്ങൾ വെച്ചിരുന്നത്. എന്നാൽ, ആരോപണങ്ങൾ അപ്പാടെ നിഷേധിച്ച ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അവയിൽ പലതും സ്വതന്ത്ര പരമാധികാര രാഷ്്ട്രമായ ഖത്തറിെൻറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ജി.സി.സി അംഗരാഷ്ട്രങ്ങളായ ഒമാനും കുവൈത്തും ഉപരോധത്തിൽ പങ്കാളികളായില്ല. മാത്രമല്ല, കുവൈത്ത് അന്നുമുതൽ ഇന്നുവരെ രമ്യമായ പരിഹാരത്തിനും ജി.സി.സിയെ പൂർവനിലയിൽ കൊണ്ടുവരുന്നതിനുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. ഒടുവിൽ മഞ്ഞുരുക്കമുണ്ടായെന്നും റിയാദ് ഉച്ചകോടിയിൽ ഖത്തർ ഭരണാധികാരി ശൈഖ് തമീം പങ്കെടുക്കുമെന്നും സുഹൃദ്ബന്ധങ്ങളുടെ പുനഃസ്ഥാപനത്തിന് വഴിതുറന്ന് കര, കടൽ, വ്യോമ ഗതാഗതം തിങ്കളാഴ്ച രാത്രി പുനരാരംഭിക്കുമെന്നും അറിയിച്ചത് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് േഡാക്ടർ അഹ്മദ് നാസിർ അൽ മഹ്മൂദ് അസ്സബാഹ് ആണുതാനും.
എല്ലാം ശുഭകരമായി കലാശിച്ചാലും നാലു വർഷത്തോളമായി വിച്ഛേദിക്കപ്പെട്ടുകിടക്കുന്ന ബന്ധങ്ങൾ പൂർവസ്ഥിതിയിലാവാൻ സമയമെടുക്കുമെന്ന് തീർച്ച. അതുതന്നെയും നിക്ഷിപ്ത താൽപര്യക്കാർ പാരവെച്ചില്ലെങ്കിൽ. എങ്കിൽപോലും വികാരത്തിെൻറമേൽ വിവേകത്തിെൻറ വിജയമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പരിസമാപ്തി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ആശ്വസിപ്പിക്കേണ്ടതാണ്. അമേരിക്കയുടെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രത്യേക താൽപര്യമെടുത്താണ് ഒത്തുതീർപ്പ് സാധ്യമായതെന്ന നിരീക്ഷണം സജീവമാണ്. അദ്ദേഹത്തിെൻറ പ്രത്യേക ദൂതൻ ഗൾഫ് തലസ്ഥാനങ്ങൾക്കു പുറമെ ഉപരോധകാലത്ത് ഖത്തറിനോടൊപ്പംനിന്ന തുർക്കിയിലും സന്ദർശനം നടത്തുകയും തകൃതിയായ നയതന്ത്ര ചർച്ചകൾക്ക് മുൻകൈയെടുക്കുകയും ചെയ്തിരുന്നു. ട്രംപിെൻറ റിയാദ് സന്ദർശനത്തിന് തൊട്ടുടനെയാണ് ബന്ധപ്പെട്ട രാജ്യങ്ങൾ ഖത്തറിനു നേരെയുള്ള ഉപരോധം പ്രഖ്യാപിച്ചതെന്ന് മറക്കരുത്. പ്രഖ്യാപനം വന്ന ഉടനെ ഖത്തർ ഭരണാധികാരി ചെന്നതും വൈറ്റ് ഹൗസിലേക്കു തന്നെ. വൻ പരിഷ്കൃത യുദ്ധവിമാനങ്ങളുടെ വിൽപനക്കരാറിൽ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ചതും ആ സന്ദർഭത്തിലാണ്. ഡോണൾഡ് ട്രംപ് രണ്ടാമൂഴത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോൾതന്നെ, ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കാൻ സൗദി അറേബ്യയോടും യു.എ.ഇയോടും അദ്ദേഹം ആവശ്യപ്പെടുമെന്ന് വാർത്തകൾ വന്നിരുന്നു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചത് താനാണെന്ന പ്രചാരണത്തിന് വഴിയൊരുക്കുകയായിരുന്നു ട്രംപ്. പക്ഷേ, അതുകൊണ്ടുമാത്രം അദ്ദേഹം രക്ഷപ്പെട്ടില്ല. പ്രസിഡൻറ് പദവിയിൽ രണ്ടാമൂഴം യു.എസ് ജനത തനിക്ക് നൽകിയിട്ടില്ലെങ്കിലും ഒരു 'നല്ല കാര്യം' ചെയ്ത് പടിയിറങ്ങാം എന്ന് വിചിത്ര വാദങ്ങൾക്കും ചെയ്തികൾക്കും കുപ്രസിദ്ധി നേടിയ ട്രംപ് കരുതിയോ എന്നറിയില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. പശ്ചിമേഷ്യയിലെ മുഴുവൻ അശാന്തിക്കും േഹതുഭൂതമായ ഇസ്രായേലിെൻറ താൽപര്യങ്ങൾ ഏറക്കുറെ നേടിയെടുത്ത ശേഷമാണ് അമേരിക്കൻ രാഷ്ട്രത്തലവെൻറ സമാധാന ദൂത്. യു.എ.ഇയും ബഹ്റൈനും ജൂതരാഷ്ട്രവുമായി തന്ത്രബന്ധം പൂർണതോതിൽ സ്ഥാപിക്കുകയും പരസ്പര ബന്ധങ്ങൾ ഊഷ്മളമാക്കാനുള്ള നടപടികൾ ത്വരിതമാക്കുകയും ചെയ്ത ശേഷമാണ് ഖത്തറിെൻറ ഉപരോധം നീക്കാനുള്ള തീരുമാനം. സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്രബന്ധം ഔപചാരികമായി ആരംഭിച്ചിട്ടില്ലെങ്കിലും ആ രാജ്യത്തേക്കുള്ള വ്യോമഗതാഗതം തുടങ്ങിക്കഴിഞ്ഞു. ജി.സി.സി ഉച്ചകോടിയുടെ പൂർണ വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ സമാധാന പുനഃസ്ഥാപനത്തിെൻറ മാനങ്ങളും ഉപാധികളും പൂർണമായി മനസ്സിലാക്കാനാവൂ. മൂന്നര വർഷമായി തടസ്സപ്പെട്ടിരുന്ന ഹജ്ജ്-ഉംറ തീർഥാടനം ഖത്തരികൾക്ക് പുനഃസ്ഥാപിക്കാനായതാണ് സംഭവത്തിെൻറ ഉടനടിയുള്ള നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.