ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവി ഉപയോഗിച്ച് കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന കാവിവത്കരണ ശ്രമങ്ങൾ പലകുറി ചർച്ചചെയ്യപ്പെട്ടതാണ്. കേരള, കാലിക്കറ്റ് സർവകലാശാലകളിലെ സെനറ്റുകളിലേക്ക് സംഘ്പരിവാറുകാരെ നാമനിർദേശംചെയ്ത ഗവർണർക്കെതിരെ ഏതാനും ദിവസങ്ങൾക്കുമുമ്പ് എസ്.എഫ്.ഐ തുടങ്ങിവെച്ച സമരം സംസ്ഥാന ചരിത്രത്തിൽതന്നെ സമാനതകളില്ലാത്തതായിരുന്നു. ആ വിദ്യാർഥിസമരത്തിനുനേരെ, തികച്ചും ഏകാധിപത്യസ്വഭാവത്തിൽ പ്രതികരിച്ച ഗവർണർക്കെതിരെ സംസ്ഥാനമെങ്ങും വലിയ പ്രതിഷേധം അലയടിക്കുകയും ചെയ്തു. എന്നിട്ടും, മുന്നോട്ടുതന്നെയാണ് ഗവർണർ. സംസ്ഥാനത്തെ എട്ടു സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റികളിലേക്ക് സർവകലാശാല പ്രതിനിധികളെ ഉടനടി നൽകാൻ നിർദേശിച്ച് രജിസ്ട്രാർമാർക്ക് കഴിഞ്ഞയാഴ്ച രാജ്ഭവനിൽനിന്ന് അയച്ച കത്ത് ഇതിന്റെ ഭാഗമാണ്. കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, കാർഷികം, ഫിഷറീസ്, മലയാളം, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലകളിലാണ് പുതുതായി വി.സിമാരെ നിയമിക്കേണ്ടത്. വി.സി നിയമനത്തിൽ ഗവർണറുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കാനായി കൊണ്ടുവന്ന സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാതെ ആരിഫ് മുഹമ്മദ് ഖാൻ അത് രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ഹൈകോടതിയുടെ അന്തിമ തീരുമാനം വരുംമുമ്പേ, പുതിയ സെർച് കമ്മിറ്റിയെ കണ്ടെത്താനാണ് ഗവർണറുടെ പരിപാടി. നിലവിലെ രീതിയനുസരിച്ചുള്ള നിയമനമാണെങ്കിൽ, സംഘ്പരിവാർ അനുകൂലിയായ വി.സിമാരെ കണ്ടെത്താൻ അദ്ദേഹത്തിന് പ്രയാസമുണ്ടാകില്ല. അഥവാ, സംസ്ഥാനത്തെ എണ്ണംപറഞ്ഞ സർവകലാശാലകളുടെ തലപ്പത്തേക്ക് സംഘ്പരിവാർ നോമിനികളെ പ്രതിഷ്ഠിക്കാനാണ് ഇപ്പോൾ രാജ്ഭവൻ ഇറങ്ങിക്കളിക്കുന്നത്.
സംസ്ഥാനത്തിന്റെ ഭരണഘടനാതലവൻ എന്നാണ് ഗവർണറുടെ വിശേഷണം. അതിനപ്പുറം, ഭരിക്കുന്ന പാർട്ടിയുടെ കൊടിയും നിറവും നോക്കാതെ സംസ്ഥാന സർക്കാറിന്റെ വക്താവുകൂടിയാണ് ഗവർണറെന്നും പറയാം. അതുകൊണ്ടാണല്ലോ, ഭരണകക്ഷി തയാറാക്കുന്ന സർക്കാറിന്റെ നയപ്രഖ്യാപന രേഖ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ ഗവർണർ രാഷ്ട്രീയ വിയോജിപ്പുകളോടെത്തന്നെ വായിക്കുന്നത്. അതാണ് രാജ്യത്തിന്റെ കീഴ്വഴക്കവും. മോദി സർക്കാർ നിയോഗിച്ച് കേരള രാജ്ഭവനിലെത്തിയ പി. സദാശിവംപോലും ആ കീഴ്വഴക്കം ലംഘിച്ചിട്ടില്ല. എന്നാൽ, ആരിഫ് ഖാൻ വന്നതുമുതൽ കന്റോൺമെന്റ് ഹൗസിന് സമാന്തരമായി മറ്റൊരു പ്രതിപക്ഷ കാര്യാലയമായി പ്രവർത്തിക്കുകയാണ് രാജ്ഭവൻ. ഇത് കേരളത്തിന്റെ മാത്രം സ്ഥിതിയുമല്ല. സകല പ്രതിപക്ഷ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകൾ പലപ്പോഴും കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പിയുടെയും ഉപകാര്യാലയങ്ങളെപ്പോലെയാണ്. അതിന്റെ അസ്വാരസ്യങ്ങളും പൊട്ടിത്തെറികളുമെല്ലാം തമിഴ്നാട്ടിൽനിന്നും പശ്ചിമ ബംഗാളിൽനിന്നുമൊക്കെ കേൾക്കാം. ആരിഫ് മുഹമ്മദ് ഖാനും തുടക്കംമുതലേ ഇതേ ലൈനിലാണ്. നേരത്തേ, നയപ്രഖ്യാപനത്തിലെ കേന്ദ്രസർക്കാറിനെതിരായ വിമർശനം സഭയിൽ വായിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഒടുവിൽ തിരുത്തേണ്ടിവന്നു. ഒന്നാം പിണറായി സർക്കാർ പ്രതിപക്ഷത്തിന്റെകൂടി പിന്തുണയോടെ പൗരത്വ നിയമഭേദഗതിക്കെതിരെ സഭയിൽ പ്രമേയമവതരിപ്പിച്ചപ്പോഴും ഗവർണർ ഉടക്കുമായി രംഗത്തെത്തി. പിന്നീട് നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോയപ്പോൾ അതിൽ നിയമപ്രശ്നം ചൂണ്ടിക്കാട്ടി വേറെയും പ്രശ്നമുണ്ടാക്കി. സർക്കാറിന്റെ യഥാർഥ തലവനായ തന്റെ അനുമതിയില്ലാതെ കേന്ദ്ര നിയമത്തിനെതിരെ കോടതിയിൽ പോകാൻ കഴിയില്ലെന്ന വാദം ഉണ്ടയില്ലാ വെടിയാണെന്ന് തിരിച്ചറിഞ്ഞതോടെ വ്യവഹാരങ്ങളിൽനിന്ന് അദ്ദേഹത്തിന് സ്വയം പിന്മാറേണ്ടിവന്നു. അതിനുശേഷമാണ്, നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവെക്കുകയും അവസാന നിമിഷം രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്ന കലാപരിപാടി തുടങ്ങിയത്. ഇതിനെല്ലാംശേഷം, കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ കാവിവത്കരണ പരിപാടികളിൽ നേരിട്ട് പങ്കാളിയാകുകയാണ് ബഹുമാന്യനായ ഗവർണർ.
ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വംശീയാക്രമണങ്ങൾക്കും വഴിവെച്ച ഹിന്ദുത്വയുടെ ഉന്മാദ ദേശീയതയുടെ ബിംബങ്ങളും പ്രയോഗങ്ങളും വ്യവസ്ഥാപിതമായി ക്ലാസ് മുറികളിലേക്ക് കയറ്റിവിട്ടുകൊണ്ടിരിക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെന്നോർക്കണം. എൻ.സി.ഇ.ആർ.ടിയും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന സിലബസ് പരിഷ്കരണങ്ങളെ തുറന്നെതിർക്കുക മാത്രമല്ല, ബദൽ നിർദേശിക്കുകയും ചെയ്ത സർക്കാറാണ് കേരളം ഭരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളും ദൗർബല്യങ്ങളുമെല്ലാം പലപ്പോഴായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും ആത്യന്തികമായി ഇതര സംസ്ഥാനങ്ങളേക്കാൾ നാം എത്രയോ മുന്നിലാണെന്ന യാഥാർഥ്യം ആർക്കും നിഷേധിക്കാനാവില്ല. ഈ മോഡലിനെ തകർക്കാനും തൽസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയതാൽപര്യങ്ങളെ പ്രതിഷ്ഠിക്കാനുമാണിപ്പോൾ ഗവർണർ ശ്രമിക്കുന്നത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഈ നീക്കം ചെറുത്തേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.