പിന്നാക്ക സമൂഹത്തിന് വെളിച്ചം പകർന്ന ‘ചന്ദ്രിക’

സാമൂഹികമായി ഏറെ പിന്നാക്കമായിരുന്ന മലബാറിലെ മുസ്‍ലിം സമൂഹത്തിന്റെയും മറ്റു പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളുടെയും ഉയിർത്തെഴുന്നേൽപിനും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയ ചന്ദ്രിക ദിനപത്രം ഒമ്പതു പതിറ്റാണ്ട് പിന്നിടുകയാണ്. ഈ അഭിമാന മുഹൂർത്തത്തിൽ ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് പത്രത്തിന്റെ പേറ്റില്ലമായ തലശ്ശേരിയിൽ ഇന്ന് തുടക്കംകുറിക്കപ്പെടുന്നു.

ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ അധഃസ്ഥിതിയും അവഗണനയും നേരിടേണ്ടിവന്ന ഒരു ജനവിഭാഗത്തെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ആവശ്യങ്ങളും വാഴുന്നവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനും കരുത്തുറ്റൊരു മാധ്യമത്തിന്റെ അനുപേക്ഷ്യത അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ട സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക നായകരും പ്രവർത്തകരുമാണ് 1934 മാർച്ച് 26ന് മലബാറിന്റെ വിദ്യാഭ്യാസ സാംസ്കാരിക സിരാകേന്ദ്രമായി അന്നറിയപ്പെട്ടിരുന്ന തലശ്ശേരിയിൽ ചന്ദ്രിക വാരികക്ക് ബീജാവാപം ചെയ്തത്.

അന്നത് മുസ്‍ലിംലീഗിന്റെ ജിഹ്വയായിരുന്നില്ല. 1935ലാണ് സർവേന്ത്യാ മുസ്‍ലിംലീഗിന്റെ ആദ്യശാഖ തലശ്ശേരിയിൽ നിലവിൽവന്നത്. 1937ൽ മലബാർ ജില്ല കമ്മിറ്റിയായി അത് വികസിച്ചു. യഥാസമയം ചന്ദ്രിക മുസ്‍ലിംലീഗിന്റെ ജിഹ്വയായി പരിണമിക്കുകയും ചെയ്തു. 1938ൽ ചന്ദ്രിക ദിനപത്രമായി. കെ.കെ. മുഹമ്മദ് ഷാഫി ആയിരുന്നു പ്രഥമ പത്രാധിപർ.

1946ലാണ് പത്രം കോഴിക്കോട്ടേക്ക് മാറുന്നത്. ഇതിനിടെ, പ്രധാനമായും സാമ്പത്തിക പ്രയാസങ്ങളാൽ ചന്ദ്രികയുടെ പ്രസിദ്ധീകരണം മുടങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പിന്നീടൊരിക്കലും മുടക്കമില്ലാതെ പുറത്തിറക്കാൻ അതിന്റെ സാരഥികൾ ജാഗ്രത പുലർത്തി. യശഃശരീരനായ സി.എച്ച്. മുഹമ്മദ്കോയ 1949ലാണ് ആദ്യമായി എഡിറ്ററായി നിയമിതനാവുന്നത്. മലയാളത്തിലെ പ്രഗല്ഭരും പ്രശസ്തരുമായ പല പത്രപ്രവർത്തകരും വളർന്നുവന്ന നഴ്സറി കൂടിയായിരുന്നു ചന്ദ്രിക എന്നോർക്കുന്നത് കൗതുകകരമാവും. കോട്ടയത്തെ മലയാള മനോരമ കോഴിക്കോട്ടുനിന്ന് പതിപ്പിറക്കുമ്പോൾ ചന്ദ്രികയുടെ യുവ ലേഖകരും ജേണലിസ്റ്റുകളുമായിരുന്നു അണിയറശിൽപികൾ എന്നതും സ്മരണീയമാണ്.

1950 ജൂലൈ 15ന് പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെയാണ് യു.എ. ഖാദർ, പി.എ. മുഹമ്മദ്കോയ തുടങ്ങിയ കഥാകാരന്മാർ എഴുതിത്തെളിഞ്ഞതെങ്കിൽ മലയാള സാഹിത്യത്തിലെ എക്കാലത്തെയും അതികായന്മാരായ വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്ട്, മഹാകവി വള്ളത്തോൾ തുടങ്ങിയവരും ആഴ്ചപ്പതിപ്പിന്റെ താളുകളെ തലോടാതെ പോയിട്ടില്ല. സാമുദായികപത്രം എന്ന മുദ്ര അവശേഷിക്കെതന്നെ മുസ്‍ലിംലീഗിന്റെ മതനിരപേക്ഷ ജനാധിപത്യ നിലപാടുകളും പൊതുസമൂഹത്തിലെ ക്രിയാത്മക ഇടപെടലുകളും ചന്ദ്രികയിലൂടെ പ്രതിഫലിച്ചുകൊണ്ടേ വന്നിട്ടുണ്ട്.

മുസ്‍ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കുവേണ്ടി വീറോടെ ശബ്ദമുയർത്തുന്നതിൽ സി.എച്ച്. മുഹമ്മദ്കോയയുടെ മൂർച്ചയേറിയ തൂലികയും ശബ്ദവും ഇടറിപ്പോയ ചരിത്രമില്ല, അദ്ദേഹത്തിന്റെ സാരഥ്യത്തിൽ ചന്ദ്രികയുടെ ഗതകാല ചരിത്രവും അങ്ങനെത്തന്നെ. റഹീം മേച്ചേരിയെപ്പോലുള്ള പിൻഗാമികൾ ആ പാരമ്പര്യം യഥോചിതം നിലനിർത്തിപ്പോരുകയും ചെയ്തു.

ഭിന്നാശയക്കാരും വീക്ഷണക്കാരുമടങ്ങിയ മുസ്‍ലിം മത-സാമുദായിക സംഘടനകളുടെ വിരുദ്ധ നിലപാടുകൾക്ക് അപ്പടി സ്ഥലമനുവദിക്കാൻ സ്വാഭാവികമായും പത്രത്തിന് സാധിച്ചില്ലെന്നത് ശരി. അക്കാര്യത്തിൽ മുസ്‍ലിംലീഗ് സ്വീകരിക്കുന്ന അന്തിമ നിലപാടുകളോടൊപ്പം നിൽക്കാനേ പാർട്ടി ജിഹ്വക്ക് കഴിയുമായിരുന്നുള്ളൂ.

സമസ്ത കേരള ജംഇയ്യതുൽ ഉലമയിലെ പിളർപ്പ്, മുസ്‍ലിംലീഗിലെത്തന്നെ പിളർപ്പ്, മുസ്‍ലിംലീഗ്-എം.ഇ.എസ് ഭിന്നത പോലുള്ള പ്രതിസന്ധികളിൽ ചന്ദ്രികയുടെ നിലപാടിനെ ഈ പശ്ചാത്തലത്തിൽ വേണം വീക്ഷിക്കാൻ. വിവിധ സംഘടനകൾ സ്വന്തമായി ദിനപത്രങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങിയതും ഈ സാഹചര്യങ്ങളിലാണ്. കാലോചിതമായ പരിഷ്കാരങ്ങൾക്കും മാറ്റങ്ങൾക്കും പൂർണ പരിഗണന നൽകാൻ ചന്ദ്രികക്ക് കഴിയാതെ പോയതിന്റെ പിന്നിലുമുണ്ടാവും അതിന്റേതായ കാരണങ്ങൾ.

ഇപ്പോഴാകട്ടെ ആഗോള വ്യാപകമായി അച്ചടിമാധ്യമങ്ങൾ അസ്തിത്വ ഭീഷണി നേരിടുകയാണ്. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലാണ് ഇപ്പോഴും പ്രിന്റ് മീഡിയ പിടിച്ചുനിൽക്കുന്നത്. ഡിജിറ്റൽ യുഗത്തിന്റെ പിറവി കടലാസ് മീഡിയയെ വലുതായി പിടിച്ചുകുലുക്കുന്നുണ്ട്. ശീഘ്രഗതിയിൽ കുതിച്ചുപായുന്ന സാങ്കേതികവിദ്യയെ പരമാവധി സ്വാംശീകരിച്ചുകൊണ്ടും തദനുസൃതമായ മാറ്റങ്ങൾക്ക് അനുകൂലമായി പ്രതികരിച്ചുകൊണ്ടും മാത്രമേ പത്രങ്ങൾക്ക് അതിജീവനം സാധ്യമാവൂ. കടുത്ത മത്സരാന്തരീക്ഷം അത് അനായാസകരമാക്കുന്നുമില്ല. പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട് സ്വന്തം ദൗത്യനിർവഹണം തുടരാനുള്ള പോരാട്ടത്തിൽ സഹജീവിക്ക് സർവ മംഗളവും നേരുന്നു.

Tags:    
News Summary - Madhyamam editorial on chandrika news paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.