മൂർത്തമായ ഒരു കർമപദ്ധതിയുമില്ലാതെ, പഴയവാഗ്ദാനങ്ങൾ ചെത്തിയും മിനുക്കിയും ഒന്നുകൂടി പ്രദർശനത്തിനു വെച്ചുകൊണ്ട് ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടി എന്ന 26ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (സി.ഒ.പി 26) അവസാനിച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി നടപടികൾ വേണമെന്ന് അംഗീകരിച്ച ഉച്ചകോടി, മുമ്പ് വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച സ്വന്തം കാലാവസ്ഥാ ലക്ഷ്യങ്ങൾ കുറെക്കൂടി സത്വരമായി നേടാൻ ശ്രമിക്കണമെന്നും ഖനിജ ഇന്ധനങ്ങൾ (ഫോസിൽ ഫ്യൂവൽ) അതിവേഗം കുറച്ചുകൊണ്ടുവരണമെന്നും ധാരണയായി.
ഖനിജ ഇന്ധനങ്ങൾക്കുള്ള സബ്സിഡി ഇല്ലാതാക്കണമെന്നും കൽക്കരിയുടെ ഉപയോഗം കുറക്കണമെന്നും തീരുമാനമുണ്ട്- അവസാന നിമിഷം അതിലൽപം മായം ചേർത്തെങ്കിലും. വികസിത രാജ്യങ്ങൾ മുമ്പ് ഏറ്റ നഷ്ടപരിഹാര വാഗ്ദാനങ്ങൾ പാലിക്കണമെന്നും ഭാവിയിൽ വരാവുന്ന നാശനഷ്ടങ്ങൾക്കുള്ള പരിഹാരബാധ്യതക്കു കൂടി പഴുത് കാണണമെന്നും ധാരണയുണ്ട്. കാർബൺ വ്യാപാരം സംബന്ധിച്ച് വരാവുന്ന തർക്കങ്ങൾ തീർക്കാൻ സംവിധാനം കാണുന്നു എന്നതാണ് ഗ്ലാസ്ഗോയിലെ മറ്റൊരു ശ്രദ്ധേയമായ തീരുമാനം. ഉച്ചകോടി ഉദ്ദേശിച്ചത്ര വിജയിച്ചില്ലെന്ന് സമ്മതിച്ച അധ്യക്ഷൻ അലോക് ശർമ, അന്തരീക്ഷതാപം വ്യവസായവത്കരണത്തിന് മുമ്പത്തേതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ ഒതുക്കിനിർത്തുകയെന്ന ആശാസ്യലക്ഷ്യം കൈവരിക്കാനായേക്കില്ല എന്ന് വ്യംഗ്യമായി സൂചിപ്പിച്ചു; എങ്കിലും അതൊരു ലക്ഷ്യമായി ലോകം മനസ്സിൽ സൂക്ഷിക്കുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് അദ്ദേഹത്തിന്.
എന്നാൽ, കാലാവസ്ഥാ പ്രതിസന്ധിയുടെ കെടുതികൾ കൂടുതൽ അനുഭവിക്കേണ്ട, ഇപ്പോഴേ അനുഭവിച്ചുതുടങ്ങിയ, വികസ്വര-അവികസിത രാജ്യങ്ങൾക്ക് ആശ്വാസത്തിന് വകയില്ല. ഇരുനൂറോളം രാജ്യങ്ങളിലെ മന്ത്രിമാരും സർക്കാർ മേധാവികളും രണ്ടാഴ്ച കഠിനാധ്വാനം ചെയ്തതിന്റെ ഫലം കൂടുതൽ വാഗ്ദാനങ്ങളും െപാള്ളവാക്കുകളും മാത്രമായിപ്പോയത് പരാജയം തന്നെയാണ്: യുവ ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ് ആരോപിച്ച ''ബ്ലാബ്ലാബ്ലാ'' പ്രകടനം. മാലദ്വീപ് പരിസ്ഥിതി മന്ത്രി ഷോന ആമിനത്ത് ചൂണ്ടിക്കാട്ടുന്നപോലെ, 1.5 ഡിഗ്രിയും രണ്ടു ഡിഗ്രിയും തമ്മിലുള്ള അന്തരം ഒരുപാട് രാജ്യങ്ങൾക്ക് ജീവിതവും മരണവും തമ്മിലുള്ള അന്തരമാണ്. ആഗോളതാപം ഇതിനകം തന്നെ 1.1 ഡിഗ്രിയിലധികമായിക്കഴിഞ്ഞു.
ഭൂമിയിൽ പലേടത്തും കാലാവസ്ഥാ അത്യാഹിതങ്ങൾ വർധിച്ചുവരുന്നു. ഇത്തരം സമൂഹങ്ങളെ നാശത്തിലേക്ക് വിട്ടുകൊടുത്തുകൊണ്ടാണ് ഗ്ലാസ്ഗോ ഉച്ചകോടി 1.5 എന്ന നിർണായക ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനാകാതെ പിരിഞ്ഞത്. 2015ലെ പാരിസ് ഉച്ചകോടിയിലെ മിക്ക തീരുമാനങ്ങളും നടപ്പാകാതെ ബാക്കിനിൽക്കുന്നു. ഇപ്പോൾ എത്തിച്ചേർന്ന ധാരണകളനുസരിച്ച് 1.5നും രണ്ടിനും അപ്പുറത്തേക്ക് താപം വർധിക്കാനാണ് പോകുന്നത്. ഈ അരപ്പതിറ്റാണ്ടിൽ സാധിച്ചെടുക്കേണ്ടത് 2030ലേക്കും 2050ലേക്കും നീട്ടിവെച്ച് വിവിധ രാജ്യങ്ങൾ പിരിഞ്ഞുപോകുേമ്പാൾ അവർ എഴുതിയത് ഭൂമിയുടെ ചരമക്കുറിപ്പാകാം. കൽക്കരി പാടേ ഒഴിവാക്കുകയെന്ന ലക്ഷ്യമെങ്കിലും തീരുമാനമായി എന്നു വന്ന ഘട്ടത്തിലാണ് അവസാന നിമിഷം ഇന്ത്യയും ചൈനയും 'ഒഴിവാക്കലി'നു പകരം 'കുറക്കൽ' എന്നു മാറ്റംവരുത്തിച്ചത്. ഇത്തരം ഒത്തുതീർപ്പുകളെല്ലാം കഴിഞ്ഞപ്പോൾ, ഗ്ലാസ്ഗോ ഏറക്കുറെ തുടങ്ങിയേടത്ത് അവസാനിച്ചു എന്നതാണ് വസ്തുത.
ഭൂമിയെ തകർക്കുന്ന മലിനീകരണത്തിൽ മുക്കാൽ പങ്കും വികസിത, സമ്പന്ന രാജ്യങ്ങളുടെ വകയാണ്; അതിന്റെ കെടുതികൾ അനുഭവിക്കുന്നത് ദരിദ്ര സമൂഹങ്ങളും. ലക്ഷ്യബോധമുള്ള ഒരു ആഗോള നേതൃത്വത്തിന്റെ അഭാവത്തിൽ ഗ്ലാസ്ഗോ കണ്ടത് അസമത്വത്തിന്റെ അഴിഞ്ഞാട്ടമാണ്. 'കാർബൺ കൊളോണിയലിസമെന്നും 'കാലാവസ്ഥാ അപ്പാർത്തൈറ്റെ'ന്നും വിവരിക്കപ്പെടുന്ന ഏകപക്ഷീയമായ അടിച്ചേൽപിക്കൽ അന്തിമമായി സമ്പന്നരാജ്യങ്ങളെയും തകർക്കുകയാണ് ചെയ്യുക. ഗ്ലാസ്ഗോയിലെ തീരുമാനങ്ങൾ (?) മാത്രമല്ല അപര്യാപ്തമെന്നു പറയേണ്ടത്. ചർച്ചകൾക്കാധാരമായ കണക്കുകൾപോലും ഏറെയും തെറ്റാണത്രെ. ഇപ്പോൾ ഏറ്റെടുത്ത കാര്യങ്ങൾ പ്രശ്നപരിഹാരത്തിന് മതിയാകില്ലതാനും.
ആ കാര്യങ്ങൾ തന്നെയും നടക്കുമെന്ന ഉറപ്പുമില്ല. ഫോസിൽ ഇന്ധനം ഇല്ലാതാക്കുന്നതിനെപ്പറ്റി തീരുമാനിക്കേണ്ട ഉച്ചകോടിയിൽ, 500ലേറെ പ്രതിനിധികൾ (ഏറ്റവും വലിയ പ്രതിനിധിസംഘം) ഫോസിൽ ഇന്ധന ഉൽപാദക കമ്പനികളുടെ ആളുകളായിരുന്നു. ഏറ്റവും വലിയ മലിനീകരണം ഉണ്ടാക്കുന്നത് സൈനിക, ആയുധ വ്യവസായമാണെന്ന സത്യം ആരും പറയുന്നുപോലുമില്ല. ലോകരാഷ്ട്രങ്ങൾ ഭൂമിയുടെ രക്ഷക്ക് ചെലവിടുന്നതിനെക്കാൾ കൂടുതൽ പണം പരസ്പരം നശിപ്പിക്കാൻ ചെലവിടുന്നുണ്ട്. കാലാവസ്ഥാ പരിഹാരത്തിന് ഏറ്റവും കൂടുതൽ ബാധ്യതപ്പെട്ട അമേരിക്ക, വരുന്ന പത്തുവർഷങ്ങളിലെ സൈനികച്ചെലവിന്റെ നാലുശതമാനമാണ് കാലാവസ്ഥക്ക് കൊടുക്കുക. ആർത്തി, അനൈക്യം, അസമത്വം- ഇവയുെട ആകത്തുകയാണ് ഗ്ലാസ്ഗോയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.