തെരഞ്ഞെടുപ്പിെൻറ പവിത്രതയെയും ആധികാരികതയെയും തകർക്കാൻപോന്ന ഇലക്ടറൽ ബോണ്ട് പദ്ധതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്യാൻപോലും തയാറാകാതിരുന്നതുവഴി സംശുദ്ധ ജനാധിപത്യം ഉറപ്പുവരുത്താനുള്ള ഒരവസരം കൂടി നഷ്ടപ്പെടുത്തുകയാണ് സുപ്രീംകോടതി ചെയ്തത്.
ഇപ്പോൾ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നു മുതലുള്ള ബോണ്ടുകൾ സ്റ്റേ ചെയ്യണമെന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് എന്ന സംഘടനയുടെ ഹരജിയിലാണ് തീർപ്പ്. ഇതിന് പറഞ്ഞ ന്യായങ്ങൾ (2018ലും 2019ലും ബോണ്ട് വിതരണം തടസ്സമില്ലാതെ നടന്നു, ഇതിെൻറ ഗുണഭോക്താക്കൾ ഭരണകക്ഷി മാത്രമല്ല എന്നിവ) വിചിത്രമാണ്; മാത്രമല്ല, തെരഞ്ഞെടുപ്പ് കമീഷെൻറയും റിസർവ് ബാങ്കിെൻറയും ഗൗരവപ്പെട്ട ആശങ്കകൾ കണക്കിലെടുത്തതായി തോന്നുന്നുമില്ല.
രാഷ്ട്രീയകക്ഷികൾ പണം പിരിക്കുന്നതിന് മൂന്നു വർഷമായി സ്വീകരിച്ചുവരുന്നതാണ് ഇലക്ഷൻ ബോണ്ട് രീതി. തുടക്കംമുതലേ ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവന്നത് അതിലെ സ്പഷ്ടമായ അതാര്യതയും അഴിമതിസാധ്യതയും കാരണമാണ്. പരിധിയില്ലാതെ, വിദേശത്തുനിന്നടക്കം പേര് വെളിപ്പെടുത്താത്ത കോർപറേറ്റ് കമ്പനികളിൽനിന്ന് രാഷ്ട്രീയപാർട്ടികൾക്ക് ബോണ്ട് സ്വീകരിക്കാൻ ഇപ്പോൾ കഴിയുന്നു.
ആ നിലക്ക് അഴിമതിയെ നിയമവിധേയമാക്കുകയാണ് ബോണ്ട് സമ്പ്രദായം ചെയ്യുന്നത്. വോട്ട് ചോദിക്കുന്ന പാർട്ടികൾക്ക് എവിടെനിന്നെല്ലാം ഫണ്ട് ലഭിക്കുന്നു എന്നറിയാനുള്ള പൗരെൻറ അവകാശം നിഷേധിക്കപ്പെടുന്നു എന്നത് അടിസ്ഥാനപരമായ ന്യൂനതയാണ്. രണ്ടാമതായി, തെരഞ്ഞെടുപ്പിൽ പണാധിപത്യത്തിന് വഴിവെക്കുന്നതരത്തിൽ പരിശോധനയോ പരിധിയോ ഇല്ലാതെയാണ് ബോണ്ട് വിൽപന. തന്നെയുമല്ല, വിവിധ രാഷ്ട്രീയപാർട്ടികൾ തമ്മിൽ അവസരസമത്വം ഉണ്ടായിരിക്കണമെന്ന തത്ത്വം ലംഘിക്കപ്പെടുകയും ഭരണകക്ഷിക്ക് കടിഞ്ഞാണില്ലാത്ത സമ്മർദശേഷിയും ആനുകൂല്യവും കിട്ടുകയും ചെയ്യുന്നു.
ബോണ്ടുവഴിയുള്ള സംഭാവനകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയാണ് നൽകുന്നത്. ആരെല്ലാം ഏതെല്ലാം പാർട്ടികൾക്ക് പണം നൽകുന്നു എന്ന് സർക്കാറിന് വിവരം ലഭ്യമാകും എന്നുകൂടി ഇതിനർഥമുണ്ട്. സംഭാവന നൽകുന്നവരിൽ ഇത് ഒരു പരോക്ഷ സമ്മർദമാകുന്നു; എതിർകക്ഷികൾക്ക് കിട്ടാനുള്ളത് തടയാനും ഇടം നൽകുന്നു. ആദ്യവട്ട ബോണ്ടുകളിൽ 95 ശതമാനവും ബി.ജെ.പിക്കാണ് കിട്ടിയതെന്ന കണക്ക് ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടർന്നുള്ള ബോണ്ടുകളിലും ഇതുതന്നെ സ്ഥിതി. 99 ശതമാനത്തിലധികം ബോണ്ടുകൾ ഒരുകോടി മുതൽ 10 ലക്ഷം വരെയുള്ള തുകകളിലാണ് വാങ്ങിയതെന്ന കണക്ക് മറ്റൊന്നുകൂടി സൂചിപ്പിക്കുന്നു: കോർപറേറ്റുകളാണ് യഥേഷ്ടം ഇങ്ങനെ പണമൊഴുക്കുന്നത്. ഇതിന് അവർക്ക് കിട്ടുന്ന പ്രതിഫലമല്ലേ നിയമനിർമാണങ്ങളിൽ കാണാനാകുന്നത്?
തെരഞ്ഞെടുപ്പിൽ കരിമ്പണം എത്തുന്നത് തടയാനെന്ന് പറഞ്ഞാണ് ബോണ്ട് സമ്പ്രദായം കൊണ്ടുവന്നതെങ്കിലും ഫലത്തിൽ അത് കൂടുതൽ ഗുരുതരമായ അഴിമതിക്കാണ് വാതിൽ തുറക്കുന്നത്. ദാതാക്കളാരെന്നത് വെളിപ്പെടുത്തുന്നില്ല-സർക്കാറിന് അതറിയാൻ വഴിയുണ്ട്; പ്രതിപക്ഷത്തിനോ ജനങ്ങൾക്കോ അറിയില്ല. വിദേശത്തുനിന്ന് കടലാസ് കമ്പനികൾക്കുവരെ കള്ളപ്പണമൊഴുക്കാൻ കഴിയും-നൽകുന്നത് ഭരണകക്ഷിക്കെങ്കിൽ എല്ലാം സുരക്ഷിതമാണുതാനും.
അവിഹിതമായ തെരഞ്ഞെടുപ്പ് ഇടപാടുകൾക്ക് നിയമസാധുത നൽകാനാണ് കേന്ദ്രം 2016ലെയും 2017ലെയും ധനകാര്യ ബില്ലുകൾ പാസാക്കിയെടുത്തത്. ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടക്കുന്നതിനുവേണ്ടി ജനപ്രാതിനിധ്യനിയമത്തിലെ ഭേദഗതി അടക്കം ധനകാര്യ ബില്ലായി അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ ചുളുവിൽ പാസാക്കിയെടുത്ത നാലു ഭേദഗതികളും ഭരണകക്ഷിക്ക് അനുകൂലമായും അധാർമികമായും തെരഞ്ഞെടുപ്പ് ഫണ്ട് ഒഴുക്കാൻ സൗകര്യം നൽകുന്നു.
വിദേശ കമ്പനികൾക്ക് അവരുടെ ഇന്ത്യയിലുള്ള കീഴ്കമ്പനികൾ മുഖേന സംഭാവന നൽകാൻ പറ്റുംവിധം വിദേശ സംഭാവനനിയമം മാറ്റി; കമ്പനികൾ രാഷ്ട്രീയകക്ഷികൾക്ക് നൽകുന്ന സംഭാവന വാർഷികലാഭത്തിെൻറ ഏഴര ശതമാനത്തിൽ കൂടരുതെന്ന നിബന്ധന എടുത്തുകളഞ്ഞു; സംഭാവന നൽകുന്ന കമ്പനികൾ രാഷ്ട്രീയകക്ഷികൾക്ക് നൽകുന്ന സംഭാവനകൾ വെളിപ്പെടുത്തണമെന്ന നിബന്ധന നീക്കി; ഇതിനെല്ലാം പുറമെ സുതാര്യതയില്ലാത്ത ഇലക്ടറൽ ബോണ്ട് രീതിക്കായി റിസർവ് ബാങ്ക് നിയമവും മാറ്റി. ഇതിലെ അപകടത്തെപ്പറ്റി ഇലക്ഷൻ കമീഷനും റിസർവ് ബാങ്കും മുന്നറിയിപ്പ് നൽകിയതാണ്; അത് കോടതിയെയും അറിയിച്ചതാണ്.
എന്നാൽ, ബോണ്ട് സമ്പ്രദായം തുടരാനുള്ള ന്യായങ്ങൾ കണ്ടെത്താനാണ് കോടതി ശ്രമിച്ചതെന്ന് തോന്നുന്നു. കമ്പനികളും പാർട്ടികളും വാർഷിക കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്നും അവയിലെ തുകകൾ ഒത്തുനോക്കി സംഭാവന കണ്ടെത്താമെന്നുമുള്ള വിചിത്രവും അടിസ്ഥാനരഹിതവുമായ വാദംപോലും കോടതി നിരത്തി. 2017ലെ വിവാദ ധനകാര്യ ബില്ലുകൾ നിയമമാക്കിയതിന് പിന്നാലെ ഇലക്ടറൽ ബോണ്ടുകൾക്കെതിരായ ഹരജികൾ കോടതിയിലെത്തിയതാണ്.
ലോക്സഭയിലേക്കും അനേകം അസംബ്ലികളിലേക്കും പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടും ഹരജി വിചാരണക്കെടുത്തില്ല. അപ്പോഴെല്ലാം ബോണ്ടുകൾ വഴി പണമൊഴുകി. ഇപ്പോൾ കോടതി പറയുന്നതോ, അന്നെല്ലാം തടസ്സമില്ലാതെ നടന്ന സ്ഥിതിക്ക് ഇനിയെന്തിന് തടയണമെന്നും! മുമ്പ് അഴിമതി നടന്നെങ്കിൽ അതുപോലും അഴിമതിക്കാർക്ക് അനുകൂലമായ ന്യായമാകുന്നു ഇവിടെ. ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ജനാധിപത്യ വിശ്വാസികളുടെയും ഇലക്ഷൻ കമീഷെൻറയും റിസർവ് ബാങ്കിെൻറയും എതിർവാദങ്ങൾ വായിച്ചുനോക്കുമെന്നും വൈകാതെ ബോണ്ട് സമ്പ്രദായം നിരോധിച്ച് രാജ്യത്തെ രക്ഷിക്കുമെന്നും ആശിക്കാനേ ഇപ്പോൾ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.